വേട്ട 'അവർ' നടത്തും; ബിഎസ്എൻഎല്ലിന് ഇരപിടിക്കാം, പക്ഷേ, കീറിയ'വല' നന്നാക്കിയാൽ മാത്രം!
ഇന്ത്യൻ ടെലിക്കോം രംഗത്തെ ഏക പൊതുമേഖലാ മുഖമായ ബിഎസ്എൻഎൽ(BSNL) തങ്ങളുടെ ഏറ്റവും വലിയ പോരായ്മയായ ഡാറ്റ വേഗതക്കുറവ് പരിഹരിക്കാനുള്ള ചുവടുവയ്പ്പുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ബിഎസ്എൻഎല്ലിന്റെ 4ജി വ്യാപനം പതിയെ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. ദീപാവലി മുതൽ ബിഎസ്എൻഎൽ 4ജി വ്യാപനം വലിയ തോതിലാക്കുമെന്ന് ടെലിക്കോം മന്ത്രി അശ്വിനി വൈഷ്ണവ് സ്ഥിരീകരിച്ചു.
ബിഎസ്എൻഎല്ലിനായി 4G വിന്യസിക്കാൻ തുടങ്ങിയതായി ടിസിഎസ്(Tata Consultancy Services) അതിന്റെ Q2 റിസൾട്ടിൽ സ്ഥിരീകരിച്ചിട്ടുമുണ്ട്. പൂർണ്ണമായും തദ്ദേശീയ സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. ഉപഭോക്താക്കൾക്ക് 4G വാഗ്ദാനം ചെയ്യുന്നതിനായി 'മെയ്ഡ് ഇൻ ഇന്ത്യ' എൻഡ്-ടു-എൻഡ് സ്റ്റാക്ക് പ്രയോജനപ്പെടുത്തുന്ന ഏക ടെലികോം ഓപ്പറേറ്ററായി ബിഎസ്എൻഎൽ മാറുകയാണ്.

ബിഎസ്എൻഎല്ലിന്റെ ഈ 4ജി വ്യാപനം രാജ്യത്തെ സാധാരണക്കാർക്ക് ഗുണം ചെയ്യുമോയെന്നും അവരുടെ ദൈനം ദിന ജീവിതത്തെ മെച്ചപ്പെടുത്താൻ അതിന് സാധിക്കുമോ എന്നും ചില ചോദ്യങ്ങൾ ഉയരുന്നുണ്ട്. കുറഞ്ഞ വരുമാനമുള്ള ഒട്ടേറെ പേർക്ക് മൊബൈൽ നെറ്റ്വർക്കുമായുള്ള ബന്ധം നിലനിർത്താൻ ബിഎസ്എൻഎൽ ഒരു മാധ്യമമാകും എന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്.
4ജി അവതരിപ്പിച്ചാലും ബിഎസ്എൻഎൽ നിരക്ക് വർധിപ്പിക്കുന്നതിനെപ്പറ്റി ആലോചിക്കില്ല എന്നാണ് ബോർഡ് അംഗം പറഞ്ഞത്. എന്നാൽ 4ജി അവതരിപ്പിച്ച ശേഷം ഈ നിലപാടിൽ ഉറച്ചുനിൽക്കാൻ ബിഎസ്എൻഎല്ലിന് സാധിക്കില്ല എന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു. കാരണം നിലവിൽ ബിഎസ്എൻഎല്ലിനെക്കാൾ വരുമാനമുള്ള സ്വകാര്യ ടെലിക്കോം കമ്പനികൾ പോലും തങ്ങൾ പ്രതിസന്ധിയിലാണ് എന്നാണ് പറയുന്നത്.
അടുത്ത നിരക്ക് വർധനയ്ക്കുള്ള കളമൊരുക്കൽ സ്വകാര്യ ടെലിക്കോം കമ്പനികൾ ഇതിനകം ആരംഭിച്ചുകഴിഞ്ഞു എന്നാണ് ടെലിക്കോം മേഖലയിൽനിന്നുള്ള ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2024ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ സേവനങ്ങൾക്കായുള്ള താരിഫ് വർധനയുടെ അടുത്ത ഘട്ടം പ്രതീക്ഷിക്കാം എന്നാണ് റിപ്പോർട്ട്. ചിലപ്പോൾ അതിനുമുമ്പും അത് സംഭവിച്ചുകൂടായ്കയില്ല!
ഇങ്ങനെ നിരക്ക് കൂട്ടിയാലും മുൻനിരയിലുള്ള രണ്ട് ടെലിക്കോം കമ്പനികളുടെയും വരിക്കാർ അവരെ വിട്ട് പോകില്ല. കാരണം ഈ വരിക്കാർക്ക് ആശ്രയിക്കാൻ മറ്റൊരു മികച്ച ഓപ്ഷൻ ഇല്ല എന്നതുതന്നെ. സ്വകാര്യ ടെലികോം കമ്പനികൾക്ക് അവരുടെ ഓരോ ഉപയോക്താവിൽനിന്നുമുള്ള ശരാശരി വരുമാനം (ARPU) വർദ്ധിപ്പിക്കേണ്ടതുണ്ട്. അതിനുള്ള തന്ത്രങ്ങൾ അവർ സ്വീകരിക്കുന്നു.
നിരക്ക് ഉയർത്തിക്കൊണ്ടുള്ള അവരുടെ ഈ വേട്ട സാമ്പത്തികമുള്ള വരിക്കാരെ സംബന്ധിച്ചിടത്തോളം ഒരു വിഷയമേയല്ല. തുടക്കത്തിലെ ഒരു അമ്പരപ്പിന് ശേഷം അതുമായി അവർ പൊരുത്തപ്പെടും. എന്നാൽ നഗരങ്ങളിലായാലും ഗ്രാമപ്രദേശങ്ങളിലായാലും വളരെ കുറഞ്ഞ വരുമാനമുള്ള ഒരു വലിയ ജനവിഭാഗവും ഇന്ത്യയിലുണ്ട്. ഇവർക്കും ടെലിക്കോം സേവനങ്ങൾ ആവശ്യമാണ്.
സ്വകാര്യ ടെലികോം ഓപ്പറേറ്റർമാർ ലക്ഷ്യമിടുന്ന തുടർച്ചയായ താരിഫ് വർദ്ധനകൾ കണ്ടില്ലെന്നു നടിക്കുന്ന വരിക്കാർ ഉണ്ടാകാം. എന്നാൽ എല്ലാവർക്കും അതങ്ങനെയല്ല, സാധാരണക്കാർക്ക് അത് ഒരിക്കലും അത്ര സുഖമുള്ള ഒരു നീക്കമല്ല. വരുംവർഷങ്ങളിൽ സ്വകാര്യ ടെലിക്കോം കമ്പനികൾ ഒന്നോ രണ്ടോ തവണ നിരക്ക് വർധിപ്പിച്ചേക്കാം. മറ്റുള്ളവരുടെ ഈ 'വേട്ട' ബിഎസ്എൻഎല്ലിന് ധാരാളം ഉപയോക്താക്കളെ സ്വന്തമാക്കാൻ അവസരം തുറന്നിടും.
ഇരയെ പിടിക്കാനുള്ള ആയുധം ബിഎസ്എൻഎല്ലിന്റെ കൈയിൽ ഉണ്ടോ എന്നതാണ് പ്രസക്തമാകുന്ന ചോദ്യം. നിലവിലെ സാഹചര്യത്തിൽ ഇല്ല എന്നാണ് അതിന്റെ ഉത്തരം. ചുരുക്കം ചില സ്ഥലങ്ങളിൽ മാത്രമാണ് ബിഎസ്എൻഎൽ 4ജി ലഭ്യമായിട്ടുള്ളത്. എത്രയും വേഗം 4ജി വ്യാപനം നടപ്പാക്കിയാൽ ബിഎസ്എൻഎല്ലിന് അതിന്റെ ഗുണം ഉണ്ടാകും. ബിഎസ്എൻഎല്ലിന് മാത്രമല്ല, നാട്ടിലെ സാധാരണക്കാരനും അത് ഗുണം ചെയ്യും.

സ്വകാര്യ ടെലികോം കമ്പനികളുടെ കുറഞ്ഞ വരുമാനമുള്ള ഉപഭോക്താക്കളെ വേട്ടയാടാൻ മികച്ച 4ജി കവറേജ് ബിഎസ്എൻഎല്ലിനെ അനുവദിക്കും. എങ്കിലും, ഇത് സംഭവിക്കുന്നതിന് ബിഎസ്എൻഎൽ സേവനങ്ങളുടെ മികച്ച ഗുണനിലവാരം ഉറപ്പാക്കേണ്ടതുണ്ട്. 12-18 മാസംകൊണ്ട് രാജ്യത്തെ 4ജി വ്യാപനം പൂർത്തിയാക്കുമെന്നും ചെറിയൊരു അപ്ഡേഷനിലൂടെ വളരെ വേഗം 5ജിയിലേക്ക് മാറാൻ കഴിയുന്ന വിധത്തിലാണ് 4ജി വ്യാപനം നടത്തുന്നതെന്നും ബിഎസ്എൻഎൽ പറയുന്നു.
മികച്ച നെറ്റ്വർക്ക് കവറേജും ഡാറ്റ സേവനങ്ങളും കാര്യക്ഷമമായി നൽകാനുള്ള ഒരു മാർഗം കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ, എന്തൊക്കെ അനുകൂല സാഹചര്യം വന്നാലും അതൊന്നും മുതലെടുക്കാൻ ബിഎസ്എൻഎല്ലിന് സാധിക്കില്ല. വരിക്കാർ ബിഎസ്എൻഎല്ലിൽ തുടരണമെങ്കിൽ മതിയായ നെറ്റ്‌വർക്ക് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് ബിഎസ്എൻഎൽ ഉറപ്പാക്കേണ്ടതുണ്ട്, അല്ലെങ്കിൽ എത്ര ഉയർന്ന നിരക്ക് ഈടാക്കിയാലും വരിക്കാർ സ്വകാര്യ കമ്പനികളിൽ തുടരും.


Click it and Unblock the Notifications








