പണികൊടുക്കും എന്ന് പറഞ്ഞാൽ കൊടുത്തിരിക്കും! വാട്‌സ്ആപ്പ് പൂട്ടിക്കെട്ടിയത് 9.7 മില്യൺ ഇന്ത്യൻ അക്കൗണ്ടുകൾ
ടെക് ലോകം വളരുമ്പോൾ അത് തട്ടിപ്പുകൾക്കായി ഉപയോഗിക്കുന്നവരുടെ എണ്ണവും വളർന്നിട്ടുണ്ട്. നിരവധി തട്ടിപ്പുകളാണ് ദിവസവും ടെക് ലോകത്ത് നടക്കുന്നത്. പ്രത്യേകിച്ച് ഓൺലൈൻ തട്ടിപ്പ് സംഘമാണ് വിലസുന്നത്. സാമ്പത്തിക തട്ടിപ്പുകളാണ് ഓൺലൈൻ തട്ടിപ്പുകാരുടെ പ്രധാന 'ഹോബി'. സർക്കാറും ആപ്പ് കമ്പനികളും നിരന്തരം ഇതിനെതിരെ ജാഗ്രത പുലർത്തുന്നുണ്ട്. ഇപ്പോഴിതാ ഓൺലൈൻ തട്ടിപ്പുകൾ പാടെ തുടച്ചുനീക്കുക എന്ന ലക്ഷ്യവുമായി ഫെബ്രുവരിയിൽ ഇന്ത്യയിൽ 9.7 മില്യൺ അക്കൗണ്ടുകൾ നിരോധിച്ചതായി വാട്സ്ആപ്പ് അറിയിച്ചു. ഏറ്റവും പുതിയ പ്രതിമാസ സുരക്ഷാ റിപ്പോർട്ടിലാണ് കമ്പനിയുടെ വെളിപ്പെടുത്തൽ.
1.4 മില്യൺ അക്കൗണ്ടുകൾ ഉപയോക്തൃ പരാതികൾ ഫയൽ ചെയ്യുന്നതിനുമുമ്പ് തന്നെ നീക്കം ചെയ്തു. 2025 ഫെബ്രുവരി 1 മുതൽ 28 വരെയുള്ള കാലയളവിലെ വിവരങ്ങളാണ് ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിൽ ഓൺലൈൻ തട്ടിപ്പ് കേസുകൾ ദിനംപ്രതി വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വാട്സ്ആപ്പിന്റെ നടപടി.

ഓരോ ദിവസവും, രാജ്യത്തുടനീളം വാട്സ്ആപ്പിലൂടെയടക്കം ഓൺലൈൻ തട്ടിപ്പ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇൻഫർമേഷൻ ടെക്‌നോളജി (ഇന്റർമീഡിയറി മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡും) റൂൾസ്, 2021-ന്റെ റൂൾ 4(1)(ഡി), റൂൾ 3എ(7) എന്നിവയ്ക്ക് അനുസൃതമായാണ് വാട്‌സ്ആപ്പ് പ്രതിമാസ ഇന്ത്യ റിപ്പോർട്ട് പുറത്തിറക്കുന്നത്. ഉപയോക്താക്കൾ സമർപ്പിക്കുന്ന എല്ലാ റിപ്പോർട്ടുകളും അവലോകനം ചെയ്ത ശേഷമാണ് വാട്സാപ്പിന്റെ നടപടി.
കേന്ദ്ര ഐ.ടി. നിയമപ്രകാരമുള്ള പ്രതിമാസ റിപ്പോർട്ടിലാണ് വാട്‌സ്ആപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. വാട്‌സ്ആപ്പിന് ഇന്ത്യയിലെ ഉപയോക്താക്കളിൽനിന്ന് ലഭിച്ച പരാതികളുടേയും, നിയമങ്ങളും നിബന്ധനകളും ലംഘിച്ച് പ്രവർത്തിച്ച അക്കൗണ്ടുകൾക്കെതിരേ എടുത്ത നടപടികളുടേയും, ഗ്രീവൻസ് അപ്പലേറ്റ് കമ്മിറ്റിയിൽനിന്ന് ലഭിച്ച ഉത്തരവുകളുടേയുമടക്കം വിവരങ്ങളുള്ള റിപ്പോർട്ടിലാണ് നിരോധിച്ച അക്കൗണ്ടുകളുടെ എണ്ണവുമുള്ളത്.

മൂന്നുഘട്ടങ്ങളായിട്ടാണ് വാട്‌സ്ആപ്പ് നടപടി സ്വീകരിക്കുന്നത്. സംശയകരമായി തോന്നുന്ന അക്കൗണ്ടുകൾ ആരംഭിക്കുന്ന സമയത്തുതന്നെ ഫ്‌ളാഗ്-ബ്ലോക്ക് ചെയ്യും. വാട്‌സ്ആപ്പിന്റെ ഓട്ടോമാറ്റിക് സിസ്റ്റം അക്കൗണ്ടിന്റെ സംശയകരമായ നീക്കങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഒരുമിച്ച് ഒരുപാട് മെസേജുകൾ അയയ്ക്കുക, തട്ടിപ്പിൽ പങ്കാളിയാവുക, തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുക തുടങ്ങിയവയെല്ലാം അക്കൗണ്ട് നിരോധനത്തിലേക്ക് നയിക്കും. നിയമലംഘന പ്രവർത്തനങ്ങൾ കണ്ടാലും നടപടിയെടുക്കും.
പരാതികളുടെ അടിസ്ഥാനത്തിലും നടപടിയുണ്ടാകും. ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്യുന്ന നിയമലംഘനപ്രവർത്തനങ്ങൾ നടത്തുന്ന അക്കൗണ്ടുകളും നിരോധിക്കും. അക്കൗണ്ടിൽ നിന്ന് അസ്വാഭാവികമായ നടപടികൾ ഉണ്ടാകുന്നുണ്ടെങ്കിൽ മാത്രമേ അക്കൗണ്ട് നിരോധിക്കുകയുള്ളൂവെന്നും വാട്സ്ആപ്പ് അറിയിച്ചു.
ഉപയോക്താക്കളുടെ സുരക്ഷക്ക് വേണ്ടി വാട്‌സ്ആപ്പ് പല തരത്തിലുള്ള നടപടികൾ കൈകൊള്ളുന്നുണ്ട്. അതിൽ പ്രധാനം ഉപയോക്താക്കൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന അക്കൗണ്ടുകൾ റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനം ആണ്.ഇത്തരത്തിലുള്ള ഉപയോക്തൃ റിപ്പോർട്ടുകളുടെ പേരിലാണ് പല വിലക്കുകളും ഉണ്ടാകുന്നതെങ്കിലും സംശയാസ്പദമായ പെരുമാറ്റം കണ്ടെത്തുന്നതിന് വാട്സാപ് ഓട്ടമേറ്റഡ് ഡിറ്റക്ഷനും ഉപയോഗിക്കുന്നു.
ബൾക്ക് സന്ദേശങ്ങൾ അയയ്ക്കാൻ ബോട്ടുകളോ മൂന്നാം കക്ഷി ആപ്പുകളോ ഉപയോഗിക്കുന്നത് നിരോധിക്കപ്പെടാനുള്ള മാർഗമാണ്.
ആളുകളെ അവരുടെ സമ്മതമില്ലാതെ ഗ്രൂപ്പുകളിലേക്ക് ചേർക്കുന്നത്, പ്രത്യേകിച്ച് അവർ ആവർത്തിച്ച് പുറത്തുകടക്കുകയാണെങ്കിൽ ബാൻ ലഭിച്ചേക്കാം. വാട്സാപ്പിന്റെ സേവന നിബന്ധനകൾ ലംഘിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് അക്കൗണ്ട് ബാൻ ചെയ്യപ്പെടാൻ കാരണമാകും.

നിയമവിരുദ്ധമായ, അപകീർത്തികരമായ, ഭീഷണിപ്പെടുത്തുന്ന, ശല്യപ്പെടുത്തുന്ന, അല്ലെങ്കിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന തരത്തിലുള്ള സന്ദേശങ്ങൾ അയയ്ക്കുന്നതും ബാൻ ലഭിക്കാൻ കാരണമാകുന്നു. പുതിയ ഐടി നിയമം അനുസരിച്ചാണ് ഇപ്പോൾ മാസംതോറും സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് വാട്‌സ്ആപ്പ് പുറത്തുവിടുന്നത്. തട്ടിപ്പുകളെയോ ദുരുപയോഗത്തെയോ സൂചിപ്പിക്കുന്ന പെരുമാറ്റ രീതികളെ എളുപ്പം കണ്ടെത്തുന്നതിനുള്ള സംവിധാനമാണ് ഉപയോഗിക്കുന്നതെന്നും വാട്‌സ്ആപ്പ് അറിയിച്ചു.
ബൾക്ക് സന്ദേശങ്ങൾ അയയ്ക്കാനോ, തട്ടിപ്പ് സന്ദേശങ്ങൾ അയയ്ക്കാനോ, അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള സംശയാസ്പദമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാനോ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നുണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും അക്കൗണ്ട് നിരോധനം പ്രതീക്ഷിക്കാമെന്ന് വാട്‌സ്ആപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിരോധിക്കപ്പെടാതിരിക്കാൻ വാട്‌സ്ആപ്പിന്റെ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ദുരുപയോഗപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാതിരിക്കുകയും ചെയ്യുക എന്നതാണ് പ്രധാനമെന്നും വാട്‌സ്ആപ്പ് അറിയിച്ചു.
അതേ സമയം ഓൺലൈൻ തട്ടിപ്പുകൾക്കും സ്പാമുകൾക്കുമെതിരെ സുരക്ഷാ കാമ്പയിൻ നടത്തുന്നതിനായി ടെലികോം വകുപ്പും (DoT) മൊബൈൽ മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പും ഒന്നിച്ചിരുന്നു. ഡിജിറ്റൽ സുരക്ഷയും അവബോധവും വർധിപ്പിക്കുന്നതിനായി സംശയിക്കപ്പെടുന്ന തട്ടിപ്പ് ആശയവിനിമയങ്ങളെ തിരിച്ചറിയുന്നതിനും റിപ്പോർട്ട് ചെയ്യുന്നതിനും പൗരന്മാരെ ബോധവൽക്കരിക്കുന്നതിന് വേണ്ടി ഇനി മുതൽ ഡിഒടിയും വാട്ട്സ്ആപ്പും ഒരുമിച്ച് പ്രവർത്തിക്കും.
ഓൺലൈൻ തട്ടിപ്പുകൾക്കും സ്പാമുകൾക്കുമെതിരായ മെറ്റയുടെ സുരക്ഷാ കാമ്പയിനായ 'സ്‌കാം സേ ബച്ചോ' വിപുലീകരിക്കുന്നതിനായി ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് വാട്ട്സ്ആപ്പുമായി സഹകരിക്കുന്നുവെന്ന് ഔദ്യോഗിക പ്രസ്താവനയിൽ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് അറിയിച്ചിട്ടുണ്ട്.

മെറ്റ ചീഫ് ഗ്ലോബൽ അഫയേഴ്സ് ഓഫീസർ ജോയൽ കപ്ലാനും കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും കൂടിക്കാഴ്ച നടത്തിയതിനെ തുടർന്നാണ് പുതിയ തീരുമാനം. ഇലക്ട്രോണിക്‌സ്, ഇൻഫോർമേഷൻ ടെക്‌നോളജി മന്ത്രാലയം, ഇന്ത്യൻ സൈബർ ക്രൈം സെന്റർ, ഇൻഫോർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം തുടങ്ങിയവയുമായി സഹകരിച്ച് മെറ്റ ക്യാംപെയിൻ സംഘടിപ്പിക്കുന്നത്.
ഓൺലൈനിൽ ജനങ്ങളെ സുരക്ഷിതരാക്കുക എന്ന ലക്ഷ്യത്തിലൂന്നിയാണ് പദ്ധതി. ഒൻപത് ഇന്ത്യൻ ഭാഷകളിൽ ഓൺലൈൻ സുരക്ഷ സംബന്ധിച്ച സംയോജിത ദേശീയ ഉപഭോക്തൃ ബോധവത്കരണം, ദൂരദർശനിൽ വിജ്ഞാനപ്രദമായ ടോക്ക് ഷോകൾ, രാജ്യവ്യാപകമായി നിയമ നിർവ്വഹണ ഉദ്യോഗസ്ഥരുടെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത പരിശീലന സെഷനുകൾ തുടങ്ങിയവ ക്യാംപെയ്‌ന്റെ ഭാഗമായി സംഘടിപ്പിക്കും.
മെറ്റയുടെ സ്‌കാം സെ ബച്ചോ ക്യാംപെയിന് പൂർണ പിന്തുണ നൽകിയ ഇൻഫോർമേഷൻ, ബ്രോഡ്കാസ്റ്റിങ് സെക്രട്ടറി, സഞ്ജയ് ജാജു, ഇതൊരു കാലാനുസൃതമായ പ്രവർത്തനമാണെന്ന് വിലയിരുത്തി. ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സമൂഹത്തിൽ അവബോധമുണ്ടാക്കിയെടുക്കുന്നതിന്റെ ആവശ്യകത മനസിലാക്കിയാണ് ഈ പ്രവർത്തനമെന്നും സഞ്ജയ് ജാജു പറഞ്ഞു.
സഞ്ചാർ സാത്തി സേവനം കൂടുതൽ സുഗമമാക്കാൻ കേന്ദ്ര ടെലികോം വകുപ്പ് ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. തട്ടിപ്പ് കോളുകൾ റിപ്പോർട്ട് ചെയ്യാനും നഷ്ടപ്പെട്ട ഫോണുകൾ ബ്ലോക്ക് ചെയ്യാനുമുള്ള സംവിധാനം കൂടുതൽ എളുപ്പമാക്കാനാണ് ഇത്തരത്തിലൊരു ആപ്പ് പുറത്തിറക്കിയത്. നിലവിൽ വെബ്‌സൈറ്റ് വഴി ഈ സേവനം ഉപയോഗിക്കുമ്പോഴുള്ള പല നടപടിക്രമങ്ങളും ആപ്പിൽ ആവശ്യമില്ല.

വെബ് പോർട്ടലിൽ ഒടിപി വെരിഫിക്കേഷൻ ആവശ്യമാണ്. എന്നാൽ ആപ്പിൽ ഇതിന്റെ ആവശ്യമില്ല. ആപ് സ്റ്റോറിൽ സഞ്ചാർ സാത്തി എന്ന് തിരഞ്ഞ് ആപ് ഇൻസ്റ്റാൾ ചെയ്യാം. ഫോൺ നമ്പറുകൾ ആപ്പിൽ രജിസ്റ്റർ ചെയ്യണം. ഇനി ഈ സേവനം വാട്ട്സ്ആപ്പിലൂടെയും ലഭിക്കും. ഹിന്ദി, ബംഗാളി, മറാത്തി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഗുജറാത്തി എന്നിവയുൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിലേക്ക് എല്ലാ ഉപയോക്തൃ സുരക്ഷാ സാമഗ്രികളും വിവർത്തനം ചെയ്യാൻ വാട്ട്സ്ആപ്പ് സഹായിക്കും.
നഷ്ടപ്പെട്ട ഫോൺ ട്രാക്ക് ചെയ്യാനും മോഷ്ടാവ് ഉപയോഗിക്കാതിരിക്കാനുമുള്ള സംവിധാനം ഇതിലുണ്ട്. അപേക്ഷ നൽകിയാൽ ഫോണിന്റെ ഐഎംഇഐ നമ്പറുകൾ ബ്ലോക്ക് ആകും. മറ്റ് സിം കാർഡ് ഉപയോഗിച്ചും മോഷ്ടാവിന് ഫോൺ ഉപയോഗിക്കാനാവില്ല. ഫോൺ തിരികെ ലഭിച്ചാൽ ബ്ലോക്ക് നീക്കം ചെയ്യാം. തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് ആരെങ്കിലും മറ്റു മൊബൈൽ കണക്ഷനുകൾ എടുത്തോയെന്ന് പരിശോധിക്കാം.

സാമ്പത്തിക തട്ടിപ്പുകൾ അടക്കമുള്ള ഓൺലൈൻ കുറ്റകൃത്യങ്ങൾ നേരിട്ട് റിപ്പോർട്ടു ചെയ്യാനായി ഒരുക്കിയിരിക്കുന്ന പോർട്ടലാണ് നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ (cybercrime.gov.in). എല്ലാത്തരം ഓൺലൈൻ കുറ്റകൃത്യങ്ങളും നേരിട്ട് രജിസ്റ്റർ ചെയ്യാം. നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിന്റെ ഹെൽപ്ലൈൻ 1930 എന്ന നമ്പറിന്റെ സേവനവും 24 മണിക്കൂറും ലഭ്യമാണ്. ഈ സേവനം ഉപയോഗപ്പെടുത്താൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ഇത്തരത്തിലൂടെ നിരവധി തട്ടിപ്പുകൾ പൊളിക്കാൻ പൊതുജനങ്ങൾക്ക് കഴിയും.


Click it and Unblock the Notifications








