ഇത് പുതു ചരിത്രം! സാധാരണ സ്മാർട്ട്ഫോൺ ഉപയോഗിച്ച് ബഹിരാകാശ വീഡിയോ കോൾ ചെയ്ത് വൊഡാഫോൺ
സ്മാർട്ട്ഫോൺ ഉപയോഗത്തിലും ടെലിക്കോം സേവനത്തിലും പുതിയ ചരിത്രമെഴുതി വൊഡാഫോൺ. ലോകത്ത് ആദ്യമായി സാധാരണ സ്മാർട്ട്ഫോണിൽ സ്പേസ് സാറ്റലൈറ്റ് ഉപയോഗിച്ച് വീഡിയോ കോൾ പൂർത്തിയാക്കിയാണ് വൊഡാഫോൺ പുതിയ ചരിത്രം എഴുതിയിരിക്കുന്നത്. പരമ്പരാഗത മൊബൈൽ കവറേജ് ഇല്ലാത്ത പ്രദേശങ്ങളിലേക്ക് കണക്റ്റിവിറ്റി ലഭ്യമാക്കാൻ ഉപഗ്രഹ സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തുന്നതാണ് ഈ നീക്കം. അതായത് സാധാരണ ഗതിയിൽ മൊബൈൽ ടവറുകളോ സിഗ്നലുകളോ ഒന്നുമില്ലാത്ത ഒരു പ്രദേശത്തെ ഒരു സാധാരണ സ്മാർട്ട്ഫോണിലേക്ക് വീഡിയോ കോൾ ചെയ്തുകൊണ്ടാണ് വി പുതിയ ചരിത്രം എഴുതിയിരിക്കുന്നത്. ലോകത്തെ കണക്ടിവിറ്റി രംഗത്ത് വൻ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ നീക്കം വഴിയൊരുക്കുമെന്ന് കരുതപ്പെടുന്നു.
സാധാരണയായി ഉപഗ്രഹങ്ങൾ ഉപയോഗിച്ച് കമ്യൂണിക്കേഷൻ നടത്തുന്നതിൽ നിന്ന് വ്യത്യസ്തമായി, വൊഡാഫോൺ ഇപ്പോൾ നടത്തിയ സ്പേസ് അധിഷ്ഠിത വീഡിയോ കോൾ സാങ്കേതിക വിദ്യയ്ക്ക് സാറ്റലൈറ്റ് ഫോണുകളോ, ബാഹ്യ ഡിഷുകളോ, പ്രത്യേക ടെർമിനലുകളോ ആവശ്യമില്ല. നിലവിലുള്ള 4G, 5G നെറ്റ്‌വർക്കുകൾക്ക് സമാനമായ മൊബൈൽ ബ്രോഡ്‌ബാൻഡ് ഇത് നൽകുന്നു, ഇത് സ്മാർട്ട്‌ഫോണുകളെ സാറ്റലൈറ്റിനും ഗ്രൗണ്ട് അധിഷ്ഠിത നെറ്റ്‌വർക്കുകൾക്കുമിടയിൽ (സ്‌പേസ്-ടു-ലാൻഡ് ഗേറ്റ്‌വേ) തടസ്സമില്ലാതെ മാറാൻ പ്രാപ്തമാക്കുന്നു.

ചരിത്രപരമായ ഒരു വീഡിയോ കോൾ: വോഡഫോണിന്റെ പുതിയ സ്‌പേസ്-ടു-ലാൻഡ് ഗേറ്റ്‌വേ, AST സ്‌പേസ് മൊബൈലിന്റെ ബ്ലൂബേർഡ് ഉപഗ്രഹങ്ങളുടെ സഹായത്താൽ ആദ്യത്തെ സ്‌പേസ്- അധിഷ്ഠിത വീഡിയോ കോൾ വിജയകരമായി സ്വീകരിച്ചു. വോഡഫോൺ എഞ്ചിനീയർ റോവൻ ചെസ്‌മർ, മൊബൈൽ ബ്രോഡ്‌ബാൻഡ് ആക്‌സസ് ഇല്ലാത്ത വെയിൽസിന്റെ മധ്യഭാഗത്തുള്ള ഒരു വിദൂര പർവതപ്രദേശത്ത് നിന്ന് വോഡഫോൺ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് മാർഗരിറ്റ ഡെല്ല വാലെയ്ക്ക് കോൾ ചെയ്തുകൊണ്ടാണ് പുതിയ ചരിത്രം കുറിച്ചത്.
യാതൊരുവിധ നെറ്റ്വർക്കും ഇല്ലാത്ത പ്രദേശത്തുനിന്ന് വോഡഫോണിന്റെ പുതിയ സ്‌പേസ്-ടു-ലാൻഡ് ഗേറ്റ്‌വേ ടെക്നോളജി ഉപയോഗിച്ചുകൊണ്ടാണ് റോവൻ ചെസ്‌മർ വോഡഫോൺ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് മാർഗരിറ്റയെ വീഡിയോ കോൾ ചെയ്തത്. ലോ എർത്ത് ഭ്രമണപഥത്തിൽ നിന്ന് പ്രവർത്തിക്കുന്ന ഈ ഉപഗ്രഹ സേവനം വോഡഫോണിന്റെ കര-അധിഷ്ഠിത നെറ്റ്‌വർക്കുകൾ വ്യാപിപ്പിക്കുന്നു, ഇത് ഒന്നിലധികം 4G, 5G സ്മാർട്ട്‌ഫോണുകളുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ഒരേയൊരു സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് നെറ്റ്‌വർക്കായി മാറുന്നു.

മൊബൈൽ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് വൊഡാഫോണിന്റെ ഈ വീഡിയോ കോൾ എന്ന് പറയപ്പെടുന്നു. ഇതിന് മുൻപും ചരിത്രപരമായ ഒരുപാട് മുന്നേറ്റങ്ങൾ ടെലിക്കോം മേഖലയിൽ വൊഡാഫോൺ നടത്തിയിട്ടുണ്ട്. 1985 ജനുവരി 1 ന് യുകെയിലെ ആദ്യത്തെ മൊബൈൽ ഫോൺ കോൾ നടത്തിയത് വോഡഫോൺ ആയിരുന്നു. ഈ സംഭവം നടന്ന് 40 വർഷങ്ങൾക്ക് ഇപ്പുറമാണ് പുതിയ ഈ നേട്ടവും വൊഡാഫോൺ കൈവരിച്ചിരിക്കുന്നത്.
ഇവിടെ ഡയറക്ട്-ടു -മൊബൈൽ സാറ്റലൈറ്റ് സാങ്കേതികവിദ്യ വോഡഫോണിന്റെ ഫൈബർ, മൊബൈൽ നെറ്റ്‌വർക്കുകളുമായി തടസ്സമില്ലാതെ സംയോജിപ്പിക്കുന്നു, എക്സ്ട്രാ ഡിവൈസുകളോ മാനുവൽ സ്വിച്ചിംഗോ ഇല്ലാതെ തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഇവിടെ വൊഡാഫോൺ ഉറപ്പാക്കുന്നു. പർവതങ്ങൾ, കടലുകൾ, മൊബൈൽ അല്ലെങ്കിൽ മറ്റ് വിധത്തിലുള്ള കണ്കടിവിറ്റി ഇല്ലാത്ത ഗ്രാമപ്രദേശങ്ങൾ തുടങ്ങിയ വിദൂര സ്ഥലങ്ങളിൽ വിശ്വസനീയമായ കണക്റ്റിവിറ്റി ലഭ്യമാക്കാൻ വൊഡാഫോണിന്റെ ഈ പുതിയ ടെക്നോളജിക്ക് സാധിക്കും.
വൊഡാഫോണിന്റെ ഈ പുതിയ മുന്നേറ്റത്തെ ബ്രിട്ടണിലെ ടെലിക്കോം മന്ത്രി സർ ക്രിസ് ബ്രയന്റ് പ്രശംസിച്ചു, "എത്തിച്ചേരാൻ പ്രയാസമുള്ള പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിന് വോഡഫോണിന്റെ ഉപഗ്രഹത്തിന്റെയും 5G സാങ്കേതികവിദ്യയുടെയും ഉപയോഗം ഞങ്ങളുടെ ഡിജിറ്റൽ ഉപയോഗത്തിന്റെയും വളർച്ചയുടെയും ലക്ഷ്യവുമായി യോജിക്കുന്നു" എന്ന് അദ്ദേഹം പ്രസ്താവിച്ചു. ''എല്ലാവരെയും, അവർ എവിടെയായിരുന്നാലും, ബന്ധിപ്പിക്കുക എന്നതാണ് വോഡഫോണിന്റെ ദൗത്യം'' എന്ന് ഈ നാഴികക്കല്ലിനെക്കുറിച്ച് സംസാരിക്കുമ്പോൾ, വോഡഫോൺ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് മാർഗരിറ്റ ഡെല്ല വാലെ പറഞ്ഞു.

ബഹിരാകാശ അധിഷ്ഠിത കണക്റ്റിവിറ്റി പരീക്ഷണങ്ങൾക്ക് തുടക്കമിടുന്നതിൽ പ്രധാന പങ്ക് വഹിച്ചുകൊണ്ട് 2019 ൽ വോഡഫോൺ AST സ്‌പേസ്‌മൊബൈലിൽ ഒരു പ്രധാന നിക്ഷേപകനായി. AST സ്‌പേസ്‌മൊബൈലിന്റെ അഞ്ച് ബ്ലൂബേർഡ് ഉപഗ്രഹങ്ങൾ ഇപ്പോൾ നിലവിലുള്ള സ്‌മാർട്ട്‌ഫോണുകളിലേക്ക് നേരിട്ട് 120 Mbps വരെ പീക്ക് ഡാറ്റ ട്രാൻസ്മിഷൻ വേഗത നൽകുന്നു.
മറ്റ് ലോ എർത്ത് ഓർബിറ്റ് സാറ്റലൈറ്റ് കോൺസ്റ്റലേഷനുകളിൽ നിന്ന് വ്യത്യസ്തമായി, ഈ നെറ്റ്‌വർക്ക് അടിസ്ഥാന ടെക്സ്റ്റ് മെസേജിംഗ് കഴിവുകളെ മറികടക്കുന്ന തത്സമയ മൊബൈൽ ബ്രോഡ്‌ബാൻഡ് പ്രാപ്തമാക്കുന്നു. കൂടുതൽ പരീക്ഷണങ്ങൾക്ക് ശേഷം, ഈ വർഷം അവസാനത്തോടെയും 2026 ലും യൂറോപ്യൻ വിപണികളിൽ ഡയറക്ട്-ടു-സ്മാർട്ട്‌ഫോൺ ബ്രോഡ്‌ബാൻഡ് സാറ്റലൈറ്റ് സേവനം ആരംഭിക്കാൻ വോഡഫോൺ ലക്ഷ്യമിടുന്നു.


Click it and Unblock the Notifications







