ഇന്ത്യയുടെ പേര് ഭാരതം എന്ന് ആക്കുമോ? അങ്ങനെ സംഭവിച്ചാൽ '.in' ഔട്ടാകുമോ? ചില ഐഡന്റിറ്റി ദുഃഖ വിചാരങ്ങൾ
നമ്മുടെ രാജ്യത്ത് ചില റെയിൽവേ സ്റ്റേഷനുകളും നഗരങ്ങളുമൊക്കെ പേര് മാറ്റി പഴയ പേരിലേക്ക് പോകുന്നത് നാം കണ്ടിട്ടുണ്ട്. ഇതിനകം നിരവധി സ്ഥലങ്ങൾക്ക് പഴയ പേര് മാറി പുതിയ പേരോ മുൻപ് ഉണ്ടായിരുന്ന പേരോ നൽകി പുനർനാമകരണം ചെയ്തിട്ടുണ്ട്. പല ഘടകങ്ങൾ പരിഗണിച്ചാണ് ഈ പേര് മാറ്റങ്ങളുണ്ടാകുക.
പല പേരിൽ അറിയപ്പടുന്ന നിരവധി പ്രദേശങ്ങൾ ഇന്ത്യയിലുണ്ട്. മദ്രാസ്- ചെന്നൈ, ബോംബെ- മുംബൈ തുടങ്ങിയ പേര്മാറ്റങ്ങളൊക്കെ നാം കണ്ടു. കേരളം എന്നാണ് നമ്മുടെ സംസ്ഥാനത്തിന്റെ പേര് എങ്കിലും ഇംഗ്ലീഷിൽ കേരള എന്ന് ഉപയോഗിച്ചുവരുന്നു. ഇത്തരത്തിൽ പേരിനെ ചുറ്റിപ്പറ്റി ചില പ്രത്യേകതകൾ എല്ലായിടത്തും കാണാം.

എന്തിനേറെപ്പറയുന്നു നമ്മുടെ രാജ്യം തന്നെ രണ്ട് പേരുകളിൽ അഭിസംബോധന ചെയ്യപ്പെടാറുണ്ട്. ഭാരതം എന്നും ഇന്ത്യ എന്നും. നമ്മളെ സംബന്ധിച്ചിടത്തോളം രണ്ടും ഒന്നുതന്നെയാണ്. ചിലർ ഇംഗ്ലീഷിൽ ഇന്ത്യ എന്ന് പറയും ചിലർ ഹിന്ദിയിൽ ഭാരതം എന്നും. അതിൽ ആശയക്കുഴപ്പത്തിനൊന്നും ഒരു സ്ഥാനവും ഇല്ല.
എന്നാലിപ്പോൾ നമ്മുടെ രാജ്യത്തിന്റെ പേരിനെച്ചൊല്ലി ഇപ്പോൾ ചില അഭ്യൂഹങ്ങൾ പരന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ ഔദ്യോഗിക പേര് ഭാരതം എന്ന് പുനർ നാമകരണം ചെയ്യാൻ സാധ്യതയുണ്ട് എന്ന നിലയ്ക്കാണ് അഭ്യൂഹങ്ങൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഇതിനകം തന്നെ പല സർക്കാരുകളും സ്ഥലപ്പേരുകളും മറ്റും മാറ്റിയിട്ടുള്ളതിനാൽ കേൾക്കുന്നവർ ഈ പ്രചാരണം ഒരുപക്ഷേ വിശ്വസിച്ചേക്കാം.
എന്നാൽ ഇത്തരത്തിൽ ഒരു പേരുമാറ്റം നടത്താൻ സർക്കാർ ആലോചിക്കുന്നതായി എവിടെയും ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാണ് ഇത്തരമൊരു അഭ്യൂഹം പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഈ അഭ്യൂഹത്തിന് കാരണമായത് സെപ്തംബർ 9 ന് നിശ്ചയിച്ചിട്ടുള്ള ജി20 അത്താഴവിരുന്നിനുള്ള ക്ഷണക്കത്തിലെ ഒരു പ്രയോഗമാണ്. "ഇന്ത്യയുടെ രാഷ്ട്രപതി" എന്നതിന് പകരം "ഭാരതത്തിന്റെ പ്രസിഡന്റ്" എന്നാണ് അതിൽ ഉപയോഗിച്ചിരുന്നത്.
ഈ പ്രയോഗം സാധാരണ ഗതിയിൽ നോക്കിക്കണ്ടാൽ തികച്ചും സ്വാഭാവികമാണ്. എന്നാൽ അടുത്തുതന്നെ നടക്കാനിരിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനവുമായി ചിലർ ഇതിനെ കൂട്ടിക്കെട്ടി. അങ്ങനെയാണ് പേരുമാറ്റ 'വാർത്ത' ഉണ്ടായത്. പ്രത്യേക സമ്മേളനത്തിൽ ഇന്ത്യ എന്നത് മാറ്റി ഭാരതം എന്നത് രാജ്യത്തിന്റെ ഔദ്യോഗിക നാമം ആക്കുമെന്നാണ് ചിലർ പ്രചരിപ്പിച്ചത്.
ഈ പേരുമാറ്റ പ്രചാരണം തീർത്തും ഊഹാപോഹം മാത്രമാണ്. എന്നാൽ അങ്ങനെ യഥാർഥത്തിൽ സംഭവിച്ചാൽ ഉണ്ടാകാൻ സാധ്യതയുള്ള ഒരു പ്രതിസന്ധിയെപ്പറ്റിയാണ് ഇവിടെ പറയുന്നത്. അത്തരത്തിൽ ഒരു പേര് മാറ്റം ഉണ്ടായാൽ, .IN ഡൊമെയ്‌നുകൾ ഉപയോഗിക്കുന്ന വെബ്‌സൈറ്റുകൾക്ക് ഇത് ഒരുതരം ഐഡന്റിറ്റി പ്രതിസന്ധി സൃഷ്ടിക്കും എന്ന് ഇന്ത്യാടുഡേ ചൂണ്ടിക്കാട്ടുന്നു. ഇതിനെ എങ്ങനെയാണ് ഇന്ത്യടുഡേ വിവരിക്കുന്നത് എന്ന് നോക്കാം.
വെബ് അഡ്രസുകളിലും മറ്റും നാം പലപ്പോഴും കാണുന്ന .IN എന്നത് ഒരു കൺട്രി കോഡ് ടോപ്പ് ലെയർ ഡൊമെയ്ൻ ( ccTLD ) ആണ്. കൂടാതെ .IN ഉപയോഗിക്കുന്ന ഏതൊരു വെബ്‌സൈറ്റും അതിന്റെ ഡൊമെയ്‌ൻ പേര് NIXI സൃഷ്ടിച്ച ഒരു ഓർഗനൈസേഷനായ INRegistry-യിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു.
കൂടാതെ .INന് ചില ഉപഡൊമെയ്‌നുകൾ ഉണ്ട്, അവ പ്രത്യേക ഉപയോഗത്തിന് മാത്രമായി നീക്കിവച്ചിരിക്കുന്നു. ഉദാഹരണത്തിന്, gov.in എന്നത് ഇന്ത്യൻ ഗവൺമെന്റിന്റെ ഉപയോഗത്തിനായി നീക്കിവച്ചിരിക്കുന്നു, അതേസമയം mil.in എന്നത് ഇന്ത്യൻ സൈന്യത്തിന്റെ ഉപയോഗത്തിനായി നീക്കിവച്ചിരിക്കുന്നു. റൂട്ട് ഡൊമെയ്‌നിന് ശേഷം ഇൻറർനെറ്റിന്റെ ഹൈറാർക്കിക്കൽ ഡൊമെയ്‌ൻ നെയിം സിസ്റ്റത്തിലെ ഏറ്റവും ഉയർന്ന തലത്തിലുള്ള ഡൊമെയ്‌നുകളിൽ ഒന്നാണ് ടോപ്പ്-ലെവൽ ഡൊമെയ്‌ൻ(TLD).
TLD- കളുടെ കാര്യം വരുമ്പോൾ, പേര് അത്ര പ്രധാനമല്ല. ഇപ്പോൾ എല്ലാത്തരം TLD-കളും എല്ലാത്തരം ഉപയോഗത്തിനും ലഭ്യമാകുന്നതിന്റെ കാരണം ഇതാണ്. അതേസമയം എല്ലാ ccTLD-കളും രണ്ട് അക്ഷരമാലകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത് എന്നതും എല്ലാ രാജ്യങ്ങൾക്കും ഇത്തരം അക്ഷരങ്ങൾ നൽകിയിരിക്കുന്നു എന്നതും കണക്കിലെടുക്കുമ്പോൾ, അവ ഒരു വെബ്‌സൈറ്റിന് ഒരു ഐഡന്റിറ്റി നൽകുന്നു എന്നാണ് അർത്ഥമാക്കുന്നത്.
അതായത് .IN ഉള്ള ഒരു വെബ്‌സൈറ്റ് കാണുമ്പോൾ, അതൊരു ഇന്ത്യൻ വെബ്‌സൈറ്റാണെന്ന് സ്വാഭാവികമായി മനസിലാകുന്നു. അത്തരം അക്ഷരങ്ങൾ വേണോ വേണ്ടയോ എന്നത് വേറെ കാര്യം. എല്ലാ ccTLD-കൾക്കും ഇത് കാണാം. ഉദാഹരണത്തിന്, .CN എന്നത് ഒരു ചൈനീസ് വെബ്സൈറ്റാണ്. .US എന്നത് അമേരിക്കൻ വെബ്സൈറ്റാണ്. .UK ഒരു ബ്രിട്ടീഷ് വെബ്‌സൈറ്റാണ്, അങ്ങനെ ഉദാഹരണങ്ങൾ നീണ്ടുപോകുന്നു.

സംഭവിക്കാൻ സാധ്യത ഇല്ല എങ്കിൽക്കൂടി, ഇന്ത്യയുടെ പേര് നാളെ ഭാരതം എന്ന് ആക്കി മാറ്റിയാൽ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്ന .in മാറ്റി പകരം അക്ഷരങ്ങൾ കൊണ്ടുവരുമോ എന്നതാണ് ചോദ്യം. ഭാരതത്തെ കുറിക്കാൻ, .BH അല്ലെങ്കിൽ .BR, BT പോലെ എന്തെങ്കിലും കൊണ്ടുവരാൻ ശ്രമിക്കുമോ എന്നാണ് ടെക് ലോകത്തെ ചിലരുടെ സംശയം.
അങ്ങനെ അക്ഷരം മാറ്റാൻ ശ്രമിച്ചാൽ നിർഭാഗ്യവശാൽ അതിന് അൽപ്പം പാട്പെടേണ്ടിവരും. കാരണം ഈ എല്ലാ TLD-കളും ഇതിനകം എടുത്തിട്ടുണ്ട്. '.ബിഎച്ച്' എന്നത് ബഹ്‌റൈന്റേതാണ്. '.ബിആർ' എന്നത് ബ്രസീലിന്റേതാണ്. '.ബിടി' എന്നത് ഭൂട്ടാന്റേതാണ്. ഇവ ലഭ്യമാകാൻ സാധ്യതയില്ല. കൂടുതൽ ദൈർഘ്യമേറിയ TLD-കൾ അനുവദിച്ചാൽ വേണമെങ്കിൽ .BHARAT എന്നോ, .BHRT എന്നോ സ്വീകരിക്കാം.
ഇന്ത്യയുടെ പേര് എങ്ങാനും ഭാരതം എന്ന് പുനർനാമകരണം ചെയ്താലും വെബ്സൈറ്റുകളെ അത് ഒരു തരത്തിലും ബാധിക്കില്ല എന്നത് വേറെ കാര്യം. .IN ഡൊമെയ്‌നുകൾ ഉപയോഗിക്കുന്ന വെബ്‌സൈറ്റുകൾ പഴയപടിതന്നെ പ്രവർത്തിക്കും. ഇന്ത്യൻ വെബ്സൈറ്റുകളെ തിരിച്ചറിയാൻ പുതിയ ഐഡന്റിറ്റി കോഡ് അവതരിപ്പിക്കപ്പെടുമോ എന്നത് മാത്രമാണ് ഉയരുന്ന ചോദ്യം. അഭ്യൂഹങ്ങൾതള്ളി, ഇന്ത്യയും ഭാരതവും ഇപ്പോഴുള്ളതുപോലെ തുടരും എന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications