ജിയോയോടും എയർടെലിനോടും ജയിക്കാൻ വിഐ; വരിക്കാർക്ക് ഇനി എന്ത് കളിയും കാണാം, പുതിയ പ്ലാനുകൾ പ്രഖ്യാപിച്ചു
ഇന്ത്യയിലെ സ്പോർട്സ് പ്രേമികൾക്ക് ഇനി ഏത് പ്രമുഖ കായിക മത്സരങ്ങളും ആവേശം ചോരാതെ സ്മാർട്ട്ഫോണിൽ കാണാം. കാരണം രാജ്യത്തെ പ്രമുഖ ടെലിക്കോം കമ്പനികളിൽ ഒന്നായ വൊഡാഫോൺ ഐഡിയ (VI) പുതിയ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ പ്രഖ്യാപിച്ചു. ഇത് ഉപയോഗിച്ച് വിഐയുടെ പോസ്റ്റ്പെയ്ഡ്, പ്രീപെയ്ഡ് വരിക്കാർക്ക് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന T20 ക്രിക്കറ്റ് ടൂർണമെൻ്റ്, UEFA യൂറോ 2024, ഫോർമുല 1 എന്നിവ ആസ്വദിക്കാൻ സാധിക്കും. അടുത്തിടെ എയർടെലും ജിയോയും ടി20 ക്രിക്കറ്റ് വേൾഡ്കപ്പ് സ്പെഷൽ പ്ലാനുകൾ പുറത്തിറക്കിയിരുന്നു. ഈ പ്ലാനുകളോട് ഏറ്റുമുട്ടും വിധത്തിലാണ് വിഐയുടെ പുതിയ സ്പോർട്സ് കേന്ദ്രീകൃത സബ്സ്ക്രിപ്ഷൻ പ്ലാനുകൾ എത്തിയിരിക്കുന്നത്.
ഇന്ത്യയിലെ സ്‌പോർട്‌സ് പ്രേക്ഷകർക്ക് ഡിജിറ്റൽ സ്‌പോർട്‌സ് കാഴ്ചാനുഭവം കൂടുതൽ മെച്ചപ്പെടുത്താൻ തങ്ങളുടെ പുതിയ പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് പ്ലാനുകൾ ഉപയോഗിക്കാനാകുമെന്ന് വിഐ പറയുന്നു. ഇന്ത്യയിൽ 678 ദശലക്ഷം കായികപ്രേക്ഷകരുണ്ടെന്ന ഒർമാക്‌സ് മീഡിയയുടെ സമീപകാല റിപ്പോർട്ട് വിഐ ചൂണ്ടിക്കാട്ടുന്നു. 612 മില്യൺ ക്രിക്കറ്റ് കാഴ്ചക്കാരും 305 മില്യൺ ഫുട്ബോൾ ആരാധകരും ഇന്ത്യയിലുണ്ട് എന്നാണ് കണക്ക്.

ഈ കായികപ്രേമികളിൽ കണ്ണുവച്ചുകൊണ്ട് തന്നെയാണ് വിഐ പുതിയ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് പ്ലാനുകൾ പുറത്തിറക്കിയിരിക്കുന്നത്. ഒരൊറ്റ സബ്സ്ക്രിപ്ഷനിലൂടെ തത്സമയം വിവിധ കായികമത്സരങ്ങൾ ആസ്വദിക്കാൻ പുതിയ വിഐ മൂവീസ് ആൻഡ് ടിവി പ്രോ പ്ലാൻ വഴിയൊരുക്കുമെന്ന് വിഐ പറയുന്നു. പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കൾക്ക് പ്രതിമാസം 199 രൂപയ്ക്കും പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് പ്രതിമാസം 202 രൂപയ്ക്കും ഈ പ്ലാൻ ലഭ്യമാണ്.
ഈ പ്ലാനുകൾ തെരഞ്ഞെടുക്കുന്ന വിഐ വരിക്കാർക്ക് ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ T20 ക്രിക്കറ്റ് ടൂർണമെൻ്റ്, സോണി LIV-ൽ UEFA Euro 2024, ഫാൻ കോഡിൽ ഫോർമുല 1 എന്നിവ അധിക ആസ്വദിക്കാം. ഈ സബ്‌സ്‌ക്രിപ്‌ഷനിൽ ഉപയോക്താക്കൾക്ക് 13 ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്കും 400+ ടിവി ചാനലുകളിലേക്കും ഒന്നിലധികം ഇന്ത്യൻ ഭാഷകളിലായി 15,000+ സിനിമകളിലേക്കും ആക്‌സസ് ഉണ്ടായിരിക്കും.

ആൻഡ്രോയിഡ്/ഗൂഗിൾ ടിവി, സാംസങ് ടിവി, ആമസോൺ ഫയർസ്റ്റിക് ടിവി, ആൻഡ്രോയിഡ് മൊബൈൽ, ഐഒഎസ് മൊബൈൽ, വെബ് എന്നിവയുൾപ്പെടെയുള്ളവയിൽ വിഐ മൂവീസ് ആൻഡ് ടിവി കണ്ടന്റുകൾ ആസ്വദിക്കാൻ സാധിക്കും എന്നതും ഈ പ്ലാനുകളുടെ നേട്ടമാണ്. ഈ പ്ലാനുകൾ കൂടാതെ ഡിസ്നി+ ഹോട്ട്‌സ്റ്റാർ, സോണി ലിവ് എന്നിവയ്‌ക്കൊപ്പം ക്രിക്കറ്റ്, ഫുട്‌ബോൾ ആരാധകർക്കായി പ്രത്യേക OTT പ്ലാനുകളും വിഐ അവതരിപ്പിച്ചു.
വിഐയുടെ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് വെറും 169 രൂപ നിരക്കിൽ ഈ 'സ്പോർട്സ്' എന്റർടെയ്ൻമെന്റ് പ്ലാൻ ലഭ്യമാണ്. മൂന്ന് മാസത്തേക്ക് ഡിസ്നി + ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനും 30 ദിവസത്തെ വാലിഡിറ്റിയിൽ 8GB ഡാറ്റയും ഈ വിഐ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നു.
യുവേഫ യൂറോ 2024, ഇന്ത്യ ടൂർ ഓഫ് സിംബാബ്‌വെ, ഇന്ത്യ ടൂർ ഓഫ് ശ്രീലങ്ക എന്നിവയ്‌ക്കായി മൂന്ന് പുതിയ പ്ലാനുകളും വിഐ അവതരിപ്പിച്ചിട്ടുണ്ട്. 903 രൂപ, 369 രൂപ, 82 രൂപ നിരക്കുകളിലാണ് ഈ പ്ലാനുകൾ ലഭ്യമാകുക. 903 രൂപയുടെ പ്ലാനിൽ സോണി ലിവ് പ്രീമിയം മൊബൈലിലേക്കുള്ള 90 ദിവസത്തെ സബ്‌സ്‌ക്രിപ്‌ഷനും അൺലിമിറ്റഡ് കോളിങ്ങും പ്രതിദിനം 2 ജിബി ഡാറ്റയുമാണ് ലഭിക്കുക.

369 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ സോണി ലിവ് പ്രീമിയം മൊബൈൽ സബ്സ്ക്രിപ്ഷൻ 30 ദിവസത്തേക്ക് വാഗ്ദാനം ചെയ്യുന്നു. അൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ എന്നിവയും ഈ പ്ലാനിന്റെ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. 82 രൂപയുടെ വിഐ പ്ലാൻ സോണി ലിവ് പ്രീമിയം മൊബൈൽ സബ്സ്ക്രിപ്ഷൻ 28 ദിവസത്തേക്കും 4GB ഡാറ്റ 14 ദിവസത്തേക്കും നൽകുന്നു.
വിഐ പോസ്റ്റ്പെയ്ഡ് സ്പോർട്സ് പായ്ക്കുകൾ: പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കൾക്കായി വിഐ 499 രൂപയ്ക്ക് ഒരു ഡാറ്റ ആഡ്-ഓൺ പായ്ക്ക് പുറത്തിറക്കി, ഒരു വർഷത്തേക്ക് ഡിസ്നി + ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനും 20 ജിബി ഡാറ്റയും ഈ വിഐ പോസ്റ്റ്പെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നു.
യുവേഫ യൂറോ 2024 ആരാധകർക്ക് 499 രൂപയുടെ വിഐ പോസ്റ്റ്പെയ്ഡ് പ്ലാൻ ഏറെ ഉപകാരപ്പെടും. ടിവിയിലോ മൊബൈൽ ഫോണുകളിലോ സോണി LIV പ്രീമിയം (TV+Mobile) സബ്‌സ്‌ക്രിപ്‌ഷൻ ആസ്വദിക്കാൻ ഈ പ്ലാൻ അവസരം ഒരുക്കുന്നു. ഇത് കൂടാതെ 10GB ഡാറ്റയും പ്രതിമാസം 100 രൂപയ്ക്ക് ആസ്വദിക്കാം.
ഇത് കൂടാതെ ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈലും സോണിലിവ് പ്രീമിയം മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനുകളും വേണ്ട വിഐ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്ക് വിഐ മാക്സ്, വിഐ ഫാമിലി പോർട്ട്‌ഫോളിയോയിൽ പ്രതിമാസം 401 രൂപയിൽ ആരംഭിക്കുന്ന ചോയ്സ് ആനുകൂല്യങ്ങളായി അവ ലഭ്യമാണ്. വിഐ മാക്സ് 701 രൂപ, റെഡ്എക്സ് 1,101 രൂപ പ്രതിമാസ പ്ലാനുകളിൽ, ഈ പറഞ്ഞ സബ്‌സ്‌ക്രിപ്‌ഷനുകൾ ലഭ്യമാണ് എന്ന് കമ്പനി അറിയിച്ചു.


Click it and Unblock the Notifications








