മനുഷനായാൽ ഇത്ര ആർത്തി പാടില്ല; വാട്സ്ആപ്പ് കെണിയിൽ കുടുങ്ങിയ ബാങ്ക് മാനേജർക്ക് നഷ്ടം 48.57 ലക്ഷം
ഡിജിറ്റൽ ഇന്ത്യ എന്ന് അഭിമാനത്തോടെ പറയുമ്പോൾത്തന്നെ നമ്മുടെ നാട്ടിൽ ഉണ്ടായിട്ടുള്ള സാങ്കേതിക മുന്നേറ്റം ചൂഷണം ചെയ്യുന്ന ഡിജിറ്റൽ കള്ളന്മാരുടെ എണ്ണവും വർധിച്ച് വരികയാണ്. ഓൺലൈൻ ട്രാൻസാക്ഷനുകളും ഇടപാടുകളുമെല്ലാം ഇന്ന് സർവസാധാരണമായിരിക്കുന്നു. അതോടൊപ്പം ഓൺലൈൻ തട്ടിപ്പുകളും വ്യാപിച്ചുകൊണ്ടിരിക്കുന്നു. ആളുകളുടെ അജ്ഞതയെയും ഏത് വഴിക്ക് പണമുണ്ടാക്കാമെന്ന ചിന്തയെയും ചൂഷണം ചെയ്തുകൊണ്ടാണ് സൈബർ ക്രിമിനലുകൾ തട്ടിപ്പുകളുമായി മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്. പലവിധത്തിലുള്ള തട്ടിപ്പുകൾക്ക് ഇതിനകം ഇന്ത്യ സാക്ഷ്യം വഹിച്ചു. ഇപ്പോൾ അക്കൂട്ടത്തിൽ ട്രെൻഡിങ്ങായി നടന്നുകൊണ്ടിരിക്കുന്നത് വാട്സ്ആപ്പ് വഴിയുള്ള ഇൻവെസ്റ്റ്മെന്റ് ടിപ് തട്ടിപ്പാണ്. ഇന്ത്യയിലെ ഹാക്കർമാരുടെ വിഹാരകേന്ദ്രമാണ് വാട്സ്ആപ്പ് എന്നത് ഈ പുതിയ തട്ടിപ്പും അടിവരയിടുന്നു.
ബാങ്ക് മാനേജരായ മുപ്പത്തഞ്ച് വയസുകാരന് വാട്‌സ്ആപ്പ് ഇൻവെസ്റ്റ്‌മെൻ്റ് ഗ്രൂപ്പ് സ്‌കാം എന്നറിയപ്പെടുന്ന പുതിയ ഓൺലൈൻ തട്ടിപ്പിലൂടെ 48.57 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്ന വാർത്ത ഇപ്പോൾ എത്തിയിരിക്കുന്നു. രാജ്യത്തിന്റെ വിവിധിയിടങ്ങളിൽ വാട്‌സ്ആപ്പ് ഇൻവെസ്റ്റ്‌മെൻ്റ് ഗ്രൂപ്പ് സ്‌കാം ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ട തട്ടിപ്പിന് ഇരയായിരിക്കുന്നത് കോയമ്പത്തൂർ സ്വദേശിയാണ്.

ദി ഹിന്ദുവിന്റെ റിപ്പോർട്ട് പറയുന്നത് കോയമ്പത്തൂർ സ്വദേശിയായ ജെ. കൃഷ്ണരാജ് (35) ആണ് പുതിയ വാട്സ്ആപ്പ് തട്ടിപ്പിന് ഇരയായിരിക്കുന്നത് എന്നാണ്. മാർച്ച് 14ന് ഒരു അജ്ഞാത വ്യക്തിയിൽ നിന്ന് കൃഷ്ണരാജിന് ഒരു വാട്സ്ആപ്പ് മെസേജ് ലഭിച്ചു. പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത്, ഓൺലൈൻ ട്രേഡിംഗിലൂടെ അധിക പണം സമ്പാദിക്കാനുള്ള കാര്യങ്ങളാണ് മെസേജിൽ പറഞ്ഞിരുന്നത്.
ആരിൽ നിന്ന് എത്തിയത് എന്നുപോലും ഉറപ്പില്ലാത്ത ഈ മെസേജ് വിശ്വസിച്ച കൃഷ്ണരാജ് എക്സ്ട്രാ പണം സമ്പാദിക്കാം എന്ന പ്രതീക്ഷയിൽ വാട്സ്ആപ്പിൽ സന്ദേശമയച്ചയാളുടെ നിർദേശങ്ങൾക്ക് വിധേയമായി 13 വ്യത്യസ്ത ഇടപാടുകളിലായി അയാൾ പറഞ്ഞ അക്കൗണ്ടിലേക്ക് ഫണ്ട് ട്രാൻസ്ഫർ ചെയ്തു. മൊത്തം 48,57,115 രൂപയാണ് ഇത്തരത്തിൽ നിക്ഷേപിച്ചത്.

പിന്നീട് പണം പിൻവലിക്കേണ്ട ഘട്ടമെത്തിയപ്പോൾ കൂടുതൽ പണം നിക്ഷേപിക്കാനാണ് അജ്ഞാതൻ നിർദേശിച്ചത്. നിക്ഷേപിച്ച പണം പിൻവലിക്കാൻ കഴിയുന്നില്ല എന്ന ഘട്ടമെത്തിയപ്പോൾ മാത്രമാണ് പണം നഷ്ടമായെന്നും താൻ അകപ്പെട്ടത് സൈബർ തട്ടിപ്പുകാരുടെ വലയിലാണെന്നും കൃഷ്ണരാജ് മനസിലാക്കുന്നത്. തുടർന്ന് തട്ടിപ്പ് സംബന്ധിച്ച് അദ്ദേഹം പരാതി നൽകുകയും എഫ്ഐആർ ഫയൽ ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഓൺലൈൻ ട്രേഡിങ്ങിന്റെയും ടിപ്സിന്റെയുമൊക്കെ പേരിൽ വാട്സ്ആപ്പ് വഴി ഇത്തരം തട്ടിപ്പുകൾ രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ നടക്കുന്നുണ്ട്. ഇത്തരം തട്ടിപ്പുകൾ സംബന്ധിച്ച വാർത്തകൾ വന്നിട്ടും പലരും ഇതേ ചതിക്കുഴികളിലേക്ക് ചെന്നുചാടിക്കൊടുക്കുന്നുണ്ട്. വിദ്യാസമ്പന്നർ എന്ന് പൊതുവിൽ കരുതപ്പെടുന്നവർ തന്നെയാണ് ഇത്തരത്തിൽ തട്ടിപ്പുകൾക്ക് കൂടുതലായും ഇരയാകുന്നത് എന്നതാണ് ശ്രദ്ധേയമായ മറ്റൊരുകാര്യം.
അധിക വരുമാനം ആഗ്രഹിക്കുന്നവരും പാർട്ട്ടൈം ജോലി അന്വേഷിക്കുന്നവരുമൊക്കെയാണ് കൂടുതലായും സൈബർ തട്ടിപ്പുകാരുടെ പ്രലോഭിപ്പിക്കുന്ന വാഗ്ദാനങ്ങളിൽ വീഴുന്നത്. വാട്സ്ആപ്പ് വഴിയും മറ്റും നമ്മളെ തേടി ഇങ്ങോട്ട് എത്തുന്ന പാർട്ട് ടൈം ജോബ് ഓഫറുകളും വിവിധ സമ്മാന പദ്ധതികളും നിക്ഷേപ പദ്ധതികളും ചതിയാണ് എന്ന തിരിച്ചറിവോടെ വേണം അവയെ സമീപിക്കാൻ.

ഉയർന്ന വരുമാനം നേടാനാകും എന്ന വാഗ്ദാനത്തെ കണ്ണുംപൂട്ടി വിശ്വസിക്കരുത്. അതുപോലെ പൂർണ്ണമായ ബോധ്യം ഇല്ലാതെ നിക്ഷേപസംബന്ധമായ കാര്യങ്ങൾക്കായി ഇറങ്ങിത്തിരിക്കരുത്. ഏതെങ്കിലും പണമിടപാടുകൾ നടത്തും മുമ്പ് ആ കമ്പനിയെപ്പറ്റിയോ പ്ലാറ്റ്ഫോമിനെപ്പറ്റിയോ നന്നായി അന്വേഷിക്കുക. യാഥാർത്ഥ്യബോധമില്ലാത്ത വാഗ്ദാനങ്ങളിൽ ജാഗ്രത പാലിക്കുക. അജ്ഞാതരുമായി ഒരിക്കലും ബാങ്ക് അക്കൗണ്ട് വിവരങ്ങളോ ക്രെഡിറ്റ് കാർഡ് വിവരങ്ങളോ മറ്റ് സാമ്പത്തിക വിവരങ്ങളോ പങ്കിടരുത്.
എന്തെങ്കിലും കാരണവശാൽ തട്ടിപ്പിന് ഇരയായെങ്കിൽ, അല്ലെങ്കിൽ സംഗതി തട്ടിപ്പാണ് എന്ന് മനസിലാക്കാനായെങ്കിൽ തുടർന്ന് തട്ടിപ്പുകാരനുമായുള്ള എല്ലാ ആശയവിനിമയങ്ങളും ഉടനടി നിർത്തുക. പോലീസിലും സൈബർ ക്രൈം വകുപ്പിലും സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ടുകളും ഇടപാട് രേഖകളും ഉൾപ്പെടെ പരാതി നൽകുക. പണം നഷ്ടമായാൽ തട്ടിപ്പിനെക്കുറിച്ച് ഉടൻ ബാങ്കിനെ അറിയിക്കുകയും സാധ്യമെങ്കിൽ ഫണ്ടുകൾ വീണ്ടെടുക്കുന്നതിനുള്ള സഹായം ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുക.


Click it and Unblock the Notifications








