ഒന്നരലക്ഷം പോലും വിലയില്ലാത്ത ഐഫോണിനായി 'ഭാഗ്യവാൻ' നൽകിയത് 4.26 ലക്ഷം! കുരുക്കിയത് വാട്സ്ആപ്പ്
സൗജന്യമെന്നു കേട്ടാൽ ചാടിവീഴുകയെന്നത് പലരുടെയും ഒരു ദൗർബല്യമാണ്. ആവശ്യത്തിലധികം പണം ഉള്ളവർപോലും സൗജന്യം എന്നു കേട്ടാൽ പാഞ്ഞെത്തുന്നു. എന്നാൽ ഈ എടുത്തുചാട്ടം പലപ്പോഴും അപകടങ്ങളിലേക്കും ധനനഷ്ടത്തിലേക്കുമാണ് ആളുകളെ കൊണ്ടെത്തിക്കുക. സൈബർ ക്രിമിനലുകൾ ഇത്തരം സൗജന്യ പ്രലോഭനങ്ങൾ നൽകി ആളുകളെ കബളിപ്പിക്കുന്നതിൽ പലപ്പോഴും വിജയിക്കാറുണ്ട്.
കഴിഞ്ഞ ദിവസം നടന്ന ഇത്തരത്തിലൊരു തട്ടിപ്പിൽ 4.26 ലക്ഷം രൂപയാണ് ഒരു യുവാവിന് നഷ്ടമായത്. ദ ഫ്രീ പ്രസ് ജേണലിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, നറുക്കെടുപ്പിൽ ഐഫോൺ സമ്മാനമായി ലഭിച്ചു എന്നു പ്രലോഭിപ്പിച്ചാണ് 23 വയസുള്ള മുംബൈ സ്വദേശിയായ യുവാവിൽ നിന്ന് പണം തട്ടിയെടുത്തത്.

ഒരു വാട്സ്ആപ്പ് സന്ദേശത്തിൽനിന്നാണ് സംഭവങ്ങളുടെ തുടക്കം. ഒരു ഇലക്‌ട്രോണിക്‌സ് കട നടത്തിയ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടി വിജയിച്ചത് അയാൾ ആണെന്ന് അറിയിച്ചുകൊണ്ടുള്ളത് ആയിരുന്നു ആ വാട്സ്ആപ്പ് മെസേജ്. ഒന്നാം സമ്മാനം ഐഫോൺ 14 പ്രോ മാക്സ് ആണെന്നും അത് അയാൾക്ക് ഉടൻ എത്തിച്ചു നൽകുമെന്നും മെസേജിൽ പറഞ്ഞിരുന്നു.
തുടർന്ന് ഒരു ഫർണിച്ചർ കടയുടെ ഉടമയായ ആ യുവാവ്, വാട്സ്ആപ്പ് നമ്പറിൽ തിരിച്ച് ബന്ധപ്പെട്ടു. സമ്മാനം ലഭിക്കണമെങ്കിൽ നികുതിയായി കുറച്ച് പണം അടയ്ക്കണം എന്നാണ് അവർ ആവശ്യപ്പെട്ടത്. തുടർന്ന് അവർ ആവശ്യപ്പെട്ടപ്പോഴെല്ലാം യുവാവ് പണം നൽകി. ഇങ്ങനെ 34 വ്യത്യസ്‌ത ഇടപാടുകളിലായി ആകെ 4.26 ലക്ഷം രൂപ യുവാവ് കൈമാറി.

എന്നാൽ പണം കൊടുക്കുന്നതല്ലാതെ സമ്മാനം ലഭിക്കുന്ന ലക്ഷണമൊന്നും കണ്ടില്ല. താൻ കബളിപ്പിക്കപ്പെടുകയാണ് എന്ന് യുവാവ് തിരിച്ചറിഞ്ഞപ്പോഴേക്കും 4.26 ലക്ഷം രൂപ നഷ്ടമായിരുന്നു. തുടർന്ന് പരാതിയുമായി ഇയാൾ പോലീസ് സ്റ്റേഷനിൽ എത്തുകയും കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. ഇത്തരം തട്ടിപ്പുകൾ മുൻപും നിരവധി തവണ നടന്നിട്ടുണ്ട്.
ഇത്തരം തട്ടിപ്പുകളെപ്പറ്റി കാര്യമായ കേട്ടുകേൾവി ഇല്ലാത്തതാകാം യുവാവിനെ ഇത്തരമൊരു കുരുക്കിൽ ചാടിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുന്നതായാണ് ദ ഫ്രീ പ്രസ് ജേണലിലെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ ഏതാണ്ട് 140000 രൂപയിൽ താഴെ മാത്രമാണ് ഐഫോൺ 14 പ്രോ മാക്സിന്റെ വില.
സൗജന്യം എന്ന വാഗ്ദാനത്തിൽ വീണ്, മൂന്ന് ഐഫോൺ പ്രോ മാക്സ് വാങ്ങാനുള്ള കാശാണ് യുവാവ് കളഞ്ഞുകുളിച്ചത്. ഇത്രയും വലിലൊരു അബദ്ധം ആരെങ്കിലും കാണിക്കുമോ എന്ന് കേൾക്കുന്നവർക്ക് തോന്നിപ്പോകാം. എന്നാൽ ഇന്ത്യയിൽ നടക്കുന്ന ഓൺലൈൻ തട്ടിപ്പുകൾ പരിശോധിച്ചാൽ അധികവും ഇത്തരത്തിൽ കേട്ടാൽ ആശ്ചര്യം തോന്നുന്ന വിധത്തിലുള്ള മണ്ടത്തരങ്ങൾ മൂലം നടക്കുന്നവയാണ്.
ആളുകളുടെ ദൗർബല്യങ്ങളും അറിവില്ലായ്മയും മുതലെടുത്ത് അവരെ കെണിയിൽ വീഴ്ത്താൻ പുത്തൻ ടെക്നോളജി ഉൾപ്പെടെ ഉപയോഗപ്പെടുത്തിയാണ് സൈബർ ക്രിമിനലുകൾ തന്ത്രങ്ങൾ മെനയുന്നത്. പലരും അതിൽ വീണുപോകുന്നു. നിരവധി യുവാക്കളുടെ മോഹമാണ് ഐഫോൺ. ഐഫോൺ ചൂണ്ടയിൽ കുരുക്കി നിരവധി തട്ടിപ്പുകൾ സൈബർ ക്രിമിനലുകൾ നടത്തുന്നുണ്ട്. വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം പോലുള്ള പ്ലാറ്റ്ഫോമുകളും തട്ടിപ്പുകാർ ഉപയോഗപ്പെടുത്തുന്നു.
അടുത്തിടെ നടന്ന ഒരു തട്ടിപ്പിൽ ഐഫോൺ അമ്പരപ്പിക്കുന്ന വിലക്കുറവിൽ ലഭിക്കുമെന്ന് കണ്ട് വാങ്ങാൻ ഇറങ്ങിപ്പുറപ്പെട്ട യുവാവിന് ഏകദേശം 29 ലക്ഷം രൂപയാണ് നഷ്ടമായത്. അതുവച്ച് നോക്കുമ്പോൾ 4 ലക്ഷം പോയ ഇരുപത്തിമൂന്നുകാരൻ എത്ര ഭാഗ്യവാൻ എന്ന് തോന്നിപ്പോകും. ഒരു ഇൻസ്റ്റഗ്രാം പേജിൽക്കൂടിയാണ് ഐഫോൺ വിലക്കുറവിൽ ലഭ്യമാകുമെന്ന് യുവാവ് കാണുന്നത്.

തുടർന്ന് വിൽപ്പനക്കാരനുമായി ബന്ധപ്പെട്ടപ്പോൾ 28,000 രൂപ അഡ്വാൻസ് പേയ്‌മെന്റ് ആവശ്യപ്പെട്ടതായി ഇര പോലീസിനോട് വെളിപ്പെടുത്തി. തുടർന്ന് കസ്റ്റംസും മറ്റ് നികുതികളും തീർക്കാനെന്ന വ്യാജേന കൂടുതൽ പണം ആവശ്യപ്പെട്ടതായും മൊഴിയിൽ പറയുന്നു. പല തവണയായി 28,69,850 രൂപ വാങ്ങിയെടുത്തെന്നും ഫോൺ കിട്ടുമ്പോൾ എല്ലാം ശരിയാക്കാമെന്നാണ് പറഞ്ഞിരുന്നതെന്നും ഇര മൊഴി നൽകിയതായി 91മൊബൈൽസ് റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ പണമോ ഫോണോ തിരിച്ച് ലഭിച്ചില്ല. ഇത്തരം തട്ടിപ്പ് ശ്രമങ്ങൾ ഇപ്പോഴും വ്യാപകമായി നടക്കുന്നുണ്ട്. ഭൂരിഭാഗം പേരും ഈ ചതിക്കുഴികൾ തിരിച്ചറിഞ്ഞ് ഒഴിഞ്ഞുമാറുന്നു. എന്നാ ചുരുക്കം ചിലർ ഈ കെണികളിൽ വീണുപോകുന്നു. ഓൺലൈൻ ഇടപാടുകൾ നടത്തുമ്പോൾ ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകതയാണ് ഇത്തരം സംഭവങ്ങൾ ചൂണ്ടിക്കാട്ടുന്നത്.


Click it and Unblock the Notifications