എയർടെലിനും ജിയോയ്ക്കും ഭീഷണി! വിഐ 5ജി സേവനങ്ങൾ അടുത്ത മാസം കൂടുതൽ സർക്കിളുകളിലേക്ക്
ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ (വിഐ) തുടങ്ങിയ സ്വകാര്യ കമ്പനികളുടെ മത്സരമാണ് ടെലികോം മേഖലയിൽ നടക്കുന്നത്. മികച്ച പ്ലാനുകൾ പുറത്തിറക്കി വിപണി പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തിൽ കുതിക്കുകയാണ് ഈ കമ്പനികളെല്ലാം. എന്നാൽ 5ജി സേവനങ്ങൾ പുറത്തിറക്കി ജിയോയും എയർടെല്ലും ഒരു അടി മുന്നിലെത്തിയെങ്കിലും വിട്ടുകൊടുക്കാൻ തയ്യാറല്ലെന്ന ഉറച്ച നിലപാടിലായിരുന്നു വിഐയും. 5ജി സേവനങ്ങൾ പുറത്തിറക്കി ടെലികോം മേഖലയിൽ നിലനിൽക്കുന്ന മത്സരങ്ങൾക്ക് ചൂട് പിടിപ്പിക്കാൻ വിഐയും കച്ചകെട്ടിയിറങ്ങുന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. വിഐ 5ജി സേവനങ്ങൾ അടുത്ത മാസം കൂടുതൽ സർക്കിളുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എയർടെൽ, ജിയോ പോലുള്ള വമ്പന്മാരോടൊപ്പം മത്സരിച്ച് 5ജി വിപണി പിടിച്ചടക്കാനു.ള്ള നിശ്ചയദാർഢ്യത്തിൽ തന്നെയാണ് കമ്പനി.
നീണ്ടകാലത്തെ കാത്തിരിപ്പിന് ശേഷം വിഐ അവരുടെ 5ജി സർവീസുകൾ ആദ്യമായി വ്യാപിപ്പിക്കുന്നത് അടുത്ത മാസം മുംബൈ നഗരത്തിലായിരിക്കും. പ്രീപെയ്ഡ് പോസ്റ്റ്‌പെയ്ഡ് വരിക്കാർക്കും വിഐയുടെ 5ജി സേവനങ്ങൾ ലഭ്യമാകും. വരും ദിവസങ്ങളിൽ ഏത് നഗരങ്ങളിൽ സർവീസുകൾ വ്യാപിപ്പിക്കും എന്ന വിവരങ്ങൾ അടക്കം വിഐ പുറത്തുവിട്ടുകഴിഞ്ഞു.

ഏപ്രിൽ മാസത്തിൽ മുംബൈക്ക് പുറമെ ഡൽഹി, ബെംഗളൂരു, ചെന്നൈ, പട്‌ന എന്നിവയുൾപ്പെടെ കൂടുതൽ നഗരങ്ങളിലേക്ക് കമ്പനി 5ജി സേവനങ്ങൾ വ്യാപിപ്പിക്കും. നേരത്തെ 2024 ഡിസംബറിൽ കമ്പനി പരീക്ഷണാർത്ഥം 17 നഗരങ്ങളിൽ 5ജി സേവനങ്ങൾ പുറത്തിറക്കിയിരുന്നു. 2024-25ലെ സാമ്പത്തികവർഷത്തിലെ മൂന്നാംപാദ റിപ്പോർട്ടിലാണ് രാജ്യമെമ്പാടും 5ജി സർവീസുകൾ വ്യാപിപ്പിക്കുമെന്ന് വിഐ അറിയിച്ചത്.
വിഐ പുറത്തുവിട്ട 5ജി സേവനങ്ങൾ ലഭിക്കുന്ന പട്ടികയിൽ ഇതുവരെ കേരളമില്ല. വരും ദിവസങ്ങളിൽ കൂടുതൽ നഗരങ്ങൾ പട്ടികയിൽ ഇടം പിടിക്കാൻ സാധ്യതയുണ്ട് എന്നതിനാൽ കേരളവും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കേരളത്തിലെ വിഐ ഉപയോക്താക്കൾക്കും കൂടുതൽ കാത്തിരിക്കാതെ വേഗത്തിൽ തന്നെ 5ജി സേവനങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

മൂന്ന് വർഷത്തോളമായി തങ്ങളുടെ 5ജി നെറ്റ്വർക്ക് പണിപ്പുരയിരുന്നു വിഐ. മെയ് 2022ൽ 5ജി പരീക്ഷണത്തിടെ 5.92Gbps എന്ന ഡൗൺലോഡ് സ്പീഡ് കമ്പനി കൈവരിച്ചിരുന്നു. ബംഗളുരുവിൽ നടന്ന സമാന പരീക്ഷണത്തിൽ 1.2Gbps വേഗതയാണ് കൈവരിച്ചത്. വർഷങ്ങളുടെ പരീക്ഷണത്തിന് ശേഷം പുറത്തുവരുന്ന 5ജി മികച്ച പ്രവർത്തനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിക്കാം.
ഉടൻ പുറത്തിറങ്ങുന്ന 5ജി പ്ലാനുകൾ ജിയോയെക്കാളും എയർടെല്ലിനെക്കാളും വില കുറഞ്ഞവയായിരിക്കുമെന്നാണ് വിവരം. എതിരാളികളുടേതിനേക്കാൾ 15 ശതമാനം വില കുറച്ചാണ് പ്ലാനുകൾ അവതരിപ്പിക്കുക എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
299 രൂപ മുതൽ ആരംഭിക്കുന്ന പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് 5ജി പ്ലാനുകളും 451 രൂപ മുതൽ ആരംഭിക്കുന്ന പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് 5ജി പ്ലാനുകളും ലഭ്യമാക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

2024 സെപ്റ്റംബറിലെ കണക്കുകളനുസരിച്ച്, ജിയോയ്ക്ക് 148 ദശലക്ഷവും എയർടെലിന് 105 ദശലക്ഷവും 5 ജി ഉപയോക്താക്കളുണ്ട്. ഇതിൽ എത്ര പേർ വിഐ സേവനത്തിലേക്ക് മാറുമെന്നതിനെ അനുസരിച്ചായിരിക്കും വിഐയുടെ 5ജി സേവനത്തിന്റെ വിജയം. ജിയോയും എയർടെലും ഉപയോക്താക്കൾക്ക് മാസങ്ങളോളം സൗജന്യ 5ജി സേവനം ട്രയലായി നൽകിയിട്ടുണ്ട്.
വിഐയും ഇതുപോലെ ഉപയോക്താക്കൾക്ക് സൗജന്യ 5ജി സേവനം നൽകുമെന്ന് റിപ്പോർട്ടുകളുണ്ട്. കാത്തിരുന്ന് കാത്തിരുന്ന് കാലങ്ങൾക്ക് ശേഷം വരുന്ന 5ജി സേവനങ്ങളെ വിഐ ഉപയോക്താക്കൾ ഏറെ പ്രതീക്ഷയോടെയാണ് വരവേൽക്കാൻ ഒരുങ്ങുന്നത്. മറ്റു കമ്പനികളോടുള്ള മത്സരത്തിനെ ഏറ്റവും മികച്ച പ്ലാനുകൾ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ഉപയോക്താക്കൾ.


Click it and Unblock the Notifications








