വയനാടിന്റെ ആരും തിരിച്ചറിയാത്ത രക്ഷകൻ! നന്ദി പ്രതീക്ഷിക്കുന്നില്ല, ബിഎസ്എൻഎല്ലിന് ഇത് രാജ്യസേവനമാണ്
കേരളം ഇന്നുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ ദുരന്തത്തെ നേരിട്ടുകൊണ്ടിരിക്കുയാണ് വയനാട്. നാടിനെ നടുക്കി ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം ഇതിനകം ഇരുന്നൂറ് കടന്നു. ഒരു പ്രദേശത്തെ ഒന്നാകെ തകർത്തുകൊണ്ട് കടന്നുപോയ ഉരുൾപൊട്ടലിന് ശേഷം ബാക്കിയായ ജീവനുകളെ രക്ഷിക്കാനും പുനരധിവസിപ്പിക്കാനും രക്ഷാപ്രവർത്തനം യുദ്ധകാല അടിസ്ഥാനത്തിൽ നടന്നുകൊണ്ടിരിക്കുന്നു. ഇത്ര വലിയ ഒരു അപകടം നടന്ന ഈ ഘട്ടത്തിൽ ദുരന്തപ്രദേശത്തെ മൊബൈൽ ഉപയോക്താക്കളുടെ രക്ഷകനായി മാറിയിരിക്കുകയാണ് ബിഎസ്എൻഎൽ. അപകട പ്രദേശത്തെ തങ്ങളുടെ പ്രിയപ്പെട്ടവരുടെ വിവരങ്ങൾ അറിയാൻ മൊബൈലിൽ നിരവധി പേർ ശ്രമിച്ചുകൊണ്ടിരിക്കുന്നു.
ഈ ഘട്ടത്തിൽ ഏറ്റവും മികച്ച സൗകര്യങ്ങൾ ചൂരൽമലയിൽ ഒരുക്കി പ്രദേശത്തെ ടെലിക്കോം സേവനങ്ങൾ തടസം കൂടാതെ മുന്നോട്ട് പോകുന്നതിൽ വലിയ പങ്ക് വഹിച്ചിരിക്കുന്നത് ബിഎസ്എൻഎൽ ആണ്. കാരണം അപകടം നടന്ന പ്രദേശത്ത് മൊബൈൽ ടവർ ഉള്ള ഏക ടെലിക്കോം കമ്പനി ബിഎസ്എൻഎൽ ആണ്. ജിയോ ഈ പ്രദേശത്ത് സർവീസ് നടത്തുന്നുണ്ടെങ്കിലും അത് ബിഎസ്എൻഎൽ ടവർ ഷെയർചെയ്തുകൊണ്ടാണ്.

ഗ്രാമീണ പ്രദേശങ്ങളെ ടെക്നോളജിയുടെ ലോകത്തേക്ക് കൈപിടിച്ച് കൊണ്ടുവരുന്നതിനായി, ലാഭം നോക്കാതെ ഗ്രാമങ്ങൾ കേന്ദ്രീകരിച്ചും ടെലിക്കോം സേവനങ്ങൾ അവതരിപ്പിക്കുന്ന ബിഎസ്എൻഎല്ലിന്റെ പ്രതിബദ്ധതയുടെ അടയാളമായി ചൂരൽമലയിലെ ഏക ബിഎസ്എൻഎൽ ടവർ ഈ ഘട്ടത്തിൽ മാറിയിരിക്കുന്നു. സ്വകാര്യ ടെലിക്കോം കമ്പനികൾ ലാഭം കൂടുതൽ ലഭ്യമാകുന്ന സ്ഥലങ്ങൾ ലക്ഷ്യമിട്ടാണ് വികസന പ്രവർത്തനങ്ങൾ കൂടുതൽ നടത്തുകയെന്ന് പൊതുവേയുള്ള ആക്ഷേപമാണ്.
എന്നാൽ പൊതുമേഖലാ സ്ഥാപനം എന്ന നിലയിൽ വരുമാനം പോലെ തന്നെ ബിഎസ്എൻഎല്ലിന് നാടിന്റെ പുരോഗതിയും മുഖ്യമാണ്. ആ കരുതൽ ഇന്ന് ദുരന്തത്തിൽപ്പെട്ട വയനാടൻ ജനതയ്ക്ക് നൽകുന്ന ആശ്വാസം ചില്ലറയൊന്നുമല്ല. ദൂരെയെവിടെയോ ഇരുന്ന് അപകട പ്രദേശത്തുള്ള പ്രിയപ്പെട്ടവരുടെ ശബ്ദമൊന്ന് കേൾക്കാൻ വിളിക്കുന്നവർ യഥാർഥത്തിൽ കടപ്പെട്ടിരിക്കുന്നത് ബിഎസ്എൻഎല്ലിനോട് ആണ്.

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വൻ സജ്ജീകരണങ്ങളാണ് ബിഎസ്എൻഎൽ ജീവനക്കാരുടെ നേതൃത്വത്തിൽ മണിക്കൂറുകൾക്കകം ചൂരൽമലയിലും മേപ്പാടിയിലും നടത്തിയത്. ബിഎസ്എൻഎൽ ചൂരൽ മല ടവറും മേപ്പാടി ടവറും 4G ആയി യുദ്ധകാല അടിസ്ഥാനത്തിൽ അപ്ഗ്രേഡ് ചെയ്തിട്ടുണ്ട്. സാധാരണ 4G സ്‌പെക്ട്രത്തിന് ഒപ്പം കൂടുതൽ ദൂര പരിധിയിൽ സേവനം ലഭ്യമാക്കാൻ 700 മെഗാ ഹെർട്സ് ഫ്രീക്വൻസി തരംഗങ്ങളും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.
രക്ഷാപ്രവർത്തനത്തിൽ ആശയവിനിമയം വളരെ പ്രധാനമാണ്. അവിടെയാണ് ബിഎസ്എൻഎൽ ഉണർന്ന് പ്രവർത്തിച്ചത്. ദുരന്തമുണ്ടായ സമയം മുതൽ ഇത് വരെയും പേമാരിയും ഉരുൾ പൊട്ടലും വൈദ്യുതി തടസ്സങ്ങളും അടക്കമുള്ള പ്രതിസന്ധികൾ നേരിട്ടും ദുരിതബാധിത പ്രദേശങ്ങളിൽ നിസ്സീമമായ മൊബൈൽ സേവനം നൽകാൻ BSNL ന് സാധിച്ചു.
ദുരിതാശ്വാസ പ്രവർത്തനം ഏകോപിപ്പിക്കുന്നവർക്ക് മൊബൈൽ സേവനവും അതിവേഗ ഇൻ്റർനെറ്റിനുമൊപ്പം ആരോഗ്യവകുപ്പിന് വേണ്ടി പ്രത്യേക ടോൾ-ഫ്രീ നമ്പറുകളും, ജില്ലാ ഭരണ കൂടത്തിന് വേണ്ടി അതിവേഗ ഇൻ്റർനെറ്റ് കണക്ഷനുകളും ഇതിനകം ബിഎസ്എൻഎൽ പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട്. കഴിഞ്ഞ പ്രളയകാലങ്ങളിൽ ഉൾപ്പെടെ നിരവധി പേർക്ക് ഏക ആശ്രയം ബിഎസ്എൻഎൽ ആയിരുന്നു.

ബിഎസ്എൻഎൽ ഡാറ്റ വേഗത പോര എന്ന് ചിലർ വിമർശിക്കാറുണ്ട്. ആ വിമർശനം ഒരുപരിധിവരെ ന്യായവുമാണ്. എന്നാൽ ചിലർക്ക് ബിഎസ്എൻഎൽ എന്ന് കേൾക്കുന്നതേ അലർജിയാണ്. പക്ഷേ ബിഎസ്എൻഎൽ എന്ന പ്രസ്ഥാനം നിലനിൽക്കേണ്ടത് രാജ്യത്തിന്റെ പൊതു ആവശ്യമാണ് എന്ന് ഇത്തരം നിർണായ ഘട്ടങ്ങളിലെ പ്രവർത്തനങ്ങളിലൂടെ ബിഎസ്എൻഎൽ നമ്മെ ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
വയനാട്ടിൽ ബിഎസ്എൻഎൽ നൽകിയ സേവങ്ങൾ ബിഎസ്എൻഎൽ കേരള സർക്കിൾ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചിട്ടുണ്ട്. എന്നും നാടിനൊപ്പം നിൽക്കുക, കഷ്ടപ്പെടുന്ന മനുഷ്യർക്കൊപ്പം നിൽക്കുക എന്നതാണ് തങ്ങളുടെ കർത്തവ്യമെന്ന് ബിഎസ്എൻഎൽ ആ കുറിപ്പിലൂടെ പറയാതെ പറയുന്നു. മുൻപ് നിരവധി പേർക്ക് ബിഎസ്എൻഎല്ലിനെ പുച്ഛമായിരുന്നു, എന്നാൽ സ്വകാര്യ ടെലിക്കോം കമ്പനികളുടെ നിരക്ക് വർധന നിലവിൽ വന്നതോടെ കുറച്ചധികം പേർ ബിഎസ്എൻഎല്ലിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്.


Click it and Unblock the Notifications








