BSNL-ന് ഉള്ളത് ആമയുടെ വേഗം, 4G പണികൾക്ക് ഒച്ചിന്റെ വേഗവും; പിന്നെങ്ങനെ ഓഗസ്റ്റിൽ BSNL 4G വരും!
ബിഎസ്എൻഎൽ 4ജി (BSNL 4G) സേവനങ്ങൾ ഈ വർഷം ഓഗസ്റ്റോടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും എത്തിത്തുടങ്ങും എന്ന് കഴിഞ്ഞ ദിവസം ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യം എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ വാർത്തകണ്ട നിരവധി ബിഎസ്എൻഎൽ ഉപയോക്താക്കൾ അത് ആത്മാർഥമായിത്തന്നെ വിശ്വസിച്ചിട്ടുണ്ടാകണം.
കാരണം ഇപ്പോഴുള്ള ഉപയോക്താക്കളിൽ ഭൂരിഭാഗം പേരും ബിഎസ്എൻഎല്ലിനെ അത്രമേൽ വിശ്വസിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇന്നും അവരിൽ പലരും ബിഎസ്എൻഎൽ വരിക്കാരായി തുടരുന്നത്. ബിഎസ്എൻഎൽ ഒരുകാലത്തും രക്ഷപ്പെടില്ല എന്ന ചിന്തയിൽ ഇതിനകം നിരവധി വരിക്കാർ മറ്റ് ടെലിക്കോം കമ്പനികളിലേക്ക് കുടിയേറിക്കഴിഞ്ഞു. മാർച്ചിൽ കൊഴിഞ്ഞുപോയ വരിക്കാരുടെ എണ്ണം ബിഎസ്എൻഎല്ലിനെത്തന്നെ ഞെട്ടിച്ചിരുന്നു.

ആ ഒരു ഞെട്ടലിൽനിന്ന് കൂടിയാകാം ബിഎസ്എൻഎൽ 4ജി ഓഗസ്റ്റിൽ എത്തുമെന്ന പ്രഖ്യാപനം വന്നത്. പോകാൻ കണക്കുകൂട്ടുന്നവർക്ക് പ്രതീക്ഷ നൽകാൻ ആ പ്രഖ്യാപനത്തിന് കഴിയും. എന്നാൽ ഒരു വിഭാഗം ആളുകൾ മാത്രമാണ് ബിഎസ്എൻഎല്ലിന്റെ ഈ പ്രഖ്യാപനത്തെ വിശ്വാസത്തിലെടുത്തിട്ടുള്ളത്. വലിയൊരുവിഭാഗം അത് ഇപ്പോഴും വിശ്വസിച്ചിട്ടില്ല.
ആളുകൾ ബിഎസ്എൻഎല്ലിനെ വിശ്വസിക്കാതിരിക്കാനുള്ള കാരണം അതിന്റെ മുൻകാല പ്രഖ്യാപനങ്ങൾ തന്നെയാണ്. ബിഎസ്എൻഎല്ലിൻ്റെ 4 ജി ലോഞ്ച് ചെയ്യുന്ന തിയതി എന്ന് പറഞ്ഞ് ഇതിനകം നിരവധി തിയതികൾ യഥാർഥത്തിൽ നാം കേട്ടിട്ടുണ്ട്. ബന്ധപ്പെട്ട സർക്കാർ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലുകളുടെയും വിവിധ റിപ്പോർട്ടുകളുടെയുമൊക്കെ അടിസ്ഥാനത്തിലാണ് ബിഎസ്എൻഎൽ 4ജി ലോഞ്ച് തിയതികൾ പ്രത്യക്ഷപ്പെടാറുള്ളത്.
എന്നാൽ ലോഞ്ച് ചെയ്യുമെന്ന് പറഞ്ഞ തീയതികൾ ഓൺലൈനിൽ ഒരു ചുറ്റിക്കറക്കം കഴിഞ്ഞ് അടുത്ത തിയതി പ്രഖ്യാപിക്കപ്പെട്ട് അതും പിന്നിട്ടിട്ടും ബിഎസ്എൻഎൽ ഡാറ്റ വേഗതയിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല എന്ന് ആളുകൾ പരിഭവം പ്രകടിപ്പിക്കുന്നു. 4ജി വരുമെന്ന് പറയുന്ന തിയതികളിൽ മാത്രമാണ് മാറ്റം. 4ജി അവതരിപ്പിക്കാനുള്ള നടപടികൾ ഒരിഞ്ചുപോലും അനങ്ങിയിട്ടില്ലെന്നും ആളുകൾ ചൂണ്ടിക്കാണിക്കുന്നു.
ബിഎസ്എൻഎൽ 4ജി അവതരിപ്പിക്കാനുള്ള നീക്കങ്ങൾ തുടങ്ങിയിട്ട് ഒരുപാട് നാളുകളല്ല, വർഷങ്ങൾ തന്നെയായി. ഗവൺമെന്റിന്റെ ചില കടുംപിടുത്തങ്ങളും ഇതിന് തിരിച്ചടിയായിട്ടുണ്ട് എന്ന വിലയിരുത്തലുകൾ ഉണ്ട്. കാരണം ഇന്ത്യയിലെ സ്വകാര്യ ടെലിക്കോം കമ്പനികളെല്ലാം വിദേശ കമ്പനികളുടെ നെറ്റ്വർക്ക് സാമഗ്രികൾ ഉപയോഗിച്ചും കോർ ടെക്നോളജി ഉപയോഗിച്ചുമാണ് 4ജി, 5ജി സേവനങ്ങൾ അവതരിപ്പിച്ചിട്ടുള്ളത്.
എന്നാൽ ബിഎസ്എൻഎൽ 4ജി ആരംഭിക്കുന്ന ഘട്ടത്തിലേക്ക് എത്തിയപ്പോൾ തദ്ദേശീയമായി വികസിപ്പിച്ച 4ജി ടെക്നോളജി ഉപയോഗിച്ചുവേണം 4ജി ആരംഭിക്കാൻ എന്ന നിർദ്ദേശം വന്നു. ഇത് ബിഎസ്എൻഎല്ലിന് കുറച്ച് പ്രശ്നങ്ങൾ സൃഷ്ടിച്ചു. എങ്കിൽ തദ്ദേശീയമായി 4ജി ടെക്നോളജി വികസിപ്പിക്കുകയും അതുപയോഗിച്ച് 4ജി വ്യാപനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഈ ടെക്നോളജിയുടെ കാര്യക്ഷമതയെച്ചൊല്ലി ഇപ്പോഴും സംശയങ്ങൾ നിലനിൽക്കുന്നു.

അതിനാൽത്തന്നെ ബിഎസ്എൻഎൽ 4ജി വ്യാപനത്തിന് ഇപ്പോഴും തടസങ്ങൾ നേരിടുന്നു. നിലവിൽ ചിലയിടങ്ങളിൽ ബിഎസ്എൻഎൽ 4ജി ലഭ്യമാകുന്നുണ്ട്. എന്നാലിത് വിദേശ വെണ്ടർമാരിൽ നിന്നുള്ള ഉപകരണങ്ങളും കോറും ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. തദ്ദേശീയ 4ജി ടെക്നോളജി ഉപയോഗിച്ച് പഞ്ചാബിലും മറ്റു ചില സംസ്ഥാനങ്ങളിലും 4ജി ആരംഭിച്ചിരുന്നു. ഏതാണ്ട് എട്ട് ലക്ഷം പേർക്ക് മാത്രമാണ് ഇതിന്റെ ഗുണഭോക്താക്കൾ.
ഓഗസ്റ്റിൽ ബിഎസ്എൻഎൽ 4ജി സേവനങ്ങൾ രാജ്യമാകെ വ്യാപിപ്പിക്കണമെങ്കിൽ തദ്ദേശീയമായി വികസിപ്പിച്ച 4ജി ടെക്നോളജിയെപ്പറ്റി നിലനിൽക്കുന്ന ആശങ്കകൾ പരിഹരിക്കേണ്ടിയിരിക്കുന്നു. മാത്രമല്ല, ടിസിഎസിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിനാണ് ബിഎസ്എൻഎൽ 4ജി വ്യാപനത്തിനുള്ള കരാർ നൽകിയിരിക്കുന്നത്. ഒരു ലക്ഷം സൈറ്റുകളിൽ 4ജി എത്തിക്കാനാണ് കരാർ. എന്നാൽ നിലവിൽ പതിനായിരത്തിൽ താഴെ സൈറ്റുകളിൽ മാത്രമാണ് തദ്ദേശീയ 4ജി എത്തിയിട്ടുള്ളത്.
4ജി അവതരിപ്പിക്കുന്നതിൽ ബിഎസ്എൻഎൽ ഇപ്പോൾത്തന്നെ ഏറെ വൈകി. 1 ലക്ഷം സൈറ്റുകളിൽ 4G വിന്യസിക്കാൻ കുറഞ്ഞത് ഒരു വർഷമെങ്കിലും എടുക്കും, തുടർന്ന് ശരിയായ കവറേജ് നൽകുന്നതിന് അത് കൂടുതൽ വിപുലീകരിക്കും. ഇതിനെല്ലാം ധാരാളം സമയമെടുക്കും. അതിനാൽത്തന്നെ ഓഗസ്റ്റിൽ ബിഎസ്എൻഎൽ 4ജി രാജ്യത്തെ എല്ലായിടങ്ങളിലേക്കും എത്തിക്കുമെന്ന പ്രഖ്യാപനം മറ്റൊരു പാഴ് പ്രഖ്യാപനമായി മാറാനുള്ള സാധ്യതയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

4ജി വ്യാപനം വൈകുന്തോറും ബിഎസ്എൻഎല്ലിന്റെ ഉയിർത്തെഴുന്നേൽപ്പ് സാധ്യതകളെ അത് കൂടുതൽ ദോഷകരമായി ബാധിക്കും. നിലവിൽ നിരവധി കസ്റ്റമേഴസ് 5ജി ആഗ്രഹിച്ചുകൊണ്ട് ജിയോയിലേക്കും എയർടെലിലേക്കും ചേക്കേറിക്കഴിഞ്ഞു. ബിഎസ്എൻഎൽ 4ജി വൈകുന്ന ഓരോ നിമിഷവും ബിഎസ്എൻഎല്ലിൽ നിന്ന് മറ്റ് ടെലിക്കോം കമ്പനികളിലേക്കുള്ള ഈ ഒഴുക്ക് തുടരുകതന്നെ ചെയ്യും.
സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎല്ലിന് ഒരു തിരിച്ചുവരവ് നടത്താനുള്ള വാതിൽ ഇനിയും അടഞ്ഞിട്ടില്ല. എന്നാൽ 4ജി അവതരിപ്പിക്കാൻ വൈകുന്ന ഓരോ നിമിഷവും ആ വാതിൽ കടക്കാനുള്ള ബുദ്ധിമുട്ട് കൂടിക്കൊണ്ടിരിക്കും എന്നുമാത്രം. ഇനിയും കാര്യങ്ങൾ ഒച്ചിഴയുന്ന വേഗത്തിൽ തുടരുകയും 4ജി ലോഞ്ചിന് പുതിയ തീയതികൾ പ്രഖ്യാപിക്കുന്നത് തുടരുകയും ചെയ്താൽ രാജ്യത്തിന് മഹത്തായ ഒരു പ്രസ്ഥാനത്തെ നഷ്ടമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.


Click it and Unblock the Notifications








