ദീപാവലിക്കാലത്ത് ഇന്ത്യക്കാർ വാങ്ങിക്കൂട്ടിയ ക്രിപ്റ്റോ നാണയങ്ങൾ ഏതൊക്കെ?
സോഷ്യൽ മീഡിയകളിലെ തമാശകളും കളിയാക്കലുകളും അവയിൽ നിന്ന് രൂപപ്പെടുന്ന കഥാപാത്രങ്ങളുടെയും പേരിൽ പുറത്തിറക്കുന്ന ക്രിപ്റ്റോ കറൻസികളാണ് മെം കോയിൻസ്. എന്നാൽ മെം കോയിൻസ് ഇപ്പോൾ അധികം തമാശയല്ലാതായി മാറിയിരിക്കുന്നു. 'ഷിബാ ഇനു' എന്ന് അറിയപ്പെടുന്ന ഒരു ജോക്ക് കോയിൻ ആണ് ക്രിപ്റ്റോ കമ്പോളങ്ങളിലെ ഇപ്പോഴത്തെ താരം. ദീപാവലിയോടനുബന്ധിച്ച് ഇന്ത്യൻ ക്രിപ്റ്റോ വിപണിയിൽ ഏറ്റവും മൂല്യമേറിയ കോയിനും ഷിബാ ഇനു തന്നെ. ദീപാവലി കേന്ദ്രീകരിച്ചുള്ള കോയിൻ വ്യാപാരത്തോടെ ഷിബാ ഇനുവിന്റെ മാർക്കറ്റ് ക്യാപ്പിറ്റൽ 40 ബില്ല്യൺ ഡോളറായി ഉയർന്നു. പ്രധാന എതിരാളിയായ ഡോഷ്കോയിനെയും മറി കടന്നാണ് ഷിബാ ഇനുവിന്റെ കുതിപ്പ്.

ക്രിപ്റ്റോകറൻസികളിലെ വല്ല്യേട്ടനായ ബിറ്റ് കോയിനും ഇന്ത്യൻ വിപണിയിൽ മസില് പെരുപ്പിച്ച് നിൽക്കുന്നുണ്ട്. ഒരു കോയിന് 50 ലക്ഷത്തോളമാണ് ഇന്ത്യൻ ക്രിപ്റ്റോ കമ്പോളത്തിൽ ബിറ്റ് കോയിന്റെ മൂല്യം. ഉത്സവ സീസണുകൾ കേന്ദ്രീകരിച്ച് പുതിയ നിക്ഷേപങ്ങൾക്കുള്ള പ്രധാന ഓപ്ഷനായി ക്രിപ്റ്റോകറൻസികൾ മാറുകയാണ്. ഈ പ്രവണതയ്ക്ക് ഏറ്റവും വലിയ ഉദാഹരണമാണ് ഈ ദീപാവലി സീസണിൽ നടന്ന ഡിജിറ്റൽ ടോക്കൺ ട്രേഡ്. ഇത്തവണ ഇന്ത്യക്കാരെ ആകർഷിച്ച പ്രധാന ഡിജിറ്റൽ നാണയം ഷിബാ ഇനുവാണെന്നാണ് രാജ്യത്തെ പ്രധാന ക്രിപ്റ്റോ എക്സ്ചേഞ്ചുകൾ പറയുന്നത്.

ഷിബാ ഇനു (ഷിബ്) ഏറ്റവും ജനപ്രിയ നാണയമായി മാറിയതായി ബൈയുകോയിൻ സിഇഒ ശിവം തക്രാൽ ദേശീയ മാധ്യമത്തോട് പറഞ്ഞു. സ്ഥിരമായി ലാഭം നൽകുന്നതാണ് ഷിബിന്റെ പ്രത്യേകതയെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. തുടക്കക്കാരും പരിചയ സമ്പന്നരുമായ നിക്ഷേപകർ ഒരു പോലെ ഷിബിലേക്ക് ആകർഷിക്കപ്പെടുന്നു. സാമ്പത്തിക വർഷത്തിന്റെ നാലാം പാദം അവസാനിക്കുന്നതോടെ ഷിബിന്റെ മൂല്യത്തിൽ 10 പൈസയുടെ വർധനവ് ഉണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മനാ, ഡോഷ് കോയിൻ, എതീറിയം, ബിറ്റ് കോയിൻ എന്നിവയാണ് ഷിബാ ഇനു കഴിഞ്ഞാൽ ഇന്ത്യൻ വിപണികളിൽ ഏറ്റവും കൂടുതൽ ട്രേഡ് ചെയ്യപ്പെട്ടത്.

എലോൺ മസ്ക് ഉൾപ്പെടെയുള്ളവരുടെ ട്വീറ്റുകളുടെ കുത്തൊഴുക്കാണ് ഷിബാ ഇനുവിന്റെ ജനപ്രീതി കൂട്ടിയത്. ഒപ്പം ഷിബിനെ റോബിൻഹുഡിൽ ലിസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ക്യാമ്പയിനുകൾ പോലും ആരംഭിച്ചു. പിന്നാലെ വസിർഎക്സ് ക്രിപ്റ്റോ എക്സ്ചേഞ്ച് ഷിബിനെ തങ്ങളുടെ പ്ലാറ്റ്ഫോമിൽ റാലി ചെയ്തു. വൻ സ്വീകരണമാണ് വസിർ എക്സിൽ ഷിബാ ഇനു കോയിന് ലഭിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ മാത്രം 320 ദശലക്ഷം ഡോളർ മൂല്യമുള്ള ഇടപാടുകളാണ് അവിടെ നടന്നത്.

കൂടാതെ, കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വസിർ എക്സിന്റെ ട്രേഡിംഗ് വോളിയത്തിന്റെ ഏതാണ്ട് 50 ശതമാനവും ഷിബിൽ നിന്നാണ് വരുന്നത്. ഷിബ ഇനു, ലൂപ്രിംഗ്, ടെതർ, ബിറ്റ്‌കോയിൻ, സാൻഡ്‌ബോക്‌സ്, വസീർഎക്‌സ് നാണയങ്ങൾ എന്നിവയാണ് വോളിയത്തിന്റെ കാര്യത്തിൽ ഏറ്റവും കൂടുതൽ ട്രേഡ് ചെയ്യപ്പെടുന്ന ടോക്കണുകൾ എന്ന് വസിർ എക്സ് ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചിന്റെ സിഇഒ സിദ്ധാർത്ഥ് മേനോൻ അറിയിച്ചു. ഡബ്ല്യൂആർഎക്സും ഷിബും ഇന്ത്യയിൽ ഏറ്റവുമധികം ട്രേഡ് ചെയ്യപ്പെടുന്ന ടോക്കണുകളാണ്, വസീർ എക്സ് എക്സ്ചേഞ്ചിൽ ട്രേഡ് ചെയ്യപ്പെടുന്ന ക്രിപ്റ്റോ നാണയങ്ങളിൽ ഏറ്റവും അധികം ലിക്വിഡിറ്റിയും വോളിയവും ഇവ രണ്ടിനും ആണെന്നും സിദ്ധാർഥ് മേനോൻ പറഞ്ഞു.

എന്താണ് മെം കോയിൻ
ആദ്യ കാലത്ത് വെറും കോമാളിത്തരം എന്ന് കണ്ടിരുന്ന ക്രിപ്റ്റോകറൻസികളാണ് മെം കോയിനുകൾ. ജനപ്രിയ സോഷ്യൽ മീഡിയ തമാശകൾ, പരിഹാസങ്ങൾ, വാക്യങ്ങൾ, കഥാപാത്രങ്ങൾ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇവ പുറത്തിറക്കിയത്. 2013ൽ ഡോഷ്കോയിന്റെ വരവോടെയാണ് മെം കോയിനുകളുടെ തുടക്കം കുറിച്ചത്. ആദ്യം കോമഡിയായി കണ്ടിരുന്ന ഡോഷ്കോയിൻ പിന്നീട് വളരെ പ്രശ്സതിയാർജിക്കുകയും 32.54 ബില്യൺ ഡോളറിന്റെ വിപണി മൂല്യവുമായി പത്താമത്തെ വലിയ ക്രിപ്‌റ്റോകറൻസിയായി. നിലവിൽ ഏകദേശം 124 മെം കോയിനുകൾ നിലവിലുണ്ട്.
പെട്ടെന്നുള്ള ലാഭം, ഇതാണ് മെം കോയിനുകളുടെ ആകർഷണം. പ്രത്യേക ഉപയോഗമോ മൂല്യമോ ഇല്ലാതെയാണ് ഈ നാണയങ്ങൾ സൃഷ്ചടിക്കപ്പെടുന്നത്. ബിറ്റ്കോയിൻ പോലെയുള്ള മുഖ്യധാരാ കറൻസികൾ സൃഷ്ടിച്ചത് ട്രേഡിങും ഇടപാടുകളും കൂട്ടാനുള്ള സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണെന്ന് ഓർക്കണം. 'കാമ്പിന്' ബലമില്ലാത്തതിനാൽ തന്നെ മെം കോയിനുകൾ എപ്പോഴും അസ്ഥിരം ആയിരിക്കും. ഇത് വിലയിൽ പെട്ടെന്നുള്ള ഉയർച്ചയ്ക്കും തകർച്ചയ്ക്കും ഇടയാക്കും. ജോക്ക് കോയിനുകളുടെ പ്രകടനം കൂടുതലും സോഷ്യൽ മീഡിയ പിന്തുണയുമായും അവിടെ സ്വാധീനം ചെലുത്തുന്ന എലോൺ മസ്കിനെപ്പോലെ ഉള്ളവർ സൃഷ്ടിക്കുന്ന ഹൈപ്പുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിവേഗത്തിൽ പുറത്തിറങ്ങുകയും പ്രശസ്തമാവുകയും ചെയ്യുന്ന ഈ നാണയങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ നഷ്ടപ്പെടാനും സാധ്യത കൂടുതലാണ്.


Click it and Unblock the Notifications