അന്യായം തന്നെ അണ്ണാ! 479 രൂപയുടെ റീച്ചാർജ് പ്ലാനിലെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച് വിഐ
ഏതാനും മാസങ്ങൾക്ക് മുൻപ് നടപ്പാക്കിയ റീച്ചാർജ് നിരക്ക് വർധനയുടെ ഞെട്ടലിൽ നിന്ന് ഇനിയും മുക്തരായിട്ടില്ലാത്ത വരിക്കാരെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു റീച്ചാർജ് പരിഷ്കരണം കൂടി നടത്തി വൊഡാഫോൺ ഐഡിയ (VI). അടുത്തിടെ 289 രൂപയുടെ റീച്ചാർജ് പ്ലാനിൻ്റെ വാലിഡിറ്റി കുറച്ചുകൊണ്ട് വിഐ ഒരു പ്ലാൻ പരിഷ്കരണം നടത്തിയിരുന്നു. ഇപ്പോൾ അതിനെക്കാൾ കുറച്ചുകൂടി കടുപ്പിച്ച് വാലിഡിക്കൊപ്പം ആനുകൂല്യവും കുറച്ചുകൊണ്ടാണ് പുതിയ പ്ലാൻ പരിഷ്കരണം നടത്തിയിരിക്കുന്നത്. 479 രൂപ നിരക്കിൽ ലഭ്യമായിരുന്ന പ്രീപെയ്ഡ് പ്ലാനിൽ ആണ് ഇത്തവണ വിഐ കത്തി വച്ചിരിക്കുന്നത്.
നിലവിൽ വിഐയുടെ റീച്ചാർജ് പ്ലാനുകളെല്ലാം ജൂലൈയിലെ നിരക്ക് വർധനയ്ക്ക് ശേഷം അവതരിപ്പിക്കപ്പെട്ടവയാണ്. ഈ പുതിയ റീച്ചാർജ് പ്ലാനുകൾ അവതരിപ്പിച്ച ശേഷവും അവയിൽ വിഐ ഇടയ്ക്കിടയ്ക്ക് ചെറിയ മാറ്റങ്ങൾ വരുത്താറുണ്ട്. ഈ വർഷം സെപ്റ്റംബറിൽ വിഐ 479 രൂപയുടെയും 666 രൂപയുടെയും പ്ലാനുകളുടെ വാലിഡിറ്റി വെട്ടിക്കുറയ്ക്കപ്പെട്ടിരുന്നു. ഇതേപ്പറ്റി അറിയും മുമ്പ് 479 രൂപയുടെ പ്ലാനിലെ ആനുകൂല്യങ്ങൾ എന്തൊക്കെയായിരുന്നു എന്ന് നോക്കാം.

479 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിൽ തുടക്കത്തിൽ ലഭ്യമായിരുന്ന ആനുകൂല്യങ്ങൾ: പ്രതിദിനം 1.5 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 100 എസ്എംഎസ് എന്നിവയായിരുന്നു ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. 56 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാൻ എത്തിയിരുന്നത്. വിഐ മൂവീസ് ആൻഡ് ടിവി ക്ലാസിക്, വീഐ ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങളും ഈ പ്ലാനിൽ ഉൾപ്പെടുന്നു.
സെപ്റ്റംബറിൽ നടത്തിയ പ്ലാൻ പരിഷ്കരണത്തിൽ 479 രൂപ വിലയിൽ ലഭ്യമായിരുന്ന പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി വിഐ വെട്ടിക്കുറച്ചു. അതായത് 56 ദിവസം വാലിഡിറ്റി ഉണ്ടായിരുന്നത് 48 ദിവസത്തെ സേവന വാലിഡിറ്റിയായി വെട്ടിക്കുറയ്ക്കുകയായിരുന്നു. എന്നാൽ അന്ന് 1.5ജിബി പ്രതിദിന ഡാറ്റ അടക്കമുള്ള മറ്റ് ആനുകൂല്യങ്ങൾ അതേപടി നിലനിർത്തിയിരുന്നു.

എന്നാൽ ഏറ്റവും പുതിയതായി നടത്തിയിരിക്കുന്ന പ്ലാൻ പരിഷ്കരണത്തിൽ ഈ പ്ലാനിലെ പ്രതിദിന ഡാറ്റ 1.5ജിബിയിൽ നിന്ന് 1ജിബിയായി കുറച്ചിരിക്കുന്നു. കഴിഞ്ഞ തവണ വാലിഡിറ്റിയും ഇത്തവണ ഡാറ്റയും വെട്ടിക്കുറച്ചതിലൂടെ ഫലത്തിൽ വിഐ ഈ പ്ലാനിന്റെ ചെലവ് വർധിപ്പിച്ചിരിക്കുകയാണ്. അതായത് നിരക്ക് ഉയർന്നിട്ടില്ലെങ്കിലും ആനുകൂല്യങ്ങൾ കുറഞ്ഞതോടെ ഫലത്തിൽ ഈ പ്ലാൻ ചെലവേറിയ പ്ലാനായി മാറിയിരിക്കുകയാണ്.
പരോക്ഷമായിട്ടുള്ള നിരക്ക് വർധന എന്ന് ഈ പ്ലാൻ പരിഷ്കരണത്തെ വിശേഷിപ്പിക്കാം. ജൂലൈയിൽ നടപ്പാക്കിയ നിരക്ക് വർധന പോര എന്ന നിലപാടുള്ള ടെലിക്കോം കമ്പനിയാണ് വിഐ. ഇത് അതിന്റെ സിഇഒ തന്നെ അടുത്തിടെ വെളിപ്പെടുത്തിയിട്ടുള്ള കാര്യമാണ്. വിഐ മാത്രമല്ല, എയർടെലും നിരക്ക് വർധന കുറഞ്ഞുപോയി എന്ന നിലപാടുള്ള കമ്പനിയാണ്. ഈ പുതിയ പരിഷ്കരണം കാണുന്ന വിഐ വരിക്കാർ അറിയാതെ പറഞ്ഞുപോകും അന്യായം തന്നെ അണ്ണാ!
എന്തായാലും പുതിയ പ്ലാൻ പരിഷ്കരണം വിഐ ഉപയോക്താക്കൾക്ക് തിരിച്ചടിയാണ്. മുൻപ് 479 രൂപയ്ക്ക് 1.5ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാൻ ലഭിക്കുമായിരുന്നു. എന്നാലിപ്പോൾ 1.5ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാൻ വേണമെങ്കിൽ കൂടുതൽ തുക ചെലവഴിക്കേണ്ടിവരും. എങ്കിലും മറ്റ് സ്വകാര്യ ടെലിക്കോം കമ്പനികളുടെ പ്ലാനുകളുമായി താരതമ്യം ചെയ്താൽ 479 രൂപയുടെ പ്ലാൻ ഇപ്പോഴും അത്ര മോശമല്ല എന്ന അഭിപ്രായവും ചിലർ പങ്കുവയ്ക്കുന്നുണ്ട്.

479 രൂപയുടെ പ്ലാനിൽ ഇപ്പോൾ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: ഏറ്റവും ഒടുവിൽ നടപ്പാക്കിയ പ്ലാൻ പരിഷ്കരണത്തിന് ശേഷം 479 രൂപയുടെ വിഐ പ്ലാനിൽ പ്രതിദിനം 1 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് 48 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകുന്നത്.


Click it and Unblock the Notifications








