549 രൂപയ്ക്ക് അര വർഷം വാലിഡിറ്റി; പുത്തൻ പ്രീപെയ്ഡ് പ്ലാനുമായി വിഐ
ഇന്ത്യൻ ടെലിക്കോം രംഗത്തെ വമ്പന്മാരിൽ മൂന്നാമനായ വെഡാഫോൺ ഐഡിയ തങ്ങളുടെ വരിക്കാർക്കായി പുത്തൻ പ്രീപെയ്ഡ് റീച്ചാർജ് പ്ലാൻ അവതരിപ്പിച്ചു. വിഐ സെക്കൻഡറി സിം ആയി ഉപയോഗിക്കുന്നവർക്ക് വാലിഡിറ്റി നിലനിർത്താൻ ഏറെ പ്രയോജനപ്പെടുന്ന വിധത്തിലുള്ള 549 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാൻ ആണ് വിഐ അവതരിപ്പിച്ചിരിക്കുന്നത്.
വാലിഡിറ്റിയും അത്യാവശ്യം കോളിങ് ആവശ്യങ്ങളും നടത്താൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് പുതിയ 549 രൂപയുടെ പ്ലാൻ ഏറെ ഗുണം ചെയ്യും. ഡാറ്റ വേണ്ടാത്ത ഒരുപാട് ആളുകളുണ്ട്. അത്തരം ആളുകൾക്കും കുറഞ്ഞ ചെലവിൽ ടെലിക്കോം ആവശ്യങ്ങൾ നിറവേറ്റാൻ പുതിയ വിഐ പ്ലാൻ ഏറെ അനുയോജ്യമാണ്.

അധികം പരസ്യങ്ങളൊന്നുമില്ലാതെ വളരെ നിശബ്ദമായാണ് വിഐ ഈ പുതിയ പ്ലാൻ വിഐ തങ്ങളുടെ പ്രീപെയ്ഡ് നിരയിലേക്ക് കൂട്ടിച്ചേർത്തിരിക്കുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി വരിക്കാരുടെ വൻ കൊഴിഞ്ഞുപോക്കാണ് വിഐ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതിന് ഒരു പരിഹാരം എന്ന നിലയിൽക്കൂടിയാണ് 180 ദിവസം വാലിഡിറ്റിയുള്ള പുതിയ പ്ലാൻ വിഐ അവതരിപ്പിച്ചിരിക്കുന്നത്.
549 രൂപയുടെ വിഐ പ്ലാനിലെ ആനുകൂല്യങ്ങൾ: ഇപ്പോൾ മറ്റ് പ്ലാനുകളിൽ കണ്ടുവരുന്ന അൺലിമിറ്റഡ് ആനുകൂല്യങ്ങൾ ഒന്നും വിഐയുടെ ഈ പുതിയ പ്ലാനിൽ ഇല്ല. അത്യാവശ്യം ആവശ്യങ്ങൾ നിറവേറ്റാൻ ആകെ 1ജിബി ഡാറ്റ ആണ് ഇതിൽ ലഭിക്കുക. അൺലിമിറ്റഡ് കോളിങ് സൗകര്യവും പ്രതീക്ഷിക്കേണ്ട.

നാഷണൽ, ലോക്കൽ കോളുകൾക്ക് സെക്കൻഡിന് 2.5 പൈസ വീതം നിരക്ക് ഈടാക്കും. 549 രൂപയുടെ പരിമിതമായ ടോക്ക് ടൈം ലഭിക്കും. അധിക ഡാറ്റ ആവശ്യമുള്ളവർക്ക് ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ ഉപയോഗിക്കാവുന്നതാണ്. എസ്എംഎസ് ആനുകൂല്യങ്ങൾ ഒന്നും ഈ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടില്ല. 180 ദിവസ വാലിഡിറ്റി ലഭിക്കും എന്നത് തന്നെയാണ് ഈ പ്ലാനിന്റെ മുഖ്യ ആകർഷണം.
ഏറ്റവും കുറഞ്ഞ നിരക്കിൽ ആറുമാസം വാലിഡിറ്റി നൽകുന്നു എന്ന മറ്റ് കമ്പനികൾക്ക് അവകാശപ്പെടാൻ കഴിയാത്ത ഒരു നേട്ടമാണ് വിഐ ഈ പ്ലാനിലൂടെ നേടിയെടുത്തിരിക്കുന്നത്. ഉപയോക്താവിൽനിന്ന് വരുമാനം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയല്ല, മറിച്ച് എന്നും ഉപയോക്താവിനെ കൂടെ നിർത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പ്ലാൻ എത്തുന്നത് എന്ന് വ്യക്തമാണ്.
ഇൻകമിങ് കോളുകൾ എങ്കിലും ലഭ്യമാകാൻ കുറഞ്ഞ ചെലവിൽ ദീർഘകാല വാലിഡിറ്റിയുള്ള ഒരു പ്ലാൻ അന്വേഷിക്കുന്നവർക്കും സിം കട്ട് ആകാതിരിക്കാൻ നല്ലൊരു പ്ലാൻ അന്വേഷിക്കുന്നവർക്കും 549 രൂപയുടെ പ്ലാൻ പരിഗണിക്കാവുന്നതാണ്. വരിക്കാരെ പിടിച്ചുനിർത്താനുള്ള വിഐയുടെ ഈ നീക്കം എത്രകണ്ട് വിജയിക്കും എന്നത് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.

അതേസമയം, കേരള സര്‍ക്കിളിലെ തങ്ങളുടെ പോസ്റ്റ്പെയ്ഡ്, പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് വോയ്സ് ഓവര്‍ വൈഫൈ കോളുകള്‍ അധിക ചാര്‍ജില്ലാതെ നടത്താനുള്ള സൗകര്യവും ഇപ്പോൾ വിഐ ഒരുക്കിയിട്ടുണ്ട്. കെട്ടിടങ്ങള്‍ക്കുള്ളില്‍ എല്ലാ ബ്രോഡ്ബാന്‍ഡ് നെറ്റ്‌വര്‍ക്കുകളിലും തടസമില്ലാത്തതും വിപുലീകരിച്ചതുമായ കവറേജ് വിഐ വോയ്സ് ഓവര്‍ വൈഫൈ ലഭ്യമാക്കും.
വൈഫൈയിൽ കണക്റ്റ് ചെയ്തിരിക്കുമ്പോൾ വീട്ടിലായാലും ഓഫീസിലായാലും കോളുകൾ മുറിഞ്ഞു പോകാതെയും ഉയർന്ന നിലവാരം നിലനിർത്തിയും കോളുകൾ നടത്താൻ ഉപഭോക്താക്കൾക്ക് ഇതുവഴി സാധിക്കും. ലളിതമായ രീതിയിൽ വിഐ വരിക്കാർക്ക് സ്മാർട്ട്ഫോണിൽ തികച്ചും സൗജന്യമായി വോയ്സ് ഓവർ വൈഫൈ കോളിങ് സേവനം ആക്ടിവേറ്റ് ചെയ്യാവുന്നതാണ്.
ജിയോയുടെയും എയർടെലിന്റെയും 5ജി പ്രലോഭനങ്ങളിൽ വീണ് വരിക്കാർ കൊഴിഞ്ഞുപോകുന്നതാണ് വിഐയുടെ ഇപ്പോഴത്തെ പ്രധാന പ്രശ്നം. ഇരു കമ്പനികളും സൗജന്യമായി അൺലിമിറ്റഡ് 5ജി ഡാറ്റ നൽകുന്നതിനെതിരേ ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യക്ക് വിഐ പരാതി നൽകിയതായുള്ള വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാൽ പരാതി അടിസ്ഥാനമില്ലാത്തതാണ് എന്നായിരുന്നു ജിയോയുടെയും എയർടെലിന്റെയും വിശദീകരണം.


Click it and Unblock the Notifications








