കോളേജ് പിള്ളേരുടെ ഭാഗ്യം! ആപ്പിൾ വിദ്യാർഥികൾക്കായി 50000 രൂപ വിലയിൽ ലാപ്ടോപ്പ് തയാറാക്കുന്നതായി റിപ്പോർട്ട്
ആപ്പിൾ വിദ്യാർഥികളെ ലക്ഷ്യമിട്ട് ഒരു പുതിയ ലാപ്ടോപ്പ് (മാക്ബുക്ക്) തയാറാക്കുന്നതായി റിപ്പോർട്ട്. മാക്ബുക്ക് എന്ന് കേൾക്കുമ്പോഴേ ആപ്പിളിന്റെ മറ്റ് ഡിവൈസുകൾ പോലെ തന്നെ ഉയർന്ന വില നൽകേണ്ടിവരും എന്ന് കരുതും. എന്നാൽ ആപ്പിൾ ഇപ്പോൾ തയാറാക്കുന്നതായി പറയപ്പെടുന്ന മാക്ബുക്കിന്റെ പ്രത്യേകത അത് 50000 രൂപ ബജറ്റ് വിലയിൽ വാങ്ങാൻ കഴിയുന്ന ഒന്നായിരിക്കും എന്നതാണ്. പ്രൊഫഷണലുകൾക്കുള്ള പ്രീമിയം ഉപകരണങ്ങളായാണ് മാക്ബുക്കുകൾ പലപ്പോഴും വിലയിരുത്തപ്പെടാറുള്ളത്. പ്രോ മോഡലുകളേക്കാൾ വളരെ വിലകുറഞ്ഞ മാക്ബുക്ക് എയറിനുപോലും പ്രീമിയം വിലയുണ്ട്. അതിനാൽത്തന്നെ മാക്ബുക്ക് വാങ്ങുക എന്ന മോഹം പലർക്കും സാമ്പത്തികമായി താങ്ങാനാകുന്ന ഒന്നല്ല.
എന്നാൽ അധികം വൈകാതെ തന്നെ മാക്ബുക്കുകളുടെ ലോകത്തേക്ക് കോളജ് വിദ്യാർഥികൾക്ക് നിലവിലുള്ളതിനെക്കാൾ കുറഞ്ഞ ചെലവിൽ കടന്നുചെല്ലാൻ കഴിയുമെന്ന് പുതിയ റിപ്പോർട്ടുകൾ പറയുന്നു. അതിന് കാരണം $1,000-ൽ താഴെ വിലയുള്ള ഒരു പുതിയ ബജറ്റ്-സൗഹൃദ മാക്ബുക്ക് അവതരിപ്പിക്കാൻ ആപ്പിൾ തയാറെടുക്കുന്നു എന്ന വാർത്തകളാണ്.

ഒന്നിലധികം റിപ്പോർട്ടുകൾ ബജറ്റ് മാക്ബുക്ക് എത്താൻ പോകുന്നതായി പറയുന്നുണ്ട്. ഇന്ത്യയിൽ ഇത് ഏകദേശം 50,000 രൂപയ്ക്ക് എത്തിയേക്കാം എന്ന് കരുതപ്പെടുന്നു. കോളേജ് വിദ്യാർത്ഥികളെയും അതേപോലെ ആദ്യമായി വാങ്ങുന്നവരെയും ലക്ഷ്യമിട്ടാണ് ഈ മാക്ബുക്ക് ആപ്പിൾ തയാറാക്കുന്നത് എന്നാണ് വിവരം. ക്രോംബുക്ക്സ് അല്ലെങ്കിൽ എൻട്രി ലെവൽ വിൻഡോസ് ലാപ്‌ടോപ്പുകൾ തിരഞ്ഞെടുക്കുന്നവർക്ക് പരിഗണിക്കാൻ കഴിയുന്ന വിധത്തിലാകും ഈ പുതിയ മാക്ബുക്കുകൾ എത്തുക.
ബ്ലൂംബെർഗിന്റെ മാർക്ക് ഗുർമാൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത് പ്രകാരം J700 എന്ന ഇന്റേണൽ കോഡ് നെയിമിലുള്ള ലാപ്‌ടോപ്പ് ഇതിനകം പരീക്ഷണ ഘട്ടത്തിലും പ്രാരംഭ ഉൽപാദന ഘട്ടത്തിലുമാണ്. വിദ്യാഭ്യാസ വിഭാഗത്തിലേക്കുള്ള ആപ്പിളിന്റെ ചുവടുറപ്പിക്കലിന്റെ ഭാഗമായാണ് ഈ മാക്ബുക്ക് എത്തുക എന്ന് വിശ്വസിക്കപ്പെടുന്നു. ഈ ലാപ്ടോപ്പ് പുറത്തിറക്കാൻ ആപ്പിൾ വിദേശ വിതരണക്കാരുമായി അടുത്ത് പ്രവർത്തിക്കുന്നു എന്ന് റിപ്പോർട്ട് പറയുന്നു.
ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും ബജറ്റ്-സൗഹൃദ മാക് നോട്ട്ബുക്ക് ആയിരിക്കും എത്തുകയെന്ന് കരുതപ്പെടുന്നു. നിലവിൽ ഒരു മാക്ബുക്ക് എയറിനായി ബജറ്റ് നീട്ടുകയോ കീബോർഡുള്ള ഒരു ഐപാഡ് വാങ്ങുകയോ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് കൂടുതൽ താങ്ങാനാവുന്ന ഒരു ബദൽ ഓപ്ഷനായി പുതിയ ബജറ്റ് ഫ്രണ്ട്ലി മാക്ബുക്ക് എത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ബ്ലൂംബെർഗിന്റെയും പ്രമുഖ അനലിസ്റ്റായ മിംഗ്-ചി കുവോയുടെയും പ്രതികരണങ്ങൾ പറയുന്നത് ഈ ബജറ്റ് ഫ്രണ്ട്ലി മാക്ബുക്ക് 2026 ന്റെ ആദ്യ പകുതിയിൽ തന്നെ പുറത്തിറങ്ങും എന്നാണ്. അതായത് അധികം കാത്തിരിക്കാതെ തന്നെ ഒരു പുതിയ മാക്ബുക്ക് താങ്ങാനാകുന്ന വിലയിൽ വാങ്ങാൻ തയാറാകാം. വിദ്യാർത്ഥികളെയും ചെറുകിട ബിസിനസുകളെയും സാധാരണ ഉപയോക്താക്കളെയും ആണ് ഈ മാക്ബുക്ക് പ്രധാനമായും ലക്ഷ്യമിടുന്നത്.
കുറഞ്ഞ വിലയിൽ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ആപ്പിൾ ഈ മാക്ബുക്കിന്റെ ഫീച്ചറുകളിൽ ചില വിട്ടുവീഴ്ചകൾ ചെയ്യും എന്ന് കരുതപ്പെടുന്നു. അതായത്, ഇന്നത്തെ മാക്ബുക്കുകളിൽ ഉപയോഗിക്കുന്ന എം-സീരീസ് ചിപ്പുകൾക്ക് പകരം, ഐഫോണുകൾക്ക് കരുത്ത് പകരുന്ന ഒരു എ-സീരീസ് പ്രോസസർ ഉപയോഗിക്കാൻ ആപ്പിൾ പദ്ധതിയിടുന്നതായി റിപ്പോർട്ടുണ്ട്.
ചെലവ് നിയന്ത്രിക്കാൻ ആപ്പിൾ ഡിസ്‌പ്ലേ കുറച്ചേക്കാമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 13.6 ഇഞ്ച് മാക്ബുക്ക് എയറുമായി താരതമ്യപ്പെടുത്തുമ്പോൾ ചെറുതും താഴ്ന്നതുമായ എൽസിഡി പാനൽ പുതിയ ബജറ്റ് ഫ്രണ്ട്ലി മാക്ബുക്കിൽ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ, M1 മാക്ബുക്ക് എയർ മാത്രമാണ് $1,000-ൽ താഴെ വിലയുള്ള ഒരേയൊരു മാക് നോട്ട്ബുക്ക്.
ആപ്പിൾ 50000 രൂപയോടടുത്ത വിലയിൽ പുതിയ മാക്ബുക്ക് പുറത്തിറക്കിയാൽ വിപണിയിൽ മത്സരം കടുക്കുകയും വിൻഡോസ്, ക്രോംബുക്ക് ഉപകരണങ്ങൾക്ക് വെല്ലുവിളി ഉയരുകയും ചെയ്യും. അതേസമയം ബജറ്റ് വിലയിൽ മാക്ബുക്ക് അവതരിപ്പിക്കുന്ന കാര്യം ആപ്പിൾ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പക്ഷേ വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്ന് പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ 2026 ന്റെ തുടക്കത്തിൽ കുറഞ്ഞ വിലയിൽ മാക്ബുക്ക് പുറത്തിറക്കാൻ ആപ്പിൾ തയാറെടുക്കുന്നുണ്ട്.


Click it and Unblock the Notifications








