കണ്ടകശനി കൊണ്ടേ പോകൂ! വീണ്ടും റീച്ചാർജ് നിരക്ക് കൂട്ടാൻ കൊതിച്ച് എയർടെൽ
കണ്ടകശനി കൊണ്ടേ പോകൂ എന്നാണ് പഴമൊഴി. തുടരെ തുടരെ പണികിട്ടിക്കൊണ്ടേയിരിക്കുമ്പോൾ കണ്ടകശനിയാണ് എന്ന് ആളുകൾ പറയാറുണ്ട്, ആ നിലയ്ക്ക് നോക്കിയാൽ ഇന്ത്യയിലെ പ്രമുഖ ടെലിക്കോം കമ്പനികളുടെ വരിക്കാർക്ക് ചിലപ്പോൾ അധികം വൈകാതെ കണ്ടകശനി ആരംഭിച്ചേക്കാം. ഈ വർഷം ജൂലൈയിൽ ഇന്ത്യയിൽ മൊബൈൽ റീച്ചാർജ് പ്ലാനുകളുടെ നിരക്കുകൾ ടെലിക്കോം കമ്പനികൾ വർധിപ്പിച്ചിരുന്നു. നിരക്ക് വർധിപ്പിക്കാൻ ഏറ്റവും ആഗ്രഹം പ്രകടിപ്പിച്ച ടെലിക്കോം കമ്പനി എയർടെൽ ആയിരുന്നു. എന്നാൽ ഏവരെയും അമ്പരപ്പിച്ചുകൊണ്ട് ആദ്യം നിരക്ക് വർധന പ്രഖ്യാപിച്ചത് റിലയൻസ് ജിയോ ആയിരുന്നു. അതിന്റെ ക്ഷീണം ജിയോയ്ക്ക് ഉണ്ടായി എന്നത് വേറെ കാര്യം.
ജിയോയ്ക്ക് പിന്നാലെ എയർടെലും വൊഡാഫോൺ ഐഡിയ (വിഐ) എന്നീ സ്വകാര്യ കമ്പനികളും തങ്ങളുടെ നിരക്കുകൾ വർധിപ്പിക്കുകയുണ്ടായി. സാധാരണക്കാരായ വരിക്കാരെ നിരക്ക് വർധന കാര്യമായി പ്രതിസന്ധിയിലാക്കി. നിരവധി പേർ അതിനെത്തുടർന്ന് ബിഎസ്എൻഎല്ലിലേക്ക് മാറുന്ന കാഴ്ചയാണ് തുടർന്ന് കണ്ടത്. ജൂലൈയിലെയും ഓഗസ്റ്റിലെയും ട്രായി കണക്കുകൾ പുറത്തുവന്നപ്പോൾ ബിഎസ്എൻഎൽ ഈ രണ്ട് മാസവും കൂടുതൽ വരിക്കാരെ പുതിയതായി സ്വന്തമാക്കി.

അതേസമയം, അതുവരെ മുന്നിൽ നിന്നിരുന്ന ജിയോയും എയർടെലും വരിക്കാരെ സ്വന്തമാക്കുന്നതിൽ പിന്നോട്ട് പോയി എന്നുമാത്രമല്ല, ബിഎസ്എൻഎല്ലിലേക്ക് എത്തിയവരിൽ കൂടുതൽ ഈ കമ്പനികളുടെ വരിക്കാരായിരുന്നു എന്നും വ്യക്തമായി. വൻ കൊഴിഞ്ഞുപോക്കാണ് ജിയോ, എയർടെൽ എന്നിവർ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ നേരിട്ടത്. സെപ്റ്റംബറിലേക്കും അത് തുടർന്നോ എന്നറിയാൻ ട്രായിയുടെ പുതിയ കണക്ക് വരേണ്ടതുണ്ട്.
എന്നാൽ ഇന്ത്യയിലെ ടെലിക്കോം വരിക്കാരുടെ ചങ്കിടിപ്പ് കൂട്ടുന്ന ഒരു പ്രസ്താവന എയർടെലിന്റെ സിഇഒയും എംഡിയുമായ ഗോപാൽ വിറ്റൽ ഇപ്പോൾ നടത്തിയിരിക്കുന്നു. "വ്യവസായത്തിന് സുസ്ഥിരമായ നിക്ഷേപങ്ങൾക്കായി കൂടുതൽ താരിഫ് അറ്റകുറ്റപ്പണികൾ ആവശ്യമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, ഇന്ത്യയ്‌ക്കുള്ള ROCE (മൂലധനത്തിൻ്റെ വരുമാനം) ഇപ്പോഴും 11 ശതമാനം മാത്രമാണ്," എന്നാണ് വിറ്റൽ പറഞ്ഞിരിക്കുന്നത്.

അതായത് ഇപ്പോൾ നിലവിലുള്ള നിരക്കുകൾ പോര എന്നാണ് എയർടെലിന്റെ പക്ഷം. എന്നാൽ നിരക്ക് വർധിപ്പിക്കും എന്ന് അദ്ദേഹം ഉറപ്പിച്ച് പറഞ്ഞിട്ടില്ല. അടുത്തിടെ നിരക്ക് കൂട്ടിയത് ഏറെ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിൽ, തങ്ങൾ കൂട്ടിയ നിരക്കുകൾ അത്ര വലുതല്ല എന്ന ന്യായീകരണം എന്ന നിലയിലും അദ്ദേഹത്തിന്റെ വാക്കുകൾ വേണമെങ്കിൽ വ്യാഖ്യാനിക്കാം.
അതേസമയം ജൂലൈയിൽ നടപ്പിലാക്കിയ നിരക്ക് വർധന എയർടെലിന്റെ വരുമാനത്തിൽ വൻ കുതിച്ചുചാട്ടം ഉണ്ടാക്കിയിട്ടുണ്ട്. 2025 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ ഭാരതി എയർടെല്ലിൻ്റെ എആർപിയു 233 രൂപയിലെത്തി, കമ്പനിയുടെ ഹ്രസ്വകാല എആർപിയു ലക്ഷ്യമായ 250 രൂപയോട് അടുത്തുകൊണ്ടിരിക്കുകയാണ്. അതിനിടെയാണ് സുസ്ഥിരമായ നിക്ഷേപങ്ങൾക്ക് വ്യവസായത്തിന് കൂടുതൽ താരിഫ് അറ്റകുറ്റപ്പണികൾ ആവശ്യമാണെന്ന് ഗോപാൽ വിറ്റൽ എടുത്തുപറഞ്ഞത്.
ജൂലൈ-സെപ്റ്റംബർ പാദത്തിൽ, 8,465 കോടി രൂപയുടെ ഉയർന്ന വിലയുള്ള സ്പെക്‌ട്രം കുടിശ്ശികയുടെ മറ്റൊരു ഗഡുകൂടി ഭാരതി എയർടെൽ മുൻകൂറായി അടച്ചതായി ടെലിക്കോം ടോക്ക് റിപ്പോർട്ട് ചെയ്യുന്നു. ജൂലൈ-സെപ്റ്റംബർ പാദത്തിലെ ഏകീകൃത വരുമാനം 41,473 കോടി രൂപയിൽ എത്തി, ഇത് വർഷാവർഷം 12 ശതമാനവും പാദത്തിൽ 7.7 ശതമാനവും വർധിച്ചു.

താരിഫ് വർദ്ധനയും ഗുണനിലവാരമുള്ള ഉപഭോക്താക്കളുമായി പോർട്ട്‌ഫോളിയോ ഉയർത്തുന്നതിൽ ആണ് എയർടെൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇത് വരുമാനം വർധിക്കുന്നതിൽ വലിയ പങ്കുവഹിച്ചു. ഓരോ വരിക്കാരനിൽ നിന്നും ശരാശരി ലഭിക്കുന്ന വരുമാനം (എആർപിയു) പരമാവധി ഉയർത്താന എയർടെൽ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നു. 2024 സാമ്പത്തിക വർഷത്തിലെ 203 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ പാദത്തിലെ എആർപിയു 233 രൂപയായി.
വരുമാനം വർധിക്കുന്നുണ്ടെങ്കിലും റീച്ചാർജ് നിരക്ക് കുറവാണ് എന്നതാണ് എയർടെലിന്റെ വിലയിരുത്തൽ എന്ന് സിഇഒയുടെ പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഉള്ളിൽ ആഗ്രഹമുണ്ടെങ്കിലും ഉടനേ ഒരു നിരക്ക് വർധന നടപ്പിലാക്കാൻ എയർടെൽ തയാറായേക്കില്ല. കാരണം ഒന്ന് കൂട്ടിയതിന്റെ പ്രതിഷേധം ഇപ്പോൾപ്പോലും കെട്ടടങ്ങിയിട്ടില്ല. ഈ സാഹചര്യത്തിൽ ഒരിക്കൽ കൂടി നിരക്ക് കൂട്ടിയാൽ കാര്യങ്ങൾ കൈവിട്ടുപോകാൻ സാധ്യത കൂടുതലാണ്.


Click it and Unblock the Notifications







