ഒരു മാസം കഴിച്ചത് 25 കോടിയുടെ മാമ്പഴങ്ങൾ; ഏറ്റവും ഇഷ്ടം അൽഫോൺസയോടും | Zepto
മാമ്പഴക്കാലമാണ്, തൊടിയിലും പറമ്പിലുമെല്ലാം മൂവാണ്ടൻ മുതൽ കിളിച്ചുണ്ടൻ വരെ ഇല കാണാത്ത വിധം കായ്ച്ച് കിടക്കുന്നു. സ്വന്തം വീട്ടിൽ മാവില്ലാത്തവർക്ക് തൊട്ടടുത്ത വീടുകളിൽ നിന്നെല്ലാം ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഒരു ലോഡ് മാങ്ങയെത്തും. ഉഷ്ണ കാലത്തെ ഒന്നാന്തരം പാനീയമായിട്ടും അച്ചാറായും ഉപ്പിലിട്ടതായുമെല്ലാം മാങ്ങാക്കാലം ആഘോഷിക്കുകയാണ് നാടെങ്ങും.
കേരളത്തിൽ മാത്രമല്ല ഈ മാങ്ങാ പ്രേമം എന്ന കാര്യം നാം ഓർത്തിരിക്കണം. മൊത്തം ഇന്ത്യക്കാരും മാമ്പഴങ്ങൾക്ക് പിന്നാലെയാണ്. വേനൽക്കാലത്ത് മാമ്പഴ ജ്യൂസിനോളം റിഫ്രഷിങായ ഒന്നില്ലെന്ന കവിപക്ഷം കൂടി ഇതിനൊപ്പം ചേർക്കുന്നു. പച്ചമാങ്ങ ജ്യൂസാണ് കവിയുടെ ഇപ്പോഴത്തെ പ്രിയപ്പെട്ട ഐറ്റം. കവിയെപ്പോലെ തന്നെ കോടിക്കണക്കിന് ഇന്ത്യക്കാർക്കും ഏറ്റവും പ്രിയപ്പെട്ട ഫലമാണ് മാങ്ങയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓൺലൈനിലും ഓഫ്ലൈനിലും മാങ്ങ ട്രെൻഡിങാണ്.

ഫ്രൂട്ട് മാർക്കറ്റുകളിലേക്ക് പോകാൻ കഴിയാത്തത്ര തിരക്കുള്ള ആളുകളാണ് ഓൺലൈനിൽ നിന്ന് മാമ്പഴം ഓർഡർ ചെയ്യുന്നത്. രാജ്യത്തെ ജനപ്രിയ ഗ്രോസറി ഡെലിവറി ആപ്പുകളിൽ ഒന്നായ സെപ്റ്റോ (Zepto) പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ മാത്രം ഇന്ത്യക്കാർ 25 കോടി രൂപയുടെ മാമ്പഴം ഓർഡർ ചെയ്തിട്ടുണ്ട്. പ്രതിദിനം 60 ലക്ഷം രൂപയുടെ ഓർഡറുകൾ വരെ ലഭിച്ചിരുന്നതായും ആപ്പിൽ നിന്നുള്ള ഡാറ്റ സൂചിപ്പിക്കുന്നുണ്ട്.
മെയ് മാസത്തിലും സമാനമായ "മാംഗോ മാനിയ" തുടരുന്നുണ്ട്. ഈ പോക്കാണെങ്കിൽ ഏപ്രിലിലെ 25 കോടിയൊക്കെ സുഖമായി മറികടക്കുമെന്ന് പ്രതീക്ഷിക്കാം. മാമ്പഴം മാത്രമല്ല പച്ച മാങ്ങയ്ക്കായുള്ള ഓർഡറുകളും കൂടുന്നുണ്ട്. സെപ്റ്റോ ഷെയർ ചെയ്ത ഡാറ്റ പ്രകാരം 25 ലക്ഷം രൂപയുടെ പച്ചമാങ്ങയാണ് കഴിഞ്ഞ മാസം ഓർഡർ ചെയ്യപ്പെട്ടത്. മാങ്ങ ഉപയോഗിച്ചുള്ള അച്ചാറുകൾ, കൈരി പന്നയെന്ന് വിളിക്കുന്ന പച്ചമാങ്ങ ജ്യൂസ് എന്നിവയ്ക്കും ഇപ്പോൾ വൻ ഡിമാന്റാണ്.

ഏറ്റവും വില കൂടിയ മാമ്പഴ ഇനമായ അൽഫോൺസ മാമ്പഴങ്ങൾക്കാണ് സെപ്റ്റോയിൽ ഏറ്റവും ഡിമാന്റുള്ളത്. സെപ്റ്റോയിൽ ആകെ നടന്ന മാമ്പഴ വിൽപ്പനയുടെ 30 ശതമാനവും അൽഫോൺസ മാമ്പഴങ്ങളുടേതാണ്. രത്നഗിരിയിൽ നിന്നുള്ള മാമ്പഴത്തിന് മുംബൈ, ബാംഗ്ലൂർ, ഡൽഹി തുടങ്ങിയ വൻ നഗരങ്ങളിൽ നിന്നാണ് കൂടുതൽ ഓർഡറുകളും ലഭിച്ചത്. മൊത്തം വിൽപ്പനയുടെ 25 ശതമാനവും സ്വന്തമാക്കിയ ആന്ധ്രയിൽ നിന്നുള്ള ബൈംഗൻപള്ളി ഇനമാണ് രണ്ടാമതുള്ളത്.
രാജ്യത്തെ തെക്കൻ സംസ്ഥാനങ്ങളിലെ നഗരങ്ങളിലാണ് ബൈംഗൻപള്ളിയ്ക്ക് ആരാധകർ കൂടുതൽ. മാമ്പഴ ജ്യൂസായും പ്ലാറ്റ്ഫോമിൽ കൂടുതൽ ആളുകൾ തിരഞ്ഞെടുത്തത് ബൈംഗൻപള്ളി തന്നെ. കേസർ മാമ്പഴവും കണക്കുകൾ അനുസരിച്ച് ജനപ്രിയമാണ്. രത്നഗിരിയിൽ നിന്നും ദേവ്ഗഡിൽ നിന്നും അൽഫോൺസ, ജൽനയിൽ നിന്നും ജുനഗറിൽ നിന്നും കേസർ, അനന്ത്പൂരിൽ നിന്നും ചിത്തോറിൽ നിന്നും കോലാപ്പൂരിൽ നിന്നും ബദാമി, കേരളത്തിലെ പാലക്കാട് നിന്നും ലാൽബാഗ് എന്നിങ്ങനെ രാജ്യത്തെ ആയിരത്തോളം കർഷകരിൽ നിന്നാണ് സെപ്റ്റോ മാമ്പഴങ്ങൾ സോഴ്സ് ചെയ്യുന്നത്.
ഓരോ മാമ്പഴ ഇനത്തിന്റെയും ഗുണനിലവാരം ഉറപ്പ് വരുത്തിയ ശേഷമാണ് അവ ആപ്പിലെത്തിക്കുന്നതെന്നും സെപ്റ്റോ അവകാശപ്പെടുന്നുണ്ട്. ഇതിനായി സർട്ടിഫിക്കേഷൻ ഉറപ്പ് വരുത്തുന്നുണ്ട്. കാർബൈഡുകൾ ഉപയോഗിക്കാതെ പ്രകൃതിദത്തമായി പാകമായവയാണ് തങ്ങളുടെ പ്ലാറ്റ്ഫോമിൽ വിൽക്കുന്ന എല്ലാ മാമ്പഴങ്ങളെന്നും സെപ്റ്റോ പറയുന്നു. ഇന്ത്യയിലെ മാമ്പഴ സീസണിൽ നടക്കുന്ന കച്ചവടത്തിന്റെ ചെറിയൊരംശം മാത്രമാണിതെന്നതാണ് ഏറ്റവും ശ്രദ്ധേയം. സമാനമായ മറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമുകൾ, സൂപ്പർ മാർക്കറ്റുകൾ, സാധാ ചന്തകൾ എന്നിങ്ങനെ പരിഗണിച്ചാൽ സെപ്റ്റോയിലെ കണക്ക് വളരെ ചെറുതായിരിക്കുമെന്നതും യാഥാർഥ്യമാണ്.


Click it and Unblock the Notifications








