''ഒരിടത്തൊരിടത്ത് ഒരു വിഐ 5ജി ഉണ്ടായിരുന്നു''! 26GHz, 3.3GHz ബാൻഡുകളിൽ 5ജി അവതരിപ്പിച്ച് വിഐ
വൊഡഫോൺ ഐഡിയ (വിഐ ) വരിക്കാർ ഒരുപാട് നാളായി കേൾക്കാൻ ആഗ്രഹിച്ച ആ വാർത്ത ഒടുവിൽ എത്തിയിരിക്കുന്നു. ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം ഓപ്പറേറ്ററായ വൊഡഫോൺ ഐഡിയ, പൂനെയിൽ 26 GHz, 3.3 GHz ബാൻഡുകളിൽ വിജയകരമായി 5G പരീക്ഷിച്ചു എന്ന വാർത്തയാണ് ഇപ്പോൾ എത്തിയിരിക്കുന്നത്.
ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന്റെ ( DoT ) മഹാരാഷ്ട്ര ഘടകമാണ് ട്വീറ്റിലൂടെ ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. ഡിഒടി ട്വീറ്റ് നൽകുന്ന വിവരങ്ങൾ പ്രകാരം, പൂനെയിലെ ഗോലെ റോഡിൽ ആണ് വിഐ വിജയകരമായി 5G പരീക്ഷിച്ചിരിക്കുന്നത്. 2023 ഓഗസ്റ്റ് 16 നാണ് വിഐ പരീക്ഷണം നടത്തിയത് എന്നും ട്വീറ്റിൽ പറയുന്നു.

എന്നാൽ ഒരിടത്ത് 5ജി സേവനങ്ങൾ പരീക്ഷിച്ചു എങ്കിലും ടെലിക്കോം വകുപ്പിന്റെ സ്പെക്ട്രം നിബന്ധന പാലിക്കാൻ കഴിയാത്ത വിഐ പിഴ അടയ്ക്കേണ്ടി വരും എന്നാണ് ടെലിക്കോം മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. 5G സ്പെക്‌ട്രം ലേലത്തിൽ 17 സർക്കിളുകൾക്കായിട്ടാണ് വിഐ സ്പെക്‌ട്രം സ്വന്തമാക്കിയത്. എന്നാൽ ഇതിൽ ഒരിടത്ത് മാത്രമാണ് വിഐക്ക് 5ജി ആരംഭിക്കാനായത്.
2022ലെ 5G സ്പെക്‌ട്രം ലേലത്തിനായുള്ള നോട്ടീസ് ഇൻവിറ്റിംഗ് ആപ്ലിക്കേഷൻ (എൻഐഎ) പ്രകാരം സർക്കാർ നിശ്ചയിച്ചിട്ടുള്ള മിനിമം റോൾഔട്ട് ബാധ്യത നിറവേറ്റുന്നതിൽ വിഐ പരാജയപ്പെട്ടിരിക്കുന്നു. മിനിമം 5ജി റോളൗട്ടിനായി 2023 ഓഗസ്റ്റ് 17 വരെയാണ് വിഐക്ക് സമയം അനുവദിച്ചിരുന്നത്. എന്നാൽ ഈ സമയത്തിനുള്ളിൽ ആകെ ഒരിടത്ത് മാത്രമാണ് വിഐക്ക് 5ജി ആരംഭിക്കാനായത്.
കരാർ പാലിക്കാൻ കഴിഞ്ഞില്ലെങ്കിൽ വൻ തുക പിഴയടയ്ക്കുകയും സ്പെക്ട്രം തിരിച്ച് നൽകുകയും ചെയ്യണം എന്നാണ് നിബന്ധന. വിഐക്ക് ഒപ്പം 5ജി സ്പെക്ട്രം സ്വന്തമാക്കിയ റിലയൻസ് ജിയോയും ഭാരതി എയർടെലും ഇതിനോടകം മിനിമം 5ജി റോളൗട്ട് പൂർത്തിയാക്കിക്കഴിഞ്ഞു. എന്നാൽ, സാമ്പത്തിക പ്രശ്നങ്ങൾ മൂലം വലയുന്ന വിഐക്ക് ഫണ്ടിന്റെ അപര്യാപ്തത മൂലം 5ജി വ്യാപകമായി അവതരിപ്പിക്കാൻ കഴിയാതെപോയി.
5ജി സ്പെക്ട്രം കരാർ പാലിക്കാത്തതിന്റെ പിഴ കൂടി എത്തുന്നതോടെ കമ്പനിയുടെ ബാധ്യതകൾ വർധിക്കുകയാണ്. അതിനാൽത്തന്നെ കമ്പനിയുടെ ഭാവിയെപ്പറ്റിയുള്ള ആശങ്കകളും ശക്തമാണ്. 2026-ന് ശേഷം, മൊറട്ടോറിയം കാലയളവ് അവസാനിച്ചുകഴിഞ്ഞാൽ, റെഗുലേറ്ററി പേഔട്ടുകളായി വോഡഫോൺ ഐഡിയ സർക്കാരിന് പ്രതിവർഷം 40,000 കോടി രൂപ നൽകേണ്ടിവരുമെന്ന് ടെലിക്കോം ടോക്ക് റിപ്പോർട്ട് ചെയ്യുന്നു.
വിഐക്ക് പണമടയ്ക്കാൻ കഴിയുന്നില്ലെങ്കിൽ, കമ്പനിയുടെ കൂടുതൽ ഓഹരികൾ സർക്കാരിന്റെ ഉടമസ്ഥതയിലാകാൻ സാധ്യതയുണ്ട്. കുടിശികയായി നൽകാനുള്ള പണം ഇക്വിറ്റിയായി മാറ്റിയതോടെ നിലവിൽ വിഐയുടെ ഏറ്റവും വലിയ ഓഹരിയുടമ സർക്കാരാണ്. ഇനിയും അതേ രീതിയിൽ ഓഹരികളെത്തിയാൽ വിഐയുടെ ഉടമ സർക്കാരാണെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തും.

നിലവിൽ ബിഎസ്എൻഎൽ തന്നെ സർക്കാരിന് ആവശ്യത്തിലധികം ബാധ്യതകൾ ഉണ്ടാക്കിവച്ചിട്ടുണ്ട്. ഇനി ഒരു ബാധ്യതകൂടി ടെലിക്കോം മേഖലയിൽ ഏറ്റെടുക്കാൻ സർക്കാർ തയാറായേക്കില്ല എന്നാണ് ടെലിക്കോം മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഓഹരിയുടമയാണെങ്കിലും വിഐയുടെ മാനേജ്‌മെന്റിന്റെ പ്രവർത്തനങ്ങളിൽ ഇടപെടില്ലെന്ന നിലപാട് കേന്ദ്രം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
നിലനിൽപ്പിനായി വിഐയെ കുറച്ച് നാളേക്ക് സഹായിക്കുക എന്ന കാരണം മുൻ നിർത്തിയാണ് കിട്ടാനുള്ള പണം ഇക്വിറ്റി ഓഹരിയാക്കാൻ സർക്കാർ സമ്മതിച്ചത്. കുറച്ച് സമയവും സാവകാശവും നൽകുകവഴി കമ്പനിക്ക് വിപണിയിൽ തിരിച്ചുവരാൻ കഴിയുമെങ്കിൽ നല്ലത് എന്ന നിലയിലായിരുന്നു സർക്കാർ നീക്കം. എന്നാൽ കൂടുതൽ പ്രതിസന്ധിയിലേക്കാണ് വിഐ പോകുന്നത് എന്നാണ് നിലവിലെ സംഭവങ്ങൾ വ്യക്തമാക്കുന്നത്.


Click it and Unblock the Notifications








