ഇൻസ്റ്റഗ്രാമിൽ റീൽസ് ഇടാൻ 8 മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റ് ഐഫോൺ വാങ്ങി യുവദമ്പതികൾ!
ഐഫോൺ പലരുടെയും സ്വപ്നമാണ്. സ്വന്തമായി ഒരു ഐഫോൺ വാങ്ങാൻ കടുംകൈയ്ക്ക് മുതിർന്ന ഒരുപാട് പേരുടെ കഥകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്ന ഒരുസംഭവം രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ബംഗാളിൽ യുവദമ്പതികൾ തങ്ങളുടെ കുട്ടിയെ വിറ്റ് ഐഫോൺ വാങ്ങി എന്നതാണ് ആ ഞെട്ടിക്കുന്ന വാർത്ത.
എന്തിനു വേണ്ടിയാണ് ഇവർ ഐഫോൺ വാങ്ങിയത് എന്നത് മനുഷ്യത്വമുള്ള ആളുകളെ കൂടുതൽ ഞെട്ടിക്കും. ഇൻസ്റ്റഗ്രാമിൽ റീൽസ് ഇടാൻ മികച്ച വീഡിയോകൾ എടുക്കുന്നതിന് ആയാണ് ഇരുവരും ചേർന്ന് തങ്ങളുടെ എട്ട് മാസം മാത്രം പ്രായമുള്ള കുട്ടിയെ വിറ്റത് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലാണ് രാജ്യത്തെ ഞെട്ടിച്ച ഈ കുട്ടിക്കടത്ത് നടന്നിരിക്കുന്നത്. സംഭവത്തിൽ കുട്ടിയുടെ അമ്മ സതിയെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തു. പിതാവ് ജയദേവ് ഘോഷ് ഇപ്പോഴും ഒളിവിലാണ്, പോലീസ് ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഇൻസ്റ്റഗ്രാം റീൽസിലൂടെ ആളുകളുടെ ശ്രദ്ധപിടിച്ചുപറ്റാനുള്ള അതിമോഹമാണ് ഇത്തരമൊരു അതിരുകടന്ന നീക്കത്തിന് യുവദമ്പതികളെ പ്രേരിപ്പിച്ചത്.
ബംഗാളിലുടനീളം ഒരു ട്രിപ്പ് നടത്താൻ ഈ ദമ്പതികൾ പ്ലാൻ ഇട്ടിരുന്നു. ഇതിനിടെ റീൽസുകൾ ചിത്രീകരിക്കാനാണ് കുട്ടിയെ വിറ്റ് ഐഫോൺ വാങ്ങിയത് എന്ന് പിടിയിലായ യുവതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. കുടുംബത്തിലെ എട്ട് മാസം മാത്രം പ്രായമുള്ള കുട്ടിയെ കാണാതായത് അയൽവാസികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ കുട്ടിയെ കാണാതായതിന്റെ യാതൊരു ആശങ്കയും ഉത്ഘണ്ഠയും മാതാപിതാക്കളിൽ ഉണ്ടായിരുന്നില്ല.
അതിനിടെ ഇവരുടെ കൈയിൽ ഐഫോൺ ഉണ്ടെന്നും അയൽക്കാർ കണ്ടെത്തി. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന കുടുംബത്തിന്റെ കൈയിൽ ഒരു ലക്ഷത്തിന് മുകളിൽ വിലയുള്ള ഐഫോൺ കണ്ടതും, കുട്ടിയെ കാണാതായതും കൂട്ടിവായിച്ചതോടെ ദുരൂഹത മണത്ത നാട്ടുകാർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സത്യം പുറത്തുവന്നത്.
സംഭവത്തിൽ കേസ് മനുഷ്യക്കടത്തിന് കേസ് രജിസ്റ്റർ ചെയ്ത പോലീസ് കുട്ടിയുടെ മാതാപിതാക്കൾക്കൊപ്പം കുട്ടിയെ വാങ്ങിയ സ്ത്രീയെയും പ്രതിചേർത്തിട്ടുണ്ട്. കുട്ടിയെ വിറ്റത് ഐഫോൺ വാങ്ങാൻ വേണ്ടിയാണ് എന്ന് പുറത്തറിഞ്ഞതോടെ നാട്ടുകാരും ദമ്പതികൾക്കെതിരേ കടുത്ത അമർഷത്തിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുകയാണ്. കൂടുതൽ വിശദാംശങ്ങൾ ഇതിനു ശേഷമേ അറിയാൻ കഴിയൂ.
പ്രശസ്തി നേടാൻ വേണ്ടി ദമ്പതികൾ നടത്തിയ ഈ കടുംകൈ സാമൂഹികമാധ്യമങ്ങൾ ആളുകളുടെ ജീവിതത്തിൽ ചെലുത്തുന്ന ദോഷകരമായ സ്വാധീനത്തിന്റെ ഉദാഹരണമായാണ് വിലയിരുത്തപ്പെടുന്നത്. സാമൂഹിക മാധ്യമങ്ങളിൽ ലൈക്കുകൾക്കും ഷെയറുകൾക്കും വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത നിലയിലേക്ക് പുതിയ തലമുറ മാറിയിരിക്കുന്നു എന്ന് നിരവധി പേർ കുറ്റപ്പെടുത്തി.
ആളുകളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ സോഷ്യൽ മീഡിയ വലിയ അവസരമൊരുക്കുന്നു എന്നത് ശരിയാണെങ്കിലും പലരും ഇത് ദുരുപയോഗം ചെയ്യുന്നു. ഇൻസ്റ്റഗ്രാം റീൽസുകളും അതിലൂടെ ലഭിക്കുന്ന പ്രശസ്തിയും യുവ തലമുറയിൽ എത്രമേൽ സ്വാധീനം നേടിയിരിക്കുന്നു എന്നും ഈ സംഭവം തെളിയിക്കുന്നു. അതേസമയം, സാമ്പത്തിക നേട്ടങ്ങൾക്കായി മാതാപിതാക്കൾ കുട്ടിയെ വിൽക്കുന്ന ആദ്യ സംഭവമല്ല ഇത്.

പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയിൽ ഒരു അനാഥാലയം കുട്ടികളില്ലാത്ത ദമ്പതികൾക്ക് കുഞ്ഞുങ്ങളെ അനധികൃതമായി വിൽക്കുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. 100,000 രൂപ മുതൽ 200,000 രൂപവരെയുള്ള തുകയ്ക്കാണ് ഈ അനാഥാലയത്തിന്റെ അധികൃതർ കുട്ടികളെ വിറ്റിരുന്നത്. സംഭവം പുറത്തായതോടെ അഭയകേന്ദ്രം നടത്തിയിരുന്ന, ഈ റാക്കറ്റിന്റെ തലവനടക്കം പിടിയിലായിരുന്നു.
ഐഫോണിനായി കുട്ടികളെ വിറ്റ സംഭവങ്ങൾ മുമ്പുമുണ്ടായിട്ടുണ്ട്. 2016-ൽ, ചൈനീസ് ദമ്പതികൾ ഐഫോണിനായി 18 ദിവസം പ്രായമുള്ള മകളെ 3530 ഡോളറിന് വിറ്റു. പെൺമക്കളെ വിറ്റ് ഐഫോൺ വാങ്ങാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച ഓസ്ട്രേലിയൻ യുവതി, പിന്നീട് ആ മക്കളെ 9 മണിക്കൂർ കാറിൽ പൂട്ടിയിട്ട് മരണത്തിലേക്ക് നയിച്ച സംഭവവും ലോകത്ത ഞെട്ടിച്ചിരുന്നു.


Click it and Unblock the Notifications








