കീകള്‍ക്കെങ്ങനെ താളം തെറ്റി?

Posted By: Super

കീകള്‍ക്കെങ്ങനെ താളം തെറ്റി?

കമ്പ്യൂട്ടറിലെ കീബോര്‍ഡ് കാണുമ്പോള്‍ എന്താണ് ആദ്യം മനസ്സിലേക്കെത്തുക? ഈ കീബോര്‍ഡിലെ കീകളെല്ലാമെന്താ താളം തെറ്റിക്കിടക്കുന്നതെന്നല്ലേ? ഇതിന്  പിന്നിലെ കാരണം എപ്പോഴെങ്കിലും അന്വേഷിച്ചിട്ടുണ്ടോ? കീബോര്‍ഡ് ഉണ്ടാക്കുമ്പോള്‍ വന്ന കൈപ്പിഴയൊന്നുമല്ല കാരണം. സിസ്റ്റം ജാമാകാതിരിക്കുകയായിരുന്നു ഇതിന് പിന്നിലെ ലക്ഷ്യം.

കീബോര്‍ഡുകളിലെ ഇടതുവശത്തുനിന്ന് തുടങ്ങുന്ന ക്യു, ഡബ്ല്യു,ഇ,ആര്‍,ടി എന്നീ അക്ഷരങ്ങളെ കൂട്ടിച്ചേര്‍ത്ത് വായിച്ചാണ് ക്യുവര്‍ട്ടി കീബോര്‍ഡെന്ന പേര്  വന്നത്. ഇന്നിപ്പോള്‍ ബ്ലാക്ക്‌ബെറി ഉള്‍പ്പടെ വിവിധ ഫോണുകളിലും ക്യുവര്‍ട്ടി കീബോര്‍ഡ് കാണാവുന്നതാണ്.

1874ല്‍ ക്രിസ്റ്റഫര്‍ ഷോള്‍സ് എന്ന വ്യക്തിയാണ് ഇന്ന് കാണുന്ന ക്യുവര്‍ട്ടി കീബോര്‍ഡിന്റെ ലേഔട്ട് നിര്‍വ്വഹിച്ചത്.  ടൈപ്പ് റൈറ്ററുകളിലെ കീബോര്‍ഡില്‍ അക്ഷരങ്ങള്‍ ക്രമത്തില്‍ വന്നാല്‍ ടൈപ്പ് ചെയ്യുന്ന ആള്‍ക്ക് എളുപ്പത്തില്‍ ഓരോ അക്ഷരങ്ങളും കണ്ടെത്തി നിര്‍ത്താതെ ടൈപ്പ് ചെയ്യാനാകുമെന്ന മനസ്സിലാക്കായി ഷോള്‍സ് അക്ഷരങ്ങളെ  ക്രമം തെറ്റിച്ച് ഉള്‍പ്പെടുത്തുകയായിരുന്നു.

ആദ്യം 1868ല്‍ ഷോള്‍സ് ഒരു കീബോര്‍ഡ് നിര്‍മ്മിച്ചിരുന്നു. അക്ഷരമാല ക്രമത്തില്‍ രണ്ട് വരികളിലായായിരുന്നു കീകള്‍ സ്ഥാപിച്ചത്. എന്നാല്‍ അതില്‍ ടൈപ്പ് ചെയ്യുമ്പോള്‍ റൈറ്റര്‍ ജാം ആകുന്നത് കണ്ടെത്തിയ ഷോള്‍സ് പിന്നീട് കീകളുടെ താളം തെറ്റിക്കുകയായിരുന്നു.

ടൈപ്പ് റൈറ്റര്‍ ജാം ആകാതിരിക്കാനാണ് കീകള്‍ താളം തെറ്റിച്ചത്. എന്നാല്‍ ഇന്നത്തെ കമ്പ്യൂട്ടറുകള്‍ക്ക് ജാം ആകുകയെന്ന പ്രശ്‌നമില്ലാഞ്ഞിട്ടും ഇപ്പോഴും ഷോള്‍സിന്റെ കീബോര്‍ഡ് ലേ ഔട്ടാണ് തുടര്‍ന്ന് പോരുന്നത്. താളം തെറ്റിയ അക്ഷരങ്ങളെ നിമിഷങ്ങള്‍ക്കുള്ളില്‍ അക്ഷരത്തെറ്റില്ലാത്ത വാക്കുകളാക്കാന്‍ ഇപ്പോള്‍ നമ്മള്‍ പഠിച്ചുകഴിഞ്ഞു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot