ദാ വന്നു, ദേ പോയി! കുറഞ്ഞ നിരക്കിൽ 180 ദിവസം വാലിഡിറ്റി നൽകുന്ന പുതിയ പ്ലാൻ പിൻവലിച്ച് വിഐ
കേരളത്തിന് പ്രിയപ്പെട്ട ടെലിക്കോം കമ്പനികളിൽ ഒന്നാണ് വിഐ. രാജ്യത്തെ മറ്റ് ടെലിക്കോം സർക്കിളുകളിലെല്ലാം വിഐ നാമാവശേഷമായിക്കൊണ്ടിരിക്കുമ്പോൾ മൂന്ന്, നാല് സർക്കിളുകളിൽ വിഐ പിടിച്ച് നിൽക്കുന്നുണ്ട്. അതിൽ ഒരു പ്രധാന സർക്കിൾ കേരളമാണ്. അതിനാൽത്തന്നെ വിഐ കൊണ്ടുവരുന്ന ഓരോ പ്ലാനും കേരളം ഏറെ ശ്രദ്ധയോടെ ഉറ്റുനോക്കാറുണ്ട്.
വരുമാനത്തിന്റെ കാര്യത്തിൽ ജിയോയുടെയും എയർടെലിന്റെയും അത്ര വരില്ലെങ്കിലും മികച്ച റീച്ചാർജ് പ്ലാനുകൾ അവതരിപ്പിക്കുന്നതിൽ മറ്റ് കമ്പനികൾക്കൊപ്പം പിടിച്ചുനിൽക്കാൻ വിഐ എപ്പോഴും ശ്രമിക്കാറുണ്ട്. സാമ്പത്തിക പ്രതിസന്ധികളിൽപ്പെട്ട് വലയുമ്പോഴും ഇപ്പോഴും നിരവധി വരിക്കാരെ പിടിച്ചുനിർത്താൻ വിഐക്ക് കഴിയുന്നതിൽ ഈ പ്ലാനുകൾക്കും ഒരു പങ്കുണ്ട് എന്ന് പറയാം.

അടുത്തിടെ വിഐ തങ്ങളുടെ റീച്ചാർജ് പ്ലാനുകളുടെ പട്ടികയിലേക്ക് ഒരു പുതിയ പ്ലാൻ നിശബ്ദമായി കൂട്ടിച്ചേർത്തിരുന്നു. കുറഞ്ഞ നിരക്കിൽ ആറുമാസത്തോളം വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന ഒരു പ്ലാൻ ആയിരുന്നു അത്. 549 രൂപയുടെ ഈ പ്ലാനിൽ കൃത്യമായി പറഞ്ഞാൽ 180 ദിവസ വാലിഡിറ്റിയാണ് വിഐ ഉൾപ്പെടുത്തിയിരുന്നത്.
എന്നാൽ പുറത്തിറക്കി ഒരാഴ്ച തികയുംമുമ്പേ ഈ പ്ലാൻ പിൻവലിക്കപ്പെട്ടിരിക്കുകയാണ്. കമ്പനിയുടെ വെബ്സൈറ്റിലും മൊബൈൽ ആപ്പിലും ഇപ്പോൾ 549 രൂപയുടെ പ്ലാൻ കാണാനില്ലെന്ന് ടെലിക്കോം ടോക്ക് റിപ്പോർട്ട് ചെയ്യുന്നു. ഏറെ വിചിത്രമായ ഒരു നീക്കമാണ് വിഐ നടത്തിയിരിക്കുന്നത്. അടുത്തിടെമാത്രം പുറത്തിറക്കിയ പ്ലാൻ ഇത്ര തിടുക്കപ്പെട്ട് പിൻവലിക്കാൻ എന്താണ് കാരണം എന്നതാണ് ഉയരുന്ന ചോദ്യം.

ഏറ്റവും കുറഞ്ഞ നിരക്കിൽ കൂടുതൽ നാൾ വാലിഡിറ്റി നൽകുന്ന ഒരു മികച്ച പ്ലാനായാണ് 549 രൂപ പ്ലാനിനെ വരിക്കാർ വിലയിരുത്തിയത്. വിഐ സെക്കൻഡറി സിമ്മായി ഉപയോഗിക്കുന്നവർക്കും ദീർഘനാൾ വാലിഡിറ്റി ആഗ്രഹിക്കുന്നവർക്കും 549 രൂപയുടെ പ്ലാൻ ഏറെ ഗുണകരമായിരുന്നു. 2.5 പൈസ നിരക്കിൽ നാഷണൽ, ലോക്കൽ കോളുകൾ, 1ജിബി ഡാറ്റ എന്നീ ആനുകൂല്യങ്ങളാണ് ഇതിലുണ്ടായിരുന്നത്.
ലാഭമൊന്നും പ്രതീക്ഷിക്കാതെ ഉള്ളവരിക്കാരെ തങ്ങളോടൊപ്പം പിടിച്ചുനിർത്താനുള്ള വിഐയുടെ തന്ത്രത്തിന്റെ ഭാഗമാണ് പുതിയ പ്ലാൻ എന്ന നിലയ്ക്കാണ് വിലയിരുത്തലുകൾ വന്നത്. എന്നാൽ ഇപ്പോൾ വിഐ തന്നെ ആ പ്ലാൻ പിൻവലിച്ചിരിക്കുകയാണ്. അതിന്റെ കാരണം വ്യക്തമല്ല എങ്കിൽക്കൂടിയും പുതിയ പ്ലാൻ തങ്ങളുടെ ഉള്ള വരുമാനം കൂടി ഇല്ലാതാക്കുമെന്ന ഭയത്തിലാകാം വിഐ 549 രൂപ പ്ലാൻ പിൻവലിച്ചിരിക്കുന്നത്.
ഓരോ ഉപയോക്താവിൽനിന്നുമുള്ള ശരാശരി വരുമാനം (ARPU) വർദ്ധിപ്പിക്കാനുള്ള വിഐയുടെ സാധ്യതകളെ 549 രൂപയുടെ പ്ലാൻ ദോഷകരമായി ബാധിക്കുമായിരുന്നു. ഏറെ വൈകി ഇത് തിരിച്ചറിഞ്ഞതുകൊണ്ടോ, പുറത്തിറങ്ങി കുറച്ചുദിവസങ്ങൾക്കുള്ളിൽ തിരിച്ചടിയുടെ ആഴം വ്യക്തമായതുകൊണ്ടോ ആകും വിഐ ഈ പ്ലാൻ പിൻവലിച്ചിരിക്കുക എന്നാണ് പൊതു വിലയിരുത്തൽ.

549 രൂപയുടെ പുതിയ പ്ലാൻ കുറഞ്ഞ തുകയ്ക്ക് ദീർഘനാൾ വാലിഡിറ്റി നൽകുന്നതിനാൽ, വാലിഡിറ്റി നിലനിർത്താൻ വിഐയുടെ മറ്റ് പ്ലാനുകൾ ഉപയോഗിച്ചുകൊണ്ടിരുന്നവർ അത് ഉപയോഗിക്കാതാകും. ഈ അപകടം മനസിലാക്കിയാകും അടിയന്തരമായി വിഐ 549 രൂപയുടെ പ്ലാൻ പിൻവലിച്ചിരിക്കുക. പ്ലാൻ പിൻവലിച്ചതിനെപ്പറ്റി വിഐ ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും നടത്തിയിട്ടില്ല.
സാമ്പത്തിക പ്രതിസന്ധിമൂലം 5ജി സേവനങ്ങൾ ആരംഭിക്കാനുള്ള തയാറെടുപ്പുകൾ നടത്താൻ സാധിക്കാത്തത് വിഐയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുകയും നാൾക്കുനാൾ പ്രതിസന്ധി കൂടിവരികയുമാണ്. ജിയോയും എയർടെലും 5ജി സേവനങ്ങൾ വ്യാപകമാക്കിത്തുടങ്ങിയതോടുകൂടി വിഐ ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടിയിരുന്നു. ഇരുകമ്പനികളുടെയും അൺലിമിറ്റഡ് 5ജി ലഭിക്കുന്ന പ്രദേശങ്ങളുടെ വ്യാപ്തി ദിവസവും കൂടുകയാണ്. ഇതിനനുസരിച്ച് വിഐ ചുരുങ്ങുകയും ചെയ്യുന്നുണ്ട്.
5ജി പ്രലോഭനത്തിൽ വീണ് വരിക്കാർ നഷ്ടപ്പെടുന്നത് തടയാൻ ജിയോയും എയർടെലും സൗജന്യ അൺലിമിറ്റഡ് 5ജി നൽകുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് വിഐ ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യക്ക് പരാതി നൽകിയതായി പോലും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഈ പരാതി തള്ളിയ ജിയോയും എയർടെലും നിരക്ക് ഈടാക്കാൻതക്ക വിധത്തിൽ എല്ലായിടത്തും 5ജി എത്തിയിട്ടില്ലെന്ന് വ്യക്തമാക്കി.
5ജിയ്ക്കായി ഫണ്ട് കണ്ടെത്താൻ ദീർഘനാളായി വിഐ ശ്രമിക്കുന്നുണ്ടെങ്കിലും ഒന്നും വിജയം കണ്ടില്ല. എങ്കിലും പ്രതീക്ഷ കൈവിടാതെ ഏത് വിധേനയും ഫണ്ട് കണ്ടെത്താനുള്ള ശ്രമങ്ങൾ കമ്പനി ഇപ്പോഴും തുടരുകയാണ്. അതുവരെ വരിക്കാരെ പിടിച്ചുനിർത്താൻ ആകർഷകമായ മറ്റൊരു പ്ലാനുമായി വിഐ എത്തിയേക്കാം. നിങ്ങൾക്ക് വിഐ 549 രൂപ പ്ലാൻ റീച്ചാർജ് ഓപ്ഷനായി ലഭ്യമാകുന്നുണ്ടെങ്കിൽ അക്കാര്യം കമന്റായി രേഖപ്പെടുത്താവുന്നതാണ്.


Click it and Unblock the Notifications








