ചെയ്ത തെറ്റിന് പ്രായശ്ചിത്തം! 18 പ്ലാനുകളിൽ പാതി ദിവസം അൺലിമിറ്റഡ് ഡാറ്റ ഫ്രീ നൽകി വിഐ
ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയായ വൊഡാഫോൺ ഐഡിയ (VI) തങ്ങളുടെ 18 പ്രീപെയ്ഡ് റീച്ചാർജ് പ്ലാനുകളിൽ അൺലിമിറ്റഡ് നൈറ്റ് ഡാറ്റ ഓഫർ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ വിഐ ചില പ്രീപെയ്ഡ് പ്ലാനുകളിലെ വാലിഡിറ്റി, ഡാറ്റ ഉൾപ്പെടെ വെട്ടിക്കുറച്ച് ആ പ്ലാനുകളുടെ നിരക്ക് ഉയർത്തിയത് വരിക്കാരെ ഏറെ നിരാശരാക്കിയിരുന്നു. എന്നാൽ ഇപ്പോഴത്തെ അൺലിമിറ്റഡ് ഡാറ്റ പ്രഖ്യാപനത്തിലൂടെ ആ സങ്കടം തീർക്കാൻ വിഐ ശ്രമിക്കുന്നു. രാത്രിയിൽ കൂടുതൽ ഡാറ്റ ഉപയോഗിക്കുന്ന വരിക്കാരെ ആകർഷിക്കാൻ പുതിയ നീക്കത്തിലൂടെ വിഐക്ക് കഴിയും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.
യഥാർഥത്തിൽ അൺലിമിറ്റഡ് നൈറ്റ് ഡാറ്റ എന്നത് വിഐ ഏറെ നാളുകളായി ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിരിക്കുന്ന ഒരു ആനുകൂല്യമാണ്. വിഐ സൂപ്പർഹീറോ പ്ലാനുകളിലെ പ്രധാന ഓഫറുകളിൽ ഒന്നായാണ് ഈ ആനുകൂല്യം നൽകിവരുന്നത്. എന്നാൽ രാത്രി 12AM മുതൽ പുലർച്ചെ 6AM വരെയാണ് ഈ ഓഫർ പ്രകാരം അൺലിമിറ്റഡ് ഡാറ്റ ഉപയോഗിക്കാൻ സാധിച്ചിരുന്നത്.

പക്ഷേ വിഐയുടെ പുതിയ പ്രഖ്യാപന പ്രകാരം വിഐ ഹീറോപ്ലാനുകളിൽ ലഭ്യമായിരുന്ന അൺലിമിറ്റഡ് ഡാറ്റയുടെ സമയപരിധി ഉയർത്തിയിട്ടുണ്ട്. 12 AM മുതൽ 12 PM വരെയുള്ള സമയത്തേക്ക് ഇപ്പോൾ അൺലിമിറ്റഡ് ഡാറ്റ ഉപയോഗിക്കാൻ സാധിക്കും. അതായത് ഒരു ദിവസത്തിന്റെ പാതി സമയം ഉപയോക്താക്കൾക്ക് ഡാറ്റ സൗജന്യമായി ഉപയോഗിക്കാൻ സാധിക്കുന്നു.
പ്രധാന എതിരാളികളായ റിലയൻസ് ജിയോയുടെയും എയർടെലിന്റെയും അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറിനെ മറികടക്കാൻ ഈ പുതിയ മാറ്റം വിഐയെ സഹായിച്ചേക്കും. അൺലിമിറ്റഡ് 5ജി ഡാറ്റയിൽ പ്രലോഭിതരായി നിരവധി ആളുകൾ വിഐ ഉപേക്ഷിച്ച് ജിയോയിലേക്കും എയർടെലിലേക്കും പോയിരുന്നു. അത്തരത്തിൽ വരിക്കാർ പ്രലോഭിതരാകാതെ അവർക്ക് ഇഷ്ടം പോലെ ഡാറ്റ ലഭ്യമാക്കാൻ അൺലിമിറ്റഡ് ഡാറ്റ ഓഫറിലൂടെ വിഐ ലക്ഷ്യമിടുന്നു.

വൊഡാഫോൺ ഐഡിയയുടെ അൺലിമിറ്റഡ് ഡാറ്റ ലഭ്യമാകുന്ന പ്രീപെയ്ഡ് റീച്ചാർജ് പ്ലാനുകൾ: 365 രൂപ, 3699 രൂപ, 979 രൂപ, 795 രൂപ, 449 രൂപ, 994 രൂപ, 3799 രൂപ, 3599 രൂപ, 408 രൂപ, 407 രൂപ, 996 രൂപ, 997, 998 രൂപ, 409 രൂപ, 539 രൂപ, രൂപ 469, 379 രൂപ, 1599 രൂപ നിരക്കുകളിലുള്ള പ്ലാനുകളിലാണ് ഈ ആനുകൂല്യം ലഭ്യമാകുക.
സംഭവം കിടിലൻ ഓഫറൊക്കെയാണെങ്കിലും എല്ലാ ടെലിക്കോം സർക്കിളുകളിലുള്ളവർക്കും ഇത് ലഭ്യമാകില്ല. ഈ ഓഫർ ലഭ്യമാകുന്ന പ്രദേശങ്ങൾ ഇവയാണ്: കേരളം, ചെന്നൈ സർക്കിൾ, തമിഴ്‌നാട് (ചെന്നൈ ഇല്ലാതെ), ഡൽഹി, ഗുജറാത്ത്, ഹരിയാന, പഞ്ചാബ്, കൊൽക്കത്ത, മഹാരാഷ്ട്ര, ഗോവ, മുംബൈ, യുപി ഈസ്റ്റ് , യുപി വെസ്റ്റ്, പശ്ചിമ ബംഗാൾ.
ഈ പ്ലാനുകൾ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്നതിലൂടെ വിഐ ഉപയോക്താക്കൾക്ക് ലഭിക്കുന്ന പ്രധാന നേട്ടം എന്തെന്നാൽ വലിയ അളവിൽ ഡാറ്റ ആവശ്യമായി വന്നാൽ ഡാറ്റ ബൂസ്റ്റർ പ്ലാനുകളെ ആശ്രയിക്കാതെ തന്നെ ഇഷ്ടം പോലെ ഡാറ്റ പരിധിയില്ലാതെ ഈ നിശ്ചിത സമയത്തിനുള്ളിൽ ഉപയോഗിക്കാൻ സാധിക്കും എന്നതാണ്.

അൺലിമിറ്റഡ് ഡാറ്റ കൂടാതെ വിഐ സൂപ്പർഹീറോ പ്ലാനുകളിൽ വേറെയും ആനുകൂല്യങ്ങൾ ഉൾപ്പെടുന്നുണ്ട്. വീഐ വീക്കെൻഡ് ഡാറ്റ റോളോവർ, വിഐ ഡാറ്റ ഡിലൈറ്റ്സ് എന്നിവ അതിൽപ്പെടുന്നു. ഇത് കൂടാതെ ചില പ്ലാനുകളിൽ വിഐ ഗ്യാരണ്ടി ഓഫറും ലഭിക്കും. യോഗ്യരായ ഉപഭോക്താക്കൾക്ക് ഓരോ 28 ദിവസത്തിലും 10 ജിബി ഡാറ്റ ഇതിലൂടെ ലഭിക്കും.


Click it and Unblock the Notifications







