വെയ്റ്റ് ചെയ്താൽ ഗുണം കിട്ടും! വിവോ V50 ഇന്ത്യയിലേക്ക് വരുന്നു, ഒറ്റയ്ക്ക്
ഇന്ത്യയിലെ വിവോ ആരാധകർക്ക് സന്തോഷം പകർന്ന് ഒരു വാർത്ത എത്തിയിരിക്കുന്നു. വിവോയുടെ V40 സീരീസിന്റെ പിൻഗാമിയായി പുതിയ വിവോ V50 സീരീസ് ഇന്ത്യയിലേക്ക് എത്താൻ പോകുന്നു. എന്നാൽ പ്രോ മോഡൽ ഇല്ലാതെ വിവോ വി50 (vivo V50 ) മോഡൽ മാത്രമാകും ഈ സീരീസിൽ ആദ്യം അവതരിപ്പിക്കുക. കഴിഞ്ഞ ഓഗസ്റ്റിൽ വിവോ ഇന്ത്യയിൽ ലോഞ്ച് ചെയ്ത വിവോ 40 സീരീസ് വമ്പൻ ഹിറ്റ് ആയിരുന്നു. ഇപ്പോൾ അതിന്റെ പിൻഗാമിയായിട്ടാണ് വിവോ വി50 സീരീസ് വരാൻ പോകുന്നത്. സ്മാർട്ട്പ്രിക്‌സിന്റെ റിപ്പോർട്ട് പറയുന്നത് ഫെബ്രുവരി മൂന്നാം ആഴ്ചയിൽ വിവോ വി50 ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്നാണ്.
വിവോ വി50 സ്മാർട്ട്‌ഫോൺ പുറത്തിറക്കാൻ കമ്പനി തയാറെടുക്കുന്നതായും എന്നാൽ ഇത്തവണ വിവോ വി50 പ്രോ മോഡൽ പുറത്തിറക്കില്ലെന്ന് ടിപ്‌സ്റ്റർ അഭിഷേക് യാദവ് വെളിപ്പെടുത്തി. വിവോ വി40, വി40 പ്രോ എന്നിവ കഴിഞ്ഞ വർഷം ഇന്ത്യയിൽ ഒരേ സമയത്ത് തന്നെയാണ് ലോഞ്ച് ചെയ്‌ത്. എന്നാൽ ഇത്തവണ, വിവോ വി50 ഒറ്റയ്ക്ക് വരുമെങ്കിലും പ്രോ മോഡൽ പിന്നീട് അവതരിപ്പിക്കപ്പെട്ടേക്കാമെന്ന് റിപ്പോർട്ടുകളുണ്ട്.

വിവോ വി50 ന്റെ ടീസർ കമ്പനി ഉടൻ തന്നെ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. വരാൻ പോകുന്ന ഈ ഫോൺ സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. എങ്കിലും ലീക്ക് റിപ്പോർട്ടുകളായും മറ്റും ഓൺലൈനിൽ വിവിധ വിവരങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വിവോ വി50 5ജിയിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ പരിചയപ്പെടാം.
വിവോ വി50 5ജിയിൽ എന്തൊക്കെ ഫീച്ചറുകൾ പ്രതീക്ഷിക്കാം: ലീക്ക് റിപ്പോർട്ടുകൾ പ്രകാരം, വിവോ വി50 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.67 ഇഞ്ച് FHD+ AMOLED ഡിസ്പ്ലേ അവതരിപ്പിക്കും. വിവോ വി40യ്ക്ക് സമാനമായ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്‌സെറ്റ് കരുത്തിലാകും ഈ ഫോൺ എത്തുക.

8GB+128GB, 8GB+256GB എന്നീ റാം+ സ്റ്റോറേജ് ഓപ്ഷനുകൾക്ക് പുറമേ പുതിയതായി 12GB + 512GB ഓപ്ഷനും ചേർത്ത് മൂന്ന് വേരിയന്റുകളിൽ ഈ സ്മാർട്ട്‌ഫോൺ ലഭ്യമാകുമെന്നാണ് പറയപ്പെടുന്നത്. നീല, റോസ്, ചുവപ്പ്, ഗ്രേ നിറങ്ങളിൽ ആകും വിവോ വി50 5ജി ലഭ്യമാകുകയെന്നും ലീക്ക് റിപ്പോർട്ടുകൾ പറയുന്നു.
ക്യാമറകളുടെ കാര്യമെടുത്താൽ, ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് വി40 മോഡലിൽ ഉണ്ടായിരുന്നത്. ഇവിടെയും സമാനമായി ഡ്യുവൽ റിയർ ക്യാമറകൾ തന്നെ പ്രതീക്ഷിക്കുന്നു. 50MP സെക്കൻഡറി ലെൻസും 50MP പ്രൈമറി ക്യാമറയും 50MP ഫ്രണ്ട് ക്യാമറയും വിവോ വി50 5ജിയിൽ ഉൾപ്പെടുത്തിയേക്കാം. ഇതിലെ ക്യാമറകൾക്ക് ZEISS പിന്തുണയുണ്ടാകും.
ബാറ്ററി, ഫാസ്റ്റ് ചാർജിങ് എന്നിവയുടെ കാര്യത്തിലേക്ക് വന്നാൽ, 90W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,870mAh റേറ്റഡ്/ 6,000mAh ബാറ്ററി വിവോ വി50 പായ്ക്ക് ചെയ്‌തേക്കാം. 80W ഫാസ്റ്റ് ചാർജിംഗുള്ള 5500mAh ബാറ്ററിയാണ് വിവോ വി40 മോഡലിൽ ഉണ്ടായിരുന്നത്. അതിൽ നിന്ന് കാര്യമായ നവീകരണം പുതിയ ഫോണിൽ വിവോ നടത്തിയിട്ടുണ്ട് എന്ന് റിപ്പോർട്ടുകൾ പറയുന്നു.

വിവോ വി40 5ജിയുടെ 8GB+ 128GB അടിസ്ഥാന മോഡലിന് 34,999 രൂപയും 8GB + 256GB വേരിയന്റിന് 36,999 രൂപയും, 12GB + 512GB വേരിയന്റിന് 41,999 രൂപയും ആയിരുന്നു വില. പുതിയ വിവോ വി50 5ജിയും ഇതിനോട് അടുത്ത വിലകളിൽ എത്താനാണ് സാധ്യത. പുതിയ മോഡൽ ഇറങ്ങുമ്പോൾ ഈ വിവോ വി40 വേരിയന്റുകൾ വിലക്കുറവിൽ വാങ്ങാം എന്നതും നേട്ടമാണ്.
(Images: V40 Series)


Click it and Unblock the Notifications








