വിഐ വിനോദത്തിന് വഴിയുണ്ടാക്കും; ഈ 151 രൂപയുടെ പ്ലാൻ പരിചയപ്പെട്ടിരിക്കൂ
ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ മൂന്നാം സ്ഥാനത്തുള്ള വൊഡഫോൺ ഐഡിയ വരിക്കാർക്കായി നിരവധി പ്ലാനുകൾ പുറത്തിറക്കിയിട്ടുണ്ട്. മറ്റ് ടെലിക്കോം കമ്പനികളുടെ പ്ലാനുകൾക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ ആകർഷകമായ നിരവധി ആനുകൂല്യങ്ങൾ വിഐ തങ്ങളുടെ പ്ലാനുകളിൽ അവതരിപ്പിക്കുന്നു. ഏറെ ജനപ്രിയമായ പ്ലാറ്റ്ഫോമുകളിലേക്കുള്ള സബ്സ്ക്രിപ്ഷനും വിഐ ഇത്തരത്തിൽ നൽകുന്നുണ്ട്.
കുറഞ്ഞ നിരക്കിൽ ഏതെങ്കിലും ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് അനുയോജ്യമായ വിധത്തിൽ 151 രൂപയുടെ ഒരു പ്ലാൻ വിഐ നൽകുന്നുണ്ട്. മൂന്ന് മാസത്തേക്ക് ഡിസ്നി + ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ നേടാൻ ഈ പ്ലാൻ വിഐ ഉപയോക്താക്കളെ സഹായിക്കും.

ഡിസ്നി + ഹോട്ട്‌സ്റ്റാർ സബ്സ്ക്രിപ്ഷൻ ലഭിക്കുന്ന 151 രൂപയുടെ വിഐ പ്ലാൻ: വിഐ പ്ലാനുകളിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ഡിസ്നി + ഹോട്ട്‌സ്റ്റാർ സബ്സ്ക്രിപ്ഷൻ ലഭിക്കുന്ന പ്ലാനാണ് 151 രൂപയുടേത്. യഥാർഥത്തിൽ ഇത് ഒരു ഡാറ്റ വൗച്ചറായാണ് എത്തുന്നത്. അതിനാൽത്തന്നെ വാലിഡിറ്റിയുള്ള ഒരു അടിസ്ഥാന പ്ലാൻ ഉള്ളവർക്ക് മാത്രമേ ഈ പ്ലാൻ തെരഞ്ഞെടുക്കാൻ കഴിയൂ.
ആകെ 8 ജിബി ഡാറ്റയാണ് 151 രൂപയുടെ വിഐ പ്ലാൻ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. 30 ദിവസ വാലിഡിറ്റിയാണ് ഈ ഡാറ്റയ്ക്ക് ഉണ്ടാകുക. മൂന്ന് മാസത്തേക്കുള്ള ഡിസ്നി + ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷനാണ് ഈ പ്ലാനിനെ ആകർഷകമാക്കി മാറ്റുന്നത്. ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ അനുയോജ്യമായ വേറെയും നിരവധി പ്ലാനുകൾ വിഐ നൽകുന്നുണ്ട്.

വരിക്കാർക്ക് തങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് തെരഞ്ഞെടുക്കാൻ അനുയോജ്യമായ വിധത്തിൽ 28 ദിവസം, 70 ദിവസം, 84 ദിവസം, 365 ദിവസം എന്നീ വാലിഡിറ്റികളിൽ എത്തുന്ന ഡിസ്നി+ ഹോട്ട്സ്റ്റാർ പ്ലാനുകളും വിഐ നൽകുന്നുണ്ട്. ഈ പ്ലാനുകളിൽ ചിലത് ഉപയോക്താക്കൾക്ക് ബോണസ് ഡാറ്റയും നൽകുന്നു.
വിഐ വെബ്സൈറ്റിലെത്തി ഈ പ്ലാനുകൾ റീച്ചാർജ് ചെയ്യാവുന്നതാണ്. അതല്ലെങ്കിൽ വിഐ ആപ്പ് ഉപയോഗിച്ചും റീച്ചാർജ് നടത്താം. ഐഒഎസ് ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് വിഐ ആപ്പ് ലഭ്യമാണ്. 5ജി അവതരിപ്പിക്കാൻ കഴിയാത്തതിനാൽ എതിരാളികളിൽനിന്ന് കനത്ത വെല്ലുവിളി നേരിടുന്ന വിഐ ആകർഷകമായ ഒട്ടനവധി റീച്ചാർജ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ പ്ലാനുകളെപ്പറ്റിയും ഈ ആപ്പിൽനിന്ന് അറിയാൻ സാധിക്കും.
അതേസമയം 5ജി അവതരിപ്പിക്കാൻ 5ജി ഉപകരണങ്ങൾ വിതരണം ചെയ്യുന്ന ചില കമ്പനികളുമായി വിഐ പ്രാഥമിക ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾത്തന്നെ 5ജി ഉപകരണങ്ങൾക്കുള്ള ഓഡർ നൽകിയാൽ മാത്രമേ ഈ വർഷം നവംബർ- ഡിസംബറോടെ എങ്കിലും വിഐക്ക് 5ജി ആരംഭിക്കാൻ സാധിക്കൂ. അതല്ലെങ്കിൽ വിഐ ഉപയോക്താക്കൾ 5ജിക്കായി 2024 വരെ കാത്തിരിക്കേണ്ടിവരും.

ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധി വിഐക്ക് തിരിച്ചടിയായി തുടരുന്നു. എറിക്സണും നോക്കിയയും 5ജി ഉപകരണങ്ങൾ ക്രെഡിറ്റിൽ നൽകില്ലെന്ന് വിഐയോട് ഇതിനകം വ്യക്തമാക്കിക്കഴിഞ്ഞു. ഓപ്പൺ റാൻ(RAN) വിതരണക്കാരായ മാവെനിർ, സാംസങ് എന്നിവരുമായും വിഐ 5ജി ഉപകരണങ്ങൾക്കായി ചർച്ചകൾ നടത്തുന്നുണ്ട്. കർണാടക സർക്കിളിൽ മാവെനീറിനൊപ്പം വിഐ 5ജി പരീക്ഷണങ്ങൾ നടത്തുന്നുണ്ട്.
ഇന്ത്യയിൽ ഇതിനോടകം 5ജി ആരംഭിച്ചിട്ടുള്ള ജിയോയ്ക്കും എയർടെലിനും 5ജി ഉപകരണങ്ങൾ വിതരണം ചെയ്യുന്ന് നോക്കിയയും എറിക്സണും ആണ്. നോക്കിയയിൽ നിന്ന് കൂടുതൽ 5ജി ഉപകരണങ്ങൾ വാങ്ങുന്നതിനായി 1.6 ബില്യൺ ഡോളർ സമാഹരിക്കുന്നതിനുള്ള നീക്കങ്ങൾ ജിയോ നടത്തുന്നതായി റിപ്പോർട്ടുണ്ട്. അതിനാൽ വിഐ 5ജി ഉപകരണങ്ങൾക്ക് ഓഡർ നൽകിയാൽ നോക്കിയയ്ക്ക് ഉൽപ്പാദനം വർധിപ്പിക്കേണ്ടതുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.


Click it and Unblock the Notifications








