അവന്മാരുടെ മുന്നിൽ ചെറുതാകാനില്ല! 175 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാനുമായി വിഐ
ജിയോ, എയർടെൽ എന്നീ പ്രധാന എതിരാളികളോട് മത്സരിച്ചുകൊണ്ട് വൊഡാഫോൺ ഐഡിയ (VI) പുത്തൻ പ്രീപെയ്ഡ് ഡാറ്റ പ്ലാൻ പുറത്തിറക്കി. 4ജി ഡാറ്റയ്ക്ക് പുറമേ, നിരവധി ഒടിടി പ്ലാറ്റ്‌ഫോമുകളുടെ സബ്സ്ക്രിപ്ഷൻ അടക്കം വാഗ്ദാനം ചെയ്തുകൊണ്ടാണ് പുതിയ വിഐ പ്ലാൻ എത്തിയിരിക്കുന്നത്. 175 രൂപയാണ് ഈ പ്ലാനിന്റെ നിരക്ക്. റിലയൻസ് ജിയോയും എയർടെലും തങ്ങളുടെ വരിക്കാർക്കായി ഒടിടി സബ്സ്ക്രിപ്ഷനുകൾ സഹിതം ലഭ്യമാകുന്ന ഡാറ്റ പ്ലാൻ ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ വിഐക്ക് അത്തരമൊരു പ്ലാൻ ഉണ്ടായിരുന്നില്ല. ഈ പോരായ്മ കണക്കിലെടുത്തുകൂടിയാണ് തങ്ങളുടെ വരിക്കാർക്കും അതേ രീതിയിൽ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന 175 രൂപയുടെ പുതിയ പ്ലാൻ വിഐ പുറത്തിറക്കിയിരിക്കുന്നത്.
175 രൂപയുടെ പുതിയ വിഐ പ്രീപെയ്ഡ് പ്ലാൻ ഒരു ഡാറ്റ പ്ലാൻ ആണ്. അതിനാൽ കോളിങ്, എസ്എംഎസ് എന്നീ സൗകര്യങ്ങൾ ഈ പ്ലാനിൽ ഉണ്ടാകില്ല, മാത്രമല്ല വാലിഡിറ്റി നിലനിർത്താനായും ഈ പ്ലാൻ ഉപയോഗിക്കാനാകില്ല. ആക്ടീവ് വാലിഡിറ്റിയുള്ള പ്ലാൻ ഉപയോഗിക്കുന്ന വരിക്കാർക്ക് മാത്രമേ 175 രൂപയുടെ ഈ വിഐ പ്ലാൻ ഉപയോഗിക്കാൻ സാധിക്കൂ.

175 രൂപയുടെ വിഐ ഡാറ്റ പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: വോഡഫോൺ ഐഡിയയുടെ 175 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ ആകെ 10ജിബി ഡാറ്റ ലഭിക്കും. ഈ ഡാറ്റയുടെ വാലിഡിറ്റി 28 ദിവസമാണ്. ഡാറ്റയ്ക്ക് പുറമേ ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് വിഐ മൂവീസ് ആൻഡ് ടിവി സൂപ്പർ സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും.
ഒരൊറ്റ ലോഗിൻ കീഴിൽ ധാരാളം ഒടിടി പ്ലാറ്റ്‌ഫോമുകളുടെ സബ്സ്ക്രിപ്ഷൻ ആസ്വദിക്കാം എന്നതാണ് വിഐ മൂവീസ് ആൻഡ് ടിവി സൂപ്പർ സബ്‌സ്‌ക്രിപ്‌ഷന്റെ നേട്ടം. സീ5, സോണിലിവ്, ഫാൻകോഡ്, അത്രങ്കി (Atrangi), ക്ലിക്ക്, ചൗപാൽ, നമ്മഫ്ലിക്സ്, മനോരമ മാക്സ്, പ്ലേഫ്ലിക്സ്, ഡിസ്ട്രോ ടിവി, ഷെമാരൂമീ, ഹങ്കാമ, യപ്ടിവി, നെക്സ്റ്റ്ജിടിവി, പോക്കറ്റ് ഫിലിംസ് എന്നീ പ്ലാറ്റ്ഫോമുകളിലെ കണ്ടന്റുകൾ ഇതിൽ ആസ്വദിക്കാം.

മറ്റ് ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനുകൾ മറ്റ് ചില പ്ലാനുകളിലൂടെ വിഐ നൽകുന്നുണ്ട്. 175 രൂപയുടെ പുതിയ വിഐ പ്ലാൻ ഇപ്പോൾ കമ്പനിയുടെ വെബ്‌സൈറ്റിലും മൊബൈൽ ആപ്പിലും ലഭ്യമാണ്. എല്ലാ ടെലിക്കോം സർക്കിളുകളിലുടനീളമുള്ള ഉപയോക്താക്കൾക്ക് ഇത് ലഭ്യമാണ്. വിഐയുടെ മറ്റ് ഡാറ്റ പ്ലാനുകൾ വേണമെങ്കിൽ 169 രൂപ, 151 രൂപ, 248 രൂപ, 202 രൂപ, 154 രൂപ നിരക്കുകളിലുള്ള പ്ലാനുകൾ പരിഗണിക്കാവുന്നതാണ്.
ജിയോയും എയർടെലും സമാനമായി ഒടിടി സബ്സ്ക്രിപ്ഷനും ഡാറ്റയും അടങ്ങുന്ന ഡാറ്റ പ്ലാനുകൾ പുറത്തിറക്കിയിട്ടുണ്ട്. ജിയോയുടെ ഇതിന് സമാനമായ ഡാറ്റ പ്ലാൻ 175 രൂപ നിരക്കിൽ തന്നെയാണ് എത്തുന്നത്. അതിൽ 10 ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനും 10ജിബി ഡാറ്റയും 28 ദിവസ വാലിഡിറ്റിയിൽ നൽകുന്നു.
10 ഒടിടി പ്ലാനുകളുടെ സബ്സ്ക്രിപ്ഷനുകൾ 175 രൂപയുടെ ജിയോ പ്ലാനിൽ ഉൾപ്പെടുന്നു. സോണിലിവ്, സീ5, ജിയോസിനിമ പ്രീമിയം, ലയൺസ്ഗേറ്റ് പ്ലേ, ഡിസ്കവറി+, സൺനെക്സ്റ്റ്, കാഞ്ചാ ലങ്ക, പ്ലാനറ്റ് മറാത്തി, ചൗപാൽ, ഹോയ്ചോയ്, ജിയോടിവി എന്നിവയൊക്കെയാണ് 175 രൂപയുടെ ഡാറ്റ പ്ലാനിൽ ജിയോ നൽകുന്ന എന്റർടെയ്ൻമെന്റ് സേവനങ്ങൾ.

എയർടെലും സമാന രീതിയിൽ ഡാറ്റയും ഒടിടി സബ്സ്ക്രിപ്ഷനും അടങ്ങുന്ന ഒരു പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. അത് 181 രൂപ നിരക്കിലാണ് എത്തുന്നത്. 30 ദിവസത്തെ വാലിഡിറ്റിയിൽ 15ജിബി ഡാറ്റയും 22ൽ അധികം ഒടിടി പ്ലാറ്റ്ഫോമുകളിൽ നിന്നുള്ള കണ്ടന്റുകളും ഈ എയർടെൽ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications