ഡിസംബർ 1ന് ശേഷം ഒടിപി കിട്ടാൻ വൈകുമോ? ട്രായിയുടെ വിശദീകരണം ഇതാ
രാജ്യത്ത് ട്രായിയുടെ (TRAI) പുതിയ ട്രെയ്‌സിബിലിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനാൽ ഡിസംബർ 1 ന് ശേഷം ഒടിപി സേവനങ്ങൾ നേരിടുന്നതിൽ കാലതാമസം നേരിട്ടേക്കാം എന്ന ആശങ്ക നിലനിന്നിരുന്നു. ടെലിക്കോം സേവന ദാതാക്കളടക്കം ഇക്കാര്യത്തിൽ ചില ആശങ്കകൾ പങ്കുവച്ചതിന്റെ അടിസ്ഥാനത്തിൽ വിവിധ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ഡിസംബർ മുതൽ ഒടിപി വൈകുമോ എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തി ട്രായിയുടെ വിശദീകരണം എത്തിയിരിക്കുന്നു. ഇത് സംബന്ധിച്ച് പ്രചരിച്ച വാർത്തകൾ വാസ്തവ വിരുദ്ധമാണ് എന്നാണ് ട്രായി ട്വിറ്ററിൽ നൽകിയ വിശദീകരണത്തിൽ പറയുന്നത്.
ഡിസംബർ 1 മുതൽ ട്രായിയുടെ നിയമങ്ങൾ നടപ്പിലാകുന്നതിനാൽ ഒടിപി വൈകിയേക്കാം എന്ന ദ ഹിന്ദുവിന്റെ റിപ്പോർട്ട് ഉദ്ധരിച്ചുകൊണ്ടാണ് ട്രായി ഇത് സംബന്ധിച്ച വാർത്തകളെ തള്ളിക്കളഞ്ഞത്. ട്രായിയുടെ മെസേജ് ട്രെയ്‌സിബിലിറ്റി കർശനമാക്കിയാൽ ടെലികോം നെറ്റ്‌വർക്കുകളിലുടനീളമുള്ള വരിക്കാർക്ക് ബാങ്കിംഗ് സേവനങ്ങൾക്കും ഓൺലൈൻ പർച്ചേസിനും ഒടിപി അധിഷ്‌ഠിതമായ മറ്റ് ഇടപാടുകൾക്കും തടസ്സങ്ങളും കാലതാമസവും നേരിടേണ്ടിവരും എന്നായിരുന്നു മാധ്യമ റിപ്പോർട്ടുകൾ.

സ്പാം മെസേജുകളും കോളുകളും തടയാൻ കർശന നടപടികൾ അടുത്തകാലത്തായി ട്രായി സ്വീകരിച്ചുവരുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് മെസേജ് ട്രെയ്‌സിബിലിറ്റി നിർബന്ധമാക്കിയത്. ഇത് പ്രകാരം എല്ലാ മെസേജുകളും ആര് ആർക്ക് അയക്കുന്നു എന്ന് കണ്ടെത്തേണ്ടതുണ്ട്. മെസേജ് അയയ്‌ക്കുന്നയാളുടെ ഡീറ്റെയിൽസുമായി പൊരുത്തപ്പെടാത്തതോ വ്യക്തമായ വ്യക്തിത്വമില്ലാത്തതോ ആയ മെസേജുകൾ ബ്ലോക്ക് ചെയ്യപ്പെടും.
നേരത്തെ, 2024 നവംബർ 1 മുതൽ ട്രായിയുടെ ഈ നിബന്ധന പ്രാബല്യത്തിൽ വന്നു, എന്നാൽ വിവിധ ഭാഗങ്ങളിൽ നിന്ന് പരാതികൾ ഉയർന്നപ്പോൾ ആക്ഷേപങ്ങൾ പരിഹരിക്കാൻ പ്രിൻസിപ്പൽ എൻ്റിറ്റികൾക്കും (പിഇ) ടെലിമാർക്കറ്ററുകൾക്കും (ടിഎം) സാങ്കേതിക അപ്‌ഗ്രേഡുകൾക്കായി നവംബർ 30, വരെ സമയം നീട്ടിനൽകി.

ട്രായി അനുവദിച്ച ഈ കാലാവധി അവസാനിക്കാറായതോടെയാണ് ഒടിപികൾ വൈകും എന്ന തരത്തിൽ വാർത്തകൾ വന്നത്. എന്നാൽ ആക്സസ് പ്രൊവൈഡർമാർ ഇതിനകം തന്നെ ട്രായി നിർദേശങ്ങൾ പാലിക്കാൻ ആവശ്യമായ പരിഹാരങ്ങൾ നടപ്പിലാക്കിയതായി ഒരു പിടിഐ റിപ്പോർട്ട് പറയുന്നു. എങ്കിലും, മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കുറച്ചു സമയം നൽകിയിട്ടുണ്ട്.
ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ, അവശ്യ സേവനങ്ങളെ തടസ്സപ്പെടുത്താതെ സ്പാം കൈകാര്യം ചെയ്യുന്നതിനുള്ള പ്രതിജ്ഞാബദ്ധത ട്രായി ആവർത്തിച്ചു വ്യക്തമാക്കുന്നു എന്നതാണ്. പുതിയ നിർദേശങ്ങൾ മൂലം ഒടിപി വൈകില്ല എന്ന് ട്രായി ഉറപ്പുനൽകുന്നു. അതിനാൽ ടെലിക്കോം ഉപയോക്താക്കൾ ഇക്കാര്യത്തിൽ ഇനി ആശങ്കപ്പെടേണ്ട കാര്യമില്ല.
വ്യാജ എസ്എംഎസുകളും കോളുകളും മൂലം നിരവധി ടെലിക്കോം ഉപയോക്താക്കൾ തട്ടിപ്പിന് ഇരയാകുന്നുണ്ട്. ഇതിനെതിരേയുള്ള പോരാട്ടത്തിന്റെ ഭാഗമായി പുതിയ ഒരുപാട് നടപടികൾ ട്രായി കൊണ്ടുവരുന്നുണ്ട്. സ്പാം കോളുകൾ ഫിൽട്ടർ ചെയ്യാൻ ടെലിക്കോം കമ്പനികൾ സംവിധാനം ഒരുക്കണം എന്ന് ട്രായി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എയർടെലും ബിഎസ്എൻഎല്ലും സ്പാം കോളുകൾ കണ്ടെത്താൻ എഐ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന സേവനം ആരംഭിക്കുകയും ചെയ്തു.

അതേസമയം ടെലിക്കോം ഉപയോക്താക്കളെ ബാധിക്കുന്ന മറ്റൊരു നീക്കം കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. ടെലിക്കോം ഉപയോക്താക്കളുടെ ഡാറ്റ പരിശോധിക്കാൻ സർക്കാരിന് അവകാശം നൽകുന്ന വിധത്തിലുള്ള പുതിയ സൈബർ സുരക്ഷാ നിയമങ്ങൾ ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (ഡിഒടി) വിജ്ഞാപനം ചെയ്തു. രാജ്യസുരക്ഷ ഉറപ്പാക്കാൻ സംശയമുള്ള കോളുകളും മെസേജുകളും അടക്കം പരിശോധിക്കാൻ ഇത് കേന്ദ്ര സർക്കാരിന് അധികാരം നൽകുന്നു.


Click it and Unblock the Notifications








