വിശാല്‍ സിക്ക ഇന്‍ഫോസിസ് സി.ഇ.ഒ; നാരായണ മൂര്‍ത്തി പടിയിറങ്ങുന്നു

By Bijesh
|

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐ.ടി കമ്പനിയായ ഇന്‍ഫോസിസിന്റെ സി.ഇ.ഒയും എം.ഡിയുമായി മുന്‍ SAP ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ വിശാല്‍ സിക്ക നിയമിതനായി. ജൂണ്‍ 14-ന് നിയമനം പ്രാബല്യത്തില്‍ വരും. ഓഗസ്റ്റ് ഒന്നിന് നിലവിലെ സി.ഇ.ഒ എസ്.ഡി ഷിബുലാല്‍ സ്ഥാനമൊഴിയുന്നതോടെ ഔദ്യോഗികമായി അദ്ദേഹം ചുമതലയേറ്റെടുക്കും. സ്ഥാപകനല്ലാത്ത ഇന്‍ഫോസിസിന്റെ ആദ്യ സി.ഇ.ഒ കൂടിയാണ് സിക്ക.

അതോടൊപ്പം നിലവില്‍ കമ്പനിയുടെ എക്‌സിക്യുട്ടീവ് ചെയര്‍മാനായ എന്‍.ആര്‍. നാരായണ മൂര്‍ത്തിയും അദ്ദേഹത്തിന്റെ എക്‌സിക്യുട്ടീവ് അസിസ്റ്റന്റ് പദവിയിലിരിക്കുന്ന മകന്‍ രോഹന്‍ മൂര്‍ത്തിയും ഒക്‌ടോബറോടെ കമ്പനിയുടെ പടിയിറങ്ങുമെന്നും ഉറപ്പായി. തിരിച്ചു വരവില്‍ അഞ്ചു വര്‍ഷത്തേക്കായിരുന്നു നാരായണമൂര്‍ത്തിലെ എക്‌സിക്യുട്ടീവ് ചെയര്‍മാനായി നിയമിച്ചിരുന്നത്. കാലാവധി പൂര്‍ത്തിയാക്കാന്‍ നാലുവര്‍ഷം ബാക്കി നില്‍ക്കേയാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്.

SAPയുടെ ബോര്‍ഡ് അംഗവും ചീഫ് ടെക്‌നിക്കല്‍ ഓഫീസറുമായിരുന്ന വിശാല്‍ സിക്ക കഴിഞ്ഞമാസമാണ് രാജിവച്ചത്. SAP യുടെ പരമ്പരാഗതവും ആധുനികവുമായ എല്ലാ സാങ്കേതിക ഉത്പന്നങ്ങളുടെയും പൂര്‍ണ ചുമതല വഹിച്ചിരുന്ന വ്യക്തിയായിരുന്നു വിശാല്‍ സിക്ക. HANA, അനലിറ്റിക്‌സ്, മൊബൈല്‍ ആന്‍ഡ് മിഡില്‍വേര്‍ എന്നിവയെല്ലാം സിക്കയുടെ മേല്‍നോട്ടത്തില്‍ രൂപംകൊണ്ടവയാണ്.

വിശാല്‍ സിക്കയെ ഇന്‍ഫോസിസിന്റെ സി.ഇ.ഒ ആയി നിയമിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹത്തിന്റെ പരിചയ സമ്പത്ത് കമ്പനിയുടെ വളര്‍ച്ചയ്ക്ക് ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നിയമന വിവരം അറിയിച്ചുകൊണ്ട് എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ എന്‍.ആര്‍. നാരായണ മൂര്‍ത്തി പറഞ്ഞു.

ഇന്‍ഫോസിസ് പോലെ വലിയൊരു കമ്പനിയുടെ സി.ഇ.ഒ ആയതില്‍ അഭിമാനമുണ്ടെന്നും ഇന്‍ഫോസിസിന്റെ പരിചയ സമ്പന്നരായ വ്യക്തികളുടെ സഹായത്തോടെ കമ്പനിയെ മുന്നോട്ടു നയിക്കാന്‍ കഴിയുമെന്നും വിശാല്‍ സിക്ക പ്രതികരിച്ചു.

വിശാല്‍ സിക്കയെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്തിരിക്കുന്ന സ്ലൈഡുകള്‍ കാണുക.

#1

#1

ഗുജറാത്തിലെ വഡോദരയില്‍ 1967-ല്‍ റെയില്‍വേ ഉദ്യോഗസ്ഥന്റെ മകനായി സാധാരണ കുടുംബത്തിലാണ് വിശാല്‍ സിക്ക ജനിച്ചത്. വഡോദരയിലെ റോസറി ഹൈസ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും MS സര്‍വകലാശായില്‍ നിന്ന് കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് ബിരുദവും നേടി. പിന്നീട് ബിരദാനന്തര ബിരുദത്തിനായി ന്യൂയോര്‍ക്കിലേക്കു പോയി. 1996-ല്‍ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്.ഡിയും നേടി.

 

#2

#2

സ്വന്തമായി വ്യവസായ സംരംഭങ്ങള്‍ തുടങ്ങി വിജയിച്ച ചരിത്രമുള്ളയാളാണ് വിശാല്‍ സിക്ക. ഐ ബ്രെയിന്‍ സോഫ്റ്റ്‌വെയര്‍ ആയിരുന്ന അദ്ദേഹം ആദ്യമായി ആരംഭിച്ച സ്ഥാപനം. പാറ്റേണ്‍ RX പിന്നീട് ഇത് ഏറ്റെടുത്തു. തുടര്‍ന്ന് അദ്ദേഹം ബോധ ഡോട് കോം തുടങ്ങി. Peregrine സിസ്റ്റംസ് ഇത് ഏറ്റെടുത്തു. അതോടൊപ്പം Peregrine സിസ്റ്റത്തിന്റെ വൈസ് പ്രസിഡന്റുമായി അദ്ദേഹം.

 

#3

#3

2002-ലാണ് ജര്‍മന്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയായ SAP യില്‍ അഡ്വാന്‍സ്ഡ് ടെക്‌നോളജി വിഭാഗത്തിന്റെ മേധാവിയായി ചുമതലയേല്‍ക്കുന്നത്. 2007-ല്‍ കമ്പനിയുടെ ആദ്യ ചീഫ് ടെക്‌നിക്കല്‍ ഓഫീസറായി അദ്ദേഹം നിയമിതനായി. 2010-ല്‍ SAP യുടെ എക്‌സിക്യുട്ടീവ് ബോര്‍ഡില്‍ അംഗമാവുകയും ചെയ്തു.

 

#4

#4

HANA (ഹൈ പെര്‍ഫോമന്‍സ് അനലിറ്റിക് അപ്ലയന്‍സ് ) എന്ന മെമ്മറി ഡാറ്റാബേസ് മാനേജ്‌മെന്റ് സിസ്റ്റത്തിന് രൂപം കൊടുത്തതാണ് വിശാല്‍ സിക്കയുടെ ജീവിതത്തിലെ എടുത്തുപറയേണ്ട നേട്ടം. ഇത് SAP യുടെ ഏറ്റവും മികച്ച പ്രൊഡക്റ്റുകളില്‍ ഒന്നായിരുന്നു.

 

#5

#5

കമ്പനിക്കുള്ളിലെ അന്തര്‍നാടകങ്ങള്‍ കാരണമാണ് വിശാല്‍ സിക്ക SAP വിട്ടത്. കാലിഫോര്‍ണിയ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന സിക്ക കൂടുതല്‍ സാങ്കേതിക വികസനങ്ങള്‍ ലഭ്യമാക്കി. അതുകൊണ്ടുതന്നെ കൂടുതല്‍ ഉയര്‍ന്ന പദവിയും അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ യൂറോപ്യന്‍ ബോര്‍ഡ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തിന് അര്‍ഹിക്കുന്ന അംഗീകാരം നല്‍കാന്‍ തയാറായില്ല.

 

#6

#6

ടെക് ലോകത്തെ ഉയര്‍ന്ന വ്യക്തിത്വങ്ങളുടെയെല്ലാം പ്രധാന കളരിയായിരുന്ന സിലിക്കണ്‍വാലിയില്‍ ഏറെ ബഹുമാനിക്കപ്പെട്ട ആളായിരുന്നു വിശാല്‍ സിക്ക. അവിടെയുള്ള നോണ്‍ പ്രോഫിറ്റ് കമ്മ്യൂണിറ്റിയായ CTO ഫോറം അംഗവും കോഗ്‌ഹെഡ് എന്ന കമ്പനിയുടെ ഉപദേശക സമിതി അംഗവുമായിരുന്നു. കോഗ്‌ഹെഡിനെ പിന്നീട് SAP ഏറ്റെടുക്കുകയും ചെയ്തു.

 

#7

#7

ഇന്‍ഫോസിസിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ സ്ഥാപകാംഗങ്ങള്‍ മാത്രമാണ് സി.ഇ.ഒ പദവി വഹിച്ചിട്ടുള്ളത്. വിശാല്‍ സിക്കയുടെ നിയമനത്തോടെ അതിന് മാറ്റം വരുന്നു. ജൂണ്‍ 14-ന് അദ്ദേഹം ചുമതല ഏറ്റെടുക്കും.

 

 

 

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X