ഏൽപ്പിച്ച പണി ഭംഗിയായി ചെയ്തു! ബിഎസ്എൻഎൽ 4G വ്യാപനത്തിന് പിന്നാലെ 5G വ്യാപനവും TCS-ന് ലഭിച്ചേക്കും
പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലിന്റെ ഒരുലക്ഷത്തോളം 4ജി ടവറുകൾ തദ്ദേശീയമായി വികസിപ്പിച്ച 4ജി ടെക്നോളജി ഉപയോഗിച്ച് പ്രവർത്തനമാരംഭിച്ചതിന്റെ ഉദ്ഘാടനം അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുകയുണ്ടായി. ബിഎസ്എൻഎല്ലിന്റെ വളർച്ചയിലേക്കുള്ള കുതിപ്പിലെ ഒരു നിർണായക നാഴികക്കല്ലാണ് അവിടെ പിന്നിട്ടത്. 4ജി വ്യാപനം തുടരുന്നതിനൊപ്പം തന്നെ 5ജി വ്യാപനത്തിലേക്കും കടക്കാൻ ബിഎസ്എൻഎൽ തയാറെടുത്തുകൊണ്ടിരിക്കുകയാണ്. ജിയോ, എയർടെൽ എന്നീ സ്വകാര്യ കമ്പനികൾ ഇതിനകം ഏതാണ്ട് ഇന്ത്യയെമ്പാടും 5ജി സേവനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. അതിനാൽ എത്രയും വേഗം 5ജി അവതരിപ്പിച്ചാൽ മാത്രമേ ശക്തമായ ടെലിക്കോം മത്സരത്തിൽ ബിഎസ്എൻഎല്ലിന് പിടിച്ചുനിൽക്കാനാകൂ എന്നതാണ് വസ്തുത.
ബിഎസ്എൻഎല്ലിന് 5ജി വ്യാപനം വളരെ നിർണായകമാണെന്നിരിക്കേ, 4ജി വ്യാപനത്തിൽ ബിഎസ്എൻഎല്ലിനെ സഹായിച്ച ടിസിഎസ് കളത്തിൽ ഉണ്ടാകുമോ എന്ന നിലയ്ക്ക് ചില ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നു. നേരത്തെ ഇന്ത്യയിലുടനീളമുള്ള ഉപയോക്താക്കൾക്കായി 4G അവതരിപ്പിക്കുന്നതിനായി പൊതുമേഖലാ ടെലികോം ഓപ്പറേറ്ററായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) കരാർ നൽകിയത് ടാറ്റ കൺസൾട്ടൻസി സർവീസസ്(TCS) ന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന് ആയിരുന്നു.

തുടർന്ന് ബിഎസ്എൻഎല്ലിനായി ഒരുലക്ഷത്തോളം 4ജി ടവറുകളുടെ നിർമാണവും ഇൻസ്റ്റാളേഷനും കമ്മിഷനിങ്ങും നടന്നത് ടിസിഎസിന്റെ നേതൃത്വത്തിൽ ആയിരുന്നു. ഒരുലക്ഷത്തിനടുത്ത് 4ജി ടവറുകൾ ഇതിനകം ടിസിഎസ് ബിഎസ്എൻഎല്ലിനായി സ്ഥാപിച്ചുകഴിഞ്ഞു. ഇത് കൂടാതെ 18,685 സൈറ്റുകളിൽക്കൂടി 4G നെറ്റ്‌വർക്ക് സ്ഥാപിക്കുന്നതിനായി ബിഎസ്എൻഎല്ലിൽ നിന്ന് 2,903.22 കോടി രൂപയുടെ അഡ്വാൻസ് ഓർഡർ ലഭിച്ചതായി ടിസിഎസ് ഇതിനകം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
ഇപ്പോൾ ബിഎസ്എൻഎൽ 5ജി വ്യാപിപ്പിക്കാൻ പോകുന്ന ഈ ഘട്ടത്തിൽ അതിന്റെ ചുമതലയും ടിസിഎസിന് തന്നെ കിട്ടുമോ എന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ബിഎസ്എൻഎൽ 4ജി വ്യാപനം വിജയകരമായി നടപ്പാക്കാനായി എന്നാണ് ടിസിഎസ് വിശ്വസിക്കുന്നത്. തദ്ദേശീയ 4ജി ടെക്നോളജി ഉപയോഗിച്ച് ഇതുവരെ സ്ഥാപിക്കപ്പെട്ട 4ജി ടവറുകളെല്ലാം മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട് എന്ന് കേന്ദ്ര ടെലിക്കോം മന്ത്രി തന്നെ വെളിപ്പെടുത്തിയിട്ടുള്ളത്.

4ജി വ്യാപനം വിജയകരമായി നടപ്പാക്കി എന്നത് ടിസിഎസിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ട്. ഈ വിജയത്തിന്റെ പശ്ചാത്തലത്തിൽ 5G ഇൻഫ്രാസ്ട്രക്ചർ വിന്യാസത്തിനും രാജ്യത്തുടനീളം 4G സൈറ്റുകൾ കൂടുതൽ വികസിപ്പിക്കുന്നതിനും ബിഎസ്എൻഎല്ലിനെ തുടർന്നും സഹായിക്കാനുള്ള അവസരം ടിസിഎസിന് തന്നെ കിട്ടാൻ സാധ്യതയുണ്ട് എന്ന് റിപ്പോർട്ടുകൾ പറയുന്നു.
അത്തരത്തിലൊരു ആത്മവിശ്വാസം ടിസിഎസിന് ഉണ്ട് എന്നാണ് അതിന്റെ അധികൃതരുടെ പ്രതികരണങ്ങളിൽ നിന്ന് മനസിലാക്കാനാകുന്നത്. "ഗുണനിലവാരത്തിന്റെ കാര്യത്തിൽ ഞങ്ങൾ നടപ്പിലാക്കിയത് വ്യവസായ മാനദണ്ഡങ്ങൾക്കപ്പുറമാണ്. ഇത് തെളിയിക്കപ്പെട്ട കഴിവാണ്. ഇത് ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള മറ്റ് വിവിധ വിപണികളിലേക്ക് കൊണ്ടുപോകാൻ കഴിയും. ഇത് പൂർത്തിയായിക്കഴിഞ്ഞാൽ, അടുത്ത ഓരോ ഘട്ടത്തിലും ഞങ്ങൾ പങ്കെടുക്കും." എന്ന് ടിസിഎസിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ സമീർ സെക്‌സാരിയ പറഞ്ഞു.
ബിഎസ്എൻഎൽ 4ജി വ്യാപനത്തിൽ തങ്ങൾ വഹിച്ച വിജയമാണ് ടിസിഎസ് അധികൃതരുടെ ഈ വാക്കുകളിൽ നിറഞ്ഞുനിൽക്കുന്നത്. ബിഎസ്എൻഎല്ലിനായി നടപ്പാക്കി 4ജി വ്യാപനത്തിന്റെ കരുത്തിൽ ടെലികോം ഇൻഫ്രാസ്ട്രക്ചറിൽ ഇന്ത്യയെ ആഗോള ഭൂപടത്തിൽ ഉൾപ്പെടുത്താൻ ടിസിഎസിന് കഴിയും എന്ന് കരുതപ്പെടുന്നു. ഇതിനകം തന്നെ നിരവധി ആഗോള ക്ലയന്റുകളുമായി ചേർന്ന് വിവിധ രാജ്യങ്ങളിൽ തങ്ങളുടെ ബിസിനസ് വളർത്താൻ ടിസിഎസ് തയാറെടുത്തുകൊണ്ടിരിക്കുകയാണ്.

ഇത് ഡിജിറ്റൽ യുഗമായതിനാൽ എല്ലാ പ്രധാന രാജ്യങ്ങളും തങ്ങളുടെ ടെലികോം ഇൻഫ്രാസ്ട്രക്ചർ സുരക്ഷിതമാക്കാൻ ആഗ്രഹിക്കുന്നു. യൂറോപ്യൻ വെണ്ടർമാരെ തങ്ങളുടെ നെറ്റ്‌വർക്കുകളിൽ നിന്ന് പുറത്താക്കാൻ ചൈന ഇതിനകം തന്നെ നീക്കങ്ങൾ നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്. 4ജി വ്യാപനത്തിൽ തദ്ദേശീയ ടെക്നോളജികൾക്കും ഡിവൈസുകൾക്കും പ്രാധാന്യം നൽകാൻ കേന്ദ്ര സർക്കാർ ബിഎസ്എൻഎല്ലിനോട് നിർദേശിച്ചിരുന്നു. ഇത് ടിസിഎസിനും ഗുണം ചെയ്തു. ഈ സാഹചര്യത്തിൽ 5ജി വ്യാപനത്തിലും ബിഎസ്എൻഎല്ലിനായി പ്രവർത്തിക്കാൻ ടിസിഎസിന് തന്നെ നറുക്കുവീഴാൻ സാധ്യത കൂടുതൽ കല്പിക്കപ്പെടുന്നു.


Click it and Unblock the Notifications







