ഇതിലും വലുത് എന്തോ വരാനിരുന്നതാ, ഇത്രയല്ലേ സംഭവിച്ചുള്ളൂ! വീണ്ടും ഞെട്ടിച്ച് വിഐ
ജൂലൈയിൽ മൊബൈൽ ടെലിക്കോം താരിഫ് നിരക്കുകൾ വർധിപ്പിച്ചതിന് ശേഷം വിഐ വരിക്കാരിൽ വലിയൊരു വിഭാഗം അസംതൃപ്തരാണ്. വിഐയുടെ മാത്രമല്ല, ജിയോയുടെയും എയർടെലിന്റെയും വരിക്കാർ നിരക്ക് വർധനയിൽ അസംതൃപ്തരാണ്. എങ്കിലും ജിയോയും എയർടെലും 5ജി സേവനങ്ങൾ നൽകുന്നതിനാൽ ഇവരിൽ പലരും ആ കമ്പനികൾ ഉപേക്ഷിക്കാതെ അവിടെത്തന്നെ നിൽക്കുന്നു. എന്നാൽ വിഐ ഇനിയും 5ജി സേവനങ്ങൾ കാര്യമായി അവതരിപ്പിച്ചിട്ടില്ല. എന്നിട്ടും അവിടെ തുടരുന്ന തങ്ങളുടെ വരിക്കാരോട് വിഐ പ്രത്യേകം നന്ദി പറയേണ്ടിയിരിക്കുന്നു. ഇങ്ങനെ ശക്തമായി പിന്തുണ നൽകുന്ന വരിക്കാർക്കായി വിഐ മികച്ച പ്രീപെയ്ഡ് നൽകുക എന്നതായിരുന്നു വിഐ ചെയ്യേണ്ടിയിരുന്നത്.
എന്നാലിപ്പോൾ പുതിയ മികച്ച പ്ലാനുകൾ അവതരിപ്പിച്ചില്ല എന്നുമാത്രമല്ല, ഇതിനകം അസംതൃപ്തിയുള്ള വരിക്കാരെ കൂടുതൽ പ്രകോപിപ്പിക്കുന്ന വിധത്തിൽ ഒരു അപ്രതീക്ഷിത നീക്കവും ഇപ്പോൾ വൊഡാഫോൺ ഐഡിയ എന്ന വിഐ നടത്തിയിരിക്കുന്നു. നിലവിലുള്ള രണ്ട് പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റി വിഐ വെട്ടിക്കുറച്ചു. അതായത് രണ്ട് വിഐ പ്ലാനുകൾ കൂടി കൂടുതൽ ചെലവേറിയതായി മാറിയിരിക്കുന്നു.

666 രൂപ, 479 രൂപ വിലകളിലുള്ള രണ്ട് പ്രീപെയ്ഡ് പ്ലാനുകൾ കുറച്ചുനാളുകളായി വിഐയുടെ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിലുണ്ട്. ഇപ്പോൾ ഈ രണ്ട് പ്ലാനുകളുടെ വാലിഡിറ്റിയാണ് വിഐ വെട്ടിക്കുറച്ചിരിക്കുന്നത്. ഈ പ്ലാനുകൾക്കായി ചെലവഴിക്കുന്ന തുകയിൽ മാറ്റമൊന്നും വന്നിട്ടില്ല എങ്കിലും വാലിഡിറ്റി വെട്ടിക്കുറച്ചതിലൂടെ ഈ പ്ലാനുകൾ ഉപയോഗിക്കുന്നതിനുള്ള ചെലവ് പരോക്ഷമായി ഉയരുകയാണ് ചെയ്തിരിക്കുന്നത്.
വോഡഫോൺ ഐഡിയയുടെ 479 രൂപയുടെ പ്ലാൻ 56 ദിവസ വാലിഡിറ്റിയാണ് മുൻപ് വാഗ്ദാനം ചെയ്തിരുന്നത്. ഇനിമുതൽ ഇതിൽ 48 ദിവസത്തെ സേവന വാലിഡിറ്റി മാത്രമേ ലഭിക്കൂ. അതേപോലെ 666 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ മുമ്പ് ഇത് 77 ദിവസത്തെ സേവന വാലിഡിറ്റിയിൽ ആണ് എത്തിയിരുന്നത്. പുതിയ പരിഷ്കരണത്തിന് ശേഷം ഈ പ്ലാനിൽ 64 ദിവസ വാലിഡിറ്റിയാണ് ലഭിക്കുക.

വാലിഡിറ്റി വെട്ടിക്കുറച്ചു എന്നതിനപ്പുറം 666 രൂപ, 479 രൂപ പ്ലാനുകളിലെ മറ്റ് ആനുകൂല്യങ്ങളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. 479 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിൽ ഇപ്പോൾ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: പ്രതിദിനം 1ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസം 100 എസ്എംഎസ്, 48 ദിവസ വാലിഡിറ്റി എന്നിവയാണ് ഈ പ്ലാനിൽ ഇപ്പോൾ ലഭ്യമാകുക.
666 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: പ്രതിദിനം 1.5 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസം 100 എസ്എംഎസ്, 64 ദിവസ വാലിഡിറ്റി എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. ഇത് കൂടാതെ വീഐ ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങളും ഈ പ്ലാനിനൊപ്പം ലഭ്യമാകും.
വാരാന്ത്യ ഡാറ്റ റോൾഓവർ, ഡാറ്റ ഡിലൈറ്റ്‌സ്, ബിങ് ഓൾ നൈറ്റ് എന്നിവയൊക്കെയാണ് വിഐ ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങളുടെ ഭാഗമായി 666 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന അധിക ആനുകൂല്യങ്ങൾ. ഉപയോക്താക്കൾക്ക് പ്രതിദിന ഡാറ്റയ്ക്ക് പുറമേ ധാരാളം ഡാറ്റ അധികമായി ലഭിക്കാൻ വിഐ ഹീറോ അൺലിമിറ്റഡ് ഓഫർ സഹായിക്കുന്നു.

വരുമാനം വർധിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഈ രണ്ട് പ്ലാനുകളും വിഐ പരിഷ്കരിച്ചിരിക്കുന്നത്. എന്നാൽ ഈ നീക്കം വിഐക്ക് തിരിച്ചടിയാകുമോ എന്ന സംശയം നിലനിൽക്കുന്നുണ്ട്. കാരണം ഇതിനകം തന്നെ നിരക്ക് വർധനയിൽ പ്രതിഷേധം നിലനിൽക്കുന്നുണ്ട്. അതിനൊപ്പം ഇപ്പോൾ വാലിഡിറ്റി വെട്ടിക്കുറയ്ക്കൽ എന്നുകൂടി കേൾക്കുമ്പോൾ വരിക്കാർ അസ്വസ്ഥരാകാൻ സാധ്യതയുണ്ട് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.


Click it and Unblock the Notifications








