കാര്യങ്ങൾക്ക് ഒരു വെളിവും വെള്ളിയാഴ്ചയുമായി! നോൺ സ്റ്റോപ് ഹീറോ ഓഫർ വ്യക്തമാക്കി VI
ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയായ വൊഡാഫോൺ ഐഡിയ അടുത്തിടെ അൺലിമിറ്റഡ് ഡാറ്റ ഓഫർ തങ്ങളുടെ ചില പ്രീപെയ്ഡ് പ്ലാനുകളിൽ അവതരിപ്പിച്ചത് ഇന്ത്യയിലെ ടെലിക്കോം മേഖലയിൽ വൻ ചർച്ചയായിരുന്നു. പ്രതിദിന പരിധിയില്ലാതെ ഇഷ്ടം പോലെ ഡാറ്റ ദിവസം മുഴുവൻ ഉപയോഗിക്കാം എന്നതായിരുന്നു ഈ വിഐ ഓഫറിന്റെ പ്രത്യേകത. എന്നാൽ പുതിയതായി പ്രഖ്യാപിച്ച ഓഫറായതിനാൽ ഇതിനെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമല്ലായിരുന്നു. എന്നാലിപ്പോൾ ഈ അൺലിമിറ്റഡ് ഡാറ്റ ഓഫറിന്റെ കാര്യത്തിൽ കൂടുതൽ വ്യക്തതകൾ വന്നിട്ടുണ്ട്. പുതിയ അപ്ഡേറ്റിലൂടെ വിഐ ഈ ഓഫറിന്റെ ഡാറ്റ പരിധി വ്യക്തമാക്കിയിട്ടുണ്ടെന്ന് ടെലിക്കോം ടോക്ക് റിപ്പോർട്ട് ചെയ്യുന്നു.
അതായത്, ദിവസം മുഴുവൻ അൺലിമിറ്റഡ് ഡാറ്റ എന്നതായിരുന്നു വിഐ തെരഞ്ഞെടുത്ത ചില സർക്കിളുകളിലെ പ്രീപെയ്ഡ് പ്ലാനുകളിൽ വിഐ പുതിയതായി ഉൾപ്പെടുത്തിയ ഓഫർ. തുടക്കമെന്ന നിലയിൽ മധ്യപ്രദേശ്, ആന്ധ്രാപ്രദേശ് എന്നിങ്ങനെ തിരഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമാണ് ഈ അൺലിമിറ്റഡ് ഡാറ്റ ആനുകൂല്യം ലഭ്യമായിരിക്കുന്നത്. കേരളത്തിൽ ഈ പ്ലാൻ അവതരിപ്പിച്ചിട്ടില്ല.

വിഐ പുതിയതായി അവതരിപ്പിച്ച ഈ അൺലിമിറ്റഡ് ഡാറ്റ ഓഫറിന്റെ പേര് നോൺ-സ്റ്റോപ്പ് ഹീറോ ഓഫർ (VI Non-Stop Hero Offer) എന്നാണ്. ഈ അൺലിമിറ്റഡ് ഡാറ്റ ഓഫറിനെക്കുറിച്ചും യോഗ്യമായ പ്ലാനുകളെക്കുറിച്ചും വിഐ നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഓഫറിലെ നിബന്ധനകൾ വ്യക്തമാക്കിയിരുന്നില്ല. ഇപ്പോൾ ഓഫറിന്റെ നിബന്ധനകളും വ്യവസ്ഥകളും Vi വെബ്‌സൈറ്റിൽ അപ്‌ഡേറ്റ് ചെയ്‌തതിനാൽ കാര്യങ്ങൾ വ്യക്തമായിട്ടുണ്ട്.
വിഐ നോൺ-സ്റ്റോപ്പ് ഹീറോ ഓഫർ: ഈ പുതിയ ഓഫർ പ്രകാരം ഉപയോക്താക്കൾക്ക് 28 ദിവസത്തിനുള്ളിൽ 300GB വരെ ഡാറ്റ ഹൈസ്പീഡ് ഡാറ്റ ഉപയോഗിക്കാം, 28 ദിവസത്തിനുശേഷം, ഈ വീണ്ടും ഡാറ്റ പരിധി പുനഃസജ്ജീകരിക്കപ്പെടും. അതിനാൽ അൺലിമിറ്റഡ് ഡാറ്റ ഓഫർ എന്നത് യഥാർത്ഥത്തിൽ 300GB FUP പരിധിയിലാണ് എത്തുന്നത്.

28 ദിവസത്തിനുള്ളിൽ 300ജിബി ഡാറ്റ പരിധി പിന്നിട്ടാൽ തുടർന്ന് ഡാറ്റയുടെ വേഗത കുറയും. എന്നാൽ 28 ദിവസം കഴിഞ്ഞാൽ വീണ്ടും 300ജിബി ഡാറ്റ ലഭ്യമാകും. പരിധി നിശ്ചയിക്കപ്പെട്ടു എങ്കിലും ഈ ഓഫർ ഉപയോക്താക്കളെ സംബന്ധിച്ച് ലോട്ടറിയാണ്. കാരണം, 28 ദിവസത്തേക്ക് തുല്യമായി വിഭജിച്ചാൽ ഉപയോക്താക്കൾക്ക് ഇപ്പോഴും എല്ലാ ദിവസവും 10 ജിബിയിൽ കൂടുതൽ ഡാറ്റ ഉപയോഗിക്കാൻ കഴിയും.
ജിയോയുടെയും എയർടെലിന്റെയും ബിഎസ്എൻഎല്ലിന്റെും പ്രതിദിന 4ജി പ്ലാനുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇവിടെ വിഐ ഡാറ്റ വാരിക്കോരിയാണ് നൽകുന്നത്. ജിയോയും എയർടെലും തങ്ങളുടെ 2ജിബി പ്രതിദിന ഡാറ്റ പ്ലാനുകളിൽ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ചെയ്യുന്നുണ്ട്. ഇതിനെ നേരിടാനാണ് വിഐ ഈ അൺലിമിറ്റഡ് ഡാറ്റ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്.
ഓഫർ പ്രഖ്യാപിച്ച മധ്യപ്രദേശ്, ആന്ധ്രാപ്രദേശ് സർക്കികളുകളിലെ 365 രൂപ, 379 രൂപ, 407 രൂപ, 449 രൂപ, 408 രൂപ, 469 രൂപ, 649 രൂപ, 979 രൂപ, 994 രൂപ, 996 രൂപ, 997 രൂപ, 998 രൂപ, 1198 രൂപ എന്നീ വിഐ പ്രീപെയ്ഡ് പ്ലാനുകളിൽ നോൺ സ്റ്റോപ് ഹീറോ ഓഫർ ആനുകൂല്യം ലഭ്യമാണ്.

അധികം വൈകാതെ കേരളം അടക്കമുള്ള മറ്റ് ടെലിക്കോം സർക്കിളുകളിലേക്കും വിഐ ഈ അൺലിമിറ്റഡ് ഡാറ്റ ഓഫർ അവതരിപ്പിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. നിലവിൽ കേരളത്തിലെ വിഐ പ്ലാനുകളിൽ ഇത് ലഭ്യമല്ല. പക്ഷേ കേരളത്തിലെ ഉപയോക്താക്കൾക്ക് കൂടുതൽ ഡാറ്റ സൗജന്യമായി ലഭ്യമാക്കാൻ വിഐ സൂപ്പർ ഹീറോ പ്ലാനുകൾ തെരഞ്ഞെടുക്കാവുന്നതാണ്. അവ ഇപ്പോൾ രാത്രി 12 മുതൽ ഉച്ചയ്ക്ക് 12 വരെ അൺലിമിറ്റഡ് ഡാറ്റ സൗജന്യമായി നൽകുന്നുണ്ട്.


Click it and Unblock the Notifications







