4ജി ഉടൻ എത്തും പക്ഷേ... ബിഎസ്എൻഎല്ലിന്റെ സ്വപ്നത്തിനുമേൽ 5ജി മണ്ണുവാരിയിടുമോ?
ബിഎസ്എൻഎൽ 4ജി എന്നെങ്കിലും എത്തും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്ന വരിക്കാർ ഏറെയാണ്. ഇനിയും കുറച്ചുകൂടി സമയം എടുത്താലും ബിഎസ്എൻഎൽ 4ജി അധികം വൈകാതെ രാജ്യവ്യാപകമായി അവതരിപ്പിക്കപ്പെട്ടേക്കാം. ബിഎസ്എൻഎൽ 4ജി അവതരിപ്പിക്കും എന്നു പറയുമ്പോൾ ഇതുവരെ 4ജി അവതരിപ്പിച്ചിട്ടില്ല എന്ന് അതിന് അർഥമില്ല.
രാജ്യത്തെ ചില പ്രദേശങ്ങളിൽ ഇതിനോടകം തന്നെ ബിഎസ്എൻഎൽ 4ജി അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ അത് വിരലിലെണ്ണാവുന്ന സ്ഥലങ്ങളിൽ മാത്രമാണ്. വിപുലമായ രീതിയിൽ എല്ലാവർക്കും ലഭിക്കുന്ന വിധത്തിൽ 4ജി സേവനങ്ങൾ ആരംഭിക്കാനുള്ള ബിഎസ്എൻഎല്ലിന്റെ ശ്രമങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നതേയുള്ളൂ. പ്രാദേശിക സാങ്കേതികവിദ്യയും വിഭവങ്ങളും ഉപയോഗിച്ചാണ് ബിഎസ്എൻഎൽ 4ജി അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.

ഇതിനോടകം രാജ്യത്തെ ഏതാനും പ്രദേശങ്ങളിൽ മാത്രം ലഭ്യമായ ബിഎസ്എൻഎൽ 4ജിയിൽനിന്ന് വ്യത്യസ്തമായി ആഭ്യന്തര സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ബിഎസ്എൻഎൽ 4ജി സേവനങ്ങൾ രാജ്യത്ത് ആരംഭിക്കുന്നത്. 4ജി വ്യാപനം പൂർത്തിയായ ശേഷം അധികം വൈകാതെ 5ജിയിലേക്ക് മാറാവുന്ന വിധത്തിലുള്ളതാണ് ഈ സാങ്കേതികവിദ് എന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.
4ജി ആരംഭിക്കാനുള്ള ശ്രമങ്ങളിൽ ബിഎസ്എൻഎല്ലിന് പിന്തുണയും സഹായവുമായി ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS), സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സ് (C-DoT), തേജസ് നെറ്റ്‌വർക്കുകൾ എന്നിവയുണ്ട്. ഒരുലക്ഷം സൈറ്റുകളിൽ 4ജി എത്തിക്കാനുള്ള കരാറാണ് ടിസിഎസുമായി ബിഎസ്എൻഎൽ ഉണ്ടാക്കിയിരിക്കുന്നത്. കേന്ദ്ര മന്ത്രിമാരുടെ സംഘത്തിന്റെ അംഗീകാരം ലഭിക്കുന്നതോടെ ബിഎസ്എൻഎൽ 4ജിക്കായുള്ള പ്രവൃത്തികൾക്ക് തുടക്കമാകും എന്നാണ് കരുതപ്പെടുന്നത്.
4ജി ആരംഭിക്കാനായാൽ അധികം വൈകാതെ ബിഎസ്എൻഎല്ലിന് 5ജി സേവനങ്ങളും നൽകാൻ കഴിഞ്ഞേക്കാം. എന്നാൽ ചില കാര്യങ്ങൾ വിലയിരുത്തുമ്പോൾ ബിഎസ്എൻഎൽ 4ജിയിലൂടെ രക്ഷപ്പെടുമോ എന്ന കാര്യത്തിൽ ചില സംശയങ്ങൾ ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്. വളരെയധികം പ്രതീക്ഷയോടെയാണ് ബിഎസ്എൻഎൽ 4ജി കൊണ്ടുവരുന്നത്. ഇനിയും 4ജി നൽകാനായില്ലെങ്കിൽ ബിഎസ്എൻഎൽ പൂട്ടുന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങിയേക്കാം.

എന്നാൽ 4ജി കൊണ്ടുവന്നാലും ബിഎസ്എൻഎൽ രക്ഷപ്പെടാൻ എത്രമാത്രം സാധ്യത നിലനിൽക്കുന്നു എന്നതാണ് ഇപ്പോൾ ഉയർന്നുകേൾക്കുന്ന മറ്റൊരു ചോദ്യം. ബിഎസ്എൻഎൽ 4ജി അവതരിപ്പിക്കാൻ വൈകി എന്നുപറഞ്ഞാൽപ്പോര, വളരെ വളരെ വൈകി എന്ന് പറയണം. ഈ വൈകിയ വേളിയിലെങ്കിലും 4ജി അവതരിപ്പിക്കാൻ ശ്രമിച്ചത് സ്വാഗതാർഹമാണെങ്കിലും 4ജി വ്യാപനം പൂർണതോതിൽ പൂർത്തിയാകാൻ ഇനിയും രണ്ട്-മൂന്ന് വർഷമെടുക്കും എന്നത് നിരാശപ്പെടുത്തുന്നു.
എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന 4ജി അവതരിപ്പിച്ചാലും സ്വകാര്യ ടെലികോം കമ്പനികളുടെ പ്രീമിയം വിപണി വിഹിതം ബിഎസ്എൻഎൽ പിടിച്ചെടുക്കാൻ സാധ്യതയില്ല എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. നഗരപ്രദേശങ്ങളിലെ സ്വകാര്യ ടെലികോം കമ്പനികളുമായി മത്സരിക്കാൻ നിലവിലെ സാഹചര്യത്തിൽ ബിഎസ്എൻഎല്ലിന് കഴിയുമെന്ന് പ്രതീക്ഷിക്കാനാകില്ല. കാരണം ജിയോയും എയർടെലും 5ജി വ്യാപനവുമായി അതിവേഗം മുന്നേറുകയാണ്.
ബിഎസ്എൻഎൽ 4ജി അവതരിപ്പിച്ച് വരുമ്പോഴേക്കും ജിയോയും എയർടെലും രാജ്യം മുഴുവൻ 5ജി സേവനങ്ങൾ ആരംഭിച്ചുകഴിഞ്ഞിരിക്കും. ഇപ്പോൾ ആളുകൾ എല്ലാം 5ജി ഉപയോഗിക്കാനാണ് ആഗ്രഹിക്കുന്നത്. 5ജി ഫോണുകളിലേക്കുള്ള മാറ്റവും അതിവേഗം നടക്കുന്നുണ്ട്. നഗരത്തിലായാലുള്ളവരായാലും ഗ്രാമത്തിലുള്ളവരായാലും 5ജി ഫോൺ ഉള്ള ആളുകളിൽ ഭൂരിഭാഗവും 5ജി വാഗ്ദാനം ചെയ്യുന്ന ടെലിക്കോം കമ്പനിയുടെ സേവനം തെരഞ്ഞെടുക്കാനാണ് ആഗ്രഹിക്കുന്നത്.

4ജി എന്ന് അവതരിപ്പിച്ചുതീരും എന്ന് പറയാൻ കഴിയാത്ത ബിഎസ്എൻഎൽ, 5ജി സേവനങ്ങൾ നൽകുന്നവരോട് മത്സരിച്ച് നേട്ടം ഉണ്ടാക്കുമെന്ന് വിശ്വസിക്കാനാകില്ല എന്നാണ് ചിലർ വിലയിരുത്തുന്നത്. വരുമാനം വർധിപ്പിക്കേണ്ടത് ബിഎസ്എൻഎല്ലിനെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. എന്നാൽ ഉയർന്ന ശമ്പളമുള്ള ആളുകൾ കൂടുതലും സ്വകാര്യ കമ്പനികളുടെ വരിക്കാരാണ്. ബിഎസ്എൻഎൽ വരിക്കാരിൽ ഭൂരിപക്ഷവും സാധാരണക്കാരും.
4ജി അവതരിപ്പിക്കാൻ വർഷങ്ങളോളം സമയം ഉണ്ടായിരുന്നിട്ടും അന്നൊന്നും ബിഎസ്എൻഎൽ ആ അവസരം വേണ്ടവിധം വിനിയോഗിച്ചില്ല. ഇപ്പോൾ 5ജി യുഗത്തിൽ കാലം കഴിയാറായ 4ജി ഉപയോഗിച്ച് എത്രകണ്ട് മുന്നേറാൻ ബിഎസ്എൻഎല്ലിന് സാധിക്കും എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. 4ജി അവതരിപ്പിക്കാനായാൽ ഗ്രാമീണ മേഖലകളിൽ ബിഎസ്എൻഎല്ലിന് സ്വാധീനം നേടാൻ കഴിഞ്ഞേക്കും. എന്നാൽ അത് വരുമാനത്തിൽ എത്ര പ്രതിഫലിക്കുമെന്ന് പ്രവചിക്കുക സാധ്യമല്ല.
ചുരുക്കിപ്പറഞ്ഞാൽ ബിഎസ്എൻഎൽ 4ജി വ്യാപിച്ച് വരുമ്പോഴേക്ക് സ്വകാര്യ ടെലിക്കോം കമ്പനികൾ 5ജി വ്യാപനം പൂർത്തിയാക്കിയിരിക്കും 4ജിയുമായി ബിഎസ്എൻഎൽ ഏറ്റുമുട്ടേണ്ടിവരിക 5ജിയുള്ള സ്വകാര്യ ടെലിക്കോം കമ്പനികളോടാണ്. ബിഎസ്എൻഎൽ 4ജി അവതരിപ്പിക്കേണ്ടത് അനിവര്യമാണ്. എന്നാൽ വൈകുന്തോറും എതിരാളികൾ കൂടുതൽ കരുത്തരാകും എന്നതാണ് പ്രശ്നം. 5ജിയോട് ഏറ്റുമുട്ടി ജയിക്കാൻ ബിഎസ്എൻഎല്ലിന്റെ 4ജിക്ക് കഴിയുമോ എന്നത് കാലം തെളിയിക്കും.


Click it and Unblock the Notifications