വില വർധനയുടെ കൊടുങ്കാറ്റിൽ സകല പ്ലാനും പാറിയപ്പോഴും പിടിച്ചുനിന്ന 2 വിഐ പ്ലാനുകൾ; വില 200ൽ താഴെ
ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ (വിഐ) എന്നീ കമ്പനികൾ ജൂലൈ മുതൽ മൊബൈൽ താരിഫ് വർധന നടപ്പിലാക്കി. അതോടെ അതുവരെ ലഭ്യമായിരുന്ന റീച്ചാർജ് പ്ലാനുകൾ പലതും അപ്രത്യക്ഷമാകുകയും പകരം വർധിപ്പിച്ച പുതിയ നിരക്കിലുള്ള പ്ലാനുകൾ നിലവിൽ വരികയും ചെയ്തു. ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയാണ് വൊഡാഫോൺ ഐഡിയ. പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്കുകൾ വർധിപ്പിച്ചെങ്കിലും ചില വാലിഡിറ്റി പ്ലാനുകളുടെ നിരക്ക് വർധിപ്പിക്കുകയോ ഏതെങ്കിലും വിധത്തിലുള്ള മാറ്റം വരുത്തുകയോ ചെയ്തിട്ടില്ല. കുറഞ്ഞ തുകയ്ക്ക് വാലിഡിറ്റി നിലനിർത്താൻ ആഗ്രഹിക്കുന്ന വിഐ വരിക്കാർക്ക് പരിഗണിക്കാൻ പാകത്തിൽ, നിരക്ക് വർധന ബാധിക്കാത്ത 2 പ്ലാനുകൾ ലഭ്യമാണ്.
നിരക്ക് വർധന ബാധിക്കാത്ത ഈ രണ്ട് വിഐ വാലിഡിറ്റി പ്ലാനുകൾ 198 രൂപ, 204 രൂപ നിരക്കുകളിലാണ് ലഭ്യമാകുക. ഈ പ്ലാനുകൾ തമ്മിലുള്ള നിരക്ക് വ്യത്യാസം വെറും 6 രൂപയാണ്. അതുപോലെ തന്നെ ഈ പ്ലാനുകൾ തമ്മിലുള്ള ആനുകൂല്യങ്ങളുടെ വ്യത്യാസവും വളരെ നേർത്തതാണ്.

ധാരാളം ഡാറ്റ വേണം എന്ന് ആഗ്രഹിക്കുന്നവർക്ക് ഈ രണ്ട് പ്ലാനുകളും അനുയോജ്യമല്ല. കാരണം അവ അധികം ഡാറ്റ വാഗ്ദാനം ചെയ്യുന്നില്ല. അതുപോലെ കോളിങ് സാധ്യമാണെങ്കിലും അൺലിമിറ്റഡ് കോളിങ് വാഗ്ദാനം ചെയ്യുന്നില്ല. എന്നാൽ ഇത്രയും കുറഞ്ഞ നിരക്കിൽ എത്തുന്ന ഈ രണ്ട് പ്ലാനുകളും ഒരു മാസത്തെ വാലിഡിറ്റി നൽകുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.
198 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ: കുറഞ്ഞ ചെലവിൽ വാലിഡിറ്റി നിലനിർത്താൻ ആഗ്രഹിക്കുന്ന വിഐ വരിക്കാർക്ക് പരിഗണിക്കാൻ സാധിക്കുന്ന പ്ലാനുകളിൽ ഒന്നാണിത്. 30 ദിവസ വാലിഡിറ്റി ഈ വിഐ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ആകെ 500എംബി ഡാറ്റയാണ് ഈ പ്ലാനിൽ ലഭിക്കുക.

കോളിങ്ങിന്റെ കാര്യമെടുത്താൽ 198 രൂപയുടെ പ്ലാനിലെ ടോക്ക്ടൈം 198 രൂപയായി നിശ്ചയിച്ചിരിക്കുന്നു. കോളുകൾക്ക് സെക്കൻഡിന് 2.5 പൈസയാണ് ഈടാക്കുന്നത്, അതായത് ഓരോ മിനിറ്റ് കോളിനും ഉപയോക്താവിന് 1.50 രൂപ വീതം ചെലവാകും. ഈ പ്ലാനിനൊപ്പം സൗജന്യ എസ്എംഎസ് ആനുകൂല്യങ്ങളൊന്നും ഉൾപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധിക്കുക.
204 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ: 198 രൂപയുടെ പ്ലാനും 204 രൂപയുടെ പ്ലാനും തമ്മിൽ വാലിഡിറ്റിയുടെ കാര്യത്തിലാണ് ചെറിയ വ്യത്യാസമുള്ളത്. ഈ പ്ലാനിൻ്റെ വാലിഡിറ്റി ഒരു മാസമാണ്. അതായത് മാസത്തിൽ 30 ദിവസമോ 31 ദിവസമോ എന്നത് പരിഗണിക്കാതെ എല്ലാ മാസവും ഒരേ തീയതിയിൽ റീച്ചാർജ് ചെയ്യേണ്ടതുണ്ട്.
204 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിൽ ഉപയോക്താക്കൾക്ക് 204 രൂപയുടെ ടോക്ക്ടൈമും ആകെ 500എംബി ഡാറ്റയും ലഭിക്കും. ഈ പ്ലാനിൽ SMS ആനുകൂല്യങ്ങളൊന്നുമില്ല. 198 രൂപയുടെ പ്ലാൻ പോലെ തന്നെ ഇവിടെയും കോളുകൾക്ക് സെക്കൻഡിന് 2.5 പൈസയാണ് ഈടാക്കുന്നത്, അതായത് ഓരോ മിനിറ്റ് കോളിനും ഉപയോക്താവിൽ നിന്ന് 1.50 രൂപ ഈടാക്കും.

കുറഞ്ഞ നിരക്കിൽ 30 ദിവസ വാലിഡിറ്റി ഉറപ്പാക്കാൻ 198 രൂപ, 204 രൂപ വിലകളിൽ ലഭ്യമാകുന്ന ഈ രണ്ട് വിഐ പ്രീപെയ്ഡ് പ്ലാനുകളും ഉപയോക്താക്കളെ സഹായിക്കും. ആകെ 500 എംബി ഡാറ്റ മാത്രമേ ലഭ്യമാകൂ എങ്കിലും അടിയന്തര ആവശ്യങ്ങൾ വന്നാൽ വിഐയുടെ ഡാറ്റ ബൂസ്റ്റർ പ്ലാനുകളെ ആശ്രയിക്കാൻ സാധിക്കും.


Click it and Unblock the Notifications








