പേടികൂടാതെ എന്തും സൂക്ഷിച്ച് വയ്ക്കാം, പേയ്മെന്റും നടത്താം; പ്രയോജനപ്പെടും ഈ ഗൂഗിൾ വാലറ്റ്
സ്മാർട്ട്ഫോണുകൾ വ്യാപകമായി ഉപയോഗിക്കപ്പെടാൻ തുടങ്ങിയതോടെ ഡിജിറ്റൽ പണമിടപാടുകൾ വർധിക്കുകയും പുതിയൊരു വാണിജ്യ സംസ്കാരം തന്നെ രൂപപ്പെടുകയും ചെയ്തു. ഒരുപാട് പണം പോക്കറ്റിൽ കൊണ്ടുനടക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കിയതിൽ സ്മാർട്ട്ഫോണുകൾക്കും വലിയൊരു പങ്കുണ്ട്. ടെക്നോളജി വളരുന്നതിന് അനുസരിച്ച് പേയ്മെന്റ് രീതികളും പരിഷ്കരിക്കപ്പെടുന്നു. കൂടുതൽ എളുപ്പത്തിൽ പണമിടപാടുകൾ സാധ്യമായിക്കൊണ്ടിരിക്കുന്നു.
പാന്റുകളിലെ സ്ഥിര സാന്നിധ്യമായിരുന്ന പഴ്സിനെ പലരും ഒഴിവാക്കിത്തുടങ്ങിയത് സ്മാർട്ട്ഫോണുകളിൽ സ്മാർട്ട് പേയ്മെന്റ് രീതികൾ ഇടംപിടിച്ചതോടെ ആണ്. വിവിധ യുപിഐ ആപ്പുകൾ ഉപയോഗിച്ചും ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുമെല്ലാം ഇന്ന് പേയ്മെന്റ് നടക്കുന്നു. ഇത്തരം എല്ലാ പേയ്മെന്റ് സംവിധാനങ്ങളും ഒരു കുടക്കീഴിലാക്കാൻ ഇന്ന് ഓപ്ഷൻ ലഭ്യമാണ്.

ആഗോള ടെക് ഭീമൻകൂടിയായ ഗൂഗിൾ സ്മാർട്ട്ഫോണിനെ കൂടുതൽ സ്മാർട്ട് ആക്കാൻ സഹായിക്കുന്ന ഗൂഗിൾ വാലറ്റ് ( Google Wallet ) എന്ന സംവിധാനം അവതരിപ്പിച്ചിട്ടുണ്ട്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ മറ്റ് പ്രധാന വിവരങ്ങൾ എന്നിവ സുരക്ഷിതമായി സൂക്ഷിക്കാൻ ഗൂഗിളിന്റെ ഈ വാലറ്റ് സൗകര്യം ഏറെ സഹായകമാണ്.
എന്താണ് ഗൂഗിൾ വാലറ്റ്?: ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ പോലുള്ളവ സുരക്ഷിതമായി സംഭരിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു ഡിജിറ്റൽ വാലറ്റാണ് ഗൂഗിൾ വാലറ്റ്. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ സംയോജിപ്പിച്ചിട്ടുള്ള ഗൂഗിൾ വാലറ്റ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങാനും ഒറ്റ ക്ലിക്കിൽ പേയ്മെന്റ് നടത്താനും സാധിക്കും.
ഗൂഗിൾ വാലറ്റ് സംവിധാനം ഉപയോഗിച്ച് ഇന്ത്യയിലും പേയ്മെന്റുകൾ നടത്താൻ സാധിക്കും. എന്നാൽ ഗൂഗിൾ പേ അല്ലെങ്കിൽ ഗൂഗിൾ വാലറ്റ് കോൺടാക്റ്റ്‌ലെസ് ചിഹ്നമുള്ള കാർഡ് റീഡറുകളിൽ മാത്രമേ ഈ സംവിധാനം പ്രവർത്തിക്കൂ. അതേസമയം, യുകെ, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് പോലുള്ള പ്രദേശങ്ങളിൽ ഗൂഗിൾ വാലറ്റ് വളരെ സാധാരണമായി ഉപയോഗിച്ച് വരുന്നുണ്ട്.
ഓൺലൈൻ വെബ്‌സൈറ്റുകളിൽനിന്നുള്ള പർച്ചേസുകൾക്കും യൂബർ ആപ്പുകളിലും ഇത് ഉപയോഗിക്കാനാകും. ചെക്ക് ഔട്ട് ചെയ്യുമ്പോൾ, തുടരാൻ ഗൂഗിൾ പേ ബട്ടൻ തെരഞ്ഞെടുക്കുക. അതേസമയം, എല്ലാ ആപ്പുകളിലും വെബ്‌സൈറ്റുകളിലും ഈ ഫീച്ചർ കണ്ടു എന്നുവരില്ല. എങ്കിലും കോൺടാക്റ്റ്‌ലെസ് കാർഡ് റീഡറുകളുടെ അതേ ഭാവത്തിൽ ഗൂഗിൾ വാലറ്റ് കൂടുതൽ സാധാരണമായിക്കൊണ്ടിരിക്കുകയാണ്.
പേയ്മെന്റുകൾ നടത്താനുള്ള വേഗതയേറിയതും എളുപ്പമുള്ളതുമായ മാർഗമാണ് ഗൂഗിൾ വാലറ്റെന്ന് ഗൂഗിൾ അവകാശപ്പെടുന്നു, കൂടാതെ വിപുലമായ സുരക്ഷാ ഫീച്ചറുകളോടെ വിവരങ്ങൾ നിയന്ത്രിക്കാനും സാധിക്കും. യഥാർത്ഥ കാർഡ് നമ്പർ മറയ്‌ക്കുകയും, ബയോമെട്രിക് വിവരങ്ങൾ ഉപയോഗിച്ച് കോൺടാക്റ്റ്‌ലെസ് കാർഡ് പേയ്‌മെന്റുകൾ ഉപയോക്താക്കൾക്ക് മാത്രമേ നടത്താൻ കഴിയൂ എന്ന് ഉറപ്പാക്കുകയും ചെയ്യുന്ന ടാപ്പ്-ടു-പേയും ഈ വാലറ്റിൽ ഗൂഗിൾ വാഗ്ദാനം ചെയ്യുന്നു.
ഗൂഗിൾ വാലറ്റിൽ എന്താണ് ചേർക്കാൻ സാധിക്കും?: ഗൂഗിൾ വാലറ്റിന്റെ ഉപയോഗം കോൺടാക്റ്റ്‌ലെസ് കാർഡ് പേയ്‌മെന്റുകളിൽ മാത്രം ഒതുങ്ങുന്നില്ല. ഒരു ഡിജിറ്റൽ വാലറ്റ് എന്ന നിലയിൽ ഒരുപാട് വിവരങ്ങൾ സൂക്ഷിക്കാനും ഗൂഗിൾ വാലറ്റ് പ്രയോജനപ്പെടുത്താം. ലോയൽറ്റി കാർഡുകൾ, ഗിഫ്റ്റ് കാർഡുകൾ, പരിപാടികളുടെ ടിക്കറ്റുകൾ, വിമാന ടിക്കറ്റുകൾ, ഹെൽത്ത് പാസുകൾ തുടങ്ങിയവയെല്ലാം ഗൂഗിൾ വാലറ്റിൽ ചേർക്കാനാകും.
എല്ലാ സുപ്രധാന വിവരങ്ങളും ഒരു സ്ഥലത്ത് സൂക്ഷിക്കാൻ എന്നതാണ് ഗൂഗിൾ വാലറ്റിന്റെ ഒരു സൗകര്യം. ഗൂഗിൾ വാലറ്റിലേക്ക് വിവിധ ടിക്കറ്റുകൾ ആഡ് ചെയ്യുമ്പോൾ ഇവന്റ് ദിവസം അവ ദൃശ്യമാകും. ഇതിലൂടെ മറവിമൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാനും പേപ്പറോ പ്ലാസ്റ്റിക് കാർഡുകളോ കൊണ്ടുനടക്കേണ്ട ആവശ്യകത ഒഴിവാക്കാനും സാധിക്കും.

വരാൻ പോകുന്ന പരിപാടികളുടെ ട്രാക്ക് സൂക്ഷിക്കാനും ഗൂഗിൾ വാലറ്റ് സഹായിക്കുന്നു. കൂടാതെ ഉപയോക്താക്കളുടെ വാഹനം ഈ ഫീച്ചറിനെ പിന്തുണയ്ക്കുമെങ്കിൽ, ഡിജിറ്റൽ കാർ കീകൾ ഗൂഗിൾ വാലറ്റിലേക്ക് ചേർക്കാവുന്നതാണ്. നിലവിൽ ചില ബിഎംഡബ്ല്യു മോഡലുകളിൽ ഈ സൗകര്യം ലഭ്യമാണ്. വരുംമാസങ്ങളിൽ കൂടുതൽ കാർ മോഡലുകളിൽ ഡിജിറ്റൽ കീയും ഗൂഗിൾ വാലറ്റും ബന്ധിപ്പിച്ച് ഉപയോഗിക്കാൻ സാധിക്കും.
എല്ലാ പുതിയ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിലും ഗൂഗിൾ വാലറ്റ് സൗകര്യം ഉപയോഗിക്കാൻ സാധിക്കും. കൂടാതെ ചില ആൻഡ്രോയിഡ് ടാബ്‌ലെറ്റുകളും WearOS ഉള്ള വെയറബിൾ ഡിവൈസുകളിലും ഗൂഗിൾ വാലറ്റ് പിന്തുണയ്ക്കുന്നു. ഐഒഎസ് 10 നും അതിന് മുകളിലുമുള്ള ഐഫോൺ, ഐപാഡ് എന്നിവയിലും ഗൂഗിൾ വാലറ്റ് ഫീച്ചർ ലഭ്യമാകും.


Click it and Unblock the Notifications