ഹൈസ്പീഡ് ഇന്റർനെറ്റ് 399 രൂപയ്ക്ക് കിട്ടുമോ? എന്താണ് ബിഎസ്എൻഎല്ലിന്റെ സ്പാർക്ക് പ്ലാൻ
കൂടുതൽ വരിക്കാരെ ആകർഷിക്കാൻ പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ (BSNL) കഴിഞ്ഞ കുറച്ചുനാളുകളായി നിരവധി ഓഫറുകർ പ്രഖ്യാപിക്കാറുണ്ട്. മൊബൈൽ സേവനങ്ങളുടെ കാര്യത്തിലായാലും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനങ്ങളുടെ കാര്യത്തിലായാലും കുറഞ്ഞ വിലയിൽ മികച്ച പ്ലാനുകൾ നൽകുക മാത്രമല്ല, ആകർഷകമായ ഓഫറുകൾ ലഭ്യമാക്കുകയും ചെയ്യാറുണ്ട് ബിഎസ്എൻഎൽ. ഭാരത് ഫൈബറിന് കീഴിൽ ബിഎസ്എൻഎല്ലിന്റെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനങ്ങൾ വളരെ കാര്യക്ഷമമായി മുന്നോട്ട് പോകുന്നുണ്ട്. മൊബൈൽ സേവന മേഖലയിൽ ഉള്ളതുപോലെ വേഗതക്കുറവിന്റെ പ്രശ്നങ്ങൾ ബിഎസ്എൻഎല്ലിന്റെ ഫൈബർ സേവനങ്ങൾക്ക് ഇല്ലേയില്ല. രാജ്യമെമ്പാടുമായി നിരവധി ഉപയോക്താക്കൾ സന്തോഷത്തോടെ ബിഎസ്എൻഎൽ ഫൈബർ സേവനങ്ങൾ ആസ്വദിച്ചുവരുന്നു.
ബിഎസ്എൻഎൽ തങ്ങളുടെ ബ്രോഡ്ബാൻഡ് വരിക്കാർക്കായും പുതിയ പല ഓഫറുകളും അടിയ്ക്കടി ലഭ്യമാക്കാറുണ്ട്. ഇപ്പോൾ കഴിഞ്ഞ രണ്ട് ആഴ്ചയായി ബിഎസ്എൻഎല്ലിന്റെ സ്പാർക്ക് പ്ലാൻ (BSNL Spark Plan) വളരെ ചർച്ചയാകുന്നുണ്ട്. എന്താണ് ഈ സ്പാർക്ക് പ്ലാനെന്നും അതിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണ് എന്നും ഇവിടെ പരിചയപ്പെടാം.

ബിഎസ്എൻഎൽ സ്പാർക്ക് പ്ലാൻ
ബിഎസ്എൻഎൽ അടുത്തിടെയാണ് സ്പാർക്ക് പ്ലാൻ എന്ന പേരിൽ ബ്രോഡ്ബാൻഡ് ഉപയോക്താക്കൾക്കായി ഒരു ഓഫർ അവതരിപ്പിച്ചത്. മുടക്കുന്ന തുകയ്ക്ക് തക്ക മൂല്യം തിരിച്ചുകിട്ടുന്ന 'വാല്യൂ ഫോർ മണി പ്ലാൻ' എന്ന നിലയ്ക്ക് ആണ് ബിഎസ്എൻഎൽ സ്പാർക്ക് പ്ലാൻ വരിക്കാരെ പരിചയപ്പെടുത്തുന്നത്. സ്പാർക്ക് എന്ന് കേൾക്കുമ്പോൾ വളരെ ഉയർന്ന വേഗതയുള്ള ഒരു പ്ലാനാണ് ഇത് എന്ന് തെറ്റിദ്ധരിച്ചേകാം.
50 Mbps വേഗതയാണ് ബിഎസ്എൻഎൽ സ്പാർക്ക് പ്ലാനിൽ യഥാർഥത്തിൽ ലഭ്യമാകുക. കുറഞ്ഞ വിലയിൽ 50 Mbps വേഗതയിൽ ഇന്റർനെറ്റ് ലഭ്യമാകും എന്നതാണ് സ്പാർക്ക് പ്ലാനിലെ ആനുകൂല്യം. പ്രതിമാസം 3300GB ഡാറ്റയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. അൺലിമിറ്റഡ് വോയ്സ് കോളിങ്ങും ഈ പ്ലാനിന്റെ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നുണ്ട്.

399 രൂപയാണ് ബിഎസ്എൻഎൽ സ്പാർക്ക് പ്ലാനിന്റെ വില. 50 Mbps വേഗത എന്നത് അത്ര വലിയ ഉയർന്ന വേഗതയല്ല എന്ന് പലർക്കും തോന്നിയേക്കാം, എന്നാൽ ഈ വിലയിൽ ഇത്രയും വേഗതയിൽ ഡാറ്റ കിട്ടുന്നു എന്നതാണ് ബ്രോഡ്ബാൻഡ് വരിക്കാർക്കിടയിൽ ബിഎസ്എൻഎൽ സ്പാർക്ക് പ്ലാനിനെ ചർച്ചാ വിഷയമാക്കുന്നത്.
നേരത്തെ 449 രൂപ വിലയിൽ ബിഎസ്എൻഎല്ലിന് ഒരു ബ്രോഡ്ബാൻഡ് പ്ലാൻ ഉണ്ടായിരുന്നു. ബിഎസ്എൻഎൽ ഫൈബർ ബേസിക് നിയോ പ്ലാൻ എന്നായിരുന്ന അതിന്റെ പേര്. ഈ 449 രൂപ പ്ലാൻ പ്രത്യേക ഓഫർ എന്ന നിലയിൽ ഇടയ്ക്ക് ബിഎസ്എൻഎൽ 399 രൂപ വിലയിൽ ലഭ്യമാക്കാറുണ്ടായിരുന്നു.
അന്ന് 449 രൂപയുടെ പ്ലാൻ 399 രൂപ വിലയിൽ ലഭിക്കുന്നു എന്ന നിലയ്ക്കാണ് ഓഫർ അവതരിപ്പിക്കപ്പെട്ടിരുന്നത്, ആനുകൂല്യങ്ങൾ സമാനമാണെങ്കിലും ഇപ്പോൾ 50 Mbps വേഗതയിൽ ഡാറ്റ കിട്ടുന്ന പ്രതിമാസ പ്ലാൻ എന്ന നിലയിലാണ് സ്പാർക്ക് പ്ലാൻ എത്തിയിരിക്കുന്നത്, അതായത് കുപ്പി പുതിയതാണെങ്കിലും വീഞ്ഞ് പഴയത് തന്നെ.

വീട്ടിലേക്ക് അത്യാവശ്യം മികച്ച വേഗതയിൽ ബ്രോഡ്ബാൻഡ് പ്ലാൻ തേടുന്നവർക്ക് ബിഎസ്എൻഎൽ സ്പാർക്ക് പ്ലാൻ പരിഗണിക്കാവുന്നതാണ്. 399 രൂപ വിലയിൽ ബിഎസ്എൻഎല്ലിന് മുൻപ് വേറൊരു പ്ലാൻ ഉണ്ടായിരുന്നു, ഫൈബർ റൂറൽ ഹോം വൈഫൈ പ്ലാൻ എന്നായിരുന്നു അതിന്റെ പേര്. 40Mbps വേഗതയും 1400GB ഡാറ്റയുമാണ് പഴയ ആ 399 രൂപ പ്ലാനിൽ കിട്ടിയിരുന്നത്. അതിനെക്കാൾ മെച്ചപ്പെട്ട ആനുകൂല്യങ്ങൾ ഇപ്പോൾ 399 രൂപയ്ക്ക് നൽകുന്നു എന്നതാണ് ബിഎസ്എൻഎൽ സ്പാർക്ക് പ്ലാനിന്റെ പ്രത്യേകത.


Click it and Unblock the Notifications