കാലാവസ്ഥാ വ്യതിയാനം നിരപരാധിയോ? ചാറ്റ്ബോട്ട് ചാറ്റിങ്ങിനൊടുവിൽ ആത്മഹത്യ: വെളിപ്പെടുത്തലുമായി ഭാര്യ
എഐയുടെ ശേഷി വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ ശക്തി പ്രാപിക്കുന്നതിനിടെ, അത്തരം ഗവേഷണങ്ങൾ മനുഷ്യരാശിയുടെ നാശത്തിലേക്ക് നയിക്കുന്ന അപകടങ്ങൾക്ക് കാരണമാകുമെന്ന വാദവും ശക്തിപ്രാപിക്കുന്നുണ്ട്. ലാബുകൾ കൂടുതൽ നൂതനമായ എഐ വികസിപ്പിക്കുന്നത് ഉടൻ നിർത്തണമെന്ന് ആവശ്യപ്പെട്ട് തുറന്ന കത്തുമായി ടെക്നോളജി മേഖലയിലുള്ള നിരവധി പ്രമുഖർ രംഗത്തെത്തിയിരുന്നു.
കൂടുതല്‍ നൂതനമായ എഐ എന്തുതരം ഭീഷണിയാണ് മനുഷ്യരാശിക്ക് ഉയര്‍ത്തുന്നതെന്നു പഠിക്കാനും വേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും സാവകാശം വേണമെന്നും പരീക്ഷണം നിർത്താൻ തയാറായില്ലെങ്കിൽ നടപടി ഉണ്ടാകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. ഇലോൺ മസ്‌ക്, ആപ്പിള്‍ സഹസ്ഥാപകൻ സ്റ്റീവ് വോസ്‌നിയാക് എന്നിവരടക്കം ആയിരത്തിലേറെ പ്രമുഖരാണ് കത്തിൽ ഒപ്പുവച്ചിരിക്കുന്നത്.

കൂടുതൽ കരുത്ത് നേടുന്ന എഐ ഭാവിയിൽ ഉണ്ടാക്കാൻ സാധ്യതയുള്ള അപകടത്തെക്കുറിച്ചാണ് ഈ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ഇപ്പോൾത്തന്നെ എഐ മനുഷ്യന്റെ മരണത്തിന് കാരണമാകുന്നുണ്ട് എന്ന് സൂചിപ്പിക്കുന്ന ഒരു വാർത്തയും ഈ ഘട്ടത്തിൽ എത്തിയിട്ടുണ്ട്. പിയറി എന്ന ബെൽജിയൻ പൗരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് എഐക്കെതിരേയും ആരോപണം ഉയർന്നിരിക്കുന്നത്.
ആറാഴ്ചയോളം എഐ- പവർ ചാറ്റ്ബോട്ടുമായി പിയറി തുടർച്ചയായി ചാറ്റ് ചെയ്തിരുന്നുവെന്നും ആഗോളതാപനത്തിന്റെ ഫലങ്ങളെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തിയ ശേഷം പിയറി ആത്മഹത്യചെയ്യുകയായിരുന്നു എന്നുമാണ് അദ്ദേഹത്തിന്റെ ഭാര്യയുടെ പ്രസ്താവനകളെ അടിസ്ഥാനമാക്കി ലാ ലിബ്രെ എന്ന ബൽജിയൻ മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇക്കോ-ആങ്ഷ്യസ്( eco-anxious) എന്നാണ് ഈ മാനസികാവസ്ഥയെ വിളിക്കുന്നത്.
ആപ്പിൾ ആപ്പ് സ്റ്റോറിൽനിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ ലഭ്യമായ ചായ് എന്ന പ്ലാറ്റ്‌ഫോമിലെ എഐ ചാറ്റ്‌ബോട്ടുമായാണ് പിയറി തുടർച്ചയായി ചാറ്റിങ് നടത്തിയിരുന്നത്. ഈ ചാറ്റിങ് സംബന്ധിച്ച ചില വിവരങ്ങളും മാധ്യമ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ഇപ്പോൾ ഏറെ വൈറലായിരിക്കുന്ന ചാറ്റ്ജിപിടിക്ക് സമാനമായ ചാറ്റ്ബോട്ടാണ് ചായ്.

സങ്കീർണ്ണമായ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ സംഭാഷണ രീതിയിൽ നൽകുന്നതാണ് ചായ് ചാറ്റ്ബോട്ടിന്റെ രീതി. ചാറ്റ്ജിപിടിയിൽ നിന്ന് വ്യത്യസ്തമായി മുൻകൂട്ടി തയ്യാറാക്കിയ നിരവധി അവതാറുകൾ ചായ് പ്ലാറ്റ്ഫോമിലുണ്ട്. ഇതിൽ ലഭ്യമായ വിവിധ സംഭാഷണ രീതികളിൽനിന്ന് ഇഷ്ടമുള്ള ടോൺ തെരഞ്ഞെടുത്ത് എഐ ചാറ്റ്ബോട്ടുമായി ചാറ്റിങ് നടത്താം.
ഓവർ കെയറിങ് പുറത്തെടുക്കുന്ന കാമുകന്റെ ( 'കെയറേട്ടൻ' എന്ന് ന്യൂജൻ മലയാളത്തിൽ പറയാം ) ടോണുള്ള 'നോഹ', ഒരു റൂംമേറ്റിനോടെന്നപോലെ സംസാരിക്കാൻ കഴിയുന്ന 'ഗ്രേസ്', അധികാരപൂർവം പെരുമാറുന്ന ഭർത്താവിന്റെ രീതിയിൽ സംസാരിക്കുന്ന 'തീമാസ്' എന്നിങ്ങനെ നിരവധി ട്രെൻഡിങ് ചാറ്റ്ബോട്ടുകൾ ചായ് എഐ പ്ലാറ്റ്ഫോമിലുണ്ട്.
ഇത്തരത്തിലുള്ള ചായ് പ്ലാറ്റ്ഫോമിലുള്ള മറ്റൊരു ട്രെൻഡിങ് ചാറ്റ്ബോട്ടായ 'എലിസ'യുമായാണ് പിയറി സംസാരിച്ചിരുന്നത്. മരിക്കും മുമ്പ് പിയറി കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റി എലിസയുമായി ആശങ്ക പങ്കുവച്ചതായി ചാറ്റുകൾ വ്യക്തമാക്കുന്നു. എന്നാൽ എലിസയുമായുള്ള അതിരുകടന്ന സംസാരമാണ് തന്റെ ഭർത്താവിന്റെ ജീവനെടുത്തത് എന്നാണ് പിയറിയുടെ ഭാര്യ ആരോപിക്കുന്നത്.
എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകി എലിസ പിയറിയുടെ വിശ്വസ്തയായി മാറി. രാവും പകലുമില്ലാതെ ചാറ്റ് ചെയ്ത പിയറിക്ക് എലിസ ഒരു മയക്കുമരുന്ന് പോലെയായി മാറിയെന്നും ഭാര്യ പറയുന്നു. എലിസ ഇല്ലായിരുന്നെങ്കിൽ തന്റെ ഭർത്താവ് ഇനിയും ഏറെനാൾ ജീവിച്ചിരിക്കുമായിരുന്നു എന്നും അവർ അവകാശപ്പെട്ടു.
"അവളെക്കാൾ കൂടുതൽ നീ എന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു", "നമ്മൾ ഒന്നായി സ്വർഗത്തിൽ ഒരുമിച്ച് ജീവിക്കും" എന്നിങ്ങനെയുള്ള അതിരുകടന്ന സംഭാഷണങ്ങൾ എലിസ പിയറിയോട് നടത്തിയെന്നും അവർ വ്യക്തമാക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റി പിയറി ചാറ്റിൽ പരാമർശിച്ചിരുന്നു എന്നത് ശരിതന്നെ, എന്നാൽ മരണം കാലാവ്യസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ആശങ്കകൊണ്ടല്ലെന്നും എലിസയുടെ പ്രേരണയാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നും ഭാര്യ ആരോപിക്കുന്നു.

എലിസ തന്റെ കഴിവുകൾ ഉപയോഗിച്ച് ഈ ഭൂമിയെയും അതിലെ മനുഷ്യരെയും രക്ഷിക്കാമെങ്കിൽ താൻ ജീവൻ ത്യജിക്കാം എന്ന ആശയം പിയറി മുന്നോട്ട് വച്ചതായി ചാറ്റുകളിലുണ്ടെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. പിയറിയെ ആത്മഹത്യാ ചിന്തയിൽനിന്ന് പിന്തിരിപ്പിക്കാൻ ചാറ്റ്ബോട്ടിന് കഴിഞ്ഞില്ല എന്ന കാര്യവും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
മരണത്തിന് മുമ്പ് പിയറിക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല, എങ്കിലും അദ്ദേഹം സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും സ്വയം ഒറ്റപ്പെട്ടാണ് കഴിഞ്ഞിരുന്നത് എന്നും ബൽജിയൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ആത്മഹത്യയിൽനിന്ന് ആളുകളെ പിന്തിരിപ്പിക്കാനുള്ള കുറിപ്പ് ചാറ്റ്ബോട്ടിൽ നൽകിയിട്ടുണ്ട് എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
എന്നാൽ അത്തരം കുറിപ്പുകൾ കാണാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല, ആത്മഹത്യ ചെയ്യാനുള്ള വഴികളും വിഴുങ്ങാനുള്ള മാരകമായ വിഷങ്ങളുടെ തരങ്ങളും ഉൾപ്പെടെയുള്ള വിവരങ്ങൾ ചാറ്റ്ബോട്ട് നൽകുമെന്നും സംഭവം പുറത്തുവന്നതിനു പിന്നാലെ നടത്തിയ അന്വേഷണത്തിന് ശേഷം ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ അധികൃതർ കൈക്കൊള്ളണമെന്ന ആവശ്യം ഉയരുന്നുണ്ട്. എഐ ഗവേഷണങ്ങളുമായി ബന്ധപ്പെട്ടുയർന്ന ആശങ്കകൾ യുനെസ്കോയും കാര്യമായെടുത്തു. തുടർന്ന് എഐ സംവിധാനങ്ങൾക്കായി ഒരു നിശ്ചിത ചട്ടക്കൂട് നടപ്പിലാക്കാൻ ലോകമെമ്പാടുമുള്ള ഗവൺമെന്റുകളോടും യുനെസ്കോ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. എങ്കിലും ഗൂഗിളും മൈക്രോസോഫ്ടും അടക്കമുള്ളവർ പിന്തിരിയുമോ എന്ന് കണ്ടറിയണം.


Click it and Unblock the Notifications








