സന്തോഷത്തോടൊപ്പം കാത്തിരുന്ന ദുഃഖം! വിഐ എല്ലാ പ്രീപെയ്ഡ് പ്ലാനുകളിൽ നിന്നും ആ ആനുകൂല്യം പിൻവലിച്ചു
പ്രമുഖ ഇന്ത്യൻ ടെലിക്കോം കമ്പനിയായ വൊഡാഫോൺ ഐഡിയ (VI) കഴിഞ്ഞ ദിവസം ഉപയോക്താക്കൾക്കായി ആമസോൺ പ്രൈം വീഡിയോ ലൈറ്റ് സൗജന്യ സബ്സ്ക്രിപ്ഷനുമായി 904 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചിരുന്നു. ഇതിന്റെ സന്തോഷം മാറും മുമ്പേ വിഐ വരിക്കാരെ തേടി ഒരു ദുഃഖ വാർത്തയും എത്തിയിരിക്കുന്നു.
വിഐ എല്ലാ പ്രീപെയ്ഡ് പ്ലാനുകളിൽ നിന്നും തങ്ങളുടെ ഇൻ-ഹൗസ് ഒടിടി പ്ലാറ്റ്ഫോമായ വിഐ മൂവീസ് ആൻഡ് ടിവി (Vi Movies & TV) സബസ്ക്രിപ്ഷൻ നീക്കം ചെയ്തു. അതായത് ഇതുവരെ വിവിധ വിഐ പ്രീപെയ്ഡ് പ്ലാനുകളിൽ ലഭ്യമായിരുന്ന വിഐ മൂവീസ് ആനുകൂല്യങ്ങൾ ഇനി സൗജന്യമായി ലഭിക്കില്ല.

വിഐയുടെ വെബ്‌സൈറ്റിലോ മൊബൈൽ ആപ്പിലോ ഉള്ള പ്രീപെയ്ഡ് പ്ലാനുകളൊന്നും Vi Movies & TV ആനുകൂല്യങ്ങൾ കാണിക്കുന്നില്ല. തങ്ങളുടെ ഈ ഒടിടി പ്ലാറ്റ്ഫോമിലേക്ക് കൂടുതൽ പെയ്ഡ് സബ്സ്ക്രൈബേഴ്സിനെ എത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാകാം വൊഡാഫോൺ ഐഡിയ ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത് എന്നാണ് കരുതപ്പെടുന്നത്.
വിഐ മൂവീസ് ആൻഡ് ടിവി എന്നത് ഒരു OTT അഗ്രഗേറ്ററാണ്. അതായത്, ഇതിൽ ഉള്ളത് വിഐയുടെ സ്വന്തം ടിവി ഷോകളോ സിനിമകളോ അല്ല, ഒരൊറ്റ ലോഗിനിലൂടെ വ്യത്യസ്ത OTT പ്ലാറ്റ്‌ഫോമുകളുടെ സബ്സ്ക്രിപ്ഷൻ ആസ്വദിക്കാൻ സഹായിക്കുന്ന ഒരു പ്ലാറ്റ്ഫോം ആണ് ഇത്. പണമടച്ച് തെരഞ്ഞെടുക്കാവുന്ന സബ്സ്ക്രിപ്ഷൻ പ്ലാനുകൾ വിഐ മൂവീസ് ആൻഡ് ടിവി പ്ലാറ്റ്ഫോമിനുണ്ട്.

വിഐ മൂവീസ് ആൻഡ് ടിവി (Vi MTV) പ്രോ സബ്സ്ക്രിപ്ഷൻ: പ്രതിമാസം 202 രൂപ ചെലവിൽ ഉപയോക്താക്കൾക്ക് ഈ വിഐ ഒടിടി പ്ലാറ്റ്ഫോം സബസ്ക്രിപ്ഷൻ നേടാനാകും. കുറച്ചുകൂടി കുറഞ്ഞ നിരക്കിൽ ലഭ്യമാകും വിധത്തിൽ ഇതിന്റെ വാർഷിക പ്ലാനുകളൊന്നും വിഐ ലഭ്യമാക്കിയിട്ടില്ല. അതായത് Vi MTV പ്രീമിയം സബ്‌സ്‌ക്രിപ്‌ഷന് പ്രതിവർഷം 2400 രൂപയിലധികം ചിലവാകും.
പ്രതിമാസം 202 രൂപ എന്ന നിരക്കിൽ കണക്കാക്കിയാൽ ഈ വിഐ ഒടിടി സബ്സ്ക്രിപ്ഷന് വർഷം 2400 രൂപയിലധികം രൂപ ചെലവ് വരും. ഒറ്റനോട്ടത്തിൽ ഇത് ഒരു വലിയ തുകയാണ് എന്ന് തോന്നും. എന്നാൽ ഒടിടി പ്ലാറ്റ്ഫോമുകൾ ആസ്വദിക്കാൻ താൽപര്യമുള്ളവർക്ക് ഇത് നഷ്ടക്കച്ചവടമാകില്ല. കാരണം ഒറ്റയടിക്ക് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ ഇവിടെ ലഭ്യമാകുന്നുണ്ട്.
വിഐ മൂവീസ് ആൻഡ് ടിവി സബ്‌സ്‌ക്രിപ്‌ഷനിൽ ലഭ്യമാകുന്ന വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകൾ: ഡിസ്നി+ ഹോട്ട്സ്റ്റാർ, സോണിലിവ്, മനോരമ മാക്സ്, ഫാൻകോഡ്, നമ്മഫ്ലിക്സ്, ചൗപാൽ, ക്ലിക്ക്, പ്ലേഫ്ലിക്സ്, വാർണർ ബ്രോസ് ഡിസ്കവറി, ഡിസ്ട്രോ ടിവി, ഷെമാരൂമീ, ഹങ്കാമ, നെക്സ്റ്റ്ജിടിവി, യപ്ടിവി. ആകെ 14 പ്രീമിയം ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ ഈ പ്ലാനിൽ ലഭ്യമാകും.

ഈ പ്ലാറ്റ്ഫോമുകളുടെയെല്ലാം സബസ്ക്രിപ്ഷൻ പ്രത്യേകം പ്രത്യേകം സ്വന്തമാക്കണമെങ്കിൽ നല്ലൊരു തുക ചെലവാകും. അതിനാൽ ഒടിടി പ്ലാറ്റ്ഫോം സബ്സ്ക്രിപ്ഷനുകൾ ഇഷ്ടപ്പെടുന്ന ആളുകൾക്ക് ഈ വിഐ പ്ലാൻ ലാഭകരമാണ്. എന്നാൽ ഇതിൽ ഏതെങ്കിലും പ്രത്യേക പ്ലാറ്റ്ഫോമുകളുടെ സബസ്ക്രിപ്ഷൻ മാത്രം മതി എന്നുള്ളവർ അതിന്റെ സബ്സ്ക്രിപ്ഷൻ മാത്രമായി സ്വന്തമാക്കുന്നതാണ് കൂടുതൽ ലാഭകരം.
വിഐയുടെ ചില പ്രീപെയ്ഡ് പ്ലാനുകൾ അധിക ചെലവില്ലാതെ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നുണ്ട്. അത്തരത്തിലൊരു പ്ലാൻ ആണ് കഴിഞ്ഞ ദിവസം വിഐ പുറത്തിറക്കിയ 904 രൂപയുടെ പ്ലാൻ, ഇതിൽ ആമസോൺ പ്രൈം വീഡിയോ ലൈറ്റ് സബ്സ്ക്രിപ്ഷൻ ഉൾപ്പെടുത്തിയിരിക്കുന്നു. 90 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാൻ എത്തിയിരിക്കുന്നത്.


Click it and Unblock the Notifications







