ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഏതുനിമിഷവും നിങ്ങളുടെ ഫോൺ പൊട്ടിത്തെറിച്ചേക്കാം
ഇടക്കിടെ നമ്മൾ വാർത്തകളിൽ കാണാറുള്ള ഒന്നാണ് മൊബൈൽ ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു എന്ന സംഭവങ്ങൾ. ഇന്ന് ഓരോ പുതിയ സ്മാർട്ട് ഫോണുകൾ ഇറങ്ങുമ്പോഴും ബാറ്ററിയുടെ കപ്പാസിറ്റി വർധിപ്പിച്ചുകൊണ്ട് ഇരിക്കുകയാണ്. ഇവ കൂടുതൽ അപകടം ഉണ്ടാക്കുമോ ഇല്ലയോ എന്ന് സംശയത്തിലാണ് ഉപഭോക്താക്കൾ. യഥാർത്ഥത്തിൽ ബാറ്ററി പൊട്ടിത്തെറിക്കാനുള്ള കാരണം എന്തെന്ന് നോക്കാം.
അടുത്തിടെ തൃശൂര്‍ തിരുവില്വാമലയില്‍ എട്ട് വയസുകാരി മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് മരണപ്പെട്ടത് വലിയ വാർത്തയായിരുന്നു. വിവിധ കാരണങ്ങളാൽ മൊബൈൽ ഫോണിലെ ബാറ്ററികൾ പൊട്ടിത്തെറിച്ചേക്കാം. ഇതിലെ പ്രധാന കാരണങ്ങളിലൊന്നാണ് അമിതമായ ചാർജിംഗ്. മൊബൈൽ ഫോണുകൾക്ക് അമിതമായി ചാർജ് നൽകുന്നത് നിങ്ങളുടെ ഫോണിന്റെ ബാറ്ററിക്ക് കേടാണ്. ചാർജ് ഫുള്ള് ആയതിന് ശേഷവും കുത്തിയിടുന്ന ധാരാളം ഉപഭോക്താക്കൾ ഇപ്പോഴും നമ്മുക്ക് ഇടയിലുണ്ട്.

മൊബൈൽ ഫോണിൽ വെള്ളം കയറിയാലും ബാറ്ററിക്ക് കേടുപാട് സംഭവിക്കുന്നതാണ്. വെള്ളം കയറിയ മൊബൈൽ ഫോൺ ചാർജിന് ഇട്ടാലും പൊട്ടിത്തെറിക്കാനുള്ള സാധ്യത ഉണ്ട്. മാത്രമല്ല ഫോൺ ചാർജ് ചെയ്യുന്ന സമയത്തെ വോൾട്ടേജ് വേരിയേഷനും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമായേക്കും ഇത്തരത്തിൽ നിരവധി സംഭവങ്ങൾ ഇടക്കിടെ റിപ്പോർട്ട് ചെയതിട്ടുണ്ട്.
ഇടി മിന്നലുള്ള സമയത്ത് ഫോൺ ചാർജ് ചെയ്യുന്നത് അപകടകരമാണെന്ന് വിദഗ്ദർ പറയുന്നു. താങ്ങാനാകാത്ത പവർ ആയിരിക്കും ഇടിമിന്നൽ സമയത്ത് എത്തുക ആയതിനാൽ തന്നെ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് പലതിനും ഈ പവർ താങ്ങാനാകാതെ നശിക്കപ്പെട്ട് പോകാറാണ് പതിവ്. മറ്റൊന്നാണ് ചാർജർ മാറ്റി ഉപയോഗിക്കുന്നത്. ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് സാധാരണ ഫോണുകൾ ചാർജ് ചെയ്യുന്നത് ഫോണിന്റെ ബാറ്ററിക്ക് ദോഷമാണ്.

ഇപ്പോൾ ഇറങ്ങുന്ന പല ഫോണുകളിലും ലിഥിയം- അയൺ ബാറ്ററികൾ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്, പോസിറ്റീവ്, നെഗറ്റീവ് ഇലക്ട്രോഡുകളുടെ സൂക്ഷ്മമായ ബാലൻസിലാണ് അവയിലെ ചാർജിങ് നടക്കുന്നത്. ഇതിൽ ചെറിയ മാറ്റം വന്നാൽ തന്നെ അപകടങ്ങൾ സംഭവിക്കാവുന്നതാണ്. ഫോൺ കയ്യിൽ നിന്ന് വീഴുന്നത് ബാറ്ററിയുടെ ആന്തരിക പ്രവർത്തനത്തേയും ബാധിച്ചേക്കാം ഇത് ഫോണിനകത്ത് ഷോട്ട്സർക്യൂട്ടിന് കാരണമായേക്കാം.
ചാർജ് ചെയ്തോണ്ട് ഫോൺ ഉപയോഗിക്കുന്നതും അപകടം വിളിച്ചുവരുത്തുന്ന പ്രവർത്തിയാണ്. ചാർജ് ചെയ്യുമ്പോൾ ഫോൺ മൂടി വെക്കരുത്. പരമാവധി കെയ്സുകൾ മാറ്റിവെച്ച് ചാർജ് ചെയ്യുന്നത് തന്നെയാണ് നല്ലത്. മൂടി വെക്കുമ്പോൾ ഫോണിന്റെ ബാറ്ററി ചൂടാകാനുള്ള സാധ്യത കൂടുതലാണ് ഇത് വലിയ അപകടത്തിലേക്ക് നയിച്ചേക്കാം. നല്ല വെയിൽ ഉള്ള സമയത്ത് തുറസായി ഇരുന്ന് ഫോൺ അധിക നേരം ഉപയോഗിക്കുന്നതും ഇത്തരത്തിൽ വിനാശം സംഭവിക്കാൻ കാരണമായേക്കാം.
ചൂട് മാത്രമല്ല തണുപ്പും ഫോണിന് ദോഷമാണ് 32- 95 ഡിഗ്രി ഫാരൻ ഹീറ്റിന് ഇടയിൽ പ്രവർത്തിക്കുന്ന രീതിയിലാണ് ബാറ്ററികൾ രൂപപ്പെടുത്തിയിരിക്കുന്നത്. ഫോണിന്റെ ബാറ്ററി മാറ്റേണ്ട സാഹചര്യം വന്നാൽ വിശ്വാസതയുള്ള നല്ല കമ്പനികളുടെ ബാറ്ററികൾ തിരഞ്ഞെടുക്കുക. വില കുറവിന് കിട്ടുന്നതിനാൽ മറ്റു ബാറ്ററികൾ ഉപയോഗിക്കരുത്.
മേൽപ്പറഞ്ഞ പല കാരങ്ങളാലാണ് പ്രധാനമായും ഫോണിന്റെ ബാറ്ററികൾ പൊട്ടിത്തെറിക്കുന്നത്. ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ വെച്ചുപുലർത്തിയാൽ ഒരു പരുധിവരെ ഈ അപകടം ഒഴിവാക്കാവുന്നതാണ്. നെരത്തെ ഫോൺ പൊട്ടിത്തെറിക്കാൻ സാധ്യത ഉണ്ടെന്ന കാരണത്താൽ 2016 സാസംങ് ഗാലക്സി നോട്ട് 7 തിരിച്ചുവിളിച്ചിരുന്നു. ഈ ഫോൺ പൊട്ടിത്തെറിക്കുന്നതായി ചില വാർത്തകളും വന്നിരുന്നു. കയറ്റുമതി ചെയ്ത 2.5 ദശലക്ഷം യൂണിറ്റുകളിൽ 100 എണ്ണം പൊട്ടിത്തെറിച്ചിരുന്നു.


Click it and Unblock the Notifications







