വാട്സ്ആപ്പ് - നോവി സംയോജനം; ഇന്ത്യക്കാരെ ബാധിക്കുന്നത് എങ്ങനെ?
അടുത്തിടെയാണ് വാട്സ്ആപ്പ് യുപിഐ പേയ്മെന്റ്സ് സംവിധാനം അവതരിപ്പിച്ചത്. പേയ്മെന്റ്സിന് പിന്നാലെ സംവിധാനത്തിന്റെ ശേഷി കൂട്ടാനും കൂടുതൽ ആസ്വാദ്യകരമാക്കാനും പുതിയ ഫീച്ചറുകളും കമ്പനി അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ പേയ്മെന്റ് ഫീച്ചറിനെ പുതിയ ലെവലിലേക്ക് ഉയർത്തുകയാണ് വാട്സ്ആപ്പ്. മാതൃസ്ഥാപനമായ മെറ്റയുടെ നോവി വാലറ്റ് ആപ്പുമായി പേയ്മെന്റ് ഫീച്ചർ ഇന്റഗ്രേറ്റ് ചെയ്യാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. അങ്ങനെ സാധാരണ പേയ്മെന്റ് സംവിധാനം എന്ന നിലയിൽ നിന്ന് വലിയൊരു വാലറ്റ് പ്ലാറ്റ്ഫോം ആയി വാട്സ്ആപ്പ് പേയ്മെന്റ് മാറുകയാണെന്നും പറയാം. ഇത്തരത്തിലുള്ള മാറ്റങ്ങൾ ഇന്ത്യയിലെ വാട്സ്ആപ്പ് പേയ്മെന്റ് യൂസേഴ്സിനെ എങ്ങനെ ബാധിക്കുമെന്ന് നോക്കാം.

വാട്സ്ആപ്പ് പേയ്മെന്റ് നോവി സംയോജനം
നിലവിൽ പരിമിതമായ രീതിയിലാണ് വാട്സ്ആപ്പ് പേയ്മെന്റ് സിസ്റ്റം പ്രവർത്തിക്കുന്നത്. ഇന്ത്യയിലും ബ്രസീലിലും മാത്രമാണ് സേവനം ലഭ്യമാകുന്നത്. വ്യക്തിഗത പേയ്മെന്റ് ഫീച്ചറുകൾ മറ്റൊരു രാജ്യത്തും വാട്സ്ആപ്പ് അവതരിപ്പിച്ചിട്ടില്ല. മറ്റ് രാജ്യങ്ങളിലെ യൂസേഴ്സിനായി ആപ്പിൽ കൂടുതൽ മാറ്റങ്ങൾ ഉടൻ വരുമെന്നാണ് കരുതുന്നത്. അതിൽ ഒന്നാണ് വാട്സ്ആപ്പ് പേയ്മെന്റ് നോവി സംയോജനം. ഈ ഇന്റഗ്രേഷൻ സാധ്യമാകുന്നതോടെ ആഗോള തലത്തിൽ തന്നെ പേയ്മെന്റുകൾക്കായുള്ള പുതിയ ഫീച്ചറുകളും കമ്പനി അവതരിപ്പിച്ചേക്കാം. വാട്സാപ്പിന്റെ പുതിയ എപികെ ടിയർഡൌണിൽ ( ആപ്പിന്റെ പുതിയ അപ്ഡേഷന്റെ സമ്പൂർണ പരിശോധന ) നിന്നുമാണ് വാട്സ്ആപ്പ് നോവി സംയോജനത്തിന്റെ സാധ്യത പുറത്തായത്. വെരിഫിക്കേഷൻ ഫീച്ചറുമായി ബന്ധപ്പെട്ട കോഡ് ആണ് ഇങ്ങനെ ഒരു സംശയത്തിന് പിന്നിൽ. ക്രിപ്റ്റോകറൻസി വാലറ്റായ മെറ്റയുടെ ഡോക്യുമെന്റ് വെരിഫിക്കേഷൻ ഫീച്ചറുമായി ഇതിന് ബന്ധമുണ്ടെന്നാണ് റിപ്പോർട്ടുകൾ.

വാട്സ്ആപ്പ് പേയ്മെന്റ് നോവി ഇന്റഗ്രേഷൻ
ചില എക്സ്ഡിഎ ഡെവലപ്പർമാരാണ് വാട്സാപ്പിന്റെ ബീറ്റ വേർഷനുകളിലൊന്നിൽ ആദ്യമായി, ഒരു പ്രത്യേക തരം കോഡ് കണ്ടെത്തിയത്. ( ഈ വേർഷനുകൾ നേരത്തെ അവതരിപ്പിച്ചതും ശേഷം പുതിയ അപ്ഡേറ്റുകൾ കമ്പനി അവതരിപ്പിക്കുകയും ചെയ്തിരുന്നു ) പേയ്മെന്റ് സംവിധാനം വഴി പണം അയയ്ക്കുമ്പോൾ ഡോക്യുമെന്റ് വെരിഫിക്കേഷൻ ആവശ്യപ്പെടുന്നതിനുള്ള കോഡ് ആണ് ഇതെന്നാണ് ഡെവലപ്പർമാരുടെ പക്ഷം. പിന്നീട് പുതിയ ആപ്പ് വേർഷനുകൾ വരികയും ഈ കോഡിനേക്കുറിച്ചുള്ള ചർച്ചകൾ അവസാനിക്കുകയും ആയിരുന്നു. ഇപ്പോഴിതാ പുതിയതായി പുറത്തിറങ്ങിയ വാട്സ്ആപ്പ് ബീറ്റ വേർഷനുകളിലും സമാനമായ കോഡുകൾ കണ്ടെത്തിയിരിക്കുകയാണ്.

മെറ്റയുടെ നോവി വാലറ്റ് ആപ്പുമായുള്ള സംയോജനവുമായി ബന്ധപ്പെട്ടാണ് ഈ വെരിഫിക്കേഷൻ പ്രോസസ് എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ വേർഷനുകളുടെ ടിയർ ഡൌണിൽ നിന്നാണ് ഇത്തരമൊരു സൂചന ലഭിച്ചതും. എപികെ ടിയർ ഡൌണിനിങിടെ കണ്ടെത്തിയ കോഡ് സ്ട്രിങുകൾ നേരത്തെ സൂചിപ്പിച്ച വെരിഫിക്കേഷൻ പ്രോസസിനെ കേന്ദ്രീകരിച്ചാണ് സെറ്റ് ചെയ്തിരിക്കുന്നത്. ഒപ്പം നോവി ലേബലിങും ഈ കോഡുകളിൽ കണ്ടെത്തിയതായാണ് ടിയർ ഡൌൺ റിപ്പോർട്ട്. വാട്സ്ആപ്പും നോവിയുമായുള്ള ഇന്റഗ്രേഷൻ പരീക്ഷണങ്ങളുടേത് എന്ന പേരിൽ നേരത്തെ ചില ഓൺലൈൻ മാധ്യമങ്ങൾ ചില സ്ക്രീൻഷോട്ടുകൾ പുറത്ത് വിട്ടിരുന്നു. ഈ റിപ്പോർട്ടുകൾക്ക് സമാനമാണ് പുതിയ ടിയർ ഡൌൺ റിപ്പോർട്ടുകളിലെ വിവരങ്ങളും.

നോവി വാലറ്റ് വിശദാംശങ്ങൾ
ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ ഡിജിറ്റൽ ക്രിപ്റ്റോകറൻസി വാലറ്റ് ആണ് നോവി. വലിയ എതിർപ്പുകൾക്കും വിമർശനങ്ങൾക്കും ഇടയിലാണ് കമ്പനി അടുത്തിടെ നോവി വാലറ്റ് പദ്ധതിക്ക് തുടക്കമിട്ടത്. നിലവിൽ യുഎസിലെയും ഗ്വാട്ടിമാലയിലെയും ഉപയോക്താക്കൾക്കായി ഒരു പൈലറ്റ് പ്രോഗ്രാം എന്ന നിലയിലാണ് നോവി പ്രവർത്തിക്കുന്നത്. ഇരു രാജ്യങ്ങൾക്കുമിടയിൽ ഫീസ് ഈടാക്കാതെയുള്ള സാമ്പത്തിക സേവനങ്ങൾ നോവി ലഭ്യമാക്കുന്നു. യുഎസ് ഡോളറിന്റെ പിന്തുണയുള്ള ഡിജിറ്റൽ നാണയമായ പാക്‌സ് ഡോളർ വഴിയാണ് നോവിയിലെ ഇടപാടുകൾ. ആഗോള തലത്തിൽ നോവി സേവനങ്ങൾ ആരംഭിക്കാനാണ് മെറ്റ ലക്ഷ്യമിടുന്നത്. അതിന് മുമ്പ് പേയ്മെന്റുകൾ സുരക്ഷിതവും എൻക്രിപ്റ്റഡും ആക്കാനാണ് കമ്പനി വെരിഫിക്കേഷൻ പ്രോസസ് ഉൾപ്പെടുന്ന കോഡിങ് കൊണ്ട് വരുന്നത്. ഇതിന് സമാനമായ കോഡുകൾ വാട്സ്ആപ്പ് ബിറ്റ വേർഷനുകളിലും കണ്ടതാണ് ഇന്റഗ്രേഷൻ ചർച്ചകൾ സജീവം ആക്കിയത്.

നോവി വാലറ്റ് എതിർക്കപ്പെടാൻ കാരണം
ഫേസ്ബുക്ക് ക്രിപ്റ്റോകറൻസി രംഗത്തേക്കുള്ള തങ്ങളുടെ എൻട്രി പ്രഖ്യാപിച്ചപ്പോൾ തന്നെ വലിയ എതിർപ്പുകളും ഉയർന്നിരുന്നു. ഇത്രയും വലിയ സാമ്പത്തിക രംഗം നിയന്ത്രിക്കുന്നതിലും സ്വകാര്യതയും സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നതിലേും ഫേസ്ബുക്കിനെ വിശ്വാസത്തിൽ എടുക്കാൻ ആകില്ലെന്നായിരുന്നു വിമർശനം. ക്രിപ്റ്റോകറൻസി രംഗത്തെ എല്ലാ പ്രവർത്തനങ്ങളിൽ നിന്നും കമ്പനി പിന്മാറണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. ഒരുപറ്റം അമേരിക്കൻ സെനറ്റർമാരാണ് ഫേസ്ബുക്കിന്റെ ക്രിപ്റ്റോ സ്വപ്നങ്ങളുടെ ഏറ്റവും വലിയ എതിരാളികൾ. ഡെമോക്രാറ്റിക് ജനപ്രതിനിധികളായ ബ്രയാന്‍ ഷാറ്റ്‌സ്, റിച്ചാര്‍ഡ് ബ്ലൂമന്താല്‍, ഷെറോഡ് ബ്രൗണ്‍, ടിനാ സ്മിത്ത്, എലിസബത്ത് വാറന്‍ എന്നിവരാണ് എതിർപ്പുമായി രംഗത്തെത്തിയത്.

നിലവിലെ ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാൻ പോലും ഫേസ്ബുക്കിന് കഴിയുന്നില്ല. പിന്നെയെങ്ങനെയാണ് പേയ്മെന്റ് സിസ്റ്റം അടക്കമുള്ള മേഖലകളിൽ കമ്പനിയെ വിശ്വസിക്കാനുക എന്നായിരുന്നു സെനറ്റർമാരുടെ പ്രധാന വിമർശനം. 2019 ജൂണിൽ സോഷ്യല്‍ മീഡിയാ ഭീമന്‍ ക്രിപ്‌റ്റോകറന്‍സി പദ്ധതിക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ തുടങ്ങിയ എതിർപ്പുകൾ കമ്പനി പേര് മാറ്റി മെറ്റ എന്നാക്കി മാറ്റിയിട്ടും മാറിയിട്ടില്ല. ക്രിപ്‌റ്റോകറന്‍സി രംഗത്ത് ഫേസ്ബുക്ക് പിടിമുറുക്കിയാല്‍ സാമ്പത്തിക മേഖലയിലെ സർക്കാർ നിയന്ത്രണം നഷ്ടപ്പെടുമെന്ന തോന്നലാണ് രാഷ്ട്രീയ എതിര്‍പ്പിന് പിന്നില്‍. സ്വകാര്യത ലംഘനങ്ങളും സാമ്പത്തിക കുറ്റകൃത്യങ്ങളും പതിവാകുമെന്നും പ്രതിഷേധക്കാർ പറയുന്നു.

ഇന്ത്യൻ യൂസേഴ്സ് ആശങ്കപ്പെടേണ്ടതുണ്ടോ?
ആദ്യം തന്നെ മനസിലാക്കേണ്ടത് നോവി ഒരു ക്രിപ്റ്റോകറൻസി വാലറ്റും ഇന്ത്യയിലെ വാട്സ്ആപ്പ് പേയ്മെന്റ് യുപിഐ അധിഷ്ഠിതവുമാണ്. നിലവിൽ ഇന്ത്യയിലെ ഉപയോക്താക്കൾക്ക് വെരിഫിക്കേഷൻ പ്രോസസ് വാട്സ്ആപ്പ് ബാധകം ആക്കിയിട്ടില്ല. രാജ്യത്തെ വാട്സ്ആപ്പ് പേയ്മെന്റ് യൂസേഴ്സിന് സാധാരണ ഗതിയിൽ തന്നെ പണം അയക്കുകയോ സ്വീകരിക്കുകയോ ചെയ്യാം. ഏതൊക്കെ സ്ഥലങ്ങളിലാണോ വാട്സ്ആപ്പ്-നോവി ഇന്റഗ്രേറ്റഡ് സേവനങ്ങൾ ലഭ്യമാകുന്നത് ആ മേഖലയിലെ യൂസേഴ്സ് മാത്രമാകും വെരിഫിക്കേഷൻ അടക്കമുള്ള മാനദണ്ഡങ്ങൾ പാലിക്കേണ്ടി വരിക. ക്രിപ്റ്റോകറൻസിയും യുപിഐയും തമ്മിൽ ഒരു ഇന്റഗ്രേഷന് തൽക്കാലം സാധ്യതകൾ കാണുന്നില്ല. അതിനാൽ തന്നെ ഇന്ത്യൻ യൂസേഴ്സ് ഈ ഫീച്ചറിനേക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല.


Click it and Unblock the Notifications