ഇല്ലായ്മ വന്നാലും വല്ലായ്മ അരുത്! വിഐ വരിക്കാർക്കുള്ള 180 ദിവസത്തെ രണ്ട് കിടിലൻ പ്ലാനുകൾ
ഇല്ലായ്മ വന്നാലും വല്ലായ്മ അരുത് എന്നൊരു ചൊല്ലുണ്ട്, പട്ടിണിയായാലും വേണ്ടില്ല, ആരോഗ്യം നശിക്കരുത് (അസുഖം വരരുത്) എന്നർഥം. ഇന്ത്യയിലെ ടെലിക്കോം വരിക്കാരെ സംബന്ധിച്ചിടത്തോളം പട്ടിണിയായാലും റീച്ചാർജ് മുടങ്ങരുത് എന്ന് ഈ ചൊല്ല് ഇപ്പോൾ പരിഷ്കരിക്കാം. കാരണം ടെലിക്കോം സേവനങ്ങളുടെ സഹായമില്ലാതെ ജീവിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമായി മാറിയിരിക്കുന്നു. അടുത്തിടെ സ്വകാര്യ ടെലിക്കോം കമ്പനികളെല്ലാം തങ്ങളുടെ റീച്ചാർജ് പ്ലാനുകളുടെ നിരക്കുകൾ വർധിപ്പിച്ചു. അതിനാൽത്തന്നെ റീച്ചാർജ് ചെയ്യുക എന്നത് സാധാരണക്കാർക്ക് ചെലവേറിയ ഒന്നായി മാറിയിരിക്കുന്നു. അൽപ്പമെങ്കിലും പണം ലാഭിക്കണമെങ്കിൽ പ്രതിമാസ പ്ലാനുകളെക്കാൾ ദീർഘകാല പ്ലാനുകൾ തെരഞ്ഞെടുക്കുന്നതാണ് നല്ലത്.
ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയായ വൊഡാഫോൺ ഐഡിയ (VI) തങ്ങളുടെ വരിക്കാർക്കായി 180 ദിവസ വാലിഡിറ്റിയിൽ രണ്ട് പ്രീപെയ്ഡ് പ്ലാനുകൾ പുറത്തിറക്കിയിട്ടുണ്ട്. മറ്റ് ടെലിക്കോം കമ്പനികളിൽ നിന്ന് വേറിട്ട വാലിഡിറ്റികളിൽ പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിക്കുന്നതിൽ വിഐ പ്രത്യേക മികവ് പ്രകടിപ്പിക്കാറുണ്ട്.

വെറൈറ്റി വാലിഡിറ്റികളിൽ എത്തുന്ന ചില വിഐ പ്രീപെയ്ഡ് പ്ലാനുകൾ കഴിഞ്ഞ ദിവസം നാം പരിചയപ്പെട്ടു. ഇന്ന് 180 ദിവസ വാലിഡിറ്റികളിൽ ലഭ്യമായിട്ടുള്ള രണ്ട് പ്ലാനുകളാണ് പരിചയപ്പെടുത്തുന്നത്. അതിൽ ഒരു പ്ലാൻ വോയിസ് കോൾ ആനുകൂല്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതും രണ്ടാമത്തേത് പ്രതിദിന ഡാറ്റയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതുമാണ്.
1049 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ: 180 ദിവസ വാലിഡിറ്റിയുള്ള രണ്ട് വിഐ പ്രീപെയ്ഡ് പ്ലാനുകളിൽ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്ലാൻ 1049 രൂപ വിലയിലാണ് എത്തുന്നത്. ഇത് അൺലിമിറ്റഡ് വോയ്‌സ് കോൾ കേന്ദ്രീകരിച്ചുള്ള പ്ലാനാണ്. അൺലിമിറ്റഡ് കോളിന് പുറമേ 12GB ഡാറ്റ, 1800 SMS എന്നിവയും ഈ പ്ലാനിലുണ്ട്.

180 ദിവസത്തെ വാലിഡിറ്റിയിൽ എത്തുന്ന ഈ പ്ലാനിൽ നിശ്ചിത ജിബി ഡാറ്റാ ക്വാട്ട തീർന്നതിന് ശേഷം, തുടർന്നുള്ള ഡാറ്റയ്ക്ക് ഒരു എംബിക്ക് 50 പൈസ ഈടാക്കും. ഈ പ്ലാനിനൊപ്പം അധിക ആനുകൂല്യങ്ങളൊന്നും വിഐ നൽകുന്നില്ല. കുറഞ്ഞ ചെലവിൽ ആറ് മാസം വാലിഡിറ്റി കിട്ടുന്ന ഒരു പ്ലാൻ അന്വേഷിക്കുന്ന വിഐ വരിക്കാർക്ക് ഈ പ്ലാൻ ഉചിതമായ ഓപ്ഷനാണ്.
1749 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ: 180 ദിവസ വാലിഡിറ്റിയുള്ള വിഐയുടെ രണ്ടാമത്തെ പ്ലാനാണിത്. ഇതിൽ പ്രതിദിനം 1.5 ജിബി ഡാറ്റ ലഭിക്കും. അതോടൊപ്പം അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവയും 180 ദിവസത്തെ വാലിഡിറ്റിയിൽ ഈ പ്ലാനിൽ ലഭ്യമാകും.
പ്രതിദിനം 1.5ജിബി എന്ന ക്വാട്ട പിന്നിട്ടാൽ ഡാറ്റ വേഗത 64 Kbps ആയി കുറയും. "ജസ്റ്റ് ഫോർ യു" ആനുകൂല്യമെന്ന നിലയിൽ, 45 ദിവസത്തെ വാലിഡിറ്റിയിൽ 30 ജിബി എക്സ്ട്രാ ഡാറ്റയും വിഐ ഈ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ അധിക ആനുകൂല്യമായി വിഐ ഹീറോ ആനുകൂല്യങ്ങളും ലഭിക്കും.

ബിങ് ഓൾനൈറ്റ്, വീക്കെൻഡ് ഡാറ്റ റോളോവർ, ഡാറ്റ ഡിലൈറ്റ്സ് എന്നീ ആനുകൂല്യങ്ങൾ വിഐ ഹീറോ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. വിഐ ആപ്പ് വഴി ഈ ആനുകൂല്യങ്ങൾ ലഭ്യമാകും. ഇത് കൂടാതെ വിഐ ഗ്യാരണ്ടിയുടെ ഭാഗമായി, യോഗ്യരായ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് പ്രതിവർഷം 130GB വരെ ഡാറ്റയും (ഓരോ 28 ദിവസത്തിലും 10GB) ലഭിക്കും. മറ്റ് ആനുകൂല്യങ്ങളൊന്നും ഈ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടില്ല.


Click it and Unblock the Notifications








