5ജി ഇല്ലാത്തതിന്റെ കുറവ് വരിക്കാരെ അറിയിക്കില്ല, 4ജി വേഗംകൊണ്ട് ഞെട്ടിക്കാൻ വിഐ!
ജിയോയും എയർടെലും 5ജി വ്യാപനത്തിലൂടെ ടെലിക്കോം രംഗത്ത് മുന്നേറിക്കൊണ്ടിരിക്കുകയാണ്. 5ജി സേവനങ്ങൾ ലഭ്യമാക്കുന്നതിനായി കോടിക്കണക്കിന് തുക ഇരു കമ്പനികളും മത്സരിച്ചാണ് ചെലവഴിക്കുന്നത്. ഇത് കൂടാതെ പരീക്ഷണഘട്ടമായതിനാൽ 5ജി സേവനങ്ങൾക്കായി ജിയോയും എയർടെലും പണം ഈടാക്കുന്നുമില്ല. ഇവരുടെ ഈ നീക്കങ്ങൾ തിരിച്ചടിയാകുന്നത് 5ജിയില്ലാത്ത വിഐക്കും ബിഎസ്എൻഎല്ലിനുമാണ്.
5ജി സേവനങ്ങൾ ആരംഭിക്കാൻ കഴിയാത്തത് വിഐക്കും ബിഎസ്എൻഎല്ലിനും വൻ ക്ഷീണമാണ് തുടർച്ചയായി ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. അൺലിമിറ്റഡ് 5ജി ഡാറ്റ സൗജന്യമായി നൽകുന്ന ജിയോയുടെയും എയർടെലിന്റെയും പ്രലോഭനത്തിൽ ഈ ഇരുകമ്പനികളുടെയും നിരവധി വരിക്കാർ വീണുപോയിരിക്കുന്നു. അതിന്റെ ഫലമായി വിഐയും ബിഎസ്എൻഎല്ലും നാൾക്കുനാൾ ശോഷിക്കുകയും ജിയോയും എയർടെലും വളരുകയും ചെയ്യുന്നു.

5ജി സേവനങ്ങളുടെ അഭാവം തങ്ങളുടെ നിലനിൽപ്പിനെ വളരെ ആഴത്തിൽ ബാധിക്കുന്നതായി വിഐ തിരിച്ചറിയുന്നുണ്ട്. എന്നാൽ അതിനെ പ്രതിരോധിക്കാനുള്ള സാമ്പത്തികമായ ശേഷി വിഐക്ക് ഇല്ല. കടം വാങ്ങിയായാലും 5ജി അവതരിപ്പിക്കാൻ വിഐ ശ്രമിച്ചെങ്കിലും കമ്പനിയുടെ നിലവിലെ അവസ്ഥ മനസിലാക്കിയ കമ്പനികൾ 5ജിക്ക് ആവശ്യമായ ഉപകരണങ്ങൾ കടം നൽകാൻ തയാറായുമില്ല.
ഓരോ ദിവസം കഴിയുന്തോറും അപകടത്തിന്റെ വ്യാപ്തി കൂടുകയാണ് എന്ന് തിരിച്ചറിഞ്ഞ വൊഡാഫോൺ ഐഡിയ ഇപ്പോൾ ജിയോയുടെയും എയർടെലിന്റെയും 5ജിയെ പ്രതിരോധിക്കാനും വരിക്കാരെ കൂടെ നിർത്താനും ചില മാറ്റങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങിയതായി പുതിയ റിപ്പോർട്ടുകൾ പറയുന്നു. അതായത് 5ജി അവതരിപ്പിക്കാനായില്ലെങ്കിലും നിലവിലെ 4ജി ഗിയറുകൾ മാറ്റി പുതിയ ഗിയറുകൾ സ്ഥാപിച്ചുകൊണ്ട് ഡാറ്റ വേഗത കൂട്ടാനാണ് നീക്കം.

നിലവിൽ ലഭ്യമാകുന്നതിനെക്കാൾ മികച്ച വേഗത വിഐയുടെ 4ജി സേവനങ്ങൾക്ക് വൈകാതെ കൈവരുമെന്ന് പുതിയ റിപ്പോർട്ട് പറയുന്നു. 4ജി നവീകരണത്തിനായി പ്രമുഖ കമ്പനികളായ നോക്കിയ, എറിക്സൺ എന്നിവരുമായി വിഐ ചർച്ച നടത്തി. ലോക്സഭാ തെരഞ്ഞെടുപ്പും സ്പെക്‌ട്രം ലേലവും കഴിഞ്ഞാൽ ആവശ്യമായ ഉപകരണങ്ങൾക്കായി വിഐ ഈ കമ്പനികൾക്ക് ഓർഡർ നൽകും എന്നാണ് വിവരം.
ഇപ്പോൾത്തന്നെ വിഐയുടെ 4ജി വേഗതയെ അധികമാരും കുറ്റം പറയാറില്ല. കാരണം വിഐ 4G മികച്ച ഡൗൺലോഡ്- അപ്‌ലോഡ് വേഗത വാഗ്ദാനം ചെയ്യുന്നുണ്ട്. 4ജി നവീകരണത്തിലൂടെ ഇത് കൂടുതൽ മെച്ചപ്പെടുത്താനാണ് ഇപ്പോൾ ശ്രമിക്കുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി ചിലയിടങ്ങളിലെ കവറേജിൽ വിഐ പിന്നോട്ട് പോയിട്ടുണ്ട്. ഇത് ശരിയാക്കാനുള്ള നീക്കങ്ങളും ഇക്കൂട്ടത്തിൽ ഉണ്ടാകും.
എഫ്‌പിഒ (ഫോളോ-ഓൺ പബ്ലിക് ഓഫർ) വഴി 18,000 കോടി രൂപയും ഒരു പ്രൊമോട്ടർ എൻ്റിറ്റി വഴി മറ്റൊരു 2,000 കോടി രൂപയും വിഐ അടുത്തിടെ സമാഹരിച്ചു. ഈ പണം ഉപയോഗിച്ചാണ് വെണ്ടർമാരിൽനിന്ന് 4ജി നവീകരണത്തിന് ആവശ്യമായ ഗിയർ വാങ്ങുക. പുതിയ ഫണ്ടിൽ ഭൂരിഭാഗവും കാപെക്‌സിനായി (മൂലധന ചെലവ്) വിനിയോഗിക്കാനാണ് വിഐ തീരുമാനിച്ചിരിക്കുന്നത്.

പഴയ ഗിയർ മാറ്റി പുതിയ നൂതനമായവ ഉപയോഗിച്ച് 4G നെറ്റ്‌വർക്ക് മെച്ചപ്പെടുത്തുന്നത് വിഐയുടെ മൂലധന ചെലവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജിയോയ്ക്കും എയർടെലിനുമൊപ്പം ലേലത്തിൽ 5ജി സ്പെക്ട്രം സ്വന്തമാക്കാനായെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകളാണ് വിഐയെ പിന്നോട്ട് വലിച്ചത്. 5ജി വ്യാപനത്തിന് ആവശ്യമായ ഉപകരണങ്ങൾ കടം നൽകാൻ ഒരു കമ്പനിയും തയാറായില്ല.
കൃതസമയത്ത് വിഐ കുടിശിക അടയ്ക്കാതിരുന്നതും കമ്പനികൾ കടം നൽകാതിരിക്കാൻ കാരണമായിട്ടുണ്ട്. ഇപ്പോൾ അത്യാവശ്യം ഫണ്ട് വിഐ സംഘടിപ്പിച്ചതിനാൽ പണമായുള്ള ഇടപാടുകൾ വഴിയാണ് ഓഡറുകൾ നടക്കുക. പണം നൽകിയാൽ മാത്രമേ ഉപകരണങ്ങൾ നൽകൂ എന്ന നിലപാടിൽ നിന്ന് കമ്പനികൾ പിന്നോട്ട് പോയിട്ടില്ല എന്നാണ് മനസിലാക്കാനാകുന്നത്.
പണം നൽകുന്നതിന് അനുസരിച്ച് വരുംമാസങ്ങളിൽ വിഐക്ക് 4ജി നവീകരണത്തിന് ആവശ്യമായ ഡിവൈസുകൾ ലഭിക്കും. 5ജി ഗിയർ അടക്കം ഇത്തരത്തിൽ വിഐ സ്വന്തമാക്കാൻ തയാറെടുക്കുന്നതായും റിപ്പോർട്ടുകളുണ്ട്. 4ജി നെറ്റ്വർക്ക് നവീകരിച്ചുകൊണ്ട് 5ജിയിലേക്ക് മാറുന്നതിനാണ് വിഐ പ്ലാനിടുന്നത്. അതായത് എയർടെലിന്റേതു പോലെ 5G NSA (നോൺ-സ്റ്റാൻഡലോൺ) സേവനമാണ് വിഐ നൽകുക. അതേസമയം ജിയോയുടേത് 5ജി സ്റ്റാൻഡലോൺ ആണ്.


Click it and Unblock the Notifications







