എന്തുകൊണ്ട് ഓൺലൈൻ ഗെയിമുകൾക്ക് 28 ശതമാനം ജിഎസ്ടി ചുമത്തി; അറിയേണ്ടതെല്ലാം
രാജ്യത്ത് ഓൺലൈൻ ഗെയിമുകൾക്കും കുതിര പന്തയങ്ങൾക്കും കാസിനോകൾക്കും ജിഎസ്ടി നിശ്ചയിച്ചു. 28 ശതമാനം ജിഎസ്ടിയാണ് ഇവയിൽ നിന്ന് ഈടാക്കുക. കഴിഞ്ഞ ദിവസം ഡൽഹിയിൽ നടത്തിയ ജിഎസ്ടി കൗൺസിലിന്റെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
ലോട്ടറിയും വാതുവെപ്പും പോലെ ഓൺലൈൻ ഗെയിമുകളും കുതിരപ്പന്തയവും കാസിനോകളും ആവിശ്യ വസ്തുക്കൾ അല്ലെന്നും ആയതിനാൽ ജിഎസ്ടി നിയമത്തിൽ മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു. വിഷയം കൗൺസിലിൽ ചർച്ച ചെയ്തെന്നും പ്രശ്നം വളരെ സങ്കീർണ്ണമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികളുടെയും മന്ത്രിമാരുടെയും നിർദേശവും കണക്കിലെടുത്താണ് പുതിയ തീരുമാനം.

പുതിയ തീരുമാനം നടപ്പിലാകുന്നതോടെ ഒരു ഓൺലൈൻ ഗെയിമിന് ചെലവഴിക്കുന്ന 100 രൂപയിൽ 28 രൂപ ജിഎസ്ടിയായി ഈടാക്കും. ഇത് രാജ്യത്തെ ഗെയിമേർസിനെ നിരൂത്സാഹപ്പെടുത്തുന്ന നയം ആണെന്നും. ഇവരുടെ ഉപജീവനമാർഗമാണ് ഇത്തരം ഓൺലൈൻ ഗെയിമുകൾ എന്നും ഇ-ഗെയിമേഴ്‌സ് ആൻഡ് പ്ലെയേഴ്‌സ് വെൽഫെയർ അസോസിയേഷൻ ടെക് പോളിസി അഭിഭാഷകയും ഡയറക്ടറുമായ ശിവാനി ഝാ പറഞ്ഞു.
പുതിയ നിയമം നടപ്പിലായാൽ രാജ്യത്തെ ഗെയിമർമാർ മറ്റ് ഓഫ്ലൈൻ പ്ലാറ്റ്ഫോമുകൾ തേടിപ്പോകുമെന്നും ഡിജിറ്റൽ ഗെയിമിങ് മേഖലക്ക് കനത്ത തിരിച്ചടിയായിരിക്കുമെന്നും ശിവാനി കൂട്ടിച്ചേർത്തു. രാജ്യത്തെ ഗെയിമിങ് വ്യവസായത്തിന് ഇത് കനത്ത വെല്ലുവിളിയായിരിക്കുമെന്ന് ഇന്ത്യാപ്ലേസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ആദിത്യ ഷാ പറഞ്ഞു. നികുതി ഭാരം കൂടുന്നത് അവരുടെ വരുമാനത്തെ ബാധിക്കും. ഇതോടെ പുതിയ നിക്ഷേപകൾ നടത്താനും അവർ മടിക്കും എന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

മികച്ച കഴിവുള്ള ഗെയിമർമാര് നമ്മുടെ രാജ്യത്തുണ്ടെന്നും ചൂതാട്ടക്കാരെയും ഗെയിമർമാരെയും ഒരേപോലെ കാണരുതെന്നും ഇദ്ദേഹം ആവിശ്യപ്പെട്ടു. അമിത നികുതി കാരണം ഇനി രാജ്യത്തെ ഗെയിമിങ് മേഖല വളരാൻ സാധ്യത ഇല്ലെന്നും വിപണിയിൽ ഗെയിമിങ് കമ്പനികൾ തമ്മിലുള്ള മത്സരം ഇനി ഉണ്ടാകില്ലെന്നും ഷാ കൂട്ടിച്ചേർത്തു.
അതേ സമയം ഇ-ഗെയിമിങ് കുട്ടികളിൽ ഉണ്ടാക്കുന്ന സ്വാധീനത്തെ തുടർന്ന് ഇത്തരം ഗെയിമുകളെ തരംതാഴ്ത്തുമോ എന്ന ചോദ്യവും മന്ത്രി നിർമ്മല സീതാരാമനോട് ചോദിച്ചിരുന്നു. എന്നാൽ ഒരു വ്യവസായവും അവസാനിപ്പിക്കാൻ കൗൺസിലിന് താൽപ്പര്യമില്ലെന്നും അവരുടെ നികുതി ആവിശ്യവസ്തുക്കളുടെ നികുതിക്കൊപ്പം താഴ്ത്തി ഒരു തെറ്റായ സന്ദേശം നൽകാൻ കൗൺസിൽ ആഗ്രഹിക്കുന്നില്ലെന്നും ആയിരുന്നു മന്ത്രിയുടെ മറുപടി.
അതിനിടെ സിനിമാ തിയേറ്ററുകളിലെ ഭക്ഷണത്തിന് വില കുറക്കാനും ജിഎസ്ടി കൗൺസിൽ യോഗത്തിൽ തീരുമാനമായി. 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി ആണ് ഇവയുടെ ജിഎസ്ടി കുറച്ചിരിക്കുന്നത്. ഇതുമൂലം ഇനിമുതൽ റെസ്റ്റോറന്റുകളിലെ വിലക്കും തിയേറ്ററുകളിൽ നിന്ന് ഭക്ഷണം ലഭിക്കുന്നതാണ്. ക്യാൻസറിനും അപൂർവ രോഗങ്ങൾക്കുമുള്ള മരുന്നുകളുടെ വിലയും കുറക്കാൻ യോഗത്തിൽ തീരുമാനം ആയി.
മൾട്ടി യൂട്ടിലിറ്റി വാഹനങ്ങൾക്ക് 22% സെസും ഏർപ്പെടുത്താൻ യോഗത്തിൽ തീരുമാനമായിട്ടുണ്ട്. എന്നാൽ സെഡാനെ ഇതിൽ നിന്ന് ഒഴിവാക്കി. വ്യജ ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റിലൂടെ 17,000 കോടി രൂപ തട്ടിച്ചു എന്ന് വ്യക്തമായതോടെ ജിഎസ്ടി രജിസ്‌ട്രേഷന് വേണ്ടി വ്യക്തിഗത ബാങ്ക് അക്കൗണ്ട് വിവരങ്ങളും നിർബന്ധമാക്കാൻ യോഗത്തിൽ തീരുമാനമായി.
തലസ്ഥാന നഗരങ്ങളിലും ഹൈക്കോടതി ബഞ്ചുകൾ ഉള്ള സ്ഥലങ്ങളിലും ജിഎസ്ടി ട്രൈബ്യൂണലുകൾ സ്ഥാപിക്കാനും യോഗത്തിൽ തീരുമാനം ആയി. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം എന്നീ നഗരങ്ങളിൽ ആയിരിക്കും ജിഎസ്ടി ട്രൈബ്യൂണലുകൾ സ്ഥാപിക്കുക. ഒരു ജുഡീഷ്യൽ വിദഗ്ധനും ഒരു സാങ്കേതിക വിദഗ്ധനും ഒരു ട്രൈബ്യൂണലിൽ ഉണ്ടായിരിക്കും.


Click it and Unblock the Notifications








