'പാട്ടിൽ' വീഴുമോ? 25രൂപ, 55 രൂപ 4ജി ഡാറ്റയുമായി വിഐ
ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ വരിക്കാരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള കമ്പനിയാണ് വോഡഫോൺ ഐഡിയ (Vi). തങ്ങളുടെ ഉപയോക്താക്കൾക്ക് അവരുടെ സാഹചര്യങ്ങൾക്കനുസരിച്ച് തെരഞ്ഞെടുക്കാനായി നിരവധി 4ജി ഡാറ്റാ പ്ലാനുകൾ പുറത്തിറക്കിയിട്ടുള്ള വിഐ ഇപ്പോൾ ആ നിരയിലേക്ക് പുതിയതായി രണ്ട് പ്ലാനുകൾ കൂടി കൂട്ടിച്ചേർത്തിരിക്കുകയാണ്. 25 രൂപ, 55 രൂപ നിരക്കുകളിലാണ് ഈ പുതിയ വിഐ പ്ലാനുകൾ എത്തുന്നത്.

4ജി ഡാറ്റ മാത്രമുള്ള വൗച്ചറുകൾ ആണെന്നതാണ് ഈ രണ്ട് പ്ലാനുകളുടെയും പ്രത്യേകത. അതായത് ഈ പ്ലാനുകൾ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് ആദ്യം ഒരു അടിസ്ഥാന പ്രീപെയ്ഡ് പ്ലാൻ ആവശ്യമാണ്. വാലിഡിറ്റിയുള്ള ഒരു ബേസ് പ്രീപെയ്ഡ് പ്ലാൻ ഇല്ലെങ്കിൽ, ഈ 4ജി ഡാറ്റ വൗച്ചറുകൾ ഉപയോഗിക്കാനാകില്ല. അടുത്തിടെ, 75 രൂപയുടെ പുതിയ 4ജി ഡാറ്റ വൗച്ചറും വിഐ പുറത്തിറക്കിയിരുന്നു. ഈ 75 രൂപ വൗച്ചർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഏഴ് ദിവസത്തേക്ക് 6ജിബി ഡാറ്റ ലഭിക്കും. വിഐയുടെ 25 രൂപ 55 രൂപ പ്ലാനുകൾ നൽകുന്ന ആനുകൂല്യങ്ങൾ പരിചയപ്പെടാം.

25 രൂപയുടെ വിഐ 4ജി ഡാറ്റ വൗച്ചർ
വിഐയുടെ 25 രൂപയുടെ പുതിയ 4ജി ഡാറ്റ വൗച്ചറിൽ 1.1ജിബി ഡാറ്റയാണ് ലഭ്യമാകുക. ഒരു ദിവസത്തെ വാലിഡിറ്റി മാത്രമേ ഈ പ്ലാനിന് ഉണ്ടാകൂ. 19 രൂപയ്ക്ക് ഒരു ദിവസത്തേക്ക് 1 ജിബി ഡാറ്റ നൽകുന്ന മറ്റൊരു വിഐ പ്ലാൻ ഇതിനകം ലഭ്യമാണ് എന്ന കാര്യം ഈ ഘട്ടത്തിൽ ഓർക്കേണ്ടതുണ്ട്. 25 രൂപ പ്ലാനിനൊപ്പം വെറും 100എംബി ഡാറ്റയ്‌ക്ക് ഒരാൾ എന്തിനാണ് 6 രൂപ കൂടുതൽ നൽകുന്നത്?. 25 രൂപ പ്ലാനിനൊപ്പം വിഐ ഉപഭോക്താക്കൾക്ക് ഏഴ് ദിവസത്തേക്ക് പരസ്യരഹിത മ്യൂസിക് വാഗ്ദാനം ചെയ്യുന്നതിനാലാണിത് എന്നാണ് വിലയിരുത്തൽ.

ഹംഗാമ മ്യൂസിക്കുമായി വിഐ അടുത്തിടെ പാർട്നർഷിപ്പ് ഉണ്ടാക്കിയിരുന്നു. ഈ കൂട്ടുകെട്ടിന്റെ ഫലമായി വിഐ ഉപയോക്താക്കൾക്ക് അധിക ചിലവില്ലാതെ വിഐ ആപ്പിലൂടെ ഏതാനും മാസത്തെ പരസ്യരഹിത മ്യൂസിക് ആസ്വദിക്കാം. ആ സൗജന്യ ഓഫർ അവസാനിക്കുകയും നിങ്ങൾക്ക് ഏഴ് ദിവസത്തെ പരസ്യരഹിത മ്യൂസിക് ആസ്വദിക്കുകയും ചെയ്യണമെങ്കിൽ ഈ 25 രൂപയുടെ 4ജി ഡാറ്റ വൗച്ചർ വാങ്ങാവുന്നതാണ്.

പരസ്യരഹിത മ്യൂസിക് ആവശ്യമില്ലെങ്കിൽ, ഒരു ദിവസത്തേക്ക് 1ജിബി ഡാറ്റ നൽകുന്ന 19 രൂപ പ്ലാൻ ഉപയോഗിക്കുന്നത് ഉപയോക്താക്കൾക്ക് തുടരാനും സാധിക്കും. 25 രൂപ പ്ലാനിലെ 1.1ജിബി ഡാറ്റ ഒരു ദിവസത്തിനുള്ളിൽ കാലഹരണപ്പെടുമെങ്കിലും, ഉപയോക്താവിന് പ്ലാൻ വാങ്ങിയ ദിവസം മുതൽ ഏഴ് ദിവസം പരസ്യരഹിത മ്യൂസിക് ആസ്വദിക്കാൻ അനുമതി ഉണ്ടായിരിക്കും.

55 രൂപയുടെ വിഐ 4ജി ഡാറ്റ വൗച്ചർ
വിഐ പുറത്തിറക്കിയ മറ്റൊരു പുതിയ 4ജി ഡാറ്റ വൗച്ചർ ആണ് 55 രൂപയുടേത്. 55 രൂപയുടെ ഡാറ്റ വൗച്ചർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഏഴ് ദിവസത്തേക്ക് 3.3 ജിബി ഡാറ്റ ലഭിക്കും. കൂടാതെ ഈ പ്ലാൻ ഉപയോഗിക്കുന്നവർക്ക് വിഐ ഒരു മാസത്തേക്ക് പരസ്യരഹിത മ്യൂസിക് സൗകര്യം വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാൻ ഉപയോഗിക്കണമെങ്കിൽ ഒരു അടിസ്ഥാന പ്രീപെയ്ഡ് പ്ലാൻ ആവശ്യമാണ്.

108 രൂപയുടെ വിഐ പ്ലാൻ
25, 55 രൂപ പ്ലാനുകൾക്ക് പുറമേ ഉപയോക്താക്കൾക്ക് പരസ്യരഹിത മ്യൂസിക് വാഗ്ദാനം ചെയ്യുന്ന മറ്റൊരു 4ജി ഡാറ്റ പ്ലാൻ ആണ് 108 രൂപയുടേത്. 6ജിബി ഡാറ്റ ലഭിക്കുന്ന 108 രൂപ പ്ലാനിന് 15 ദിവസത്തെ വാലിഡിറ്റിമാത്രമാണ് ഉള്ളത്. എന്നാൽ ഡാറ്റയ്ക്ക് പുറമെ മൂന്ന് മാസത്തേക്ക് പരസ്യമില്ലാതെ ഹംഗാമ മ്യൂസിക് ആസ്വദിക്കാനുള്ള സൗകര്യം ഈ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിങ്ങൾ ഹംഗാമ മ്യൂസിക് ഉപയോഗിക്കാൻ താൽപര്യപ്പെടുന്ന ആളാണ് എങ്കിൽ അധിക തുക മുടക്കാതെ ഹംഗാമ മ്യൂസിക് ആസ്വദിക്കാൻ അവസരമൊരുക്കുന്നു എന്നതാണ് വിഐയുടെ 25, 55, 108 രൂപ പ്ലാനുകളുടെ പ്രയോജനം.


Click it and Unblock the Notifications








