സാമ്പത്തിക ആശ്വാസം, അത്രതന്നെ! ഈ 2026-ൽ 99 രൂപയ്ക്ക് ബിഎസ്എൻഎൽ എന്താണീ നൽകുന്നത്...
2026ൽ ഇന്ത്യയിലെ സ്വകാര്യ ടെലിക്കോം കമ്പനികൾ റീച്ചാർജ് നിരക്കുകൾ വർധിപ്പിക്കും എന്ന ചർച്ചകൾ കഴിഞ്ഞ കുറച്ചുനാളുകളായി അന്തരീക്ഷത്തിലുണ്ട്. എന്നാൽ പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ (BSNL) നിരക്കുകളെപ്പറ്റിയോ ബിഎസ്എൻഎൽ നിരക്ക് വർധിപ്പിച്ചേക്കുമോ എന്നതിനെപ്പറ്റിയോ കാര്യമായ ആശങ്കകൾ എങ്ങും അധികം ഉയർന്നുകാണുന്നില്ല. അതിന് കാരണം ബിഎസ്എൻഎല്ലിൽ അതിന്റെ വരിക്കാർക്കുള്ള വിശ്വാസമാണ് എന്നുപറയാം. ഇന്ത്യയിലെ മുഴുവൻ കാര്യമെടുത്താൽ ബിഎസ്എൻഎൽ നാലാം സ്ഥാനത്തുള്ള ടെലിക്കോം കമ്പനിയാണ്, മറ്റ് കമ്പനികളെക്കാൾ ബഹുദൂരം പിന്നിലാണ് അതിന്റെ വരിക്കാരുടെ എണ്ണം. എന്നാൽ കേരളത്തിലെ കാര്യമെടുത്താൽ മറ്റുള്ളവർക്കൊപ്പം തന്നെ തുല്യ ശക്തിയാണ് ബിഎസ്എൻഎൽ.
ബിഎസ്എൻഎല്ലിന്റെ ഇന്ത്യയിലെ ശക്തികേന്ദ്രവും ഏറ്റവും വരുമാനം സംഭാവന ചെയ്യുന്നതിൽ മുന്നിലുള്ളതുമായ ഒരു ടെലിക്കോം സർക്കിളാണ് കേരളം. താങ്ങാനാകുന്ന നിരക്കിൽ ടെലിക്കോം പ്ലാനുകൾ ലഭ്യമാക്കിയിട്ടുള്ള ബിഎസ്എൻഎല്ലിന്റെ സേവനം പ്രയോജനപ്പെടുത്തുന്നതിൽ നിരവധി മലയാളികൾ മുന്നിലുണ്ട് എന്നത് അഭിമാനകരമാണ്. മറ്റ് പല ടെലിക്കോം സർക്കിളുകളിലും നൽകുന്നതിനെക്കാൾ മികച്ച സേവന നിലവാരം കേരള സർക്കിളിൽ ബിഎസ്എൻഎൽ നൽകുന്നുണ്ട് എന്നതും എടുത്തുപറയേണ്ടതുണ്ട്.

നിലവിൽ ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ടെലിക്കോം സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നത് ബിഎസ്എൻഎൽ ആണ്. മിക്ക സെഗ്‌മെന്റുകളിലും സ്വകാര്യ ടെലിക്കോം കമ്പനികൾ ഈടാക്കുന്ന നിരക്കിനെക്കാൾ കുറഞ്ഞത് 20-30% വരെ വിലക്കുറവിലാണ് ബിഎസ്‌എൻഎല്ലിന്റെ പ്ലാനുകൾ എത്തുന്നത്. 100 രൂപയിൽ താഴെ വിലയിൽ പോലും ആകർഷകമായ പ്ലാനുകൾ ബിഎസ്എൻഎൽ ഇപ്പോഴും വാഗ്ദാനം ചെയ്യുന്നുണ്ട്.
100 രൂപയിൽ താഴെ വിലയിൽ വാലിഡിറ്റിയും കോളിങ്ങും അടക്കം ലഭ്യമാകുന്ന റീച്ചാർജ് പ്ലാനുകൾ ഇന്ത്യയിൽ ഇന്ന് വിരളമാണ്. അവിടെയും ബിഎസ്എൻഎൽ വേറിട്ടുനിൽക്കുന്നു, 99 രൂപ വിലയിൽ ലഭ്യമായിരുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ ഈ 2026- ലും ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിൽ കാണാനാകും.

ഏറെ നാളായി 99 രൂപ പ്ലാൻ ബിഎസ്എൻഎൽ വരിക്കാർക്ക് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തുവരുന്നു. സ്വകാര്യ കമ്പനികളുടെ അടിസ്ഥാന റീച്ചാർജ് പ്ലാൻ നിരക്കുകൾ 200 രൂപയോട് അടുത്ത ഈ കാലഘട്ടത്തിലും 99 രൂപയുടെ പ്ലാൻ തുടരുന്ന ബിഎസ്എൻഎൽ ഈ വിലയ്ക്ക് ഇതിൽ എന്താണ് നൽകുന്നത് എന്ന് ഇവിടെ പരിചയപ്പെടാം.
2026ൽ 99 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ
കഴിഞ്ഞ വർഷം പകുതിവരെ 17 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാൻ എത്തിയിരുന്നത്. എന്നാൽ 2025 ജൂലൈയിൽ ഈ പ്ലാൻ പരിഷ്കരിക്കപ്പെടുകയും വാലിഡിറ്റി 15 ദിവസമായി വെട്ടിക്കുറയ്ക്കുകയും ചെയ്തു. പിന്നീട് 2025 നവംബറിൽ 99 രൂപയുടെ പ്ലാൻ വീണ്ടും പരിഷ്കരിച്ചു, അതോടെ 15 ദിവസ വാലിഡിറ്റി 14 ദിവസ വാലിഡിറ്റിയായി കുറയ്ക്കപ്പെട്ടു.
2026 ലേക്ക് കടന്ന ശേഷം ഇതുവരെയും 14 ദിവസ വാലിഡിറ്റിയിൽ തന്നെയാണ് 99 രൂപയുടെ പ്ലാൻ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തുവരുന്നത്. ഈ വാലിഡിറ്റി കാലയളവിൽ അൺലിമിറ്റഡ് കോളിങ്, 50MB ഹൈ-സ്പീഡ് 4G ഡാറ്റ എന്നീ ആനുകൂല്യങ്ങളാണ് ഇതിൽ ലഭ്യമാകുക. ഈ പ്ലാൻ ഉപയോഗിക്കുന്നതിനുള്ള ഒരു ദിവസത്തെ ചെലവ് ശരാശരി 7.07 രൂപയാണ്.

ഈ പ്ലാൻ എന്താണ് നൽകുന്നത് എന്ന് ചോദിച്ചാൽ അതിന് രണ്ട് ഉത്തരമുണ്ട്. ഒന്ന് ഇതിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ, മറ്റൊന്ന് സാധാരണക്കാരണ് ലഭിക്കുന്ന സാമ്പത്തിക ആശ്വാസമാണ്. അതായത് ചെറിയ തുകയ്ക്ക് പോലും അത്യാവശ്യ ഘട്ടങ്ങളിൽ റീച്ചാർജ് ചെയ്യാനുള്ള ഒരു അവസരം ഇവിടെ ഉപയോക്താവിന് ലഭിക്കുന്നു, അതാണ് വലിയകാര്യം. 100 രൂപയേ കൈയിലുള്ളൂ എങ്കിലും അടിയന്തര ഘട്ടത്തിൽ റീച്ചാർജ് സാധ്യമാകുന്നു. എന്നാൽ സ്വകാര്യ കമ്പനികളുടെ വരിക്കാർക്ക് അങ്ങനെയാരു ഓപ്ഷനില്ല, അതാണ് വ്യത്യാസം.
അതിനാൽത്തന്നെ ആനുകൂല്യങ്ങൾ കുറവാണ് എന്ന് ചിലർക്ക് തോന്നിയേക്കാമെങ്കിലും 99 രൂപയുടെ പ്ലാൻ ഒരിക്കലും ഒരു മോശം പ്ലാൻ ആയി സാധാരണക്കാർ കാണില്ല. മറ്റ് കമ്പനികളുടെ വരിക്കാർ ചിലപ്പോൾ തങ്ങൾക്ക് ഇങ്ങനെയൊരു പ്ലാൻ ഉണ്ടായിരുന്നു എങ്കിൽ എത്ര നന്നായിരുന്നു എന്ന് കൊതിച്ചേക്കും. ഇന്ത്യയിലെ ഏതാണ്ട് എല്ലാ ടെലിക്കോം സർക്കിളുകളിലും 99 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ലഭ്യമാണ്.


Click it and Unblock the Notifications








