വാട്സാപ്പിൽ ഇനി ഫോർവെർഡ് ചെയ്യാൻ പറ്റുക അഞ്ചുപേർക്ക് മാത്രം! പുതിയ സംവിധാനം വരുന്നു!
ഒരുദിവസം ഇത്ര വാട്സാപ്പ് മെസ്സേജുകൾ മാത്രമേ ഫോർവെർഡ് ചെയ്യാൻ പറ്റുകയുള്ളൂ എന്നൊരു ഉപാധി വാട്സാപ്പിൽ വരുകയാണെങ്കിൽ എങ്ങനെയുണ്ടാകും? അല്ലെങ്കിൽ ഒരുതവണ ഇത്ര ആളുകൾക്ക് മാത്രമേ അയക്കാൻ പറ്റൂ എന്ന്.. ചിരിച്ചുതള്ളാൻ വരട്ടെ, അത്തരമൊരു പദ്ധതിയിലാണ് വാട്സാപ്പ്. പ്രത്യേകിച്ചും ഇന്ത്യക്കാരെ ഉദ്ദേശിച്ചാണ് ഈ രീതിയിലൊരു തീരുമാനമെടുത്തത്. വാട്സാപ്പ് വഴിയുള്ള വ്യാജ വാർത്തകളുടെ നിലയ്ക്കാത്ത പ്രചരണമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്താൻ വാട്സാപ്പിനെ നയിച്ച കാരണം.

പുതിയ സംവിധാനത്തിന് പിന്നിൽ
വ്യഴാഴ്ച വൈകിട്ടോടെ ഒരു ബ്ലോഗ് പോസ്റ്റിലാണ് വാട്സാപ്പ് ഈ കാര്യം അറിയിച്ചത്. ലോകത്ത് ഇന്ന് ഏറ്റവുമധികം വാട്സാപ്പ് മെസ്സേജുകൾ ഫോർവെർഡ് ചെയ്യപ്പെടുന്ന ഒരു രാജ്യമാണ് ഇന്ത്യ. അതിനാൽ തന്നെ പലതരത്തിലുള്ള വ്യാജവാർത്തകളും ഈ മെസ്സേജിങ് പ്ലാറ്റ്ഫോമിലൂടെ നിരവധിയായി നിത്യവും കടന്നുപോകുന്നുണ്ട്. അതിനാൽ തന്നെ ഇവയെ തടയുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് വാട്ടസ്ആപ്പ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്.

ഫോർവെർഡ് ചെയ്യാവുന്ന മെസ്സേജുകളുടെ എണ്ണം അഞ്ചെണ്ണം
ഒരാൾക്ക് ഇന്ത്യയിൽ ഫോർവെർഡ് ചെയ്യാവുന്ന മെസ്സേജുകളുടെ എണ്ണം അഞ്ചെണ്ണം മാത്രമായി ചുരുങ്ങും. ആഗോളതലത്തിൽ 20 എണ്ണമായിരിക്കും പരിധി. അതുകൂടാതെ പെട്ടെന്ന് മെസ്സേജ് ഫോർവേർഡ് ചെയ്യാനുള്ള ബട്ടണും നീക്കം ചെയ്യും.ഇത് പ്രാവർത്തികമാക്കുന്നതിലൂടെ വാട്സാപ്പിന്റെ ഭാവിയെ വരെ ഒരുപക്ഷെ തളർത്തിയേക്കാൻ സാധ്യതയുള്ള ഒരു തീരുമാനത്തിനാണ് കമ്പനി തയ്യാറായിരിക്കുന്നത്.

ലക്‌ഷ്യം വ്യാജവാർത്തകൾ തടയൽ
ഇതിന്റെ ഭാഗമായി ഈയടുത്ത് പല രീതിയിലുള്ള പരീക്ഷണങ്ങളും വാട്സാപ്പ് നടത്തിയിരുന്നു. ഫോർവെർഡ് ചെയ്ത മെസ്സേജുകൾ ലേബൽ ചെയ്യുന്നതടക്കം ഈ പ്രശ്നത്തിന് ഒരു പരിഹാരമാർഗ്ഗം നിയന്ത്രിക്കുന്നവർക്ക് 50000 ഡോളർ പാരിതോഷികം നൽകും എന്ന് പ്രഖ്യാപിച്ചത് വരെ ഈയടുത്ത് നടന്നിരുന്നു. അതിലേക്ക് ചേർത്തുവായിക്കാവുന്നതാണ് വാട്സാപ്പിന്റെ ഈ ശ്രമവും.

വാട്സാപ്പ് അധികൃതർ ഇന്ത്യയിൽ എത്തും
ഇതുമായി ബന്ധപെട്ട് വാട്സാപ്പിന്റെ ഉദ്യോഗസ്ഥർ ഈ ആഴ്ച ഇന്ത്യയിലുണ്ടാകും. ഇന്ത്യൻ സർക്കാർ കണക്ക് പ്രകാരം വാട്സാപ്പ് ഉപയോഗിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 225 മില്യൺ ആണ്. അതിനാൽ തന്നെ ഇത്രയധികം ആളുകൾ ഉപയോഗിക്കുന്ന ഒരു സേവനം എന്ന നിലയിൽ അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഈ പ്രശ്നങ്ങളെ നേരിട്ട് അറിയാനും പരിഹാരമാർഗ്ഗങ്ങൾ തേടാനാണ് കമ്പനി ഇന്ത്യയിൽ എത്തുക.


Click it and Unblock the Notifications








