കുറഞ്ഞ ചെലവിൽ വാലിഡിറ്റി നിലനിർത്താം! 150 രൂപയിൽ താഴെ വിലയിൽ പുതിയ 2 പ്ലാനുകളുമായി VI
ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയായ വൊഡാഫോൺ ഐഡിയ (VI) തങ്ങളുടെ വരിക്കാർക്കായി പുതിയ രണ്ട് പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു. കുറഞ്ഞ ചെലവിൽ വാലിഡിറ്റി നിലനിർത്താൻ ആഗ്രഹിക്കുന്നവർക്ക് പരിഗണിക്കാനായി 150 രൂപയിൽ താഴെ വിലയിലാണ് ഈ പുതിയ പ്ലാനുകൾ എത്തിയിരിക്കുന്നത്. തെരഞ്ഞെടുത്ത സർക്കിളുകളിലെ ഉപയോക്താക്കൾക്ക് മാത്രമാണ് ഈ പ്ലാനുകൾ ലഭ്യമാകുക. ഈ പുതിയ വിഐ പ്ലാനുകളുടെ വില 128 രൂപ, 138 രൂപ എന്നിങ്ങനെയാണ്. ഈ പ്ലാനുകൾ ലഭ്യമാകുന്ന സ്ഥലങ്ങളിൽ കേരളവും ഉണ്ട്. താങ്ങാനാകുന്ന വിലയിൽ റീച്ചാർജ് പ്ലാൻ തേടുന്ന വിഐ വരിക്കാർക്ക് ഇവ ഉപകാരപ്പെട്ടേക്കാം.
വോഡഫോൺ ഐഡിയയുടെ 128 രൂപയുടെ പ്ലാൻ: ഈ പ്ലാൻ 18 ദിവസത്തെ സർവീസ് വാലിഡിറ്റിയിലാണ് എത്തുന്നത്. ഇതിൽ 100MB ഡാറ്റ, സെക്കൻഡിന് 2.5 പൈസ നിരക്കിൽ പ്രാദേശിക/ദേശീയ കോളുകളും ലഭിക്കുന്നു. കൂടാതെ 10 പ്രാദേശിക ഓൺ-നെറ്റ് നൈറ്റ് മിനിറ്റുകളും ഉണ്ട്. ഈ നൈറ്റ് മിനിറ്റ് 11 PM മുതൽ 6 AM വരെ ഉപഭോക്താക്കൾക്ക് ലഭ്യമാണ്. ഈ പ്ലാനിനൊപ്പം എസ്എംഎസ് ആനുകൂല്യം ഉൾപ്പെടുത്തിയിട്ടില്ല.

വോഡഫോൺ ഐഡിയയുടെ 138 രൂപയുടെ പ്ലാൻ: 138 രൂപയുടെ പ്ലാനിൽ 20 ദിവസത്തെ സർവീസ് വാലിഡിറ്റിയുണ്ട്. ഈ പ്ലാൻ 100എംബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഉപഭോക്താക്കൾക്കായി 10 ലോക്കൽ ഓൺ-നെറ്റ് നൈറ്റ് മിനിറ്റുകളും സെക്കൻഡിന് 2.5 പൈസ നിരക്കിൽ പ്രാദേശിക/ദേശീയ കോളുകളും ലഭിക്കുന്നു. ഔട്ട്‌ഗോയിംഗ് എസ്എംഎസ് ആനുകൂല്യമില്ല, രാത്രി 11 മണി മുതൽ രാവിലെ 6 മണി വരെ നൈറ്റ് മിനിറ്റ്സ് ലഭ്യമാണ്.
ഈ രണ്ട് പ്ലാനുകളും കുറഞ്ഞ നിരക്കിൽ തങ്ങളുടെ സിം വാലിഡിറ്റി നിലനിർത്താനായി ഉപഭോക്താക്കൾക്ക് ഉപയോഗിക്കാനാകും. കേരള സർക്കിളിൽ, ഈ രണ്ട് പുതിയ വിഐ പ്ലാനുകളും ലഭ്യമാണ്. എന്നാൽ ഈ പ്ലാൻ എത്രത്തോളം ഉപകാരപ്രദമാണ് എന്ന് വിലയിരുത്തേണ്ടത് ഉപയോക്താക്കളാണ്. കാരണം കുറഞ്ഞ വിലയിൽ എത്തുന്നു എന്നതുപോലെ ഇതിലെ ആനുകൂല്യങ്ങളും കുറവാണ്.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) ഉപഭോക്താക്കൾക്കായി എസ്എംഎസും വോയിസും മാത്രം അടങ്ങുന്ന സ്പെഷൽ താരിഫ് വൗച്ചറുകൾ (എസ്ടിവി) കൊണ്ടുവരാൻ കഴിഞ്ഞ ദിവസം ടെലികോം കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2025 ജനുവരി രണ്ടാം പകുതിയിൽ ഈ ഉത്തരവ് പ്രാബല്യത്തിൽ വരും. അതോടെ ഡാറ്റ വേണ്ടാത്തവർക്കായി പുതിയ പ്ലാനുകൾ അവതരിപ്പിക്കാൻ ടെലിക്കോം കമ്പനികൾ നിർബന്ധിതരായിരിക്കുകയാണ്.
നിലവിൽ സ്വകാര്യ കമ്പനികളുടെ എല്ലാ പ്ലാനുകളും ചെറിയ അളവിലെങ്കിലും ഡാറ്റ ഉൾപ്പെടുത്തിയാണ് എത്തുന്നത്. റീച്ചാർജ് പ്ലാനുകളുടെ നിരക്കിൽ പ്രധാനമായും ചെലവ് കൂടുന്നത് ഡാറ്റയുടെ അളവ് അനുസരിച്ചാണ്. എന്നാൽ എല്ലാ ഉപയോക്താക്കളും ഡാറ്റ ഉപയോഗിക്കുന്നവർ അല്ല. ഫീച്ചർ ഫോൺ ഉപയോക്താക്കളും മറ്റും ഡാറ്റ ഉപയോഗിക്കാറില്ല.
എന്നാൽ വാലിഡിറ്റി നിലനിർത്താനായി ഫീച്ചർ ഫോൺ ഉപയോഗിക്കുന്നവർ ഉൾപ്പെടെ ഈ ഡാറ്റ സഹിതമുള്ള റീച്ചാർജ് പ്ലാനുകൾ ഉപയോഗിക്കുകയും ഉപയോഗിക്കാത്ത ഡാറ്റയ്ക്കും ചേർത്ത് പണം നൽകുകയും ചെയ്യേണ്ടിവരുന്നു. ഈ സാഹചര്യത്തിലാണ് വോയ്സ്, എസ്എംഎസ് ഒൺലി റീച്ചാർജ് പ്ലാനുകൾ എല്ലാ ടെലിക്കോം കമ്പനികളും നിർബന്ധമായും അവതരിപ്പിക്കണം എന്ന് ട്രായി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ട്രായിയുടെ ഈ പുതിയ ഉത്തരവ് ബിഎസ്എൻഎല്ലിനെ സംബന്ധിച്ചിടത്തോളം നിസാരമാണ്. എന്നാൽ സ്വകാര്യ ടെലിക്കോം കമ്പനികളെ സംബന്ധിച്ചിടത്തോളം ഇത് ഒരു തിരിച്ചടിയാണ്. ജൂലൈയിൽ നിരക്ക് വർധിപ്പിച്ചതിനെ തുടർന്ന് ഉയർന്ന നിരക്കിലാണ് സ്വകാര്യ കമ്പനികളുടെ വരിക്കാർ വാലിഡിറ്റി നിലനിർത്തിപ്പോരുന്നത്. ട്രായിയുടെ ഉത്തരവ് പ്രകാരം കുറഞ്ഞ നിരക്കിൽ അവർക്ക് വാലിഡിറ്റി നിലനിർത്താനുള്ള പ്ലാനുകൾ ലഭ്യമാകും. ഇത് സ്വകാര്യ കമ്പനികളുടെ വരുമാനത്തെ ബാധിച്ചേക്കും.


Click it and Unblock the Notifications







