എന്താണ് ആള്‍ട്ടര്‍നേറ്റ് റിയാലിറ്റി ഗെയിം ?

Posted By: Staff

എന്താണ്  ആള്‍ട്ടര്‍നേറ്റ് റിയാലിറ്റി ഗെയിം ?

ഗെയിമുകള്‍ കളിയ്ക്കുന്നവര്‍ക്കറിയാം അവയിലെ വ്യത്യസ്തത. പലതരം ഗെയിമുകള്‍ തുടക്കകാലം മുതല്‍ക്കേ നിലവിലുണ്ട്. ഈ തരംതിരിവ് പലതരത്തിലാണ്. ഗെയിമുകളുടെ സ്വഭാവം, സാങ്കേതിക വൈവിധ്യങ്ങള്‍, ഒന്നിലധികം മാധ്യമങ്ങളുടെ സങ്കലനം അങ്ങനെ ഒരുപാട് തലങ്ങളിലുള്ള വ്യത്യാസങ്ങള്‍ ഓരോ ഗെയിമുകള്‍ക്കും കാട്ടിത്തരാനുണ്ട്. അത്തരത്തിലൊരു വ്യത്യസ്തമായ ഗെയിമിംഗ് അനുഭവമാണ് ആള്‍ട്ടര്‍നേറ്റ് റിയാലിറ്റി ഗെയിമുകള്‍ (എ ആര്‍ ജി) പങ്കുവയ്ക്കുന്നത്. പേര് സൂചിപ്പിയ്ക്കുന്നത് പോലെ തന്നെ നമ്മള്‍ ജീവിയ്ക്കുന്ന യഥാര്‍ത്ഥ ലോകം തന്നെയാണ് ഇത്തരം ഗെയിമുകളുടെ അരങ്ങ്. മാത്രമല്ല ഒന്നിലധികം മാധ്യമങ്ങളിലൂടെയുള്ള കഥാഖ്യാന സമ്പ്രദായമാണ് ഇതില്‍ പിന്തുടരുന്നത്. ഈ കഥാഗതി കളിക്കാരന്റെ ചിന്തകള്‍ക്കും പ്രവര്‍ത്തികള്‍ക്കും അനുസൃതമായി മാറ്റിമറിയ്ക്കപ്പെടാം. സാധാരണ മനുഷ്യ ജീവിതത്തില്‍ നമ്മള്‍ ഉപയോഗിയ്ക്കുന്ന ഫോണ്‍കോളുകളും, വെബ്‌സൈറ്റുകളും, ഈ മെയിലും, ആളുകള്‍ തമ്മിലുള്ള ആശയവിനിമയവുമൊക്കെ അതേ പോലെ തന്നെ പസിളുകള്‍ അഴിയ്ക്കാന്‍  ഈ  ഗെയിമുകളിലും ഉപയോഗിയ്ക്കുന്നു എന്നതാണ് ഇവയുടെ ഏറ്റവും വലിയ ആകര്‍ഷണം.

ഇത്തരം ഗെയിമുകളുടെ ഘടന,  കളിക്കാര്‍ക്ക്  യഥാര്‍ത്ഥ സമയത്ത് നടക്കുന്ന ഒരു കഥയില്‍ ഉണ്ടാകുന്ന അതിയായ പങ്കാളിത്തവും, കളിക്കാരന്റെ പ്രതികരണങ്ങള്‍ക്കനുസരിച്ച് കഥാഗതിയില്‍ ഉണ്ടാകുന്ന മാറ്റവും അടിസ്ഥാനമാക്കിയാണ് നിര്‍ണ്ണയിക്കപ്പെട്ടിരിയ്ക്കുന്നത്. സാധാരണ ഗെയിമുകളിലെ പോലെ കമ്പ്യൂട്ടറിന്റെ കൃത്രിമ ബുദ്ധിയല്ല ഇവിടെ കളിക്കാര്‍ക്കെതിരെയോ ഒപ്പമോ കളിയ്ക്കുന്നത്. മറിച്ച് പപ്പെറ്റ് മാസ്റ്റേഴ്‌സ് എന്നു വിളിയ്ക്കപ്പെടുന്ന ഗെയിം ഡിസൈനര്‍മാരാണ് എ ആര്‍ ജിയില്‍ മറുവശത്ത് കളിയ്ക്കുന്നത്. കളിക്കാര്‍ മറ്റ് കഥാപാത്രങ്ങളുമായി നേരിട്ട് സംവദിച്ച്, കഥയിലെ വെല്ലുവിളികളും, കുരുക്കുകളും യഥാര്‍ത്ഥ ജീവിതത്തിലെന്ന പോലെ പരിഹരിച്ച് മുന്നോട്ട് പോകണം. എ ആര്‍ ജി-കള്‍ പൊതുവേ ടെലിഫോണ്‍, മെയില്‍ തുടങ്ങിയ വ്യത്യസ്ത മാധ്യമങ്ങളുപയോഗിച്ചാണ് പ്രവര്‍ത്തിയ്ക്കുന്നത്. എന്നാല്‍ ഇവയുടെ കേന്ദ്രനാഡി ആയി വര്‍ത്തിയ്ക്കുന്നത് ഇന്റര്‍നെറ്റാണ്.

ആള്‍ട്ടര്‍നേറ്റ് റിയാലിറ്റി ഗെയിമുകള്‍ക്ക് പ്രചാരം ഏറി വരികയാണ്. പുത്തന്‍ പരീക്ഷണങ്ങളും, വ്യത്യസ്ത മാതൃകകളും നിറഞ്ഞ പുതിയ ഗെയിമുകള്‍ അവതരിപ്പിയ്ക്കപ്പെടുന്നുണ്ട്. സാധാരണയായി ഈ ഗെയിമുകള്‍ സൗജന്യമായി കളിയ്ക്കാന്‍ സാധിയ്ക്കും. കാരണം ചില ഉത്പന്നങ്ങളുടെയോ, പരിപാടികളുടെയോ ഒക്കെ പരസ്യത്തിലൂടെ ആവശ്യമായ വരുമാനം കണ്ടെത്താന്‍ നിര്‍മ്മാതാക്കള്‍ക്ക് സാധിയ്ക്കുന്നു എന്നത് കൊണ്ടാണ്.  എന്നാല്‍ പണം നല്‍കി കളിയ്ക്കാവുന്ന ഗെയിമുകളും എണ്ണത്തില്‍ കുറവല്ല.

എന്താണ്  ആള്‍ട്ടര്‍നേറ്റ് റിയാലിറ്റി ഗെയിം ?

മൈക്രോസോഫ്റ്റിന്റെ ദ ബീസ്റ്റ്, ആള്‍ട്ടര്‍നേറ്റ് റിയാലിറ്റി ഗെയിമുകളിലെ ശ്രദ്ധേയമായ ഒരു ഉദാഹരണമാണ്. സ്റ്റീവന്‍ സ്പീല്‍ബര്‍ഗിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് എന്ന ചിത്രത്തിന്റെ പ്രചരാണാര്‍ത്ഥം നിര്‍മ്മിയ്ക്കപ്പെട്ട ഇതില്‍ ഓണ്‍ ലൈന്‍ കമ്മ്യൂണിറ്റികള്‍ കഥയുടെ ചുരുളഴിയ്ക്കുകയാണ് . സമ്മാനങ്ങളായി കിട്ടുന്നതോ, പുതിയ വെബ്‌സൈറ്റുകളും വീഡിയോകളും.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot