വാട്സ്ആപ്പിൽ വോയിസ് മെസേജ് പോലെ വീഡിയോ മെസേജും അയയ്ക്കാം; ബീറ്റ വേർഷൻ പുറത്തിറങ്ങി
ഉപയോക്താക്കളുടെ സൗകര്യാർഥം പുത്തൻ ഫീച്ചറുകൾ പുറത്തിറക്കുന്നതിൽ അസാമാന്യമായ മികവ് പുലർത്തുന്ന വാട്സ്ആപ്പ് ഒരു പുത്തൻ ഫീച്ചർ കൂടി ബീറ്റ പതിപ്പിൽ അവതരിപ്പിച്ചു. വാട്സ്ആപ്പ് ചാറ്റുകളിൽ നീലവിൽ വോയിസ് മെസേജുകൾ അയയ്ക്കുന്നതിനു സമാനമായി ഇനി വീഡിയോയും അയയ്ക്കാൻ കഴിയുന്ന വീഡിയോ മെസേജ് ഫീച്ചർ ആണ് വാട്സ്ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.
ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയ്ക്കായുള്ള വാട്സ്ആപ്പ് ബീറ്റയുടെ ഏറ്റവും പുതിയ അപ്ഡേറ്റിൽ വീഡിയോ മെസേജ് ഫീച്ചർ അടങ്ങിയിരിക്കുന്നതായി വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. 60 സെക്കൻഡ് വരെ ദൈർഘ്യമുള്ള ഹ്രസ്വ വീഡിയോകൾ പങ്കിടാൻ കഴിയും, എന്നതാണ് പുതിയ വീഡിയോ മെസേജ് ഫീച്ചറിന്റെ പ്രത്യേകത.

ആളുകളുടെ ചാറ്റിങ്ങിനെ കൂടുതൽ കാര്യക്ഷമമാക്കാൻ വീഡിയോ മെസേജിങ് ഫീച്ചറിന് കഴിയും എന്നാണ് വാട്സ്ആപ്പിന്റെ വിലയിരുത്തൽ. വാബീറ്റ ഇൻഫോ പുറത്തുവിട്ടിരിക്കുന്ന സ്ക്രീൻഷോട്ടിൽ നിന്ന് ലഭ്യമാകുന്ന വിവരങ്ങൾ പ്രകാരം പുതിയ വീഡിയോ മെസേജിങ് ഫീച്ചർ ലഭ്യമാകുമ്പോൾ നിലവിൽ ചാറ്റ്ബാറിലെ മൈക്രോഫോൺ സ്ഥിതിചെയ്യുന്ന ഐക്കണിന്റെ സ്ഥാനത്ത് ഒരു വീഡിയോ ക്യാമറ ബട്ടൻ ആണ് കാണുക.
പുതിയ ഫീച്ചർ നിലവിൽ ബീറ്റ ഉപയോക്താക്കൾക്ക് മാത്രമാണ് ലഭിക്കുക. എന്നാൽ പുതിയ ഫീച്ചറുകൾ തുടർച്ചയായി പുറത്തിറക്കുന്ന വാട്സ്ആപ്പിന്റെ ഇപ്പോഴത്തെ രീതി കണക്കിലെടുത്താൽ വീഡിയോ മെസേജ് ഫീച്ചർ പരിശോധനകൾ പൂർത്തിയാക്കി, പോരായ്മകൾ പരിഹരിച്ച് സാധാരണ വാട്സ്ആപ്പ് ഉപയോക്താക്കൾക്കായി ഉടൻ പുറത്തിറക്കിയേക്കും. അത്ര വേഗത്തിൽ അടുത്തിടെ നിരവധി ഫീച്ചറുകൾ ഉപയോക്താക്കൾക്ക് ലഭ്യമായിരുന്നു.

എഡിറ്റ് ബട്ടൺ, ഓൺലൈൻ സാന്നിധ്യം മറയ്ക്കൽ, നിർദ്ദിഷ്ട ആളുകളിൽ നിന്ന് പ്രൊഫൈൽ ചിത്രങ്ങൾ മറയ്ക്കൽ, ചാറ്റ് ലോക്ക്, മൾട്ടി-ഫോൺ പിന്തുണ തുടങ്ങി നിരവധി ഫീച്ചറുകൾ വാട്സ്ആപ്പ് കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ ഉപയോക്താക്കൾക്കായി റിലീസ് ചെയ്തിരുന്നു. അതേ രീതിയിൽ അധികം വൈകാതെ വീഡിയോ മെസേജിങ് ഫീച്ചറും സാധാരണ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ലഭ്യമാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.
എന്നാൽ സമീപ അപ്ഡേറ്റുകളിൽ വാട്സ്ആപ്പ് അവതരിപ്പിച്ച ഫീച്ചറുകളെക്കാൾ പ്രധാനപ്പെട്ട ഫീച്ചർ ആയാണ് വീഡിയോ മെസേജ് ഫീച്ചറിനെ വിലയിരുത്തപ്പെടുന്നത്. വോയിസ് മെസേജ് ഫീച്ചർ അവതരിപ്പിച്ചപ്പോൾ ലഭിച്ചതിനെക്കാൾ പ്രാധാന്യം വീഡിയോ മെസേജ് ഫീച്ചറിന് ലഭിക്കും എന്നാണ് കരുതപ്പെടുന്നത്. വളരെ ലളിതമായി കൈകാര്യം ചെയ്യാൻ സാധിക്കും വിധമാണ് വീഡിയോ മെസേജ് ഫീച്ചർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ചാറ്റ് ബാറിലെ വോയിസ് മെസേജ് ബട്ടനിൽ അമർത്തിപ്പിടിക്കുമ്പോൾ ഉപയോക്താക്കൾക്ക് വീഡിയോ മെസേജ് ബട്ടൻ ദൃശ്യമാകും. അതായത് ഓഡിയോ ബട്ടന്റെ മറുപുറം എന്ന നിലയ്ക്കാണ് വീഡിയോ ബട്ടൻ കാണപ്പെടുക എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. ഓഡിയോ അല്ലെങ്കിൽ വീഡിയോ മെസേജ് അയയ്ക്കണോ എന്ന് ഉപയോക്താവ് തീരുമാനിക്കുന്നത് അനുസരിച്ച് ബട്ടനുകൾ മാറ്റാൻ സാധിക്കും.
ആപ്പിൽ ഒരാൾ എങ്ങനെയാണോ ഓഡിയോ സന്ദേശം അയയ്ക്കുന്നത് അതുപോലെതന്നെ വീഡിയോ ബട്ടനിൽ പ്രസ് ചെയ്ത് വീഡിയോ മെസേജും അയയ്ക്കാം. ഇങ്ങനെ അയയ്ക്കുന്ന വീഡിയോ മെസേജുകളും എൻഡ്-ടു-എൻഡ് പരിരക്ഷയുള്ളവയായിരിക്കും. അതിനാൽ മെസേജ് അയയ്ക്കുന്ന ആളും സ്വീകരിക്കുന്ന ആളും അല്ലാതെ വാട്സ്ആപ്പിനുപോലും ഈ വീഡിയോ കാണാൻ സാധിക്കില്ല.
ഇത്തരത്തിൽ വീഡിയോ മെസേജ് ഫീച്ചർ ഉപയോഗിച്ച് അയയ്ക്കുന്ന വീഡിയോകൾ മൂന്നാമതൊരാൾക്ക് ഫോർവേഡ് ചെയ്യാനും സാധിക്കില്ല. വീഡിയോ അയയ്ക്കുന്ന ഉപയോക്താക്കളുടെ സുരക്ഷയ്ക്കായി വാട്സ്ആപ്പ് ശ്രദ്ധ പുലർത്തുന്നുണ്ട് എന്ന് ഇത് വ്യക്തമാക്കുന്നു. എന്നാൽ വ്യൂ വൺസ് ഫീച്ചർ ഉപയോഗിക്കാൻ സാധിക്കാത്തതിനാൽ സ്ക്രീൻ റെക്കോഡ് വഴി വീഡിയോ പകർത്താനുള്ള സാധ്യത നിലനിൽക്കുന്നു.

മുൻകൂട്ടി റെക്കോഡ് ചെയ്ത വീഡിയോയും വീഡിയോ മെസേജ് വഴി റെക്കോഡ് ചെയ്ത വീഡിയോയും തിരിച്ചറിയാൻ സാധിക്കുമെന്നും വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. മെസേജ് സ്വീകരിക്കുന്ന ആളും വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ അപ്ഡേഷൻ നടത്തിയിട്ടുണ്ടെങ്കിൽ മാത്രമേ വീഡിയോ മെസേജ് ഫീച്ചർ വഴി അയയ്ക്കുന്ന വീഡിയോ മെസേജ് കാണാൻ സാധിക്കൂ.
ചാറ്റിനിടെ പെട്ടെന്ന് വീഡിയോ റെക്കോഡ് ചെയ്ത് മെസേജായി അയയ്ക്കാൻ സാധിക്കും എന്നതാണ് വീഡിയോ മെസേജ് ഫീച്ചറിന്റെ പ്രത്യേകത. നിലവിൽ ഗ്യാലറിയിലെ വീഡിയോ ചാറ്റിൽ അയയ്ക്കാൻ ഓപ്ഷനുണ്ട്. കൂടാതെ ചാറ്റ്ബാറിലെ ക്യാമറ ഓപ്ഷനിൽ ഫോട്ടോ മാറ്റി വീഡിയോ ഓപ്ഷൻ എടുത്തും പരമാവധി 30 സെക്കൻഡ് വരെയുള്ള വീഡിയോ റെക്കോഡ് ചെയ്ത് അയയ്ക്കാം.
എന്നാൽ ഇതിനെക്കാളൊക്കെ എളുപ്പത്തിലും സുരക്ഷിതത്വത്തോടെയും വീഡിയോ അയയ്ക്കാമെന്നതാണ് പുതിയ വീഡിയോ മെസേജിങ് ഫീച്ചറിന്റെ പ്രത്യേകത. എങ്ങനെയാണ് വാട്സ്ആപ്പിൽ ഈ ഫീച്ചർ ഉപയോഗിക്കേണ്ടത് എന്ന് നോക്കാം: വാട്സ്ആപ്പ് ചാറ്റിലെ ടൈപ്പിങ് ബാറിന്റെ വലതുവശത്തുള്ള മൈക്രോഫോൺ/വീഡിയോ ക്യാമറ ബട്ടനിൽ ടാപ്പ് ചെയ്യുക. തുടർന്ന് വീഡിയോ റെക്കോഡ് ചെയ്ത് സെൻഡ് ചെയ്യുക.
Image credit: wabetainfo.com


Click it and Unblock the Notifications








