ഇത് ഉറങ്ങാതിരിക്കാനുള്ള മോഡേൺ ഗുളിക! രാത്രിയിൽ അൺലിമിറ്റഡ് ഡാറ്റ നൽകുന്ന വിഐ പ്ലാനുകൾ
പകലത്തെ ജോലിത്തിരക്കുകളൊക്കെ കഴിഞ്ഞ് രാത്രിയിൽ മാത്രം ഇന്റർനെറ്റിന്റെയും സാമൂഹിക മാധ്യമങ്ങളുടെയുമൊക്കെ ലോകത്തേക്ക് കടക്കുന്ന ചില ആളുകളുണ്ട്. ഇത് കൂടാതെ രാത്രിയിൽ പ്രത്യേകിച്ച് ജോലിയൊന്നുമില്ലാത്തതിനാൽ വീഡിയോകൾ കണ്ടും റീൽസ് സ്ക്രോൾ ചെയ്തുമൊക്കെ സമയം കളയുന്നവരും ധാരാളം. ഇങ്ങനെ പുലരുംവരെ ഇന്റർനെറ്റ് ഉപയോഗിക്കുന്ന ചില ആളുകൾ നമുക്കിടയിലുണ്ട്.
ഉറക്കം വരാത്തവരെയും, ഉണർന്നിരിക്കേണ്ടവരെയുമൊക്കെ ലക്ഷ്യമിട്ട് ഇന്ത്യയിലെ പ്രമുഖ ടെലിക്കോം കമ്പനികളിലൊന്നായ വൊഡാഫോൺ ഐഡിയ (വിഐ) ചില പ്രീപെയ്ഡ് പ്ലാനുകൾ പുറത്തിറക്കിയിട്ടുണ്ട്. രാത്രി സമയത്ത് മാത്രം ഡാറ്റ ലഭ്യമാക്കുന്നു എന്നതാണ് ഈ പ്ലാനുകളുടെ പ്രത്യേകത. മറ്റ് ടെലിക്കോം കമ്പനികളിലൊന്നും ഇത്തരത്തിൽ വിചിത്രമായ ഒരു ഡാറ്റ പ്ലാൻ കാണാനാകില്ല.

വിഐയുടെ ചില പ്രീപെയ്ഡ് പ്ലാനുകളിൽ രാത്രി ഡാറ്റ ലഭ്യമാക്കുന്ന ഓഫറുണ്ട്. അത് കൂടാതെ ചില ഡാറ്റ വൗച്ചറുകളും ഇതേ ആനുകൂല്യത്തോടെ വിഐ പുറത്തിറക്കിയിരിക്കുന്നു. അത്തരത്തിൽ രാത്രിയിൽ മാത്രം ഡാറ്റ ലഭ്യമാക്കുന്ന രണ്ട് വിഐ ഡാറ്റ പ്ലാനുകൾ 17 രൂപ, 57 രൂപ നിരക്കുകളിൽ എത്തുന്നുണ്ട്.
അധികം ചെലവേറിയ പ്ലാനുകളല്ല ഇവയെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസിലാകും. ഇത്ര ചെറിയ തുകയ്ക്ക് വളരെ വ്യത്യസ്തമായ ഒരു പ്ലാൻ അവതരിപ്പിക്കുന്നു എന്നതും ഈ ഡാറ്റ പ്ലാനുകളുടെ പ്രത്യേകതയാണ്. ഈ പ്ലാനുകൾ ഉപയോഗിച്ച് റീചാർജ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് രാത്രികാലങ്ങളിൽ ശരിക്കും അൺലിമിറ്റഡ് ഡാറ്റ ലഭിക്കും.

വിഐയുടെ രാത്രി ഡാറ്റ വൗച്ചറുകൾ: വളരെ വ്യത്യസ്തമായ ഒരു ആശയമായ വിഐ നൈറ്റ് ടൈം ഡാറ്റ വൗച്ചറുകൾ രാത്രി 12 AM മുതൽ പുലർച്ചെ 6 AM വരെയാണ് പ്രവർത്തിക്കുക. ഈ സമയത്ത് അടിസ്ഥാന പ്രീപെയ്ഡ് പ്ലാനിൻ്റെ ഡാറ്റ അളവിനെയും പരിധികളെയും ബാധിക്കാതെ അൺലിമിറ്റഡ് ഡാറ്റ ഉപയോഗിക്കാൻ സാധിക്കും.
അതായത് അടിസ്ഥാന പ്ലാനിനൊപ്പം ഡാറ്റ ഉണ്ടെങ്കിലും ഇല്ലെങ്കിലും വിഐ നൈറ്റ് ടൈം ഡാറ്റ ഓഫർ ഉണ്ടെങ്കിൽ രാത്രിയിൽ ഈ പറഞ്ഞ സമയത്ത് അൺലിമിറ്റഡായി ഡാറ്റ ഉപയോഗിക്കാം. അത് പ്ലാനിന്റെ മറ്റ് ഡാറ്റ അളവിനെയോ പരിധിയെയോ ബാധിക്കില്ല. 17 രൂപ, 57 രൂപ ഡാറ്റ പ്ലാനുകളിലെ ആനുകൂല്യം പരിചയപ്പെടാം.
17 രൂപയുടെ വിഐ നൈറ്റ് ഡാറ്റ പ്ലാൻ: വോഡഫോൺ ഐഡിയയിൽ നിന്നുള്ള 17 രൂപയുടെ ഈ വ്യത്യസ്തതയാർന്ന പ്ലാൻ ഉപഭോക്താക്കൾക്ക് ഒരു രാത്രിയുടെ വാലിഡിറ്റി മാത്രമേ നൽകൂ. ഡാറ്റ വൗച്ചർ ആയതിനാൽ അടിസ്ഥാന പ്രീപെയ്ഡ് പ്ലാനുള്ള ഉപയോക്താക്കൾക്ക് മാത്രമേ ഈ പ്ലാൻ ഉപയോഗിക്കാൻ സാധിക്കൂ. അൺലിമിറ്റഡ് ഡാറ്റ അല്ലാതെ ഈ പ്ലാനിനൊപ്പം മറ്റ് ആനുകൂല്യങ്ങളൊന്നുമില്ല.

57 രൂപയുടെ വിഐ നൈറ്റ് ഡാറ്റ പ്ലാൻ: വിഐ 57 രൂപ പ്ലാനും അൺലിമിറ്റഡ് ഡാറ്റ രാത്രി 12 മുതൽ പുലർച്ചെ 6 വരെ ലഭ്യമാക്കുന്നു. 17 രൂപയുടെ പ്ലാനിൽ ഒരു രാത്രിയിലേക്ക് മാത്രമാണ് ആനുകൂല്യം ലഭിക്കുക. എന്നാലിവിടെ 7 രാത്രികളിലേക്ക് അതായത് ഒരു ആഴ്ചത്തേക്ക് അൺലിമിറ്റഡ് ഡാറ്റ ലഭിക്കും.
57 രൂപയുടെ വിഐ നൈറ്റ് ടൈം ഡാറ്റ പ്ലാൻ ഉപയോഗിക്കുന്നതിനുള്ള പ്രതിദിന ചെലവ് കണക്കാക്കിയാൽ ഏകദേശം 8 രൂപയാണ് ചെലവ് വരുന്നത്. ഈ തുകയ്ക്ക് അൺലിമിറ്റഡ് ഡാറ്റ ലഭിക്കുക എന്നത് വളരെ ലാഭകരമാണ്. ഈ രണ്ട് പ്ലാനുകൾക്ക് സമാനമായി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പ്ലാനുകൾ മറ്റ് ടെലിക്കോം കമ്പനികളുടെ പ്ലാൻ പട്ടികയിൽ കാണാൻ കഴിയില്ല.
ഡാറ്റ പരിധി സംബന്ധിച്ച ആശങ്കകൾ ഒന്നുമില്ലാതെ കുറഞ്ഞ ചെലവിൽ അൺലിമിറ്റഡ് ഡാറ്റ ലഭ്യമാക്കാൻ സഹായിക്കുന്നു എന്നതാണ് ഈ രണ്ട് വിഐ ഡാറ്റ പ്ലാനുകളുടെയും പ്രത്യേകത. രാത്രിയിൽ ഇന്റർനെറ്റ് ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഈ പ്ലാനുകൾ ഉപയോഗപ്പെടും. പ്രത്യേകിച്ച് വലിയ അളവിലുള്ള ഡൗൺലോഡുകളും മറ്റുമുള്ളപ്പോൾ കുറഞ്ഞ ചെലവിൽ അത് നടത്താൻ ഈ പ്ലാനുകൾ ഉപയോഗിക്കാം.


Click it and Unblock the Notifications