ദൈവത്തിന്റെ സ്വന്തം നാട്ടുകാർക്ക് ഡബിൾ കോളടിച്ചു; വിഐ വൺ ഇപ്പോൾ കേരളത്തിലും എത്തി
ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളത്തിൽ ഇനി വിഐ വൺ സേവനങ്ങളും ലഭ്യമാകും. മൈാബൈൽ- ബ്രോഡ്ബാൻഡ് സേവനങ്ങൾ ഒന്നിച്ച് ലഭ്യമാകും എന്നതാണ് വിഐ വൺ ആനുകൂല്യത്തിന്റെ പ്രത്യേകത. ഇവ രണ്ടും ഒന്നിച്ച് തെരഞ്ഞെടുക്കുന്നതിലൂടെ ഉപയോക്താക്കൾക്ക് മികച്ച ലാഭത്തിൽ ഒരേ സമയം രണ്ട് സേവനങ്ങളും ആസ്വദിക്കാൻ സാധിക്കുന്നു. വിഐ വൺ എന്നത് ഒരു പുതിയ സേവനമല്ല. ഏറെനാളായി വിഐ വൺ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ലഭ്യമാണ്. വിഐയുടെ ഉടമസ്ഥതയിലുള്ള യു ബ്രോഡ്‌ബാൻഡ് ആണ് ഇതിൽ ഇന്റർനെറ്റ് സേവനം വാഗ്ദാനം ചെയ്യുന്നത്. എന്നാൽ കേരളത്തിൽ യു ബ്രോഡ്ബാൻഡ് സേവനം ലഭ്യമല്ല.
ഈ പ്രത്യേക സാഹചര്യത്തിൽ കേരളത്തിലെ പ്രമുഖ ഇന്റർനെറ്റ് സേവന ദാതാവായ ഏഷ്യാനെറ്റുമായി സഹകരിച്ചുകൊണ്ടാണ് വിഐ തങ്ങളുടെ വിഐ വൺ ആനുകൂല്യം ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. വിഐ വണ്ണിന്റെ ഭാഗമായ ഇന്റർനെറ്റ് ഏഷ്യാനെറ്റും മൊബൈൽ സേവനങ്ങൾ വിഐയും വാഗ്ദാനം ചെയ്യുന്ന വിധത്തിലാണ് പദ്ധതി സജ്ജീകരിച്ചിരിക്കുന്നത്.

ഫൈബർ ബ്രോഡ്ബാൻഡ് ഇന്റർനെറ്റിനൊപ്പം മൊബൈൽ ആവശ്യങ്ങളും വളരെ കുറഞ്ഞ നിരക്കിൽ നിറവേറ്റാൻ സഹായിക്കാമെന്ന് വിഐ വൺ പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു. കേരളത്തിൽ രണ്ട് വിഐ വൺപ്ലാനുകളാണ് ലഭ്യമാകുക. അവ 2499 രൂപയ്ക്കും 3399 രൂപയ്ക്കും എത്തുന്നു. അൺലിമിറ്റഡ് ഇന്റർനെറ്റ് ആണ് ഇതിലെ ബ്രോഡ്ബാൻഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നത്.
കേരളത്തിൽ ലഭ്യമായിട്ടുള്ള വിഐ വൺ പ്ലാനുകൾ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ (Vi One Plans for Customers in Kerala): വോഡഫോൺ ഐഡിയയുടെ 2499 രൂപയുടെ പ്ലാൻ മൂന്ന് മാസ വാലിഡിറ്റിയിലാണ് എത്തുന്നത്. മറ്റൊരുവിധത്തിൽ പറഞ്ഞാൽ ഇതൊരു ത്രൈമാസ പ്ലാൻ ആണ്. 40 Mbps വേഗതയിൽ അൺലിമിറ്റഡ് ബ്രോഡ്ബാൻഡ് ഡാറ്റ ഈ പ്ലാൻ നൽകും.

2499 രൂപയുടെ പ്ലാനിലെ ആനുകൂല്യങ്ങൾ വാർഷിക അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് 9555 രൂപയ്ക്കും അവ ലഭ്യമാകും. വിഐ വണ്ണിന്റെ 3399 രൂപയ്ക്ക് ലഭ്യമാകുന്ന രണ്ടാമത്തെ പ്ലാൻ മൂന്ന് മാസത്തേക്ക് 100 Mbps വേഗതയിൽ അൺലിമിറ്റഡ് ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഇതിന്റെ വാർഷിക പ്ലാനിന് 12,955 രൂപയാണ് ചെലവാകുക.
വിഐ വൺ പ്ലാനിൽ അൺലിമിറ്റഡ് ബ്രോഡ്ബാൻഡ് കൂടാതെ മൊബൈൽ ടെലിക്കോം ആവശ്യങ്ങളും നിറവേറ്റാൻ സാധിക്കും. ഈ പ്ലാനിനൊപ്പം ലഭിക്കുന്ന മൊബൈൽ കണക്ഷൻ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് 2ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ ലഭ്യമാകും. ഇത് കൂടാതെ വിഐ ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങളും ലഭിക്കും.
വിഐ ഹീറോ (Vi Hero) അൺലിമിറ്റഡ് ആനുകൂല്യങ്ങളിൽ 12 AM മുതൽ 6 AM വരെ അൺലിമിറ്റഡ് നൈറ്റ് ടൈം ഫ്രീ ഡാറ്റ, 200GB വരെ വീക്കെൻഡ് ഡാറ്റ റോൾഓവർ, ഡാറ്റ ഡിലൈറ്റ് (എല്ലാ മാസവും 2GB അധിക ഡാറ്റ) എന്നിവ ഉൾപ്പെടുന്നു.

വിഐ ഹീറോ ആനുകൂല്യങ്ങൾക്ക് പുറമേ ഡിസ്നി+ ഹോട്ട്സ്റ്റാർ, മനോരമ മാക്സ്, സോണിലിവ്, ക്ലിക്ക്, ഫാൻകോഡ്, ചൗപാൽ, നമ്മഫിക്സ്,A trangi, Ullu, പ്ലേ ഫിക്സ്, ഹങ്കാമ, ഷെമാരൂമീ, യപ്ടിവി തുടങ്ങിയവ ഉൾപ്പെടുന്ന ഒടിടി സബ്സ്ക്രിപ്ഷനും ലഭ്യമാകും. ഇത്രയും ആനുകൂല്യങ്ങൾ ഒന്നിച്ച് ലഭിക്കുന്നതിനാൽ തന്നെ നിലവിൽ ബ്രോഡ്ബാൻഡ് ഉ പയോഗിക്കുന്നവരെയും ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവരെയും ഒരേപോലെ ആകർഷിക്കാൻ ഈ പ്ലാനിന് കഴിയുന്നുണ്ട്.


Click it and Unblock the Notifications








