ഐഫോൺ 17 സീരീസിലെ സ്ക്രാച്ച് മറയ്ക്കാൻ ഉപ്പ് പ്രയോഗമോ? 'രഹസ്യ' ട്രിക്ക് പുറത്ത്!
ഏറെ കാത്തിരിപ്പുകൾക്ക് ഒടുവിൽ കൈകളിലേക്ക് എത്തിയ ഐഫോൺ 17 സീരീസ് മോഡലുകളുടെ റിയർ പാനലിൽ സ്ക്രാച്ചുകൾ കണ്ടതിന്റെ വിഷമത്തിലാണ് പല ഐഫോൺ ഉപയോക്താക്കളും ഇപ്പോൾ എന്ന് ഇതിനകം പുറത്തുവന്ന വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആറ്റുനോറ്റിരുന്ന് ഉയർന്ന വില കൊടുത്ത് വാങ്ങിയ ഫോണിന്റെ സ്ക്രാച്ചുകൾ ആളുകളെ വിഷമിപ്പിക്കുന്നത് ആപ്പിളിന് വൻ തിരിച്ചടിയായിരിക്കുകയാണ്. ഇതിന്റെ കാരണം അന്വേഷിച്ച് കണ്ടെത്തിയതായി ആപ്പിൾ പറയുന്നു. ആപ്പിൾ സ്റ്റോറുകളിലെ പഴയ മാഗ്സേഫ് ചാർജറുകളുമായുള്ള സമ്പർക്കം കാരണമാണ് ചില മോഡലുകളിൽ പോറലുകൾ കണ്ടത് എന്നും ഇത് സാധാരണമാണ് എന്നുമാണ് ആപ്പിൾ പ്രതികരിച്ചത്.
17 സീരീസിലെ ഹിറ്റ് വേരിയന്റായ കോസ്മിക് ഓറഞ്ച് മോഡലിൽ ഉൾപ്പെടെ സ്ക്രാച്ചുകൾ കണ്ടെത്തിയിരുന്നു. വിഷയം വളരെ ചർച്ചയായതോടെ ആപ്പിൾ ഈ പ്രശ്നത്തിന് ചില പരിഹാരങ്ങൾ കണ്ടെത്തിയതായി ബ്ലൂംബെർഗും 9ടു5മാക്കും റിപ്പോർട്ട് ചെയ്യുന്നു. പുതിയ ഐഫോണുകളുടെ ബാക്ക്പ്ലേറ്റിൽ മാഗ്സേഫ് വയർലെസ് ചാർജിംഗ് ഏരിയയ്ക്ക് സമീപം ആണ് പോറലുകൾ കണ്ടെത്തുന്നത്.

ആപ്പിൾ സ്റ്റോറുകളിലെ മാഗ്സേഫ് സ്റ്റാൻഡുകൾ അവർ വിൽക്കുന്ന മാഗ്സേഫ് ചാർജറുകളുടേതിന് സമാനമാണ്, അവയിൽ ചുറ്റും ഒരു ലോഹ വളയം ഉണ്ട്. സ്റ്റാൻഡിൽ നിന്ന് ഫോൺ ഉയർത്തുമ്പോൾ, ആ റിംഗിൽ തട്ടാൻ സാധ്യത കൂടുതലാണ്. ഇത് കാലക്രമേണ പോറൽ വീഴാൻ കാരണമാകുന്നു എന്നാണ് വിലയിരുത്തൽ.
പഴയ മാഗ്സേഫ് ചാർജറുകളാണ് ഈ പ്രശ്നത്തിന് കാരണമെന്നും, ഈ പാടുകൾ യഥാർത്ഥത്തിൽ പോറലുകളല്ലെന്നും ആപ്പിൾ അവകാശപ്പെടുന്നു. ചില സ്റ്റോറുകളിൽ ഉപയോഗിക്കുന്ന തേഞ്ഞുപോയ മാഗ്സേഫ് സ്റ്റാൻഡുകൾ മൂലമാണ് ഈ പോറലുകൾ ഉണ്ടാകുന്നതെന്ന് ആപ്പിൾ വിലയിരുത്തുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഇതിന് പരിഹാരമായി ആപ്പിൾ സ്റ്റോറുകളിലെ തേഞ്ഞുപോയ പഴയ മാഗ്സേഫ് സ്റ്റാൻഡുകൾ മാറ്റിസ്ഥാപിക്കാൻ നിർദേശം നൽകി എന്നാണ് റിപ്പോർട്ട്.

സ്ക്രാച്ച് പരാതികൾ ഉയർന്നതോടെ അടുത്തിടെ, ചില ആപ്പിൾ സ്റ്റോറുകൾ അവരുടെ സ്റ്റാൻഡുകളുടെ അരികുകളിൽ സിലിക്കൺ റിംഗുകൾ സ്ഥാപിക്കാൻ തുടങ്ങിയതായി 9ടു5മാക് റിപ്പോർട്ട് പറയുന്നു. മാഗ്സേഫ് ചാർജറുകളിൽ നിന്ന് ഉണ്ടാകുന്ന പോറലുകൾ മായ്ക്കാൻ ആപ്പിൾ രഹസ്യമായി ആപ്പിൾ സ്റ്റോർ ജീവനക്കാർക്ക് ഒരു നിർദേശം നൽകിയതായി ബ്ലൂംബെർഗ് റിപ്പോർട്ട് പറയുന്നുണ്ട്.
പുതിയ ഐഫോണുകൾ വൃത്തിയാക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം എന്നാണ് ആപ്പിൾ റീട്ടെയിൽ സ്റ്റോർ ജീവനക്കാരോട് നൽകിയിരിക്കുന്ന നിർദേശം. ഒപ്പം മറ്റൊരു കാര്യം കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. ഐഫോൺ 17 സീരീസും ഐഫോൺ എയറും "സ്ഥിരം ക്ലിനിങ്ങിന് ഉപയോഗിക്കുന്ന ലായനിക്കൊപ്പം ഉപ്പ് കലർത്തി" വൃത്തിയാക്കണം എന്നാണ് ആ നിർദേശം എന്ന് ബ്ലൂംബെർഗ് പറയുന്നു.
മാഗ്സേഫ് ചാർജറുകളിൽ നിന്ന് ഉണ്ടാകുന്ന പോറലുകൾ മായ്ക്കാൻ മാത്രമാണ് ഈ ഉപ്പ് പ്രയോഗം നിർദേശിച്ചിരിക്കുന്നത് എന്ന് ശ്രദ്ധിക്കുക. മറ്റ് വിധത്തിൽ ഉണ്ടാകുന്ന പോറലുകൾക്ക് ഈ ട്രിക്ക് ഉപയോഗിച്ചാൽ അത് ഫലപ്രദമാകണമെന്നില്ല. മറ്റൊരു കാര്യം ഇത്തരത്തിൽ വൃത്തിയാക്കുന്ന കാര്യം എവിടെയും ആപ്പിൾ പരസ്യമായി പറഞ്ഞിട്ടില്ല എന്നതാണ്. ബ്ലൂംബെർഗിന്റെ റിപ്പോർട്ട് ആണ് ഇത്തരമൊരു നിർദേശം ആപ്പിൾ നൽകിയതായി വെളിപ്പെടുത്തിയിട്ടുള്ളത്.

ലായനിയിൽ ഉപ്പ് ചേർക്കുന്നത് മാഗ്സേഫ് ചാർജറുകളിൽ നിന്ന് മെറ്റീരിയൽ അംശങ്ങൾ നീക്കം ചെയ്യാൻ സഹായിക്കും എന്ന് വിലയിരുത്തപ്പെടുന്നു. ഐഫോൺ 17 പ്രോ, 17 പ്രോ മാക്സ് എന്നിവ വാങ്ങുന്നവർക്ക് നേരത്തെ കണ്ടെത്തിയ ചില സ്ക്രാച്ചുകൾക്ക് ഇവ പരിഹാരമല്ല എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഒരു കേസ് ഉപയോഗിക്കുന്നത് ഉപയോക്താക്കളെ പുതിയ ഐഫോണിലെ പോറലുകൾ ഒഴിവാക്കാൻ സഹായിക്കും.


Click it and Unblock the Notifications








