ഒടുവിൽ അത് സംഭവിച്ചു! VI 5G 'ഇവിടെ' എത്തി; 5G ലോഞ്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചു
വൊഡാഫോൺ ഐഡിയ (VI) തങ്ങളുടെ 5ജി സേവനം മുംബൈയിൽ ആരംഭിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വിഐയുടെ 5ജി അഭാവം മുതലെടുത്ത് ജിയോയും എയർടെലും നിരവധി വരിക്കാരെ സ്വന്തമാക്കിയിരുന്നു. എതിരാളികളുടെ അത്തരം നീക്കങ്ങൾക്ക് കൂടി തടയിട്ടുകൊണ്ട് ആദ്യഘട്ടമെന്ന നിലയിൽ മുംബൈയിൽ മാത്രമാണ് വിഐ 5ജി അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. മത്സരാധിഷ്ഠിത വിലയിൽ വ്യാപകമായ കവറേജ് വാഗ്ദാനം ചെയ്തുകൊണ്ട് മൊബൈൽ അനുഭവങ്ങൾ മെച്ചപ്പെടുത്തുക എന്നതാണ് ഈ തന്ത്രപരമായ വിന്യാസത്തിന്റെ ലക്ഷ്യമെന്ന് വിഐ പ്രഖ്യാപിച്ചു. ഉപയോക്താക്കൾക്ക് മികച്ച കണക്റ്റിവിറ്റി എക്സ്പീരിയൻസ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ, നഗരത്തിലെ 5G റോൾഔട്ടിൽ ഏറ്റവും പുതിയ ഉപകരണങ്ങൾക്കായി നോക്കിയയുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് വിഐ പറഞ്ഞു.
"വിഐയുടെ 5G സേവനങ്ങൾ ഇന്ന് മുതൽ നഗരത്തിൽ ലഭ്യമാകും, മത്സരാധിഷ്ഠിത സ്പെക്ട്രം ഹോൾഡിംഗും നെക്സ്റ്റ് ജനറേഷൻ ഇൻഫ്രാസ്ട്രക്ചറിലെ ഗണ്യമായ നിക്ഷേപവും ഇതിന് കരുത്തേകുന്നു. മെച്ചപ്പെട്ട ശേഷി, മികച്ച പ്രകടനം, വിശ്വാസ്യത എന്നിവ നൽകാൻ കമ്പനി പ്രതിജ്ഞാബദ്ധമാണ്," എന്ന് 5ജി ലോഞ്ച് അറിയിച്ചുകൊണ്ട് വോഡഫോൺ ഐഡിയ പറഞ്ഞു.

പുതിയ ഡിവൈസുകൾ ഉപയോഗിച്ച് 5ജി അവതരിപ്പിക്കുക മാത്രമല്ല, അതോടൊപ്പം മികച്ച യൂസർ എക്സ്പീരിയൻസ് ഉറപ്പാക്കുന്നതിന് നെറ്റ്‌വർക്ക് പ്രകടനം തുടർച്ചയായി ഒപ്റ്റിമൈസ് ചെയ്യുന്ന ഒരു AI- അധിഷ്ഠിത SON (സെൽഫ്-ഓർഗനൈസിംഗ് നെറ്റ്‌വർക്കുകൾ) സംവിധാനവും വിഐ വിന്യസിച്ചിട്ടുണ്ട്. ഇതുവഴി ഉപയോക്താക്കൾക്ക് പരാതികളില്ലാതെ മികച്ച സേവനം നൽകാൻ വിഐ ലക്ഷ്യമിടുന്നു.
5ജി സേവനം ആരംഭിച്ചതിന് പിന്നാലെ മുംബൈയിൽ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും വിഐ നിലവിൽ കൊണ്ടുവന്നിട്ടുണ്ട്. ലോഞ്ച് ആഘോഷിക്കുന്നതിനായി, 299 രൂപ മുതലുള്ള പ്രീപെയ്ഡ് പ്ലാനുകൾ ഉപയോഗിക്കുന്ന വരിക്കാർക്ക് അൺലിമിറ്റഡ് 5G ഡാറ്റ ഉൾക്കൊള്ളുന്ന ഒരു ആമുഖ 5G പ്ലാൻ Vi വാഗ്ദാനം ചെയ്യുന്നു.

ഇതോടെ ഇന്ത്യൻ ടെലിക്കോം വിപണിയിൽ കൂടുതൽ മികച്ച 5ജി ഡാറ്റ ഓഫർ നൽകുന്ന കമ്പനിയായി വിഐ മാറും. കാരണം, ജിയോയും എയർടെലും 2ജിബിയോ അതിന് മുകളിലോ പ്രതിദിന ഡാറ്റയുള്ള പ്ലാനുകൾക്കൊപ്പം മാത്രമേ അൺലിമിറ്റഡ് 5ജി നൽകുന്നുള്ളൂ. എന്നാലിവിടെ വിഐ മാനദണ്ഡമായി വച്ചിരിക്കുന്നത് 299 രൂപയ്ക്ക് മുകളിലുള്ള എല്ലാ പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പവും അൺലിമിറ്റഡ് 5ജി നൽകുമെന്നാണ്.
അതായത് ജിയോയുടെയും എയർടെലിന്റെയും വരിക്കാർക്ക് ലഭിക്കുന്നതിനെക്കാൾ കൂടുതൽ അൺലിമിറ്റഡ് 5ജി ഡാറ്റ പ്ലാനുകൾ വിഐ വരിക്കാർക്ക് ലഭിക്കും. കൂടാതെ വിഐയുടെ എല്ലാ പോസ്റ്റ്പെയ്ഡ് പ്ലാനിനൊപ്പവും അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ മുംബൈയിൽ മാത്രമേ വിഐ 5ജി എത്തിയിട്ടുള്ളൂ എന്നതിനാൽ ഇവിടെയുള്ള വരിക്കാർക്ക് മാത്രമാണ് ഈ ഓഫർ ലഭ്യമാകുക.
മറ്റ് ടെലിക്കോം സർക്കിളുകളിലേക്കും വിഐ 5ജി എത്തുമ്പോൾ അവിടെയുള്ള വരിക്കാർക്കും ഇതേ ഓഫർ വിഐ നൽകും എന്നാണ് വിവരം. "വീഡിയോകളും OTT ആപ്പുകളും കാണൽ, ഓൺലൈൻ ഗെയിമിംഗ്, വീഡിയോ കോളുകൾ, കോൺഫറൻസിംഗ്, ഡൗൺലോഡുകൾ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് മികച്ച എക്സ്പീരിയൻസ് നൽകാനും അവ മെച്ചപ്പെടുത്താനും 5ജി സഹായിക്കും'' എന്ന് വിഐ പറഞ്ഞു.

മുംബൈയിൽ ഉയർന്ന തലത്തിലുള്ള മൊബൈൽ എക്സ്പീരിയൻസ് നൽകുന്നതിൽ വിഐയുടെ 4ജി നെറ്റ്വർക്ക് വളരെ മികച്ച നിലവാരം പുലർത്തുന്നു എന്ന് അടുത്തിടെ ഓപ്പൺസിഗ്നൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ 5ജി എത്തിയതോടുകൂടി ഉപയോക്താക്കൾക്ക് കൂടുതൽ വേഗതയിൽ ടെലിക്കോം സേവനങ്ങൾ ആസ്വദിക്കാൻ സാധിക്കും. തത്സമയ ക്ലൗഡ് ആക്‌സസ്, സ്ട്രീമിംഗ് പോലുള്ള ഉയർന്ന ബാൻഡ്‌വിഡ്ത്ത് ആപ്ലിക്കേഷനുകൾക്കായുള്ള വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റാൻ വിഐ 5ജി ലക്ഷ്യമിടുന്നു.
"ദശലക്ഷക്കണക്കിന് ഉപഭോക്താക്കളിലേക്ക് അടുത്ത തലമുറ കണക്റ്റിവിറ്റി എത്തിക്കുന്നതിനായി വി ഇന്ത്യയിലുടനീളം അതിന്റെ 5G കാൽപ്പാടുകൾ ഘട്ടം ഘട്ടമായി വികസിപ്പിക്കുന്നത് തുടരും'' എന്ന് വിഐ പറയുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് വിഐ 5ജി വൈകാൻ കാരണം. എന്നാൽ കഴിഞ്ഞ 12 മാസത്തിനിടെ, വിഐ ഏകദേശം 26,000 കോടി രൂപ ഓഹരിയിലൂടെ സമാഹരിച്ചു.
വിഐ ശേഖരിച്ച ഫണ്ടിൽ, ഇന്ത്യയിലെ ഏറ്റവും വലിയ ഫോളോ-ഓൺ പബ്ലിക് ഓഫറിംഗ് (FPO) 18,000 കോടി രൂപയും പ്രൊമോട്ടറുടെ സംഭാവന ഏകദേശം 4,000 കോടി രൂപയും ഉൾപ്പെടുന്നു. ഈ ഫണ്ടിംഗ് കമ്പനിയെ മൂലധന ചെലവുകൾ ത്വരിതപ്പെടുത്താൻ പ്രാപ്തമാക്കി, മൂന്ന് വർഷത്തിനുള്ളിൽ 50,000- 55,000 കോടി രൂപ വരെ നിക്ഷേപിക്കാൻ പദ്ധതിയിടുന്നു. പ്രധാന പ്രദേശങ്ങളിൽ 5G ആരംഭിക്കുന്നതിനൊപ്പം, ഏകദേശം 90 ശതമാനം ഇന്ത്യക്കാരെയും ഉൾക്കൊള്ളുന്ന തരത്തിൽ 4G നെറ്റ്‌വർക്ക് വികസിപ്പിക്കുന്നതിനായും പ്രവർത്തിക്കുന്നുണ്ടെന്ന് വിഐ പറയുന്നു.


Click it and Unblock the Notifications








